25 September 2022

14. മുത്ത് നബിയെ ﷺ അറിയാം

    ക്കക്കാരുടെ വരുമാന മാർഗ്ഗങ്ങളിൽ സുപ്രധാനമായമായത് കച്ചവടമായിരുന്നു. അതു പോലെ സാധാരണ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനമായിരുന്നു ഇടയവൃത്തി. അതായത് നാൽക്കാലികളെ മേയ്ക്കുന്ന ജോലി. അതിൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ആടു മേയ്ക്കൽ. ശൈശവകാലത്ത് തന്നെ പ്രവാചകർക്ക് ഇടയവൃത്തി പരിചയമുണ്ടായിരുന്നു. ബനൂസഅദ് ഗോത്രത്തിലെ കുട്ടികൾക്കാപ്പം ആടിനെ മേയ്ക്കാൻ പോയ സംഭവം അവിടുന്ന് അനുസ്മരിച്ചിട്ടുണ്ട്. കുടുംബക്കാരുടെ ആടിനെ സൗജന്യ മായും മറ്റുള്ളവരുടേത് പ്രതിഫലം സ്വീകരിച്ചും മേയ്ക്കുമായിരുന്നു. മുഹമ്മദ് ﷺ പറഞ്ഞു: ഞാൻ മക്കാനിവാസികൾക്കു വേണ്ടി ചില്ലറ നാണയങ്ങൾ സ്വീകരിച്ചുകൊണ്ട് ഇടയവൃത്തി ചെയ്തിരുന്നു. ജാബിർ (റ)പറയുന്നു: ഞങ്ങൾ ഒരിക്കൽ മുത്ത് നബി ﷺ യുടെ കൂടെ അറാക്കിന്റെ പഴുത്ത കായകൾ പറിക്കുകയായിരുന്നു. ഉടനെ അവിടുന്ന് പറഞ്ഞു: നിറമുള്ളത് നോക്കി പറിക്കുക, നല്ലയിനം അതായിരിക്കും. ഞാൻ ആടു മേയ്ക്കുന്ന കാലത്ത് അവ പറിക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു. അവിടുന്ന് ആടിനെ മേയ്ക്കാറുണ്ടായിരുന്നോ? അതെ എല്ലാ പ്രവാചകന്മാരും ആടിനെ മേയ്ചിട്ടുണ്ടല്ലോ? മറ്റൊരിക്കൽ ആത്മാഭിമാനത്തോട് കൂടി ഇങ്ങനെ പറഞ്ഞു: മൂസാനബി പ്രവാചകനായി നിയോഗിക്കപ്പെട്ടു അവിടുന്ന് ആടു മേയ്ച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നുവത്. ദാവൂദ് നബിയും അപ്രകാരം ചെയ്തിരുന്നു. എന്റെ കുടുംബക്കാരുടെ ആട്ടിൻ പറ്റത്തെ മക്കയിലെ അജിയാദിൽ വെച്ച് ഞാൻ പരിപാലിക്കുന്ന കാലത്താണ് എന്നെ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അബൂസഈദ്(റ) എന്നവാരാണിത് നിവേദനം ചെയ്തത്. 

    ആടു മേയ്ക്കുന്നതിൽ ഉപജീവനം എന്നതിനപ്പുറം ഒരു പാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു വലിയ ജനതയെ നയിക്കാനുള്ള നേതാവിന് ഭാവിയിലേക്കുള്ള പരിശീലനമാണിത്. ആട്ടിൻ പറ്റത്തെ നയികുന്നവർക്ക് എപ്പോഴും നല്ല ശ്രദ്ധയുണ്ടായിരിക്കണം. പൊതുവേ ദുർബലരായ ജീവികളാണ് ആടുകൾ. നല്ല കരുതലോടെ വേണം പരിചരിക്കാൻ. കൂട്ടം തെറ്റാൻ എപ്പോഴും സാധ്യതയുണ്ട്. ചെന്നായയുടെ പിടിയിൽ പെടാതെ കൊണ്ടു നടക്കണം. മോഷ്ടാക്കൾ അപഹരിക്കാതിരിക്കാൻ സൂക്ഷിക്കണം. വളരെ സഹനത്തോടെയേ ഇതെല്ലാം നിർവഹിക്കാൻ കഴിയു. ഇത്തരമൊരു പരിശീലനം വ്യക്തിക്ക് നൽകുന്ന മേന്മകൾ എണ്ണമറ്റതാണ്. ഇവയെല്ലാം ആർജിച്ചെടുക്കാനുള്ള അവസരമാണ് നബി ﷺക്കു ലഭിച്ചത്. ലോക പ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്നു ഹജർ(റ)വിശദീകരിക്കുന്നു. നബി ﷺ ലോകത്തിൻ്റെ നേതാവായി സ്വീകരിക്കപ്പെട്ട ശേഷവും ചെറുപ്പകാലത്തെ ഇടയവൃത്തിയെ കുറിച്ചു പറയുമായിരുന്നു. അത് നബി ﷺയുടെ വിനയത്തിന്റെ വലിയ ഉദാഹരണമാണ്. ഇല്ലായ്മയിൽ നിന്ന് എല്ലാം ലഭിച്ചത് അല്ലാഹുവിൻറെ ഔദാര്യം മാത്രമാണ് എന്ന ചിന്തയുടെ ഭാഗമാണത്. 

    പ്രവാചകർ ﷺ യുടെ സാമ്പത്തിക വിശുദ്ധി പഠിപ്പിക്കുന്ന അധ്യായമാണിത്. അധ്വാനിക്കുന്നവൻറെ മൂല്യം ഇതിൽ അടങ്ങിയിരിക്കുന്നു. അല്ലാഹു അവൻറെ പ്രിയപ്പെട്ട പ്രവാചകന് അധ്വാനമില്ലാതെയും സമ്പത്ത് നൽകാമായിരുന്നു. എന്നാൽ മനുഷ്യ കുലത്തിന് ഒരു മാതൃക നബി ﷺ യിൽ സ്ഥാപിക്കുകയായിരുന്നു ഇവിടെ. അനുവദിക്കപ്പെട്ട ഏതു തൊഴിലും സ്വീകരിക്കാം. താരതമ്യേന താഴ്ന്ന തൊഴിലായിട്ടാണല്ലോ ഇടയവൃത്തിയെ കാണുന്നത്. പക്ഷേ അതിനെ അഭിമാനപൂർവ്വം അവിടുന്ന് എടുത്തു പറഞ്ഞു. ആട് ഐശ്വര്യമാണെന്നും ഒട്ടകം അഭിമാനമാണെന്നും പറയുമായിരുന്നു. ഏറ്റവുംനല്ല ഭക്ഷണം സ്വയം അധ്വാനത്തിലൂടെ സ്വരൂപിക്കുന്നതാണ്. ഇങ്ങനെയായിരുന്നു പ്രവാചകർ ﷺ യുടെ നിർദ്ദേശം. 

    ജനങ്ങളോട് ഇടപെടുകയും ഇടപഴകുകയും ചെയ്യുമ്പോഴാണ് ഒരാളെ ശരിക്ക് ബോധ്യപ്പെടുക. സത്യസന്ധത, വിശ്വസ്ഥത, നീതി തുടങ്ങിയുള്ള ഗുണങ്ങൾ അപ്പോഴല്ലേ അനുഭവിക്കാൻ കഴിയൂ.ഈ വിധത്തിൽ നബിﷺ യുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരം കൂടിയായിരുന്നു അവിടുത്തെ ഇടപാടുകൾ.സമൂഹത്തിനൊപ്പം ജീവിക്കുക. ദൈനം ദിന കാര്യങ്ങളിൽ ജനങ്ങളോട് സഹവസിക്കുക.അതിനിടയിൽ നന്മ പരിപാലിക്കുക, തിന്മയിൽ നിന്നു മാറിനിൽക്കുക. സമൂഹത്തിൽ മാതൃകയെ അവതരിപ്പിക്കുക. ഈ വിധമായിരുന്നു തിരുനബി ﷺ യുടെ ജീവിതം. 

    മുത്തുനബി ﷺ യുടെ യുവത്വംനേരിട്ടറിഞ്ഞു. സ്വഭാവഗുണങ്ങളെ അനുഭവിച്ചു. അപ്പോൾ അവർ ഒരുമിച്ചു നൽകിയ സ്ഥാനപ്പേരായിരുന്നു "അൽ അമീൻ" അഥവാ വിശ്വസ്ഥൻ. പ്രശസ്ത ചരിത്രകാരനായ സർ വില്ല്യൻ മൂർ എഴുതിയതിങ്ങനെയാണ് "The fair character and honorable bearing of the unobtrusive youth won the approbation of his fellow citizens and he received the title by common consent of Al-Ameen, the Trustworthy"(The life of Muhammed)

എന്നത്തേക്കും മാതൃകയായി മുത്തുനബി ﷺ യുടെ യുവത്വം അടയാളപ്പെടുന്ന പരിസരങ്ങളെയാണ് നമുക്ക് വായിക്കാനുള്ളത്...

(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-14)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

13. മുത്ത് നബിയെ ﷺ അറിയാം

    'ഹീറാ' പുരോഹിതനെ കണ്ടുമുട്ടിയ സംഭവം വളരെ പ്രസിദ്ധമാണ്. പ്രവാചക ﷺ ചരിത്രം രേഖപ്പെടുത്തിയ ഏതാണ്ടെല്ലാ ചരിത്രകാരന്മാരും അത് ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത സംഭവം നൽകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇങ്ങനെയാണ്. 

ഒന്ന്: ഒരു പ്രവാചകനു വേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു. 

രണ്ട്: നിയോഗിക്കപ്പെടാനുള്ള പ്രവാചകരെ കുറിച്ചുള്ള വിവരങ്ങൾ വേദങ്ങളിൽ ഉണ്ടായിരുന്നു. 

മൂന്ന്: അത് വ്യക്തമായി അറിയുന്ന വേദജ്ഞാനികൾ അക്കാലത്ത് ജീവിച്ചിരുന്നു. 

നാല്: പറയപ്പെട്ട വിശേഷണങ്ങൾ മുഹമ്മദ് ﷺ ൽ കണ്ടെത്തുകയും അതുവഴി മുഹമ്മദ് ﷺ യെ അവർ ആദരിക്കുകയും ചെയ്തിരുന്നു.

    പിൽക്കാലത്ത് വേദങ്ങളിൽ വന്ന കൈക്കടത്തലുകൾ ഇവയിൽ പലതും മാറ്റിമറിച്ചു. എന്നിട്ടും മുഹമ്മദ് ﷺ നു മാത്രം യോജിക്കുന്ന വിശേഷണങ്ങൾ ഉള്ള പല ഭാഗങ്ങളും ബൈബിളിലും മറ്റു വേദങ്ങളിലും ഇന്നും ഉണ്ട്. അവ ക്രോഡീകരിച്ച പഠനങ്ങളും ലഭ്യമാണ്. ഖുർആൻ വേദക്കാരെ കുറിച്ച് വിശദീകരിക്കുന്നു. "അവരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ച് കൊണ്ട് ഒരു ഗ്രന്ഥം (ഖുർആൻ) അല്ലാഹുവിൽ നിന്ന് അവതരിച്ചു(അവർ അംഗീകരിച്ചില്ല). നേരത്തേ അവർ സത്യ നിഷേധികൾക്കെതിരിൽ (വാഗ്ദത്ത പ്രവാചകനെ മുൻനിർത്തി) സഹായം തേടുമായിരുന്നു. അവർക്ക് സുവ്യക്തമായ കാര്യം വന്നണഞ്ഞപ്പോൾ അവർ നിഷേധിക്കുകയാണ്(2:89).

    അന്ത്യപ്രവാചകനെക്കുറിച്ചുള്ള ചർച്ചകൾ ജൂത ക്രൈസ്തവർക്കിടയിൽ വ്യാപകമായി നടന്നിരുന്നു. ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: അവർക്ക് അവരുടെ സ്വന്തം മക്കളെ അറിയും പോലെ വാഗ്ദത്ത നബിയെ അറിയാമായിരുന്നു. ബഹുദൈവ വിശ്വാസികളോട് തർക്കിക്കുന്ന സന്ദർഭങ്ങളിൽ അവർ അത് തുറന്ന് പറഞ്ഞിരുന്നു. അവസാനത്തെ നബി വരും ആ നബിക്കൊപ്പം ഞങ്ങൾ കൂടും. അത് വഴി ഞങ്ങൾ അതിജയിക്കും. നിരന്തരമായി വേദക്കാർ ആശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത വസ്തുതയായിരുന്നു ഇത്. എന്നാൽ അറബികൾക്കിടയിൽ നിന്ന് പ്രവാചകൻ ഉദയം ചെയ്തു എന്നറിഞ്ഞപ്പോൾ പെട്ടന്ന് അവർക്ക് ഉൾകൊള്ളാനായില്ല. പ്രധാനമായും ചില സ്വാർത്ഥ താത്പര്യങ്ങളാണ് അവരെ നിയന്ത്രിച്ചത്. ഭൗതികമായ നഷ്ടങ്ങൾ മാത്രം കണ്ട് കൊണ്ടാണ് അവർ മുത്ത് നബിﷺ യെ നിരാകരിച്ചത്.

    അബൂത്വാലിബിനൊപ്പം സിറിയയിലേക്കുള്ള യാത്രയാണല്ലൊ നാം പറഞ്ഞു വന്നത്. തുടർന്ന് ഇരുപതാം വയസ്സിൽ അബൂബക്കർ(رضي الله عنه) വിനൊപ്പമുള്ള ഒരു ശാം യാത്രയെ കുറിച്ച് ചില ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. യാത്രയുടെ ലഘു വിവരണം ഇങ്ങനെയാണ്. അബൂബക്കർ(رضي الله عنه)ന് പതിനെട്ട് വയസ്സുള്ളപ്പോൾ മുഹമ്മദ്‌ﷺനൊപ്പം ശാമിലേക്ക് പുറപ്പെട്ടു. വ്യാപാര സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു അത്. സിറിയയിലെ ഒരു മരച്ചുവട്ടിൽ യാത്രാ സംഘം വിശ്രമത്തിന് തങ്ങി. സമീപത്ത് തന്നെ താമസിക്കുന്ന ബഹീറാ എന്ന പുരോഹിതനെ അബുബക്കർ (رضي الله عنه) സന്ദർശിച്ചു. തന്റേതായ ചില കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു സന്ദർശനം. ഉടനെ പുരോഹിതൻ ചോദിച്ചു. ആ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാരാണ്? അബൂബക്കർ(رضي الله عنه)പറഞ്ഞു: അബ്ദുൽ മുത്വലിബിന്റെ മകൻ അബദുല്ല യുടെ മകൻ മുഹമ്മദ് ﷺ ആണ്. പുരോഹിതൻ തുടർന്നു. 'അദ്ദേഹം ഈ ജനതയിലേക്കുള്ള സത്യദൂതനാണ്. ഈസാ പ്രവാചകന് ശേഷം ഈ മരച്ചുവട്ടിൽ ആരും വിശ്രമിച്ചിട്ടില്ല'. ഇബ്നു അബ്ബാസ് (رضي الله عنه) ആണ് ഈ സംഭവം നിവേദനം ചെയ്തത്. ഇരുപതാം വയസിലെ ഈ യാത്രയെ പ്രമുഖ സീറാ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടില്ല. എന്നാൽ ഇത് ചരിത്രപരമായി തള്ളേണ്ടതില്ല എന്ന വീക്ഷണം പ്രമുഖരും ആധുനികരുമായ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്.

    അബൂബക്കർ(رضي الله عنه) മാത്രമുള്ള ഒരു യാത്രയിൽ പുരോഹിതനെ സന്ദർശിച്ചു. വാഗ്ദത്ത പ്രവാചകനെ കുറിച്ച് അദ്ദേഹം വിവരങ്ങൾ നൽകി. ഇങ്ങനെയൊരു പരാമർശവും ചരിത്ര ഗ്രന്ഥങ്ങളിൽ വേറെ തന്നെ ഉണ്ട്.

    പിതൃ സഹോദരൻ സുബൈറിനൊപ്പം നബി ﷺ യമനിലേക്ക് യാത്ര ചെയ്ത സംഭവം പല ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ നിവേദക പരമ്പര അത്രമേൽ പ്രബലമല്ല.        

    മുത്ത് നബിﷺ യുടെ കൗമാര യൗവ്വനങ്ങൾ ഏറെ മാതൃകാപരമായിരുന്നു. മാലിന്യങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ ഒരു അഴുക്കും പുരളാതെ ജീവിച്ചു. അദ്ധ്വാനിച്ച് ജീവിത മാർഗം കണ്ടെത്തേണ്ട കാലത്ത് അദ്ധ്വാനപൂർണമായ ജീവിതം നയിച്ചു. ഉപജീവനത്തിനായി മുത്തുനബി സ്വീകരിച്ച മാർഗ്ഗങ്ങളെ കുറിച്ച് തുടർന്ന് വായിക്കാം..

(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-13)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

24 September 2022

12. മുത്ത് നബിയെ ﷺ അറിയാം

    തെ, ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ യാത്രാ സാമഗ്രികൾക്കൊപ്പം മരച്ചുവട്ടിൽ വിശ്രമിക്കുകയാണ്. വലിയവർ എല്ലാവരും വന്നിട്ടുണ്ട്. ബഹീറാ ഇടപെട്ടു. അത് പാടില്ല, അദ്ദേഹത്തെയും വിളിക്കൂ. കൂട്ടത്തിലൊരാൾ പറഞ്ഞു: അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺനെ ഒഴിവാക്കിയിട്ട് വന്നത് ശരിയായില്ല. ഇത് കേട്ടപ്പോൾ പാതിരിയുടെ മനം കുളിർത്തു. മുഹമ്മദ് എന്ന പേരു കേട്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് ലഭിച്ചതുപോലെ. തോറയിൽ പറയപ്പെട്ട അഹ്മദിന് സാമ്യമുള്ള പേരാണല്ലോ ഇത്. വൈകിയില്ല, കൂട്ടത്തിൽ നിന്ന് ഒരാൾ പോയി കൂട്ടിക്കൊണ്ടുവന്നു. മുഹമ്മദ് ﷺ മൂത്താപ്പയുടെ അടുക്കൽ തന്നെ ഇരുന്നു. കുട്ടിയെ കണ്ടമാത്രയിൽ ബഹീറായുടെ ആത്മ നേത്രങ്ങൾ മിഴി തുറന്നു. മേഘം തണലിട്ടു സഞ്ചരിച്ച കാഴ്ച കൂടി മനസ്സിൽ തെളിഞ്ഞു. സംഘത്തോടായി അദ്ദേഹം ചോദിച്ചു. പ്രയാസങ്ങൾ ഏറെയുള്ള ഈ യാത്രയിൽ എന്തിനാണ് ഈ കുട്ടിയെയും കൂടെ കൊണ്ടുവന്നത്. എന്നിട്ട് നിങ്ങൾ ആ കുട്ടിയെ മാത്രം ചരക്കുകൾക്കൊപ്പം നിർത്തിവരികയും ചെയ്തു?

    മറുപടിക്ക് കാത്ത് നിൽക്കാതെ കുട്ടിയെ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. വാഗ്ദത്ത പ്രവാചകന്റെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ വ്യക്തിയാണല്ലോ ഇത്. പ്രവാചകത്വമുദ്രയെ കുറിച്ചും വേദത്തിൽ വന്നിട്ടുണ്ട്, പക്ഷേ കുപ്പായം തുറന്ന് ചുമൽ പരിശോധിക്കാൻ എങ്ങനെ ആവശ്യപ്പെടും? ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കെ ഖുറൈശികൾ എഴുന്നേറ്റു. തമ്പിലേക്ക് മടങ്ങാൻ തുടങ്ങി.

    അബൂത്വാലിബ് അൽപമൊന്ന് വൈകി. പാതിരിയോട് ഒന്ന് ചോദിച്ചാലോ ഈ മകനിൽ അദ്ദേഹം എന്താണ് ശ്രദ്ധിക്കുന്നതെന്ന്. അപ്പോഴേക്കും പാതിരി സംസാരിക്കാൻ തുടങ്ങി. നിങ്ങളുടെ ലാത്തിനെയും ഉസ്സാ യെയും മുൻ നിർത്തി ഞാൻ ചോദിക്കുന്നു. നിങ്ങൾ സത്യസന്ധമായി മറുപടി പറയുമോ? ഉടനെ കുട്ടി ഇടപെട്ടു ലാത്തിനെയും ഉസ്സായെയും മുൻ നിർത്തി ഒന്നും ചോദിക്കരുത് . ശരി, അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ ചോദിക്കട്ടെ. അതേ ചോദിച്ചോളൂ. വ്യക്തിപരമായ ചില ചോദ്യങ്ങൾ ബഹീറാ ചോദിച്ചു. വ്യക്തമായി അതിന് മറുപടിയും നൽകി. പ്രവാചകത്വ മുദ്ര പരിശോധിച്ചു. ബഹീറാക്ക് കാര്യങ്ങൾ ബോധ്യമായി. ബഹീറായിൽ കണ്ടമാറ്റം അബൂ ത്വാലിബിനെ ആശ്ചര്യപ്പെടുത്തി. അദ്ദേഹം ചോദിച്ചു. എന്താണിത്ര പ്രാധാന്യത്തോടെ നിങ്ങൾ അപഗ്രഥിക്കുന്നത്. ഓ ഖുറൈശികളേ, ഇത് ലോകത്തിന് കാരുണ്യമായി പ്രപഞ്ചാധിപൻ നിയോഗിച്ച പ്രവാചകനാണ്. ബഹീറാ മറുപടി പറഞ്ഞു.

    പിന്നീട് സംഭാഷണം ഇങ്ങനെ തുടർന്നു. നിങ്ങൾക്കെങ്ങനെ അറിയാം? അതെ ഈ സംഘം കടന്നുവരുന്നത് ഞാൻ ദൂരെ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. പാർശ്വങ്ങളിലെ മരങ്ങളും കല്ലുകളും ഈ വ്യക്തിക്ക് സാഷ്ടാംഗം ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു പ്രവാചകന് മാത്രമേ അങ്ങനെ ഉണ്ടാകൂ. പോരാത്തതിന് ചുമലിൽ ഉള്ള പ്രവാചകത്വമുദ്രയും ഞാൻ പരിശോധിച്ചു.

നിങ്ങളുടെ സംഘത്തിൽ മേഘം തണൽ നൽകുന്നത് ആർക്കാണെന്ന് ഞാൻ ശ്രദ്ധിച്ചു.

തുടർന്ന് അബൂ ത്വാലിബുമായി ഒരിന്റർവ്യൂ നടത്തി. 

ഇത് നിങ്ങളുടെ ആരാണ്? 

എന്റെ മകൻ. 

അങ്ങനെ ആകാൻ തരമില്ലല്ലോ? 

ഈ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കാൻ സാധ്യതയില്ല. 

അതെ ശരിയാണ് ഇതെന്റെ സഹോദരന്റെ മകനാണ്. 

പിതാവെവിടെ? 

ഭാര്യ ഗർഭിണിയായിരിക്കെതന്നെ മരണപ്പെട്ടു പോയി. 

അല്ലാഹ്! വാഗ്ദത്ത പ്രവാചകൻറെ എല്ലാ ലക്ഷണങ്ങളും ഈ കുട്ടിയിൽ ഒത്തു ചേർന്നിരിക്കുന്നു.
അല്ലയോ അബൂ ത്വാലിബ്, എനിക്ക് നിങ്ങളോടൊരപേക്ഷയുണ്ട്. നിങ്ങളുടെ സഹോദര പുത്രനോടൊപ്പം വേഗം നാട്ടിലേക്ക് മടങ്ങിക്കോളൂ. ജൂതന്മാർ തിരിച്ചറിഞ്ഞാൽ അപകടത്തിന് സാധ്യതയുണ്ട്. വേദങ്ങൾ മുന്നറിയിപ്പു നൽകിയ ഈ പ്രവാചകൻ വലിയ മഹത്വത്തിന്റെ ഉടമയാണ്..!
കാലങ്ങൾ കാത്തിരുന്ന് വാഗ്ദത്ത നബിയെ തിരിച്ചറിഞ്ഞ ജർജസ് പക്ഷേ പ്രവാചക നിയോഗത്തിന് മുമ്പ് മൺമറഞ്ഞു. സത്യവിശ്വാസത്തിൽ ഉറച്ച് പരലോക വിജയം പ്രതീക്ഷിച്ച് യാത്രയായി. അര നൂറ്റാണ്ടിന്റെ അന്വഷണം സഫലമാക്കിയായിരുന്നു വിയോഗം. പ്രവാചക ചരിത്രത്തിൽ എന്നന്നേക്കുമായി അടയാളപ്പെട്ട ബഹീറാ അവസാനിക്കാത്ത ഓർമയുടെ ഭാഗമായി മാറി.


(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-12)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

11. മുത്ത് നബിയെ ﷺ അറിയാം

    പൊന്നുമോനെയും മക്കയും വിട്ടു പിരിയാൻ അബൂത്വാലിബിന് ഇഷ്ടമില്ല. പക്ഷേ, കുടുംബ പ്രാരാബ്ദങ്ങൾ കാരണം വ്യാപാരയാത്ര നടത്താതിരിക്കാൻ കഴിയില്ല. മക്കയിലെ ആളുകളുടെ പ്രധാന ഉപജീവനം കച്ചവടമാണ്. സീസണുകളിലെ വ്യാപാരയാത്രകളാണ് മക്കയിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്.

    തൽകാലം മകനെ മറ്റുള്ളവരെ ഏൽപിച്ചു പോകാം. അതേ മാർഗമുള്ളൂ. ഉത്തരവാദിത്വപ്പെട്ടവരെ ഏൽപിച്ചു. യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അപ്പോൾ തന്നെ മകന്റെ മുഖഭാവങ്ങൾ മാറിത്തുടങ്ങി. പിതൃവ്യന്റെ ഒട്ടകത്തിന്റെ കടിഞ്ഞാണിൽ പിടിച്ചു. ഉപ്പ എന്നെ ആരെയേൽപിച്ചിട്ടാണ് പോകുന്നത്. ഉമ്മയും ഉപ്പയുമില്ലാത്ത ഞാനിവിടെ ഒറ്റക്കായിപ്പോവില്ലേ? എന്നെയും കൂടെ കൊണ്ടുപോയി കൂടേ.? കണ്ണുകൾ ഈറനണിഞ്ഞു.

    തന്നെ വിട്ടു പിരിയാനുള്ള മകൻ്റെ വേദന അബൂത്വാലിബിന് ബോധ്യമായി. വിരഹത്തിൻ്റെ വേദനയേൽപിക്കുന്ന മുറിവ് തിരിച്ചറിഞ്ഞു. അനുകമ്പയും വാത്സല്യവും പതഞ്ഞു പൊങ്ങി. മകനെ വാരിപ്പുണർന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു. "അല്ലാഹു സത്യം! മോനെ ഞാൻ എന്റെ കൂടെ കൊണ്ടു പോകും. മോനെ വിട്ടു പിരിയുന്നത് എനിക്കും കഴിയുന്നില്ല. ഇല്ല, ഒരിക്കലും ഞാൻ വിട്ടു പോകില്ല". 

    നാലു വർഷത്തെ വേർപിരിയാത്ത ജീവിതത്തിന്റെ തുടർച്ച. പന്ത്രണ്ടു വയസ്സുള്ള മുഹമ്മദ് ﷺ മൂത്താപ്പയോടൊപ്പം യാത്രാ സംഘത്തിൽ ചേരാൻ തീരുമാനിച്ചു. ശാമി(ആധുനിക സിറിയ)ലേക്കാണ് യാത്ര. 

    യാത്രാമധ്യേ ഇടത്താവളങ്ങളിൽ വിശ്രമിക്കും. ശേഷം യാത്ര തുടരും. അങ്ങനെയാണ് പതിവ്. യാത്രാ സംഘം ബുസ്റ (ആധുനിക സിറിയയിലെ ഹൗറാൻ) പട്ടണത്തിലെത്തി. സാധാരണ ഖുറൈശികളുടെ വ്യാപാര സംഘം തമ്പടിക്കുന്ന മരച്ചുവട്ടിൽ തന്നെ തമ്പടിച്ചു. 

    അതിനോടടുത്ത് ഒരു പുരോഹിതൻറെ ആശ്രമമുണ്ട്. അദ്ദേഹത്തിൻറെ പേര് 'ജർജിസ്' എന്നാണ്. അക്കാലത്തെ വേദജ്ഞാനികളിൽ ഒന്നാമനായിരുന്നു അദ്ദേഹം. ആത്മീയ ഗുരുപരമ്പരയിൽ ഈസാ നബി(അ)ക്കു ശേഷം ആറാമത്തെ ആളായിരുന്നു ജർജസ്. പരമ്പരയുടെ ക്രമം ഇങ്ങനെ വായിക്കാം. ഈസാ(അ) - യഹ്‌യ (അ) - ദാനിയേൽ(അ) - ദസീഖാ പുരോഹിതൻ - നസ്വ്തുറസ് പുരോഹിതൻ - മകൻ മൗഈദ് - ജർജിസ്. അബ്ദുല്ല അൽ ഇസ്വ്ബഹാനി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 'ബഹീറാ' എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അഗാധജഞാനമുള്ള വേദപണ്ഡിതൻ എന്നാണ് ബഹീറാ എന്നതിന്റെ അർത്ഥം. ജൂത മതത്തിലാണോ ക്രൈസ്തവ മതത്തിലാണോ ഇദ്ദേഹം ഉണ്ടായിരുന്നത് എന്നതിൽ അഭിപ്രായങ്ങളുണ്ട്. ആദ്യം മൂസാനബിയുടെ മാർഗ്ഗത്തിലും തുടർന്ന് ഈസാ നബിയുടെ മാർഗത്തിലും എന്ന അഭിപ്രായ സമന്വയവും രേഖകളിൽ വന്നിട്ടുണ്ട്. ജർജസ് ഖുറൈശീ യാത്രാ സംഘത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അതിന്റെ ചില പ്രത്യേകതകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു.

    ബഹീറ ആലോചിച്ചു. ആർക്കു വേണ്ടിയായിരിക്കും ഈ സംഘത്തോടൊപ്പം മേഘം സഞ്ചരിക്കുന്നത്. മേഘം തണൽ നൽകുന്ന ആ വ്യക്തിയെ എങ്ങനെയാണൊന്ന് കണ്ട് മുട്ടുക. പൊതുവെ ഞാൻ പുറത്ത് പോകാറില്ല. യാത്രാ സംഘങ്ങൾ പലതും കടന്നു പോകും ഞാൻ ശ്രദ്ധിക്കാറുമില്ല. അവസാനം ഒരു ഉപായം കണ്ടെത്തി. ഒരു സദ്യ ഒരുക്കിയിട്ട് ഈ സംഘത്തെ ഒന്നു ക്ഷണിച്ചാലോ? ശരി. യാത്രാ സംഘം ക്ഷണം സ്വീകരിച്ചു. സദ്യക്ക് അവർ എത്തിച്ചേർന്നു. ഏവരെയും ആദരപൂർവ്വം സ്വീകരിച്ചിരുത്തി. ആഗതർക്ക് ബഹുമാനവും സന്തോഷവും വർദ്ധിച്ചു. ബുസ്റയിലെ ഉന്നത പണ്ഡിതനാണല്ലോ സദ്യക്ക് ക്ഷണിച്ചത്. പ്രകാശം തുളുമ്പുന്ന പ്രൗഢിയുള്ള മുഖം. കുലീനമായ പെരുമാറ്റം. ആതിഥേയനിൽ ആഗതർക്ക് അൽഭുതം.
    പക്ഷേ, ബഹീറയുടെ നോട്ടം മറ്റൊന്നായിരുന്നു. മേഘം തണൽ നൽകുന്ന സഞ്ചാരിയെവിടെ? സദ്യക്കെത്തിയവരിൽ ആൾ വന്നിട്ടില്ലല്ലോ? സംഘത്തോടായി പാതിരി പറഞ്ഞു, ഞാൻ നിങ്ങളുടെ സംഘത്തിലെ എല്ലാവരെയുമാണ് വിരുന്നിന് ക്ഷണിച്ചത്. ഒരാളും ഒഴിയാതെ എല്ലാവരും എത്തിയില്ലേ? ഇടയിൽ ഒരാൾ ചോദിച്ചു. ഞങ്ങൾ എത്രയോ പ്രാവശ്യം ഇത് വഴി കടന്നു പോയിട്ടുണ്ട്, ഇതെന്താ പതിവില്ലാത്ത വിധം ഇപ്പോൾ ഒരു സൽകാരം ഒരുക്കിയത്. ശരിയാണ് നിങ്ങൾ അഥിതികൾ ആണല്ലോ. ഒന്നു ക്ഷണിച്ചു എന്നു മാത്രം. ഇനിയും ആരോ വരാൻ ബാക്കിയുണ്ടല്ലോ?

(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-11)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

10. മുത്ത് നബിയെ ﷺ അറിയാം

    മുത്തുനബി ﷺ യുടെ വിശേഷങ്ങൾ നന്നായി അറിയുന്ന ആളാണല്ലോ അബൂത്വാലിബ്. ആപൽഘട്ടങ്ങളിൽ ഈ സാന്നിധ്യം അനുഗ്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജൽഹമതു ബിൻ അർഫത്വ നിവേദനം ചെയ്യുന്നു. കടുത്ത വരൾച്ചയുടെ സമയത്ത് ഞാൻ മക്കയിൽ ചെന്നു. ഖുറൈശികൾ പറഞ്ഞു. അബൂത്വാലിബ് എന്നവരേ.. താഴ്‌വരകൾ വരണ്ടു, കുടുംബങ്ങൾ പട്ടിണിയിലായി. നിങ്ങൾ മുന്നോട്ട് വന്ന് മഴക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചാലും. അബൂത്വാലിബ് സന്നദ്ധനായി. അദ്ദേഹത്തിനൊപ്പം സുന്ദരനായ ഒരു ബാലനുമുണ്ട്. തെളിഞ്ഞ ആകാശത്തിൽ തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രനെപ്പോലെയുണ്ട് ആ കുട്ടിയുടെ മുഖം. അഴകാർന്ന ഭാവങ്ങളുടെ ഉടമ. ചുറ്റും കുറച്ച് യുവാക്കളുമുണ്ട്.

    അബൂത്വാലിബ് കുട്ടിയെ ചുമലിലേറ്റി കഅബയുടെ അടുത്തെത്തി. കഅബയുടെ ചുവരിലേക്ക് കുട്ടിയെ ചേർത്തു വെച്ചു. സ്വന്തം കൈകൊണ്ട് താങ്ങിപ്പിടിച്ചു. അപ്പോൾ ആകാശത്ത് ഒരു മേഘക്കീറ് പോലും ഉണ്ടായിരുന്നില്ല. നിമിഷങ്ങൾ കഴിഞ്ഞതേ ഉള്ളൂ. എന്തൊരത്ഭുതം നാനാ ഭാഗത്ത് നിന്നും മേഘങ്ങൾ ഉരുണ്ടു കൂടുന്നു. അനുഗ്രഹീത വർഷം പെയ്തിറങ്ങി. മക്കയും താഴ്‌വരകളും നനഞ്ഞു കുളിർത്തു. ഈ സംഭവത്തെച്ചൊല്ലി പിൽക്കാലത്ത് അബൂത്വാലിബ് മനോഹരമായ ഒരു കവിത ചൊല്ലിയിട്ടുണ്ട്. ആവരികൾ ചൊല്ലി കേൾക്കുന്നത് മുത്ത് നബി ﷺ ക്കും ഇഷ്ടമായിരുന്നു.
    പതിറ്റാണ്ടുകൾക്ക് ശേഷം മദീനയിൽ വരൾചയുണ്ടായി. നബി ﷺ മഴക്ക് വേണ്ടി പ്രാർത്ഥിച്ചു. അനുഗ്രഹീത വർഷം കോരിച്ചൊരിഞ്ഞു. മദീന നനഞ്ഞു തണുത്തു. സന്തോഷത്തിനിടയിൽ കണ്ണീർ വാർത്തുകൊണ്ട് മുത്ത് നബി ﷺ പറഞ്ഞു. അബൂത്വാലിബ് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഏറെ സന്തോഷിക്കുമായിരുന്നു. എന്നിട്ട് സദസ്സിനോട്‌ ചോദിച്ചു. അബൂത്വാലിബ് ചൊല്ലിയ വരികൾ ഇവിടെ ആർക്കാണ് ഓർമയുള്ളത്? അബൂത്വാലിബിന്റെ മകൻ അലി(റ) അവിടെ ഉണ്ടായിരുന്നു. ഉടനെ ആ വരികൾ ചൊല്ലി കേൾപിച്ചു. (വ അബ്യള്ള...) തങ്ങൾ ﷺ ക്ക് സന്തോഷമായി.

    അബൂത്വാലിബിന്റെ ജീവിതാനുഭവങ്ങളിലെ അത്ഭുതങ്ങൾ അവസാനിച്ചില്ല. അദ്ദേഹത്തിൽ നിന്ന് അംറ് ബിൻ സഈദ് നിവേദനം ചെയ്യുന്നു. ഞാൻ സഹോദരപുത്രൻ മുഹമ്മദ് ﷺ നൊപ്പം 'ദുൽ മജാസി'ലായിരുന്നു. എനിക്ക് അസഹനീയമായ വിശപ്പും ദാഹവും അനുഭവപ്പെട്ടു. ഞാൻ മകനോട് പറഞ്ഞു. "മോനേ വല്ലാത്ത ദാഹമുണ്ടല്ലോ". തിരിച്ചു ചോദിച്ചു. ഉപ്പാക്ക് നല്ല ദാഹമുണ്ട് അല്ലേ? അതേ മോനെ.… ഞാൻ പറഞ്ഞു. പെട്ടെന്ന് പൊന്നുമോൻ കുഞ്ഞിളം കാൽ കൊണ്ട് തൊട്ടടുത്തുള്ള പാറയിൽ ചെറുതായി ഒന്ന് ചവിട്ടി. അത്ഭുതമെന്ന് പറയട്ടെ നല്ല തെളിനീർ പൊട്ടിയൊലിച്ചു. നല്ലൊരു ജല പ്രവാഹം. പാറക്കല്ലിൽ നിന്ന് ഇത്തരമൊരു ഉറവ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ദാഹം തീരുവോളം അതിൽ നിന്ന് കുടിച്ചു. ശേഷം മകൻ ചോദിച്ചു. ഉപ്പക്ക് ദാഹം മാറിയോ? ഞാൻ പറഞ്ഞു അതെ. തുടർന്നു ഒരിക്കൽ കൂടി ആ പാറയുടെ മേൽ ചവിട്ടി. പാറ പഴയ അവസ്ഥയിലേക്ക് തന്നെ മാറി. ജല പ്രവാഹം അവസാനിച്ചു. ഇമാം ഇബ്നു സഅദ് ഇത് ഉദ്ദരിച്ചിട്ടുണ്ട്.
    സമൂഹത്തിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതോടെ മകൻറെ കാര്യത്തിൽ അബൂത്വാലിബ് കൂടുതൽ സൂക്ഷ്മത പുലർത്തി. വേദക്കാരുടേയും ജോത്സ്യന്മാരുടേയും ചതിയിൽ പെടാതെ കാത്ത് കൊണ്ടു നടന്നു. ഒരിക്കൽ ലക്ഷണ വിദഗ്ധനായ ഒരാൾ മക്കയിൽ വന്നു. 'അസദ്-ശനൂഅ' ഗോത്രത്തിലെ അറിയപ്പെട്ട ജോത്സ്യനാണദ്ദേഹം. മുഖലക്ഷണം നോക്കി പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ഒത്തുവരാറുണ്ട്. ലഹബ് ബിന് അഹ്ജൻ എന്നാണത്രേ അയാളുടെ പേര്. അന്ധവിശ്വാസികളായ അന്നത്തെ മക്കക്കാർ കുട്ടികളെയും കൊണ്ട് അയാളെ സന്ദർശിക്കും. ഇയാൾ അബൂതാലിബിനെ കണ്ട ഉടനെ തന്നെ ഒപ്പമുള്ള മുഹമ്മദ് ﷺ നെ നോക്കാൻ തുടങ്ങി. ആ നോട്ടം അബൂത്വാലിബിനെ വ്യാകുലപ്പെടുത്തി. പെട്ടെന്ന് മറ്റൊരു വിഷയത്തിലേക്ക് ചർച്ച വഴുതി മാറി. ഉടനെ അബൂ ത്വാലിബ് മകനെ അവിടെ നിന്ന് മാറ്റിക്കളഞ്ഞു. ശേഷം ലഹബ് അന്വേഷിച്ചു. ആ കുട്ടി എവിടെ ? ആവർത്തിച്ച് അയാൾ ചോദിച്ചു കൊണ്ടിരുന്നു. ഞാനിപ്പോൾ കണ്ട ആ കുട്ടിയെ ഒരിക്കൽ കൂടി ഒന്നു കാണട്ടെ! ആ കുട്ടിക്ക് ശോഭനമായ ഒരു ഭാവിയുണ്ട്.
    ഉത്തരവാദിത്വമുള്ള ഒരു രക്ഷിതാവിൻറെ പൂർണ ദൗത്യം നിർവഹിച്ചു കൊണ്ട് താങ്ങും തണലുമായി അബൂത്വാലിബ് നിലനിന്നു. ദീർഘദൂര യാത്രകളിൽ പോലും വിട്ടുപിരിയാതെ കൊണ്ടു നടന്നു. അത്തരം സന്ദർഭങ്ങളും അത്ഭുതം പകർന്നു നൽകുന്ന അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്‌ നൽകിയത്.

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-10)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

09. മുത്ത് നബിയെ ﷺ അറിയാം

    അനാഥത്വം ഒരു ദൗർഭാഗ്യമായി കാണാറുണ്ട്. അനാഥരായവർക്ക് പലപ്പോഴും പലതും ലഭിക്കാതെ പോകും. പ്രത്യേകിച്ചും ശരിയായ ഒരു ശിക്ഷണം ലഭിച്ചെന്നു വരില്ല. എന്നാൽ ഇതൊന്നും മുത്ത് നബി ﷺ യെ ബാധിച്ചിട്ടില്ല. എന്നു മാത്രമല്ല നബി ﷺയുടെ അനാഥത്വത്തിൽ ചില തത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷയം സവിശേഷമായി പഠനം നടത്തിയവർ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രവാചക കുടുംബ പരമ്പരയിലെ ഉന്നത ഇമാമായ ജഅ്ഫർ സ്വാദിഖ്(റ) പറഞ്ഞു. ആരോടും ഒരു കടപ്പാടുമില്ലാത്ത അവസ്ഥയിൽ വളരാൻ വേണ്ടിയായിരുന്നു അത്. മാതാപിതാക്കളോടുള്ള കടപ്പാട് ഏത് പ്രത്യുപകാരത്തിലും പൂർത്തിയാകുന്നതല്ലല്ലോ?      

            മറ്റൊരു വിശദീകരണം ഇങ്ങനെയാണ്. തങ്ങളുടെ മുഴുവൻ മഹത്വവും അല്ലാഹുവിൽ നിന്ന് നേരിട്ടുള്ളതാണ് എന്ന രൂപത്തിൽ പരിചരിക്കപ്പെടാനായിരുന്നു. 'അല്ലാഹുവാണ് എനിക്ക് ശിക്ഷണം നൽകിയത്, അത് ഉത്തമശിക്ഷണമായിരുന്നു' എന്ന് നബി ﷺ തങ്ങൾ പറഞ്ഞിട്ടുമുണ്ട്.

              അല്ലാഹു ഔന്നിത്യം നൽകിയാൽ ആരും ഉന്നതരാകും, അനാഥത്വം അതിന്നു തടസ്സമല്ല. പ്രാരാബ്ധങ്ങൾ സഹിച്ചു വളർന്ന വ്യക്തിക്ക് പാവപ്പെട്ടവരുടെ വേദനകൾ വേഗം തിരിച്ചറിയാനാകും. എക്കാലത്തും വരുന്ന യതീമുകൾക്ക് എന്റെ മുത്തുനബിﷺയും യതീമായിരുന്നല്ലോ എന്ന ചിന്ത ആശ്വാസം നൽകും. പ്രവാചകരുടെ ﷺ എല്ലാ കഴിവും പ്രാപ്തിയും ദൈവദത്തമാണ്. ആരിൽ നിന്നും കടം കൊണ്ടതല്ല. ഇങ്ങനെ ഒരുപാട് തത്വങ്ങൾ ഈ അനാഥത്വത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. സർവ്വോപരി പടച്ചവൻ അവന്റെ ഹബീബിനെ നേരിട്ടുള്ള പരിചരണത്തിൽ വളർത്താൻ തീരുമാനിച്ചു. അതൊരു പദവിയും ഭാഗ്യവുമാണ്. പരിമിതിയോ പരിഭവമോ അല്ല. ഈ ആശയം ഖുർആനിലെ തൊണ്ണൂറ്റിമൂന്നാം അധ്യായം ഉൾകൊള്ളുന്നുണ്ട്.

    മുത്ത് നബി ﷺ അബൂത്വാലിബിന്റെയൊപ്പം സന്തോഷപൂർവ്വം ജീവിക്കുകയാണല്ലൊ. പ്രവാചകരുടെ പ്രസന്നതയും ഉന്മേഷവും ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലത്തെ ജീവിതാനുഭവങ്ങളിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്. 'പ്രഭാതത്തിൽ എല്ലാവരും ഉറക്കച്ചടവോടെയായിരിക്കും എഴുന്നേൽക്കുക. എന്നാൽ പ്രവാചകരിൽ ﷺ അപ്രകാരം ഒരു ചടവോ ചുളിവോ കണ്ടിരുന്നില്ല. എപ്പോഴും നല്ല വൃത്തിയും ചിട്ടയും നിലനിന്നിരുന്നു. തലമുടി എപ്പോഴും ക്രമത്തിലും എണ്ണ പുരട്ടിയ പോലെ വൃത്തിയിലുമായിരുന്നു. ഊണിലും ഉറക്കിലും ഒപ്പം കൊണ്ടുനടന്ന അബൂത്വാലിബ് ഒരനുഭവം പങ്കുവെക്കുന്നു. ചെറുപ്പത്തിൽ ഞാൻ മുഹമ്മദ് ﷺ നെ വളർത്തിയിരുന്ന കാലം, എപ്പോഴും എനിക്കൊപ്പം തന്നെയുണ്ടാകും. ഒരിക്കൽ ഉറങ്ങാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു: മോനെ, ഇരുട്ടുള്ള രാത്രിയല്ലെ വസ്ത്രമഴിച്ച് വെച്ചിട്ടു കിടന്നോളൂ.(വിവസ്ത്രരായി ആളുകൾ കഅബയെ പ്രദക്ഷിണം ചെയ്യുന്ന കാലമാണത്) അപ്പോൾ തന്നെ മുഖത്ത് അനിഷ്ടം പ്രകടമായി. എന്നെ അനുസരിക്കണമല്ലോ എന്നതിനാൽ നിരസിക്കാനും വയ്യ. എന്നോട് പറഞ്ഞു: 'നിങ്ങൾ എന്റെ ഭാഗത്തേക്ക് നോക്കാതെ മറുവശത്തേക്ക് നോക്കു. എന്റെ നഗ്നത ആരും കാണുന്നത് എനിക്കിഷ്ടമല്ല'. ഞാൻ തിരിഞ്ഞു കിടന്നു. അപ്പോഴേക്കും വസ്ത്രം മാറ്റി വിരിപ്പിൽ വന്നു കിടന്നു. രാത്രിയെപ്പോഴോ ഒന്നുണർന്നപ്പോൾ ഞാൻ മകനെയൊന്ന് പരതിനോക്കി. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര ഉന്നതവസത്രമണിഞ്ഞു കിടക്കുകയായിരുന്നു മോൻ. നല്ല കസ്തൂരിയുടെ ഗന്ധവും റൂമിൽ നിറഞ്ഞു നിന്നു. ഞാനാശ്ചര്യപ്പെട്ടു.

    അബൂത്വാലിബ് തുടരുന്നു. പലരാത്രികളിലും ഉറക്കറയിൽ മകനെക്കാണാറില്ല. പെട്ടെന്ന് പരിഭ്രമിച്ച് ഞാൻ വിളിക്കും: മോനേ... ഞാനിവിടെത്തന്നെയുണ്ടേ എന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടും. പല പാതിരാത്രികളിലും എനിക്ക് പരിചയമില്ലാത്ത സംഭാഷണങ്ങൾ കേൾക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് 'ബിസ്മില്ലാഹ്' എന്ന് ചൊല്ലും. ശേഷം "അൽഹംദുലില്ലാഹ്'എന്ന് ചൊല്ലും. ഇങ്ങനെയൊര് പതിവ് നേരത്തെ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നില്ല.
  
    ബാല്യകാലത്ത് തന്നെ മുഹമ്മദ്‌ ﷺ യിൽ കണ്ട പ്രത്യേകതകൾ പിതൃവ്യൻ തിരിച്ചറിഞ്ഞു. ഇതൊരു അസാധാരണ വ്യക്തിയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ചില ആപൽഘട്ടങ്ങളിൽ മുഹമ്മദ് ﷺ യെ പ്രയോജനപ്പെടുത്തിയത് തുടർന്ന് വായിക്കാം..

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-9)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

08. മുത്ത് നബിയെ ﷺ അറിയാം

    അബ്ദുൽ മുത്വലിബിന് ഇപ്പോൾ വയസ്സ് 120 ആയി(ചരിത്രത്തിൽ 82,95,140,144 എന്നീ അഭിപ്രായങ്ങളുമുണ്ട്). താൻ ഈ ലോകം പിരിയാനായി എന്ന ചിന്ത അദ്ദേഹത്തിന് തന്നെ ഉണ്ടായിത്തുടങ്ങി. അപ്പോൾ അദ്ദേഹത്തിന് വേറിട്ട ഒരാഗ്രഹം ജനിച്ചു. എന്റെ വിയോഗാനന്തരം പാടാനുള്ള വിലാപകാവ്യം എനിക്കൊന്നു കേൾക്കണം. സാധാരണ ആളുകൾ മരണപ്പെട്ടവരെ പുകഴ്തി പാടുന്നതിനാണല്ലോ വിലാപകാവ്യം എന്ന് പറയുക. അദ്ദേഹം തന്റെ കവയിത്രികളായ ആറ്പെൺമക്കളെയും വിളിച്ചു. സ്വഫിയ്യ, ബർറ, ആത്വിക, ഉമ്മു ഹകീം, ഉമൈമ, അർവ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. തന്റെ ആഗ്രഹം മക്കളോട് പങ്കുവെച്ചു. ആറു പേരും അത് കൃത്യമായി നിർവ്വഹിച്ചു. മൂത്തമകൾ സ്വഫിയ്യയുടെ ദീർഘകാവ്യം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. മരണത്തിന് മുമ്പ് വിലാപകാവ്യം കേട്ടയാൾ എന്ന ശ്രുതി അദ്ദേഹത്തിന് ലഭിച്ചു. മഹാ മനസ്കനായ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.

    പ്രിയപ്പെട്ട പിതാമഹന്റെ വിയോഗം എട്ടുവയസ്സുകാരനായ മുഹമ്മദ് ﷺ നെ ആഴത്തിൽ നൊമ്പരപ്പെടുത്തി. പിതാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മകന് ഉപ്പയും വലിയുപ്പയുമായിരുന്നു അബ്ദുൽ മുത്വലിബ്. ഉമ്മയും മൺമറഞ്ഞതിൽ പിന്നെ എല്ലാമായിരുന്നു അവിടുന്ന്. അനാഥത്വത്തിന്റെ ഒരു വേദന കൂടി അവിടുന്ന് കടിച്ചിറക്കി. തങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു. പോറ്റുമ്മയായ ഉമ്മു ഐമൻ രംഗം വിശദീകരിക്കുന്നു. 'അബ്‌ദുൽ മുത്വലിബ് മരണപ്പെട്ടപ്പോൾ നബി ﷺ ക്ക് എട്ടു വയസ്സു പ്രായമായിരുന്നു. പിതാമഹന്റെ മൃതദ്ദേഹം കിടത്തിയ കട്ടിലിനു പിന്നിൽ നിന്ന് മുത്ത് നബിﷺ ദീർഘനേരം കരയുന്നത് ഞാൻ കണ്ടു'. വിരഹത്തിൻറെ വേദന സഹിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ.

    ആസന്ന സമയത്തും അബ്ദുൽ മുത്വലിബ് പൗത്രനെ കുറിച്ചുള്ള ചിന്തയിലായിരുന്നു. അതിനാൽ തന്നെ മക്കളോട് സവിശേഷമായ ചില വസ്വിയതുകൾ ചെയ്തിരുന്നു. തിരുനബി ﷺ യുടെ പ്രത്യേക ഉത്തരവാദിത്വം മകൻ അബൂത്വാലിബിനെ ഏൽപിച്ചു. പിതാവ് അബ്‌ദുല്ല എന്നവരുടെ പൂർണ സഹോദരനായിരുന്നു അബൂത്വാലിബ്. ഈ വിഷയത്തിൽ വേറിട്ട ഒരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. അബ്ദുൽ മുത്വലിബിന് ശേഷം മുഹമ്മദ് ﷺ മോന്റെ സംരക്ഷണം സുബൈർ ‌ആവശ്യപ്പെട്ടു. സഹോദരനായ അബൂത്വാലിബിനോട് മത്സരിച്ചു. ഒടുവിൽ നറുക്കിടാൻ തീരുമാനിച്ചു. നറുക്ക് അബൂത്വാലിബിനാണ് ലഭിച്ചത്. തിരുനബിക്കും ﷺ കൂടുതൽ താത്പര്യം അബൂത്വാലിബിനോടായിരുന്നു. എന്നിരുന്നാലും ലഭിച്ച അവസരങ്ങളിലൊക്കെ സുബൈർ മുത്ത് നബി ﷺ യെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരുനബി ﷺ യുടെ പതിനാലാം വയസ്സിൽ സുബൈർ പരലോകം പ്രാപിച്ചു. പിന്നീട് പൂർണമായും അബൂത്വാലിബിനൊപ്പമായി.

    ക്രിസ്താബ്ദം 579 ലാണ് അബ്‌ദുൽ മുത്വലിബിന്റെ വിയോഗം. മക്കയിലെ 'അൽ ഹജൂൻ' എന്ന പ്രവിശ്യലാണ് മറമാടിയത്. പ്രപിതാമഹൻ 'ഖുസയ്യ്' ന്റെ ഖബറിനോട് ചേർന്നാണ് ഖബ്ർ ഒരുക്കിയത്.

    പിതാവിനെപ്പോലെ മക്കയുടെ സാരഥ്യവും അബൂ ത്വാലിബിന് ലഭിച്ചു. എന്നാൽ സാമ്പത്തികാവസ്ഥ അത്രമേൽ മെച്ചമായിരുന്നില്ല. കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന്റെ ചിലവ് നടത്താൻ തന്നെ പ്രയാസപ്പെട്ടിരുന്നു. പക്ഷേ മുത്തുനബി ﷺ യുടെ ആഗമനം അദ്ദേഹത്തിന് ആശ്വാസം നൽകി. തിരുനബി ﷺ ഒപ്പമുള്ള സുപ്രയിൽ കുറഞ്ഞ ഭക്ഷണം കൊണ്ട് എല്ലാവർക്കും വിശപ്പടങ്ങുമായിരുന്നു. എന്റെ പൊന്നുമോൻ വരുന്നത് വരെ കാത്തിരിക്കാൻ മക്കളോടദ്ദേഹം ആവശ്യപ്പെടും. പാനം ചെയ്യാനുള്ള പാൽ ആദ്യം നബി ﷺയെ ക്കൊണ്ട് കുടിപ്പിക്കും. ശേഷമേ സന്താനങ്ങൾക്ക് നൽകിയിരുന്നുള്ളു. ഇത്തരം സന്ദർഭങ്ങളിലെല്ലാം പ്രിയ മകന്റെ സാന്നിധ്യത്തിന്റെ അനുഗ്രഹം എടുത്ത് പറഞ്ഞു ആശംസകൾ നേരും. പൊന്നുമോന്റെ ഓരോ ചലനങ്ങളും ഭാവങ്ങളും നിരീക്ഷിച്ചുകൊണ്ട് എപ്പോഴും ഒപ്പം നിർത്തി. അനാഥത്വത്തിന്റെ നൊമ്പരം അറിയാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു.

ഏതായാലും അനാഥത്വം ഒരു ഭാഗ്യദോഷമായിരുന്നില്ലേ? എന്ന സംശയം ഉയർന്നു വന്നേക്കാം...

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-8)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

07. മുത്ത് നബിയെ ﷺ അറിയാം

    റുഖൈഖയുടെ സ്വപ്നം മക്കക്കാർ കാതോർത്തു. സ്വപ്നത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെയായിരുന്നു. ഞാൻ ഒരശരീരി കേൾക്കുന്നു. ആരോ ഒരാൾവിളിച്ചു പറയുന്നു. അല്ലയോ ഖുറൈശികളെ! ഇനി നിയോഗിക്കപ്പെടാനുള്ള പ്രവാചകൻ നിങ്ങളോടൊപ്പമുണ്ട്. ആഗമന സമയം വളരെ അടുത്ത് കഴിഞ്ഞു. നിങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും ആസന്നമായിരിക്കുന്നു. നിങ്ങളിൽ സമുന്നതനും ദീർഘകായനുമായ ഒരു വ്യക്തിയുണ്ട്. വെളുത്ത ശരീരമുള്ള സുന്ദരനാണ്. കൺമിഴികൾ നീണ്ട് ലോല ശരീരമുള്ള മനുഷ്യൻ. ഉയർന്നു നീണ്ട നാസികയും തടിച്ച കവിൾ തടങ്ങളുമാണദ്ദേഹത്തിന്റേത്. അദ്ദേഹവും മക്കളും പേരക്കുട്ടികളും അണി നിരക്കട്ടെ. മക്കയിലെ ഗോത്രങ്ങളിൽ നിന്നെല്ലാം ഓരോ പ്രതിനിധികളും ഒപ്പം നിൽക്കട്ടെ. എല്ലാവരും അംഗസ്നാനം ചെയ്ത് സുഗന്ധമുപയോഗിച്ച ശേഷം കഅബാലയത്തിന്റെ കോർണറിൽ സംഗമിക്കണം. സവിനയം ചുംബനം നൽകിയ ശേഷം ഏഴുതവണ കഅബയെ പ്രദക്ഷിണം ചെയ്യണം. ശേഷം എല്ലാവരും ചേർന്ന് 'അബൂ ഖുബൈസ്' പർവ്വതത്തിലേറി പ്രാർത്ഥിക്കണം. നേതാവിന് ചുറ്റും എല്ലാവരും ഒത്തു കൂടണം. കൂട്ടത്തിലുള്ള വിശുദ്ധ വ്യക്തിയെ മുന്നിൽ നിർത്തി പ്രാർത്ഥന നിർവ്വഹിക്കണം. മറ്റുള്ളവർ 'ആമീൻ' ചൊല്ലണം. 

    കവയിത്രികൂടിയായ റുഖൈഖ നേരത്തെ തന്നെ കുളിച്ചൊരുങ്ങി കഅബയുടെ അടുത്തെത്തി. കഅബാ പ്രദക്ഷിണം പൂർത്തിയാക്കി. അബ്ദുൽ മുത്വലിബും മക്കളും മക്കയിലെ മറ്റുപ്രമുഖരും എത്തി. സ്വപ്‌നത്തിൽ പറയപ്പെട്ട നേതാവ് അബ്‌ദുൽമുത്വലിബാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഒരു സംഘമായി അബൂഖുബൈസ് പർവ്വതത്തിന് മുകളിലേക്ക് കയറി. ശിഖിരത്തിലെത്തിയപ്പോൾ പിതാമഹൻ ഏഴു വയസ്സു കഴിഞ്ഞ മുഹമ്മദ് ﷺ നെ എടുത്ത് മടിയിൽ ഇരുത്തി. (അഥവാ വിശുദ്ധവ്യക്തിയെ മുന്നിൽ നിർത്തി) പ്രാർത്ഥനയാരംഭിച്ചു. "അല്ലാഹുവേ! ഇതാ ഞങ്ങൾ നിന്റെ ദാസന്മാർ, നിന്റെ ദാസന്മാരുടെ മക്കൾ, ഞങ്ങൾ നിനക്കറിയുന്ന പോലെ ഇതാ വറുതിയിൽ അകപ്പെട്ടിരിക്കുന്നു. കുറേ നാളുകളായി ഞങ്ങൾ വരൾച്ച അനുഭവിക്കുന്നു. അല്ലാഹുവേ... പരിമിതികൾ പരിഹരിക്കുന്നവനേ... വിഷമങ്ങൾ അകറ്റുന്നവനേ... നിന്റെ വിശുദ്ധ ഭവനത്തിന്റെ മുറ്റത്ത് ഞങ്ങൾ വരൾച്ചയിലാണ്.. ഞങ്ങൾ ആവലാതിബോധിപ്പിക്കുന്നു നാഥാ.. ഞങ്ങൾക്ക് മഴ നൽകേണമേ.. സുഖദായകമായ മഴ.. ക്ഷേമം നൽകുന്ന അനുഗ്രഹ വർഷം. 

    റുഖൈഖ തുടരുന്നു.. അബ്ദുൽ മുത്തലിബിന്റെ പ്രാർത്ഥന കഴിഞ്ഞതേ ഉള്ളു. കോരിച്ചൊരിയുന്ന മഴയാരംഭിച്ചു. താഴ്‌വരകൾനിറഞ്ഞു. എല്ലാവരും ആനന്ദത്തിലായി. മക്കക്കാർ ഒരേ സ്വരത്തിൽ അബ്ദുൽമുത്വലിബിന് ആശംസകൾ നേർന്നു. അദ്ദേഹത്തിൻ്റെ നന്മയെ പ്രശംസിച്ചു. ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് റുഖൈഖ ഒരു കവിത ചൊല്ലി. ആശയം ഇപ്രകാരമാണ്. "ശൈബതുൽ ഹംദ് (അബ്ദുൽ മുത്വലിബിൻറെ പേര്) വഴി അല്ലാഹു ഞങ്ങൾക്ക് മഴ തന്നിരിക്കുന്നു. ഏറെക്കാലത്തിനു ശേഷം ഇതാ ഒരനുഗ്രഹവർഷം. ജീവജാലങ്ങളും വൃക്ഷലതാദികളും തളിർത്തിരിക്കുന്നു. വരണ്ട താഴ്‌വരകൾ ഹരിതാഭമായിരിക്കുന്നു. മഹത്വങ്ങൾ നിറഞ്ഞ നിമിത്തം അല്ലാഹു നൽകിയ മഴയാണിത്. "മുളർ ഗോത്രത്തിൽ ഉദിക്കാനിരിക്കുന്ന സുവിശേഷകൻ (ദൈവദൂതൻ) നിമിത്തമാണീ അനുഗ്രഹം ലഭിച്ചത്. ആ പുണ്യവ്യക്തി കാരണമാണ്‌ ഇന്നു പ്രാർത്ഥനസ്വീകരിക്കപ്പെട്ടത്. മനുഷ്യ വംശത്തിൽ തന്നെ അതുല്യ വ്യക്തിത്വത്തമാണത്" 

    ഓരോ സംഭവങ്ങളും മുഹമ്മദ് ﷺ യുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ഈ കാലയളവിൽ തന്നെ മുത്ത് നബിക്ക് ഒരു കണ്ണ് രോഗം ബാധിച്ചു. പിതാമഹൻ പല മരുന്നുകളും പ്രയോഗിച്ചു. പക്ഷേ ഫലം കണ്ടില്ല. അവസാനം 'ഉക്കാള്' മാർക്കറ്റിൽ ഒരു വൈദ്യനെ കണ്ടെത്തി. അദ്ദേഹം ഒരു വേദജ്ഞാനി കൂടിയായിരുന്നു. പിതാമഹനും പൗത്രനും വൈദ്യന്റെ വീട്ടുപടിക്കലെത്തി. പരിശോധനക്ക് ശേഷം വൈദ്യൻ ഇങ്ങനെ പറഞ്ഞു. "ഇതൊരു സാധാരണ കുട്ടിയല്ല. വാഗ്‌ദത്ത പ്രവാചകനാണിത്. വേദക്കാർ ഈ കുട്ടിയെ പിന്തുടർന്നേക്കും. സദാ ശ്രദ്ധയുണ്ടാകണം". ശേഷം മരുന്നുകൾ നൽകി രണ്ടു പേരെയും യാത്രയാക്കി. 

    മുത്ത് നബിക്ക് ഇപ്പാൾ എട്ടു വയസ്സ്‌ പിന്നിട്ടു. വയോധികനായ അബ്ദുൽ മുത്വലിബിൽ ക്ഷീണം കണ്ടു തുടങ്ങി..

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-7)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

06. മുത്ത് നബിയെ ﷺ അറിയാം

    ബ്ദുൽ മുത്വലിബ് മക്കയിലെ പൗരപ്രമുഖരുടെ നേതാവായിരുന്നു. അന്യദേശങ്ങളിൽ നിന്നു വരെ അദ്ദേഹത്തെ കാണാൻ അഥിതികൾ വന്നിരുന്നു. കൂട്ടത്തിൽ പുരോഹിതന്മാരും വേദജ്ഞാനികളും ഉണ്ടാകും. അവർ പലപ്പോഴും തന്റെ പേരക്കുട്ടിയെ സവിശേഷമായി നിരീക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് അവർ അന്ത്യ പ്രവാചകനെ കുറിച്ച്പറയും. മുഹമ്മദിﷺൽ കണ്ട ലക്ഷണങ്ങൾ വിവരിക്കും. അപ്പോഴെല്ലാം അഭിമാനത്തോടെ മകനെ ചേർത്തു പിടിക്കും. 

    ഒരിക്കൽ നജ്റാനിൽ നിന്ന് ഒരു സംഘം വന്നു. വേദക്കാരായിരുന്നു അവർ. കൂട്ടത്തിലെ പുരോഹിതന്മാർ മക്കയുടെ നേതാവുമായി ഏറെ നേരം സംസാരിച്ചു. ഇനി ഉദയം ചെയ്യാനുള്ള പ്രവാചകനെ കുറിച്ച് പ്രത്യേകം പരാമർശിച്ചു. ഇസ്മായിൽ നബിയുടെ عليه السّلام ജനിക്കുക. വേദത്തിൽ പറഞ്ഞ പ്രകാരം നിയോഗത്തിൻറെ സമയം ആഗതമായിക്കഴിഞ്ഞു. പെട്ടെന്ന് മുഹമ്മദ് മോൻ ﷺ അവിടേക്ക് കടന്നു വന്നു. പുരോഹിതന്മാരുടെ ശ്രദ്ധ കുട്ടിയിലേക്കായി. അടിമുടി അവർ നിരീക്ഷിച്ചു. ചുമലും പാദങ്ങളും കൺ തടങ്ങളും പ്രത്യേകം പരിശോധിച്ചു. ഉടനെ അവർ ഉറക്കെവിളിച്ചു പറഞ്ഞു. "ഇതാണാ വ്യക്തി" തുടർന്നു ചോദിച്ചു. താങ്കൾ ഈ കുട്ടിയുടെ ആരാണ്? ഇത് എന്റെ പുത്രനാണ്. അബ്ദുൽ മുത്വലിബ് പ്രതികരിച്ചു. നിങ്ങൾ ഈ കുട്ടിയുടെ പിതാവോ? അങ്ങനെയാകാൻ സാധ്യതയില്ല. ഉടനെ കൃത്യപ്പെടുത്തി. ഇതെൻ്റെ മകൻ്റെ മകനാണ്. ശരി അത് സത്യമാണ്. അവർ സമ്മതിച്ചു. ഈ മകനെ ശ്രദ്ധയോടെ പരിപാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു. അബ്ദുൽ മുത്വലിബ് തന്റെ മക്കളെയെല്ലാം വിളിച്ചു വരുത്തി. പുരോഹിതന്മാർ പറഞ്ഞ കാര്യം വിശദീകരിച്ചു. 'ശേഷം ഇങ്ങനെ പറഞ്ഞു. "നിങ്ങൾ ഈ മോനെ പ്രത്യേകം സംരക്ഷിക്കണം. എപ്പോഴും ശ്രദ്ധയിൽ വേണം". 

    മറ്റൊരു ദിവസം, മുഹമ്മദ് ﷺ കുട്ടികൾക്കൊപ്പം വിനോദത്തിലായിരുന്നു. ബനൂ മുദ് ലജ് ഗോത്രത്തിലെ ചിലജ്ഞാനികൾ മുഹമ്മദ്‌ ﷺ യെ നിരീക്ഷിക്കാൻ വന്നു. കുറേ കഴിഞ്ഞപ്പോൾ അവർ അടുത്തേക്ക് വിളിച്ചു. കാൽപാദവും വിരലടയാളവും സസൂക്ഷ്മം വിലയിരുത്തി. ശേഷം പിതാമഹനോട് പറഞ്ഞു. ഈ കുട്ടിയെ നിങ്ങൾ നന്നായി ശ്രദ്ധിക്കണം. ഇബ്രാഹീം നബിയുടെ (عليه السلام) പാദമുദ്രയോട് ഏറെ സാമ്യമുള്ളതാണ് ഈ കുട്ടിയുടേത്. 

    നിരന്തരമായ സുവിശേഷങ്ങൾക്ക് പിതാമഹൻ സാക്ഷിയായി. ഖുറൈശി പ്രമുഖർക്ക് യമനിലെ രാജാവ് സൽക്കാരമൊരുക്കി. രാജസൽകാരത്തിനുശേഷം രാജാവ് അബ്‌ദുൽ മുത്വലിബിനെ സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചു. പ്രതീക്ഷിക്കുന്ന പ്രവാചകന്റെ പിതാമഹനെന്ന നിലയിൽ ആദരിച്ചു. സയ്ഫ് ബിൻ സീയസൻ ആയിരുന്നു രാജാവ്. 

    പൗത്രന്റെ പദവികൾ പിതാമഹൻ തിരിച്ചറിഞ്ഞു. ആദരവും വാത്സല്യവും ആവോളം നൽകി. അങ്ങനെയിരിക്കെ മക്കയിൽ ഒരു വരൾച്ചക്കാലം. വറുതിയും വരൾച്ചയും മക്കാനിവാസികളെ ആകുലപ്പെടുത്തി. അവർ മഴക്ക് വേണ്ടിയുളള പ്രാർത്ഥനകൾ നടത്തി. പക്ഷേ ഫലം കണ്ടില്ല. ആ നാളുകളിൽ റുഖൈഖ എന്ന മഹതി ഒരു സ്വപ്നം കണ്ടു. അന്ത്യ പ്രവാചകൻ മക്കയിൽ ഉദയം ചെയ്തു കഴിഞ്ഞു. പ്രവാചകന്റെയും രക്ഷകർത്താവിന്റെയും ആകാരവും വിശേഷണങ്ങളും പറയപ്പെട്ടു. അദ്ദേഹത്തിനൊപ്പം പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ക്രമവും രീതിയുമെല്ലാം സ്വപ്നത്തിൽ തന്നെ ലഭിച്ചു. രാവിലെയായപ്പോഴേക്കും റുഖെഖ പരിഭ്രമചിത്തയായി. 

ഏതായാലും സ്വപ്നം വിളംബരം ചെയ്തു.

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-6)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

05. മുത്ത് നബിയെ ﷺ അറിയാം

    നി യാത്ര തുടരാൻ പ്രയാസമാണ്. എവിടെയെങ്കിലും ഒന്നു വിശ്രമിക്കണം. അങ്ങനെ അബവാഅ് എന്ന സ്ഥലത്ത് തമ്പടിച്ചു. മദീനയിൽ നിന്ന് മക്കയിലേക്കുള്ള വഴിയിൽ 273 കിലോമീറ്റർ അകലെയാണ് അബവാഅ്. രോഗം വീണ്ടും വീണ്ടും മൂർഛിച്ചു. ബീവി ആമിന (رضي الله عنها) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഗർഭകാലത്ത് പിതാവും ഇപ്പോഴിതാ ഉമ്മയും വിട്ടുപിരിഞ്ഞു. മുത്ത് നബിﷺ ആറാം വയസിൽ പൂർണ അനാഥത്വത്തിലായി.
അവസാന നിമിഷം ഉമ്മയും മകനും നടത്തിയ സംഭാഷണം ഏറെ ചിന്തനീയമായിരുന്നു: 'മോനെ,(ﷺ)ഞാൻ യാത്രയാവുകയാണ്. ഒരു പാട് നന്മകൾ അവശേഷിപ്പിച്ചാണ് ഞാൻ പോകുന്നത്. ഞാൻ കണ്ട സ്വപ്നങ്ങൾ പുലരും. അങ്ങനെയെങ്കിൽ മോൻ മനുഷ്യ കുലത്തിനാകെയുള്ള പ്രവാചകനാണ്. ചുടു ചുംബനങ്ങൾ നൽകി. മകനെ നല്ലപോലെ പരിചരിക്കണമെന്ന് പറഞ്ഞ് ബറകയെ ഏൽപിച്ചു. 

    ഏറെ ഭാഗ്യവതിയായ പരിചാരകയാണ് ബറക. ഉമ്മു ഐമൻ എന്നാണ് അറിയപ്പെടുന്നത്. മുത്ത് നബിﷺയെ ഏറ്റെടുക്കാൻ നിയോഗം ലഭിച്ച മഹതി. അവിടുത്ത ബാല്യവും കൗമാരവും യൗവ്വനവും നേരിട്ടു കണ്ടു. പ്രബോധനവും പലായനവും നേരിട്ടനുഭവിച്ചു. പ്രാഥമിക ഘട്ടത്തിൽ തന്നെ വിശ്വാസിനിയായി. പ്രവാചക സന്താനങ്ങളെയും ശേഷം പേരകുട്ടികളയും അവർ പരിചരിച്ചു.

    പലായന വേളയിൽ മഹതിക്ക് ലഭിച്ച അനുഗ്രഹം ഹദീസിൽ ഇങ്ങനെ കാണാം. മദീനയിലേക്കുള്ള യാത്രയിൽ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയി. കുടിവെള്ളമില്ലാതെ മരുഭൂമിയിൽ അലഞ്ഞു. അതാ ആകാശത്ത് നിന്നും ഒരു ബക്കറ്റ് അടുത്തേക്ക് വന്നു. ദാഹം ശമിക്കുവോളം കുടിച്ചു. പിന്നീട് ജീവിതത്തിൽ ഒരിക്കലും ദാഹിച്ചിട്ടില്ല. 

    പ്രവാചകരിൽ നിന്ന് നേരിട്ട് സ്വർഗ്ഗപ്രവേശത്തിന്റെ സുവിശേഷം ലഭിച്ചു. നബിയുടെ പരിചാരകൻ സൈദ് (رضي الله عنه) ന്റെ ഭാര്യാപദം അലങ്കരിച്ചു. മുത്ത് നബിക്ക് ഏറെ പ്രിയപ്പെട്ട ഉസാമയുടെ ഉമ്മയായി. ഇങ്ങനെ തുടരുന്നു മഹതിയുടെ വിശേഷങ്ങൾ. 

       ബീവി ആമിന(رضي اللّٰه عنها)യെ അബവാഇൽ മറമാടി. തപിക്കുന്ന ഹൃദയവും സ്നേഹ ബാഷ്പങ്ങളും സാക്ഷിയായി. ആറ് വയസ്സിൽ അനുഭവിച്ച വിരഹത്തിന്റെ വേദന മകനിൽ ആഴ്ന്നു നിന്നു. അറുപത് വയസ്സ് പിന്നിട്ടപ്പോൾ അനുയായികൾകൊപ്പം വന്നപ്പോഴും അത് പെയ്തിറങ്ങിയിരുന്നു.

    ബറകയും മകനും മക്കയിലേക്ക് യാത്ര തുടർന്നു. പിതാമഹൻ അബ്ദുൽ മുത്വലിബ് ഇതിനകം വിവരമറിഞ്ഞിരുന്നു. പ്രിയ പൗത്രനെ കാത്തു നിന്നു സ്വീകരിച്ചു. ഉപ്പയും ഉമ്മയും ഇല്ലാത്ത വേദന അറിയിക്കാതെ പോറ്റാൻ തീരുമാനിച്ചു. സദാ സമയവും ഒപ്പം കൊണ്ടു നടന്നു. ഓരോ നിമിഷവും പൗത്രനിലെ അസാധാരണത്വത്തെ തിരിച്ചറിഞ്ഞു. അത് മറ്റുള്ളവരോട് പങ്കു വെച്ചു. ചർച്ചാ വേദികളിൽ അഭിപ്രായമാരാഞ്ഞു. പറയുന്ന അഭിപ്രായങ്ങളിൽ അഭിമാനിച്ചു. ഒപ്പമിരുത്തിയേ ഭക്ഷണം കഴിക്കൂ. മക്കളും പേരമക്കളും എല്ലാവരും എത്തിയാലും മുഹമ്മദ് ﷺ മോനില്ലെങ്കിൽ സമാധാനമാവില്ല. ഇടക്കിടെ ഉമ്മു ഐമനെ വിളിക്കും എന്നിട്ടിങ്ങനെ പറയും. "ഉമ്മു ഐമൻ! എന്റെ മോനെ ശ്രദ്ധിക്കാതിരിക്കല്ലെ! കുട്ടികൾകൊപ്പം സിദ്റ മരത്തിനരികെ മോൻ നിൽക്കുന്നത് ഞാൻ കണ്ടു". അക്ഷരാർത്ഥത്തിൽ സ്നേഹം കൊണ്ട് വല്യുപ്പ മകനെ വീർപ്പ് മുട്ടിച്ചു. ആ തണലിന്റെ തളിര് മുത്ത് നബിയുംﷺ നന്നായി ആസ്വദിച്ചു.

അങ്ങനെ നാളുകൾ നടന്നു നീങ്ങി.....

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-5)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

04. മുത്ത് നബിയെ ﷺ അറിയാം

    പ്രവാചകത്വത്തിന്റെ മുദ്രയാണത്. "ഖാതമുന്നുബുവ്വ" എന്നാണ് അറബിയിൽ പറയുക. ജന്മനാ തന്നെ മുത്തു നബിയുടെ ﷺചുമലിൽ മുദ്രയുണ്ട്. ഇപ്പോൾ സവിശേഷമായ ഒരു ശ്രദ്ധ അതിലേക്കെത്തിയന്നേയുള്ളൂ. മാടപ്രാവിന്റെ മുട്ടയുടെ ആകൃതിയിലുള്ള മാംസത്തിന്റെ തന്നെ ഒരു തടിപ്പ്. അൽപ്പം രോമാവൃതമായിട്ടുണ്ട്. ഇങ്ങനെയാണ് ഹദീസിൽ വന്നിട്ടുളളത്. 

    ഹലീമയും ഭർത്താവും ആലോചനയിലാണ്ടു, ഇനിയെന്ത് ചെയ്യും. എത്രയും വേഗം മക്കയിലേക്കു പോകാം. ഉമ്മയെ ഏൽപ്പിച്ച് കാര്യം ധരിപ്പിക്കാം. ഇതിനിടയിൽ മറ്റൊരു ഭയം കൂടി വന്നു. പ്രവാചകത്വ മുദ്രയുള്ള കുട്ടിയെ വേദക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. വാഗ്ദത്ത പ്രവാചകനാണ് ഇതെന്ന് അവർ മനസ്സിലാക്കി. ജൂതന്മാർ ശത്രുതയോടെയാണ് നോക്കുന്നത്.

    ഹലീമ മകനെയും കൊണ്ട് മക്കയിലെത്തി ആമീന ബീവിയെ സമീപിച്ചു. കാര്യങ്ങൾ ചുരുക്കി പറയാമെന്ന് വെച്ചെങ്കിലും ആമിന വിശദാംശങ്ങൾ തേടി. ഒടുവിൽ എല്ലാം ഹലീമ തുറന്നു പറഞ്ഞു. ആമിനയിൽ പക്ഷേ ആശങ്കകൾ കണ്ടില്ല. പകരം ഹലീമയെ ആശ്വസിപ്പിച്ചു. "മഹത്തായ പദവികൾ എന്റെ മകനെ കാത്തിരിക്കുന്നു". ഗർഭകാലത്തെ അനുഭവങ്ങൾ കൂടി ചേർത്തു പറഞ്ഞു. എങ്കിൽ പിന്നെ മകനെയും കൊണ്ട് തന്നെ മടങ്ങാമെന്നായി ഹലീമ. പക്ഷേ ആമിന അനുവദിച്ചില്ല. ഹൃദയപൂർവ്വം യാത്രാ മംഗളങ്ങൾ നേർന്നു. 

    ഉമ്മയും മകനുമൊത്തുള്ള ജീവിതത്തിന്റെ നാളുകൾ. കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട മോൻ. സമപ്രായക്കാരായി കുടുംബത്തിൽ വേറെയും അംഗങ്ങളുണ്ട്. പിതാമഹന്റെയും പിതൃ സഹോദരന്മാരുടെയും മക്കൾ. പ്രത്യേകിച്ച് ഹംസയും സ്വഫിയ്യയും. പിതാമഹൻ അബ്ദുൽ മുത്വലിബിന്റെ മക്കളാണവർ. മൂന്നുപേരും തമ്മിൽ സുദൃഢമായ ബന്ധമായിരുന്നു. മധുരതരമായ മൂന്നു വർഷങ്ങൾ അങ്ങനെ കടന്നു പോയി. 

    കഅബയുടെ ചാരത്ത് അബ്ദുൽ മുത്വലിബിന് പ്രത്യേകം ഒരു ഇരിപ്പിടം ഉണ്ടായിരുന്നു. കുട്ടികൾ ആരും അതിൽ ഇരിക്കുമായിരുന്നില്ല. എന്നാൽ മുഹമ്മദ് ﷺമോന് അവിടെ അധികാരമുണ്ടായിരുന്നു. ഈ പരിഗണനയെ കുറിച്ച് പ്രമാണികൾ പലരും ചോദിച്ചു. ഈ മകനിൽ പല അത്ഭുതങ്ങളും ഞാൻ കാണുന്നു എന്നായിരുന്നു വല്യുപ്പയുടെ മറുപടി. 

    ആകർഷകമായ ഏറെ ഭാവങ്ങൾ മകനിൽ പ്രകടമായിരുന്നു. മകന് ആറു വയസ്റ്റായപ്പോൾ ഉമ്മ ആമിനക്ക് ഒരു മോഹം. മകനുമൊത്ത് യസ്‌രിബിലെ ബന്ധുക്കളെ ഒന്ന് സന്ദർശിച്ചാലോ. അധികം വൈകാതെ ഒരു കച്ചവട സംഘത്തോടൊപ്പം യാത്രയായി. പരിചാരക ഉമ്മു അയ്മൻ (ബറക)യും ഒപ്പമുണ്ടായിരുന്നു. രണ്ട് ഒട്ടകപ്പുറത്തായിട്ടാണ് യാത്ര ചെയ്തത്. യസ്‌രിബിലെത്തി ബന്ധുക്കളോടൊപ്പം ദിവസങ്ങൾ കഴിച്ചു കൂട്ടി. മകനുമായി പ്രിയപ്പെട്ട ഭർത്താവായിരുന്ന അബ്ദുല്ലയുടെ ഖബറിടം സന്ദർശിച്ചു.

 അന്നത്തെ അനുഭവങ്ങൾ പിൽക്കാലത്ത് പ്രവാചകൻ ﷺ ഓർത്ത് പറയാറുണ്ടായിരുന്നു. ഖസ്റജുകാരുടെ കുളത്തിൽ നീന്തിയതും കുട്ടികളോടൊപ്പം പട്ടം പറത്തിയതും. മക്കയിലേക്ക് മടങ്ങാറായി, യാത്ര ആരംഭിച്ചു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും ആമിനക്ക് അസുഖം ബാധിച്ചു…. 

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-4)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

03. മുത്ത് നബിയെ ﷺ അറിയാം

ലീമ ബീവി رضي الله عنها തുടരുന്നു, ഞങ്ങള്‍ ബനൂ സഅദ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ കുഞ്ഞ് കുടിലില്‍ പ്രവേശിച്ചു. എന്തെന്നില്ലാത്ത ഒരാനന്ദം. മുഹമ്മദ് (ﷺ) മോന്റെ ആഗമനം എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ പകര്‍ന്നു. ഗ്രാമത്തിന്റെ ഛായ തന്നെ മാറി. ഒരു തരുവും ഇല്ലാതിരുന്ന നാടായിരുന്നു അത് ഇപ്പോള്‍ ഹരിതാഭമായിരിക്കുന്നു. നാല്‍കാലികള്‍ക്ക് ആവശ്യാനുസൃതം മേയാനുണ്ട്. എപ്പോഴും അകിട് നിറഞ്ഞിരിക്കുന്നു. അയല്‍പക്കത്തെ കാലികള്‍ക്ക് പാലില്ലാത്തപ്പോഴും ഞങളുടെ മൃഗങ്ങള്‍ക് പാലുണ്ട്. ചിലര്‍ പറയും ഹലീമയുടെ( رضي الله عنها) ആടുകളെ കെട്ടുന്ന സ്ഥലത്ത് നമുക്കും മേയ്ക്കാം പക്ഷേ അത് കൊണ്ട് മാത്രമായില്ല ഞങ്ങളുടെ ആടുകള്‍ എപ്പോഴും ക്ഷീര സമ്യദ്ധമായി.

    രണ്ട് വയസ്റ്റ് വരെ ഞാന്‍ മുഹമ്മദ് (ﷺ)മോനെ മുലയൂട്ടി. അപ്പോഴും പിന്നെയും അസാധാരണമായ ഒരു വളര്‍ച്ചയായിരുന്നു മോന്. ഇനിയിപ്പോള്‍ മാതാവിനെ തിരിച്ചേല്‍പിക്കാനുള്ള സമയമായി. വിട്ടു പിരിയാന്‍ മനസ്സനുവദിക്കുന്നില്ല. പൊന്നു മോന്റെ ആഗമനം ഞങള്‍ക്ക് നല്‍കിയ ആനന്ദവും ഐശ്വര്യവും വര്‍ണനാതീതമാണ്. ആമിന ഉമ്മയോട് ഒന്നു കൂടി പറഞ്ഞ് നോക്കാം. അക്കാലത്ത് മക്കയില്‍ ഒരു പ്ലേഗ് ബാധിച്ചിരുന്നു. ഞങളുടെ നിര്‍ബന്ധവും പ്ലേഗും കാരണം മനസ്സില്ലാ മനസ്സോടെ ഉമ്മ മകനെ ഒരിക്കല്‍ കൂടി വിട്ടു തന്നു. അത്യാനന്ദത്തോടെ വീട്ടില്‍ തിരിച്ചെത്തി. എന്റെ മകള്‍ ശൈമക്ക്് എന്തെന്നില്ലാത്ത ആശ്വാസം. അവളാണ് താരാട്ട് പാടുക. ഒക്കത്ത് വെച്ച് കൊണ്ട് നടക്കുക. അങ്ങനെ മാസങള്‍ കഴിഞ്ഞു. രണ്ട് കുഞ്ഞ് മക്കളും പുല്‍മേടില്‍ കളിച്ചു കൊണ്ടിരികുകയായിരുന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടു ചേര്‍ന്നു തന്നെയാണ് സ്ഥലം പെട്ടന്ന് ളംറ മോന്‍ ഓടി വന്നു. വിറച്ചു കൊണ്ട് പറയാന്‍ തുടങ്ങി. 

    നമ്മുടെ ഖുറൈശി സഹോദരന്‍... രണ്ട് പേര്‍ വന്ന് എടുത്ത് കൊണ്ട് പോയി. വെള്ള വസ്ത്രം ധരിച്ചവരാണവര്‍, അല്‍പമകലെ മലര്‍ത്തി കിടത്തി. നെഞ്ച് പിളര്‍ത്തി കൈകള്‍ ഉള്ളില്‍ പ്രവേശിപ്പിക്കുന്നു. ഞാനും ഭര്‍ത്താവും പേടിച്ചരണ്ടു. പെട്ടന്ന് തന്നെ ഓടിച്ചെന്നു. അതാ നില്‍ക്കുന്നു മുഹമ്മദ് (ﷺ) മോന്‍. പക്ഷേ മുഖത്ത് ഒരു ഭാവമാറ്റം. പെട്ടന്ന് ഞാന്‍ വാരിയെടുത്ത് മാറോടണച്ചു. പൊന്നു മോനെ എന്ത് പറ്റി ? ഞാന്‍ ചോദിച്ചു. മോന്‍ ഇങ്ങനെ പറഞ്ഞു. വെളള വസ്ത്രം ധരിച്ച രണ്ട് പേര്‍ വന്നു എന്നെ മലര്‍ത്തിക്കിടത്തി നെഞ്ച് തുറന്നു ഉള്ളില്‍ നിന്ന് എന്തോ ഒന്ന് പുറത്തെടുത്തു എന്താണെന്നറിയില്ല. ഞാനും ഭര്‍ത്താവും പരിസരം മുഴുവന്‍ നോക്കി. ആരെയും കണ്ടില്ല. ദേഹത്ത് മുറിവോ ചോരപ്പാടോ ഒന്നും കാണാനില്ല. ദേഹപരിശോധന നടത്തിയപ്പോള്‍ ഒരത്ഭുതം കൂടി ശ്രദ്ധയില്‍ പെട്ടു._ ചുമലില്‍ അതാ ഒരു മുദ്ര... 

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-3)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

02. മുത്ത് നബിയെ ﷺ അറിയാം

    ക്ക പണ്ടു മുതലേ പട്ടണ പ്രദേശമാണ്. പട്ടണത്തിൽ ജനിക്കുന്ന ആൺകുട്ടികളെ മുലയൂട്ടാൻ ഗ്രാമത്തിലേക്കയക്കും. അത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു. ശുദ്ധവായു ലഭിക്കാനും പകർച്ചവ്യാധികളും മറ്റും വരാതിരിക്കാനും അതുപകരിക്കുമായിരുന്നു. മരുഭൂമിയിലെ ജീവിതം കുട്ടികൾക്ക് ഒരുപാട് നന്മകൾക്ക് അവസരമൊരുക്കുന്നതുമായിരുന്നു. 

    കുട്ടികളെ ഇണക്കി പോറ്റുന്നതിൽ ചില കുടുംബങ്ങൾക്ക് പ്രത്യേക മികവുണ്ടായിരുന്നു. അതിൽ പ്രസിദ്ധമാണ് 'ബനൂ സഅദ്' ഗോത്രം. മക്കയുടെ തെക്കു കിഴക്ക് ഭാഗത്ത് താമസിക്കുന്ന ഹവാസിൻ കുലത്തിന്റെ ഭാഗമായിരുന്നു അവർ. മഹതി ആമിനയും മകനെ മുലയൂട്ടാൻ ബനൂ സഅദ് ഗോത്രത്തെ ആഗ്രഹിച്ചു. പോറ്റുമ്മമാർ മക്കളെത്തേടി മക്കയിൽ വരുന്നതും കാത്ത് കഴിഞ്ഞു. അധികം വൈകിയില്ല. സംഘങ്ങൾ വന്നു തുടങ്ങി. കൂട്ടത്തിൽ അബൂദു ഐബിന്റെ മകൾ ഹലീമയും ഉണ്ടായിരുന്നു. ഒപ്പം ഭർത്താവ് ഹാരിസും മുലകുടി പ്രായത്തിലുള്ള മകൻ അബ്ദുല്ലയും (ളംറ).

    ഹലീമയുടെ ഓർമകൾ ചരിത്രത്തിന്റെ ഭാഗമായി. ഉജ്വലമായി അത് അയാളപ്പെട്ടു. മഹതി വിവരിക്കുന്നതിങ്ങനെയാണ്. ഒരു വരൾച്ചക്കാലം. ഞങ്ങളുടെ ജീവിതവിഭവങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം മക്കയിലേക്ക് പോകണം . മുലയൂട്ടാൻ ഒരു കൂട്ടിയെ ലഭിക്കണം. അതുവഴി കിട്ടുന്ന ആനുകൂല്യങ്ങൾ കൊണ്ട് ജീവിതം മെച്ചപ്പെടുത്താം. 

    ചാരനിറമുള്ള ഒരു പെൺ കഴുതയും കറവ വറ്റാറായ ഒരൊട്ടകവുമാണ് ഞങ്ങൾക്കുള്ളത്. എന്റെ മുലയിൽ പാലില്ലാത്ത കാരണം കുഞ്ഞുമോൻ നിർത്താതെ കരയുകയാണ്. ഏതായാലും മക്കയിലേക് പുറപ്പെട്ടു. ഞങ്ങളെ പോലെയുള്ള ഒരു സംഘത്തോടൊപ്പമാണ് യാത്രതിരിച്ചത്. വേച്ചു വേച്ചു നടക്കുന്ന എന്റെ വാഹനത്തെക്കാത്ത് കൂട്ടുകാരികൾ കുഴങ്ങി. ഒരു മഴ ലഭിച്ചെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു. പക്ഷേ, മക്കയെത്തും വരെ ലഭിച്ചതേയില്ല. 

    എല്ലാവരും കുട്ടികളെത്തേടി ഇറങ്ങി. ആമിന ബീവിയുടെ വീട്ടിലും എത്തി. പിതാവ് മരണപ്പെട്ടതിനാൽ കുട്ടിയെ ഏറ്റെടുക്കാൻ പലരും താത്പര്യം കാണിച്ചില്ല. കുട്ടിയുടെ പിതാവിൽ നിന്നുള്ള പാരിതോഷികങ്ങളാണല്ലോ പോറ്റുമ്മമാരുടെ പ്രതീക്ഷ. നേരിട്ട് കൂലിവാങ്ങുന്ന ഒരു ജോലിയായിരുന്നില്ല മുലയൂട്ടൽ. മറിച്ച്, ദീർഘ ദൂര ഭാവിയിലുമുള്ള ഒരു ബന്ധവും അനുബന്ധമായി ലഭിക്കുന്ന ആനുകൂല്യങ്ങളുമായിരുന്നു. ഒപ്പം ഒരു സമ്പ്രദായത്തിന്റെ ഭാഗവും കൂടിയായിരുന്നു അത്. ഒരു ഗ്രാമീണ കുടുംബവും ഒരു പട്ടണവാസിയും തമ്മിലുള്ള ബന്ധത്തിന് ഏറെ മാനങ്ങളുണ്ടായിരുന്നു. പരസ്പരമുള്ള ആവശ്യങ്ങൾ നിർവഹിച്ചിരുന്നു. 

    ഒരു അനാഥ ബാലനെ ഏറ്റെടുക്കുന്നതിൽ വൈമനസ്യം വന്നതവിടെയാണ്. ഞാനേതായാലും കുഞ്ഞിനെയൊന്ന് കാണാമെന്നു വച്ചു. മറുള്ളവർ അതിനകം കുട്ടികളെയുമായി മക്കവിടാൻ റെഡിയായിരുന്നു. ആമിനയുടെ അരുമ മകന്റ അടുത്ത് ഞാനെത്തി. ഈ മോനെ നമുക്ക് കൊണ്ടുപോകാം, ദൈവം അതുവഴി നമ്മെ അനുഗ്രഹിച്ചേക്കും. ഭർത്താവും സമ്മതം നൽകി. കുഞ്ഞിനെ എടുത്ത് മാറോടു ചേർത്തതേ ഉള്ളൂ. മാറിൽ പാൽ നിറഞ്ഞു. എന്റെ മോനും പോറ്റു മോനും വയർ നിറയെ മുല കുടിച്ചു. എന്തൊരത്ഭുതം! ഒട്ടകത്തിന്റെ അകിടും നിറഞ്ഞിരിക്കുന്നു. കഴുതയും ആരോഗ്യത്തോടെ തുള്ളിച്ചാടുന്നു. എന്റെ ഭർത്താവു പറഞ്ഞു: നീ തെരഞ്ഞെടുത്ത കുഞ്ഞ് ഒരു അനുഗ്രഹം തന്നെയാണല്ലോ? 'അതെ, ഞാനും പ്രതീക്ഷിച്ചത് അത് മാത്രം': ഞാൻ പ്രതികരിച്ചു. ഞങ്ങൾ ഗ്രാമത്തിലേക്കു മടങ്ങി. ഞാനും പുതിയ കുട്ടിയും കഴുതപ്പുറത്ത് കയറി. വാഹനത്തിന് നവോന്മഷം കൈവന്നിരിക്കുന്നു. അതിവേഗം സഞ്ചരിക്കാൻ തുടങ്ങി. കൂട്ടുകാരികൾ എല്ലാം പിന്നിലായി. അവർ ഞങ്ങളോട് കാത്ത് നിൽക്കാൻ പറഞ്ഞു. 'ഇതെന്തൊരത്ഭുതം, ഹലീമ വലിയ്യ ഭാഗ്യം ചെയ്തവളാണ്': കൂട്ടുകാരികൾ പറയാൻ തുടങ്ങി 

    അതേ, മുഹമ്മദ് (നബി) ﷺ മക്കയിൽ നിന്ന് ഗ്രാമത്തിലേക് യാത്രയാരംഭിച്ചു കഴിഞ്ഞു..

(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-2)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം,

23 September 2022

01. മുത്ത് നബിയെ ﷺ അറിയാം

    ക്കയിലെ ഉന്നത കുടുംബമാണ് ഖുറൈശ്. ഖുറൈശികളിലെ പ്രമാണിയാണ് അബ്ദുൽ മുത്വലിബ് . അദ്ദേഹത്തിന്റെ പതിമൂന്ന് ആൺമക്കളിൽ ഒരാളാണ് അബ്ദുല്ലാഹ്. സുന്ദരനും സുമുഖനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ. എപ്പോഴും പിതാവിനൊപ്പം തന്നെയുണ്ടാകും. 

    കുടുംബത്തിലെന്നപോലെ മക്കക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. അനാവശ്യങ്ങൾ ഉറഞ്ഞുതുളളിയ സമൂഹത്തിൽ അബ്ദുല്ലാഹ് വേറിട്ടു നിന്നു. അന്ധ വിശ്വാസങ്ങൾ അടക്കി വാണ കാലം, പക്ഷേ ഇദ്ദേഹത്തിനതന്യമായിരുന്നു.ന്യായമായും മക്കയിലെ തരുണികൾ ഈ യുവാവിനെ ആഗ്രഹിച്ചു. ചിലർ ആഗ്രഹം അറിയിച്ചു. മറ്റു ചിലർ നേരിട്ടു തന്നെ വിളിച്ചു പറഞ്ഞു. എന്നാൽ അബ്ദുല്ലാഹ് അതൊന്നും അനുകൂലിച്ചില്ല. മോഹന വാഗ്ദാനങ്ങളോടെ ചില കുലീന വനിതകൾ അഭിലാഷം പങ്കു വച്ചു. പക്ഷേ, ഫലമുണ്ടായില്ല. 

    നാട്ടുനടപ്പു പ്രകാരം അബ്ദുല്ലാഹിക്ക് വിവാഹ പ്രായമായപ്പോൾ കുടുംബക്കാരും വിവാഹ അനേഷണങ്ങൾ അഭിമുഖീകരിക്കാൻ തുടങ്ങി. അതാ നല്ല ഒരു അന്വേഷണം. കുലീനനായ വഹബിന്റെ മകൾ ആമിന. കുടുബക്കാർക്ക് നന്നേ ബോധിച്ചു . എന്തുകൊണ്ടും അബ്ദുല്ലാഹിക്ക് യോജിച്ച ഒരു പെൺകുട്ടി . പ്രഥമ ദൃഷ്ടിയിൽ തന്നെ പരസ്പരം സമ്മതമായി. 

    ശ്രദ്ധേയമായ ഒരു വിവാഹം. നടപ്പു രീതികളിൽ നിന്ന് വിഭിന്നമായി പ്രൗഢമായിരുന്നു സദസ്സ്. വാദ്യമേളങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല. വധുവരന്മാരുടെ കുടുബങ്ങളിൽ നിന്ന് പ്രമുഖർ ഒത്തുകൂടി. പരസ്പരം ആദര ബഹുമാനങ്ങൾ പങ്കു വെച്ചു. വിവാഹ ഉടമ്പടി പൂർത്തിയായി. 

    അബ്ദുല്ലാഹ് ആമിനാ ദമ്പതികളുടെ ദാമ്പത്യ ജീവിതം മക്കക്കാർക്ക് കൗതുകം പകർന്നു. ഇണക്കുരുവികളുടെ ഒത്തൊരുമ ആരെയും അസൂയപ്പെടുത്തി. ദമ്പതികളുടെ ജീവിത വല്ലരിയിൽ മധുനിറഞ്ഞു. ആമിന ഗർഭവതിയായി.

    അപ്പോഴേക്കും മക്കയിൽ നിന്ന് കച്ചവട സംഘം പുറപ്പെടാനുളള നാളുകളായി. ഭാര്യയെ തനിച്ചാക്കി അബ്ദുല്ലയും വ്യാപാര സംഘത്തിൽ അംഗം ചേർന്നു. വിധിക്ക് ചില നിർണയങ്ങളുണ്ട്. വിധിക്കുന്നവന് ( പടച്ചവന് ) അതിൽ പരമാധികാരവും ലക്ഷ്യങ്ങളുമുണ്ട്. അത് മാറ്റാൻ ആർക്കും കഴിയില്ല തന്നെ. അതെ, മടക്ക യാത്രയിൽ മദീനയിൽ (അന്നത്തെ യസ് രിബ് ) വച്ച് അബ്ദുല്ലാഹ് രോഗഗ്രസ്തനായി. തുടർന്ന് പരലോകം പ്രാപിച്ചു. വിവരമറിഞ്ഞ പത്നി ദുഖം കടിച്ചിറക്കി, വിധിയോട് പൊരുത്തപ്പെട്ടു. ഒപ്പം സ്റ്റേഹ ഭാജനം സമ്മാനിച്ച ഗർഭത്തെ പരിപാലിച്ചു കാത്തിരുന്നു. എ.ഡി. 571 ഏപ്രിൽ 20 തിങ്കളാഴ്ച (റബീഉൽ അവ്വൽ 12) പ്രഭാതത്തിൽ ആമിന ഒരാൺകുഞ്ഞിന് ജന്മം നൽകി. 

    അതായിരുന്നുമുത്തു നബി മുഹമ്മദ് ﷺ. ചരിത്രത്തിന്റെ കൺമുന്നിലേക്ക് കടന്നു വന്ന തിരു ജന്മം.

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-1)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം,