25 September 2022

13. മുത്ത് നബിയെ ﷺ അറിയാം

    'ഹീറാ' പുരോഹിതനെ കണ്ടുമുട്ടിയ സംഭവം വളരെ പ്രസിദ്ധമാണ്. പ്രവാചക ﷺ ചരിത്രം രേഖപ്പെടുത്തിയ ഏതാണ്ടെല്ലാ ചരിത്രകാരന്മാരും അത് ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത സംഭവം നൽകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇങ്ങനെയാണ്. 

ഒന്ന്: ഒരു പ്രവാചകനു വേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു. 

രണ്ട്: നിയോഗിക്കപ്പെടാനുള്ള പ്രവാചകരെ കുറിച്ചുള്ള വിവരങ്ങൾ വേദങ്ങളിൽ ഉണ്ടായിരുന്നു. 

മൂന്ന്: അത് വ്യക്തമായി അറിയുന്ന വേദജ്ഞാനികൾ അക്കാലത്ത് ജീവിച്ചിരുന്നു. 

നാല്: പറയപ്പെട്ട വിശേഷണങ്ങൾ മുഹമ്മദ് ﷺ ൽ കണ്ടെത്തുകയും അതുവഴി മുഹമ്മദ് ﷺ യെ അവർ ആദരിക്കുകയും ചെയ്തിരുന്നു.

    പിൽക്കാലത്ത് വേദങ്ങളിൽ വന്ന കൈക്കടത്തലുകൾ ഇവയിൽ പലതും മാറ്റിമറിച്ചു. എന്നിട്ടും മുഹമ്മദ് ﷺ നു മാത്രം യോജിക്കുന്ന വിശേഷണങ്ങൾ ഉള്ള പല ഭാഗങ്ങളും ബൈബിളിലും മറ്റു വേദങ്ങളിലും ഇന്നും ഉണ്ട്. അവ ക്രോഡീകരിച്ച പഠനങ്ങളും ലഭ്യമാണ്. ഖുർആൻ വേദക്കാരെ കുറിച്ച് വിശദീകരിക്കുന്നു. "അവരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ച് കൊണ്ട് ഒരു ഗ്രന്ഥം (ഖുർആൻ) അല്ലാഹുവിൽ നിന്ന് അവതരിച്ചു(അവർ അംഗീകരിച്ചില്ല). നേരത്തേ അവർ സത്യ നിഷേധികൾക്കെതിരിൽ (വാഗ്ദത്ത പ്രവാചകനെ മുൻനിർത്തി) സഹായം തേടുമായിരുന്നു. അവർക്ക് സുവ്യക്തമായ കാര്യം വന്നണഞ്ഞപ്പോൾ അവർ നിഷേധിക്കുകയാണ്(2:89).

    അന്ത്യപ്രവാചകനെക്കുറിച്ചുള്ള ചർച്ചകൾ ജൂത ക്രൈസ്തവർക്കിടയിൽ വ്യാപകമായി നടന്നിരുന്നു. ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: അവർക്ക് അവരുടെ സ്വന്തം മക്കളെ അറിയും പോലെ വാഗ്ദത്ത നബിയെ അറിയാമായിരുന്നു. ബഹുദൈവ വിശ്വാസികളോട് തർക്കിക്കുന്ന സന്ദർഭങ്ങളിൽ അവർ അത് തുറന്ന് പറഞ്ഞിരുന്നു. അവസാനത്തെ നബി വരും ആ നബിക്കൊപ്പം ഞങ്ങൾ കൂടും. അത് വഴി ഞങ്ങൾ അതിജയിക്കും. നിരന്തരമായി വേദക്കാർ ആശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത വസ്തുതയായിരുന്നു ഇത്. എന്നാൽ അറബികൾക്കിടയിൽ നിന്ന് പ്രവാചകൻ ഉദയം ചെയ്തു എന്നറിഞ്ഞപ്പോൾ പെട്ടന്ന് അവർക്ക് ഉൾകൊള്ളാനായില്ല. പ്രധാനമായും ചില സ്വാർത്ഥ താത്പര്യങ്ങളാണ് അവരെ നിയന്ത്രിച്ചത്. ഭൗതികമായ നഷ്ടങ്ങൾ മാത്രം കണ്ട് കൊണ്ടാണ് അവർ മുത്ത് നബിﷺ യെ നിരാകരിച്ചത്.

    അബൂത്വാലിബിനൊപ്പം സിറിയയിലേക്കുള്ള യാത്രയാണല്ലൊ നാം പറഞ്ഞു വന്നത്. തുടർന്ന് ഇരുപതാം വയസ്സിൽ അബൂബക്കർ(رضي الله عنه) വിനൊപ്പമുള്ള ഒരു ശാം യാത്രയെ കുറിച്ച് ചില ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. യാത്രയുടെ ലഘു വിവരണം ഇങ്ങനെയാണ്. അബൂബക്കർ(رضي الله عنه)ന് പതിനെട്ട് വയസ്സുള്ളപ്പോൾ മുഹമ്മദ്‌ﷺനൊപ്പം ശാമിലേക്ക് പുറപ്പെട്ടു. വ്യാപാര സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു അത്. സിറിയയിലെ ഒരു മരച്ചുവട്ടിൽ യാത്രാ സംഘം വിശ്രമത്തിന് തങ്ങി. സമീപത്ത് തന്നെ താമസിക്കുന്ന ബഹീറാ എന്ന പുരോഹിതനെ അബുബക്കർ (رضي الله عنه) സന്ദർശിച്ചു. തന്റേതായ ചില കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു സന്ദർശനം. ഉടനെ പുരോഹിതൻ ചോദിച്ചു. ആ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാരാണ്? അബൂബക്കർ(رضي الله عنه)പറഞ്ഞു: അബ്ദുൽ മുത്വലിബിന്റെ മകൻ അബദുല്ല യുടെ മകൻ മുഹമ്മദ് ﷺ ആണ്. പുരോഹിതൻ തുടർന്നു. 'അദ്ദേഹം ഈ ജനതയിലേക്കുള്ള സത്യദൂതനാണ്. ഈസാ പ്രവാചകന് ശേഷം ഈ മരച്ചുവട്ടിൽ ആരും വിശ്രമിച്ചിട്ടില്ല'. ഇബ്നു അബ്ബാസ് (رضي الله عنه) ആണ് ഈ സംഭവം നിവേദനം ചെയ്തത്. ഇരുപതാം വയസിലെ ഈ യാത്രയെ പ്രമുഖ സീറാ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടില്ല. എന്നാൽ ഇത് ചരിത്രപരമായി തള്ളേണ്ടതില്ല എന്ന വീക്ഷണം പ്രമുഖരും ആധുനികരുമായ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്.

    അബൂബക്കർ(رضي الله عنه) മാത്രമുള്ള ഒരു യാത്രയിൽ പുരോഹിതനെ സന്ദർശിച്ചു. വാഗ്ദത്ത പ്രവാചകനെ കുറിച്ച് അദ്ദേഹം വിവരങ്ങൾ നൽകി. ഇങ്ങനെയൊരു പരാമർശവും ചരിത്ര ഗ്രന്ഥങ്ങളിൽ വേറെ തന്നെ ഉണ്ട്.

    പിതൃ സഹോദരൻ സുബൈറിനൊപ്പം നബി ﷺ യമനിലേക്ക് യാത്ര ചെയ്ത സംഭവം പല ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ നിവേദക പരമ്പര അത്രമേൽ പ്രബലമല്ല.        

    മുത്ത് നബിﷺ യുടെ കൗമാര യൗവ്വനങ്ങൾ ഏറെ മാതൃകാപരമായിരുന്നു. മാലിന്യങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ ഒരു അഴുക്കും പുരളാതെ ജീവിച്ചു. അദ്ധ്വാനിച്ച് ജീവിത മാർഗം കണ്ടെത്തേണ്ട കാലത്ത് അദ്ധ്വാനപൂർണമായ ജീവിതം നയിച്ചു. ഉപജീവനത്തിനായി മുത്തുനബി സ്വീകരിച്ച മാർഗ്ഗങ്ങളെ കുറിച്ച് തുടർന്ന് വായിക്കാം..

(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-13)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

No comments: