28 November 2018

മദീനയിലെ തേന്‍ തുള്ളികള്‍

പുണ്യ റസൂലിന്റെ വിശ്രമയിടം മദീന മുനവ്വറ നബി സ്‌നേഹികളാല്‍ പ്രൗഢമാണ്. മീലാദുന്നബി വരവേല്‍ക്കാന്‍ ലക്ഷങ്ങളാണ് ഭാഷ ദേശ വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ നാനാദിക്കുകളില്‍ നിന്നും മദീനയിലേക്കൊഴുകിയെത്തിയത്. മസ്ജിദുന്നബവിയും തിരുമുറ്റവും ഇശ്ഖിന്റെ ഈരടികളാല്‍ ധന്യം! അറബിയിലും ഉറുദുവിലും ടര്‍ക്കിഷിലും മലയാളത്തിലും മറ്റേതൊക്കെയോ ഭാഷകളിലും പ്രവാചക സ്‌നേഹികള്‍ പ്രകീര്‍ത്തനങ്ങള്‍ പാടി പറഞ്ഞു കൊണ്ടിരിക്കുന്നു. ഒറ്റക്കും ഖാഫിലക്കൂട്ടങ്ങളായും അവര്‍ മദീന നഗരി കൈയ്യടക്കിയിരിക്കുന്നു. ഇമാം ബൂസ്വൂരിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും അതൊക്കെ പോകട്ടെ തെന്നിന്ത്യയിലെ ഗരീബ് നവാസ് ശൈഖുനാ കുണ്ടൂര്‍ ഉസ്താദിന്റെ ‘വാഹന്‍ ലില്‍ ഖുബ്ബത്തി… ‘ അടക്കം എത്രയെത്ര മദ്ഹുകള്‍ക്കാണ് അവിടെ ഇശല്‍ വിരുന്നൊരുക്കിയത് ചിലര്‍ ഖുബ്ബതുല്‍ ഹള്‍റാഇലേക്ക് നോക്കി കണ്ണുനീരൊഴുക്കുന്നുണ്ട്, ചിലര്‍ തേങ്ങി തേങ്ങി കരയുന്നു, മറ്റു ചിലര്‍ കരങ്ങുയര്‍ത്തി തിരുസവിധത്തില്‍ ആവലാതി ബോധിപ്പിക്കുന്നു. ഇശ്ഖില്‍ ലയിച്ച കുഞ്ഞു ആശിഖീങ്ങള്‍ മധുര പലഹാരങ്ങുമായി മുഹിബ്ബീങ്ങളെ സല്‍ക്കരിക്കുന്നു. തിരു നബിക്ക് നേരെ കൈ ഉയര്‍ത്തി മദ്ഹ് പാടിയ ഒരു ആശിഖിനോട് വേറൊരാളുടെ അട്ടഹാസം , ഖിബ് ലക്ക് നേരെ തിരിയൂയെന്ന് … അവനറിയില്ലല്ലോ ഖിബ്‌ലക്കും ഒരു ഖിബ്‌ലയുണ്ടെന്ന് , അത് മുത്ത് നബിയാണെന്നും. ഇമാം മാലിക് തങ്ങളോട് ഞാന്‍ ദുആ ചെയ്യുമ്പോള്‍ കഅബയിലേക്കാണോ അതോ നബിയുടെ നേരെയാണോ തിരിയേണ്ടതെന്ന് ചോദിച്ച അബ്ബാസിയ ഖലീഫ അബൂ ജഅഫറുല്‍ മന്‍സൂറിനോട് താങ്കളുടെയും താങ്കളുടെ പിതാവ് ആദം നബിയുടെയും വസീലയായ തിരുനബിയിലേക്ക് തിരിഞ്ഞു കൊള്‍ക എന്ന പ്രഖ്യാപനം സ്‌നേഹം വരണ്ട മനസ്സുകള്‍ എങ്ങനെ കേള്‍ക്കാനാണ്. അവര്‍ക്കവിടെ കിടക്കുന്നത് അബ്ദുള്ളയുടെയും ആമിനയുടെയും മകനായ കേവലം സാധാര മനുഷ്യന്‍ മുഹമ്മദ് മാത്രം, എന്നാല്‍ ആശിഖീങ്ങള്‍ക്ക് അങ്ങിനെയല്ലല്ലോ … അവരുടെ എല്ലാമെല്ലാമായ തിരുദൂതരല്ലേ മുന്നില്‍ കിടക്കുന്നത്, അതിലേറെ മറ്റെന്തു വേണം.

ഇടക്ക് മാനമൊന്ന് കരഞ്ഞു. ലക്ഷക്കണക്കിന് പ്രവാചക പ്രേമികള്‍ തേങ്ങിക്കരയുമ്പോള്‍ അതു കാണുന്ന ആര്‍ക്കും കരച്ചില്‍ വരില്ലേ? പിന്നെങ്ങിനെ ആകാശം കരയാതിരിക്കും! ചെറിയ ചെറിയ ആ തേന്‍ തുള്ളികള്‍ പതിയെ പതിയെ ഒലിച്ചിറങ്ങി പച്ച ഖുബ്ബക്ക് തിളക്കം കൂട്ടുന്നുണ്ടായിരുന്നു. ഖുബ്ബയെ തൊട്ടുരുമ്മി വന്ന ഇളം മന്ദ മാരുതനെ മഴത്തുള്ളികള്‍ തഴുകിത്തലോടി ഈ പാപിയുടെ ദേഹത്തേക്ക്… ഓ.. വല്ലാത്തൊരു അനുഭൂതി! അനിര്‍വ്വചനീയമായ ആനന്ദം … ചിലര്‍ വായ തുറന്നു പിടിച്ച് നിലത്തു വീഴ്ത്താതെ മദീനയിലെ തേന്‍ മഴയെ നുകരുന്നുണ്ടായിരുന്നു. ആശിഖീങ്ങളുടെ ഇശ്ഖിന് താളം പിടിക്കുന്ന ഇളം കാറ്റിന്റെ ഗതിയനുസരിച്ച് മഴത്തുള്ളികളും ഈണം പകരുന്നുണ്ടായിരുന്നു.. ചറപറാ ദേഹത്ത് വീണിട്ടും ആരും ഓടുന്നത് കാണുന്നില്ല. എല്ലാവരും ഇശ്ഖില്‍ ലയിച്ചിരിക്കുകയല്ലേ? പിന്നെന്ത് പേമാരി ? അനുരാഗത്തിന്റെ അവാച്യ അനുഭൂതി നുകര്‍ന്ന ബിലാല്‍ തങ്ങള്‍ മരണ സമയമടുത്തപ്പൊഴും പറഞ്ഞത് ‘ വാ ഫറഹാ … എന്റെ സന്തോഷമേ ,,, എന്റെ ആനന്ദ നിമിഷമേ..’ എനിക്കെന്റെ ഹബീബിനെ കാണാന്‍ അടുത്തല്ലോ … എന്നാണല്ലോ. എപ്പോഴും കുളിര്‍ പകരുന്ന പുണ്യ മദീനയില്‍ ആ മഴത്തുള്ളികള്‍ ശരീരവും മനസ്സും ഒന്നു കൂടി കുളിര്‍പ്പിച്ചു.

ബാബുസ്സലാമിലൂടെ തിരുസവിധത്തിലേക്ക് …. നിറഞ്ഞൊഴുകുന്ന ഇശ്ഖിന് കടലില്‍ ഒരു തുള്ളിയായി ഞാനും … മന്ദം മന്ദം തിരു ചാരത്ത്… ഖല്‍ബും ശരീരവും പിടക്കുന്നു. ‘ഹുനാ മുഹമ്മദു റസൂലുള്ളാഹി ” എന്നെഴുതിയ ഫലകത്തിനു നേരെയെത്തി… പതിഞ്ഞ ശബ്ദത്തില്‍ ‘അസ്വലാത്തു വസ്സലാമു അലൈക യാ സയിദീ യാ റസൂലല്ലാഹ്’ ….. ഒരു പാട് സലാമുകള്‍ , മുത്ത് നബിയോട് കുറെ നേരം സംവദിച്ചു… ഈ പാപി പറഞ്ഞത് അവിടന്ന് കേട്ടു കാണും… റഹ്മതുല്‍ ലില്‍ ആലമീന്‍ കേള്‍ക്കാതെ മറ്റാര് കേള്‍ക്കാനാണ്.!??

പോലീസുകാരന്റെ ‘ഹറ് റിക് ‘ എന്ന ശബ്ദമാണ് ആ അസുലഭ മുഹൂര്‍ത്തത്തിന് പരിസമാപ്തി കുറിച്ചത്. എന്നാലും അവരോടൊന്നും പരിഭവമില്ല, കാരണം
എന്റെതു മാത്രമല്ലല്ലോ തിരുനബി, പിന്നില്‍ ഊഴം കാത്തു നില്‍ക്കുന്ന ആയിരങ്ങള്‍ക്കും ഉണ്ടല്ലോ ഇതുപോലൊരു അവകാശം. സിദ്ദീഖോരോടും ഫാറൂഖോരോടും സലാം പറഞ്ഞ് ബാബുല്‍ ബഖീ ഇലൂടെ പുറത്തേക്ക്…

ഇനി സ്വര്‍ഗീയ തോപ്പില്‍ കയറി നമസ്‌കരിക്കണം,
ബാബു അബൂബക്കര്‍ സിദ്ദീഖിലൂടെ

പതുക്കെ പതുക്കെ സ്വര്‍ഗീയ പൂന്തോപ്പിലേക്ക് …. അതായത് ഖബറുശ്ശരീഫിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം, തിരുനബി അരുളിയല്ലോ: എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പാണെന്ന്, ‘റൗള ‘. അവിടെ നല്ല തിരക്കുണ്ട് ,, രണ്ടു മൂന്നു ഘട്ടമായിട്ടാണ് ഉള്ളിലേക്ക് പ്രവേശം, ഊഴം കാത്തിരുന്നു. മുന്നില്‍ ഒരു പാകിസ്ഥാനി പിന്നില്‍ ഒരു ലബനാനിയും വലത്ത് ഒരു മിസ്രിയും ഇടത്ത് ഒരു തുര്‍ക്കിയും ഇവര്‍ക്ക് നടുവില്‍ മലബാരിയായ ഞാനും… ലബനാനി ഇടക്കിടെ അറബിയില്‍ മദ്ഹ് പാടുന്നുണ്ട്. പാകിസ്ഥാനി ഉറുദുവിലും , ഈണവും രാഗവുമൊന്നുമില്ലെങ്കിലും ഞാനും പാടി അബൂ ഹനീഫ ഇമാം പുന്നാര നബിയുടെ ചാരെ നിന്നു പാടിയ ‘ഖസീദതുന്നുഅമാനിയ്യ ‘. അതിലെ ചില വരികളൊക്കെ കണ്ണില്‍ ഈറനണയിച്ചു. ഊഴം കാത്തു നില്‍ക്കുന്ന നൂറുകണക്കിനാളുകളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ട്. എന്തൊക്കെയാണവര്‍ ചൊല്ലിയിരിക്കുക!, എത്രയെത്ര മദ്ഹുകളാണ് പുണ്യരുടെ സവിധത്തിലെത്തിയിരിക്കുക!, സ്വലാത്തും സലാമും അങ്ങേക്ക് നിരന്തരം വര്‍ഷിക്കട്ടെ… നബിയേ ..,

ഞങ്ങളുടെ അവസരമെത്തി പതുക്കെ പച്ചപ്പരവതാനി വിരിച്ച സ്വര്‍ഗ്ഗത്തോപ്പിലേക്ക്…. ആഗ്രഹിച്ചതു പോലെ നിസ്‌കരിക്കാന്‍ കിട്ടിയ യിടം തിരുനബി ഇമാമത്തു നിന്ന മിഹ്‌റാബില്‍ അവിടന്ന് കാല്‍ വെച്ച സ്ഥലത്ത് നെറ്റി വെക്കും വിധം അല്‍ ഹംദുലില്ലാഹ്. ഒരു വേള തിരു നബിയുടെ കാലത്തേക്ക് മനസ്സൊന്ന് സാങ്കല്‍പിക സഞ്ചാരം നടത്തി. മുന്നില്‍ തിരുനബി ഇമാമത്ത് നില്‍ക്കുന്നു. തൊട്ടു പിന്നില്‍ സിദ്ദിഖുല്‍ അക്ബര്‍ … ഹോ .. ഇപ്പോള്‍ അവിടെ ഈ പാപി , സിദ്ദീഖ് തങ്ങളേ മാപ്പ് ! ഒരിക്കലും അവിടെത്തെ ഏഴയലത്തു പോലും നില്‍ക്കാന്‍ അര്‍ഹതയില്ലെന്നറിയാം … പക്ഷെ … അന്ന് ജനിക്കാന്‍ പറ്റിയില്ലല്ലോ … ഇന്ന് ആ തിരുപാദം പതിഞ്ഞ ഭാഗമെങ്കിലും ഒന്നു ചുമ്പിച്ചോട്ടേ ….

صلي الله علي محمد .صلي الله عليه وسلم

19 November 2018

മഹബ്ബത് നബി ﷺ

സ്നേഹനിധിയായ മുത്തു നബിയുടെ പേര് കേൾക്കുമ്പോൾ, അവിടത്തെ വിശേഷണങ്ങൾ പറയുന്ന പാട്ടും കവിതയും ഗദ്യവും പദ്യവും സൃഷ്ടിക്കുന്ന ആന്ദോളനങ്ങൾ, മദീനയെന്നു ഉച്ചരിക്കുമ്പോൾ,  പച്ചക്കുബ്ബയുടെ ഫോട്ടോ കാണുമ്പോൾ,  അവിടത്തെ വിശേഷണങ്ങളും ദർശനങ്ങളും ചരിത്രങ്ങളും വായിക്കുമ്പോൾ,  അവിടത്തെ ആസാറുകളെ കുറിച്ചു കേൾക്കുമ്പോൾ,  കാണുമ്പോൾ ഹൃദയത്തിൽ നാമറിയാതെ നാമ്പെടുക്കുന്ന വികാരമില്ലേ, രോമകൂപങ്ങളിൽ രൂപപ്പെടുന്ന വിറയലില്ലേ അതാണ്ചക്രവർത്തി തിരുമനസ്സിനോടുള്ള പ്രണയത്തിന്റെ തുടക്കം. അത് തുടങ്ങി കിട്ടിയാൽ പിന്നെ നമ്മുടെ ഹൃദയത്തിലും മനസ്സിലും ശരീത്തിലും പടർന്നൊഴുകുന്ന പറഞ്ഞറിയിക്കാനാകാത്ത അനുഭവം, അത് സ്വീകരിക്കാൻ നമുക്ക് കഴിയുമോ?

മുത്തു നബിയുടെ വഫാത്തിന് ശേഷം മദീനയിൽ താമസിക്കാനാകാതെ അവിടം വിട്ടുപോയ ബിലാൽ () വിനെ ഓർമ്മയില്ലേ? പിന്നീടൊരിക്കൽ ഖലീഫയുടെ സ്നേഹ നിർബന്ധത്തിനു വഴങ്ങി മദീനയിലെത്തി ബിലാൽ (). ബാങ്ക് കൊടുക്കാൻ നിര്ബന്ധിക്കപ്പെട്ടു. മുത്തു നബിയാരുടെ ഓർമ്മകൾക്ക് മുമ്പിൽ ബിലാൽ സുബ്ഹി ബാങ്ക് വിളിക്കാൻ തുടങ്ങി. മദീനയിലെ വീടുകളിൽ ശബ്ദം മുഴങ്ങിയപ്പോൾ ജനങ്ങളൊന്നടങ്കം ഞെട്ടിയെഴുന്നേറ്റു, അവർക്ക് ബിലാലിന്റെ മധുര സംഗീതമാർന്ന ബാങ്കൊലിയല്ല മനസ്സിൽ, തങ്ങളുടെ പ്രിയപ്പെട്ട സ്നേഹഭാജനം തിരിച്ചു വന്നിരിക്കുന്നു എന്ന തോന്നലുമായി മസ്ജിദുന്നബവിയിലേക്ക് അവർ ഓടിയടുത്തത് ഓർമ്മയില്ലേ? പക്ഷെ, അപ്പോൾ ബിലാൽ ഉന്മാദാവസ്ഥയിലായിരുന്നിരിക്കണം, അശ്ഹദു അന്ന....... മുഹമ്മദ്എന്ന ശബ്ദം പുറത്തു വരാതെ തൊണ്ട കുഴങ്ങിയ സമയം,..... ബാങ്ക് പൂർത്തിയാക്കാനാകാതെ ബിലാൽ കുഴഞ്ഞു പോയത്.......അതെ, കണ്ണും മൂക്കുമില്ലാത്ത പ്രണയം, മഹബ്ബത്.....നിങ്ങൾക്കതിനെ  എന്ത് പേരിട്ടും  വിളിക്കാം......

കാരന്തൂരിലെ വിളക്ക് മാടത്തിനു ചുറ്റും കഴിഞ്ഞ തികളാഴ്ച പ്രവാചകാനുരാഗികൾ തിരുശേഷിപ്പിനോട് കാണിച്ച ആദരവില്ലേ, അതും സ്നേഹ പ്രകടനത്തിന്റെ ആവിഷ്കാരം തന്നെയാണ്. ആർക്കും അത് തടുത്തു നിർത്താൻ കഴിയില്ല. സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്ന വികാരമാണത്. തുർക്കിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തിരുശേഷിപ്പിനോട് വിശ്വാസികൾ കാണിക്കുന്ന ആദരവില്ലേ, അത് തന്നെയാണിവിടെയും.....

صلي الله علي محمد .صلي الله عليه وسلم

പ്രണയം

രുട്ട് കൊണ്ട് ഇരുളടഞ്ഞു പോയ
എന്റെ ഹൃദയത്തിൽ  
മദീനയിലണയുമ്പോഴെങ്കിലും 
പ്രകാശം പ്രകമ്പനമായി വന്നു 
വെളിച്ചം ലഭിച്ചിരുന്നെവെങ്കിൽ!!
രാത്രീയുടെ യാമങ്ങളിൽ 
ഉറക്കത്തിലേക്കാഴ്ന്നിറങ്ങുമ്പോൾ 
സൂര്യ പ്രഭ പോലെ പ്രകാശിക്കുന്ന 
പുഞ്ചിരിയുമായി എന്റെ ഖൽബിലേക്ക് 
നക്ഷത്ര തിളക്കവുമായി 
എന്റെ മുത്ത് നബി   
വന്നിരുന്നുവെങ്കിൽ.
ഈ പ്രണയ നഗരിയിൽ ഞാൻ 
ഉന്മാദാവസ്ഥയിലാണ്,
ഈ മലർവാടിയിലെ സ്നേഹലഹരിയിൽ
ഞാനില്ലാതായി തീർന്നെങ്കിൽ!!
പച്ചതാഴികക്കുടത്തിനു താഴെ എന്റെ ഹൃദയം പൊട്ടിത്തകർന്നു 
ബഖീഉൽ ഘർക്കദിലെ പോരിശയാർന്ന മണ്ണിലലിഞ്ഞിരുന്നുവെങ്കിൽ. 

സ്വെല്ലല്ലാഹു  അലാ മുഹമ്മദ് 
സ്വല്ലള്ളാഹു അലൈഹി വസല്ലം

صلي الله علي محمد .صلي الله عليه وسلم

നബി ﷺ തങ്ങളെ സ്‌നേഹിക്കാം

റബീഇലെ ഏറെ ദിവസങ്ങളും വിദേശത്തായിരുന്നു. ലോകത്തെ പ്രമുഖരായ മുസ്‌ലിം പണ്ഡിതരുടെ കൂടെ. യു എ ഇയില്‍ അനുഭവിച്ചു, റബീഉല്‍ അവ്വലിന്റെ സകല പൊലിമയോടും കൂടിയ ആഘോഷം. നബി മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം നാം വിശ്വാസികള്‍ക്ക് അങ്ങനെയാണല്ലോ. നമ്മുടെ വിശ്വാസത്തിന്റെ ആധാരശിലയാണ് നബിﷺതങ്ങളെ സ്‌നേഹിക്കല്‍. ആ അര്‍ഥത്തിലുള്ള സ്‌നേഹപ്രകടനങ്ങള്‍ ലോകമെങ്ങും ദൃശ്യമാണ്.

നബിﷺപറയുന്നുണ്ട്: നിങ്ങളുടെ വിശ്വാസം തികവിലെത്തുന്നത് മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റുള്ള എല്ലാവരെക്കാളും എന്നെ പ്രിയം വെക്കുമ്പോഴാണ് എന്ന്. നബിയോടുള്ള മഹബ്ബത്ത് വിശ്വാസത്തെ കൂടുതല്‍ കൂടുതല്‍ പകിട്ടുള്ളതും ഊര്‍ജസ്വലതയുള്ളതും ആക്കും എന്നതിലാണത്. അല്ലാഹു ഖുര്‍ആനില്‍ നബിയോട് പറയുന്നുണ്ട്, വിശ്വാസികളെ പഠിപ്പിക്കാനായി. നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍, എന്നെ പിന്‍പറ്റുവീന്‍ എന്ന്.

ഈ അനുരാഗം മാസ്മരികമായ ആത്മീയ ശേഷിയാണ് മുഅ്മിനീങ്ങള്‍ക്ക് നല്‍കുന്നത്. അനുരാഗി എല്ലായ്‌പ്പോഴും പ്രിയപ്പെട്ടവനിലേക്കു നോക്കും. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും. അവരരുളിയത് പോലെ കാര്യങ്ങള്‍ നടപ്പാക്കും; വ്യക്തി ജീവിതം ക്രമപ്പെടുത്തും. നബിയോടുള്ള സ്‌നേഹവും ബഹുമാനവും, അവിടുത്തെ പേരില്‍ പ്രകീര്‍ത്തന ആലാപനങ്ങളും ലോകത്തിന്റെ സ്രഷ്ടാവ് അല്ലാഹു കല്‍പ്പിച്ചതാണ് എന്നതിനാല്‍, മറ്റൊന്നും ശങ്കിക്കാനില്ല വിശ്വാസിക്ക്. സ്വലാത്തുകള്‍ ചൊല്ലുക, നബിയെ വാഴ്ത്തുക, അവിടുന്ന് പഠിപ്പിച്ച ഓരോ മൂല്യവും ജീവിതത്തില്‍ തുടരുക.

ലോകത്തെ ഏറ്റവും വിശിഷ്ടമായ ദിനമായിരുന്നുവല്ലോ നബിﷺ ജനിച്ച റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. വസന്തം പരിപൂര്‍ണതയില്‍ വര്‍ഷിക്കുകയായിരുന്നു അപ്പോള്‍. നന്മയുടെ നിലാവ് വെളിച്ചം വിതറിയ ഘട്ടം. തിന്മയുടെ അസുരദിക്കുകള്‍ നിശ്ശബ്ദമായ, ശിഥിലമായ സമയം. അവിടുത്തെ ജനനത്തിന്റെ അത്ഭുത സംഭവങ്ങള്‍ അങ്ങനെയാണല്ലോ ചരിത്രം രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ആ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിരുപിറവിയുടെ സമയമാവുമ്പോഴേക്ക് എഴുന്നേല്‍ക്കുന്നു വിശ്വാസികള്‍. ദേഹശുദ്ധി വരുത്തിയ ശേഷം, അല്ലാഹുവിനെ സ്തുതിക്കുകയാണ്. നബിﷺ തങ്ങളെ നമ്മുടെ സമുന്നതമായ വഴികാട്ടിയായും നേതാവായും നിയോഗിച്ചതിന്. മൗലിദ് ചൊല്ലുന്നു. സ്വലാത്തുകള്‍ ചൊല്ലുന്നു. അവിടുത്തെ ശഫാഅത്ത് കിട്ടാന്‍ കേഴുന്നു. എന്ത് മനോഹരമാണ് റസൂലിനെപ്പറ്റി എഴുതപ്പെട്ട മൗലിദുകള്‍. ലോകത്തിലെ മികച്ച കാവ്യരൂപങ്ങളാണവ.

ജീവിത വിജയത്തിന് ഏറ്റവും വലിയ നിമിത്തമാണ് വിശ്വാസികള്‍ക്ക് നബിയോടുള്ള ഈ സ്‌നേഹം. ഒരു സ്വഹാബി വന്നു ചോദിച്ചുവല്ലോ. നബിയേ, അന്ത്യനാള്‍ എന്നാണ്? റസൂല്‍ തിരികെ ചോദിച്ചു: താങ്കള്‍ എന്താണ് അതിനായി കരുതിവെച്ചിരിക്കുന്നത്. ആ സ്വഹാബിയുടെ മറുപടിയിങ്ങനെ: കൂടുതല്‍ നിസ്‌കരിച്ചോ, വ്രതമെടുത്തോ, സ്വദഖ ചെയ്‌തോ ഒന്നും എനിക്ക് കരുതിവെപ്പില്ല; മറിച്ച് ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നു. റസൂലിന്റെ പ്രതിവചനം അപ്പോള്‍, താങ്കള്‍ ആരെ സ്‌നേഹിച്ചോ; അവര്‍ക്കൊപ്പമായിരിക്കും.

നബിയോടുള്ള ആദരവ്, അനുസരണ, സ്‌നേഹം എന്നിവ വിശ്വാസികളില്‍ ഏറ്റവും അനിവാര്യമാണ് എന്നതിനെ പറ്റി അല്ലാഹു ആവര്‍ത്തിച്ചു ഉണര്‍ത്തുന്നുണ്ട് ഖുര്‍ആനില്‍. നബിയെ നിന്ദിക്കുന്നവര്‍ക്കുള്ള താക്കീതും പറയുന്നു. അതിനാല്‍, ആ സ്‌നേഹം കൂടുതല്‍ കൂടുതല്‍ വര്‍ധിപ്പിക്കണം നാം. അവിടുന്ന് അനിഷ്ടത്തോടെ പറഞ്ഞ കാര്യങ്ങളെ ജീവിതത്തില്‍ നിന്ന് വിപാടനം ചെയ്യണം.

അതിനാല്‍, റബീഉല്‍ അവ്വല്‍ 12 വിശ്വാസികളുടെ സജീവമായ ദിനമാകണം. എന്നു മാത്രമല്ല, ഈ മാസം മുഴുവന്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടാകണം. നബിയുടെ ജീവിതത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തണം. എന്ത് പരിപാടിയാണെങ്കിലും റസൂല്‍ ഇഷ്ടപ്പെടുന്ന മാതൃകയില്‍ ആവണം നാം സജ്ജമാക്കേണ്ടത്. അവിടുന്ന് പരിസ്ഥിതി സ്‌നേഹിയായിരുന്നു, മലിനമുക്തമായ സാഹചര്യങ്ങളെ ഇഷ്ടപ്പെട്ടു. അന്യരെ ഒരര്‍ഥത്തിലും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. മിതത്വത്തിന്റെ ഭാഷ ഉപയോഗിച്ചു. മറ്റുള്ളവരുടെ മനസ്സിനെ തികവോടെ ഉള്‍ക്കൊണ്ടു. ഇസ്‌ലാമിക ചരിത്രത്തില്‍ ഇക്‌രിമ(റ)വിന്റെ സംഭവം ഓര്‍ക്കുന്നില്ലേ. ഇസ്‌ലാമിന്റെ സംസ്ഥാപനത്തെ ഏറ്റവും രൂക്ഷമായി എതിര്‍ത്ത, നബിﷺ തങ്ങളെ ഏറെ വേദനിപ്പിച്ച അബൂ ജഹലിന്റെ മകനാണ്. ഇസ്‌ലാമിനോട് വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു ഇക്‌രിമക്ക്. പിന്നീട് മനസ്സ് മാറി, ആദ്യമായി റസൂലിന്റെ ചാരത്തേക്ക് കടന്നുവരികയാണ്. അന്നേരം, ആ വരവ് നേരത്തെ അറിഞ്ഞ നബിﷺ അനുചരരോട് പറഞ്ഞു: നിങ്ങള്‍ ഇക്‌രിമയുടെ മുമ്പില്‍ അബൂജഹലിനെ പരാമര്‍ശിക്കരുത്; അതദ്ദേഹത്തെ വേദനിപ്പിക്കും: ഇത്തരം, സൂക്ഷ്മമായ പെരുമാറ്റച്ചട്ടങ്ങള്‍ നാം ശീലിക്കണം.

കേരളത്തിലെ മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ഏറ്റവും ഗംഭീരമായി റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നവരാണ്. നബിﷺയുടെ കാലത്തേ ഇസ്‌ലാം തനിമയോടെ എത്തിയ ദേശമാണല്ലോ ഇത്. മൗലിദുകള്‍ ഇല്ലാത്ത വീടുകള്‍ വളരെ കുറവായിരിക്കും ഈ മാസത്തില്‍. അറബിയിലും മലയാളത്തിലും അറബി മലയാളത്തിലുമായി രചിക്കപ്പെട്ട നബിസ്‌നേഹ ബൈത്തുകള്‍ ചൊല്ലുന്നത് ഈ മാസത്തില്‍ നമ്മുടെ വീടുകളില്‍ പതിവാക്കണം.

മര്‍കസിന്റെ പേരില്‍ സുന്നി സാംസ്‌കാരിക കേന്ദ്രം എന്ന പേര് ഉറപ്പിച്ചത് സി എം വലിയുല്ലാഹിയെപ്പോലുള്ളവരുടെ ആശീര്‍വാദത്തോടെയാണ്. ‘സുന്നിയ്യ’ എന്നാല്‍ നബി പഠിപ്പിച്ച രീതി അക്ഷരാര്‍ഥത്തില്‍ തുടരുന്നവര്‍. മര്‍കസ് നബി സ്‌നേഹികള്‍ക്ക് ആഴം നല്‍കി. ഓരോ വര്‍ഷവും നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങള്‍ ലോകത്തെ പ്രവാചക സ്‌നേഹികളായ പണ്ഡിതരുടെ സംഗമവേദിയാണ്.

റബീഉല്‍ അവ്വല്‍ ആഘോഷത്തെ എതിര്‍ക്കുന്നവര്‍ വിശ്വാസത്തിന്റെ മധുരം മനസ്സിലാക്കാത്തവരാണ്. യഥാര്‍ഥ സ്‌നേഹം അനുഭവിക്കാത്തവര്‍ക്ക് അതിന്റെ രുചിയറിയില്ലല്ലോ. കേരളത്തിലെ സലഫികളുടെയും ജമാഅത്തെ ഇസ്‌ലാമിക്കാരുടെയും എല്ലാം നിലപാട് നബി സ്‌നേഹ പ്രകാശങ്ങളെ അംഗീകരിക്കാത്ത വിധമുള്ളതാണ്. അതിനാല്‍ തന്നെയാണ് പ്രവാചക അനുരാഗികള്‍ മൗലികമായി അവരോട് വിയോജിക്കുന്നതും.
അല്ലാഹു റസൂല്‍ ﷺ യെ ശ്രേഷ്ഠമായി സ്‌നേഹിച്ച വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. നബിദിനാശംസകള്‍.

صلي الله علي محمد .صلي الله عليه وسلم

18 November 2018

തിരുനബിﷺയുടെ പ്രബോധന മാതൃകകള്‍

ല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിന്റെ രീതിയും ശൈലിയും വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അത് തന്ത്രപൂര്‍വവും സദുപദേശങ്ങള്‍ നല്‍കിയും ആയിരിക്കണമെന്ന് ഖുര്‍ആന്‍ പറഞ്ഞു. മിക്കപ്പോഴും പ്രബോധനം ഒഴുക്കിനെതിരെയുള്ള പ്രയാണമാണ്. അതായത് സാഹചര്യങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റം. നബി ﷺ യുടെ പ്രഥമ പ്രബോധിതരായ അറബികളും ആറാംനൂറ്റാണ്ടും ഒരു വിധത്തിലുള്ള പ്രബോധനത്തിനും വഴങ്ങിയിരുന്നില്ല. മൗലാനാ മുഹമ്മദലി അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിയാത്മകമായ ശൈലിയും പ്രായോഗികമായ മേഖലകളുമാണ് നബി ﷺ അവലംബിച്ചത്. ആദ്യമായി പ്രബോധനം ഉള്‍കൊണ്ടത് പ്രവാചകര്‍ തന്നെയായിരുന്നു. ഉടനെതന്നെ സഹധര്‍മിണിയും സഹചാരികളും അത് പകര്‍ത്തി. നിലനിന്നു പോന്ന ദര്‍ശനങ്ങളേയും മാര്‍ഗങ്ങളേയും സമൂലമായി പരിവര്‍ത്തിപ്പിക്കാനാണ് തന്റെ ലക്ഷ്യമെന്നറിയാം. എന്നിട്ടും ആരവങ്ങള്‍ മുഴക്കിയില്ല. കദീനകള്‍ക്ക് തീ കൊളുത്തിയതുമില്ല. ശാന്തഗംഭീരമായ കാല്‍വെപ്പുകള്‍ മാത്രം. പ്രാഥമികഘട്ടമെന്ന നിലയില്‍ രഹസ്യ പ്രബോധനം നടത്തി. മൂന്ന് വര്‍ഷത്തോളം ഇതേ ശൈലി തന്നെ തുടര്‍ന്നു. ആവശ്യമായ വിജ്ഞാനങ്ങളും നിയമങ്ങളും ഖുര്‍ആനിക പാഠങ്ങളും രഹസ്യമായി തന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അരങ്ങത്തേക്ക് കടക്കുന്നതിനു മുമ്പ് അണിയറയില്‍ സമര്‍പ്പണ സജ്ജരായ ഒരു സംഘത്തെ ഉറപ്പിച്ചു നിര്‍ത്തുക എന്ന നയമാണിതില്‍ നാം വായിക്കേണ്ടത്. മാത്രമല്ല, വളരെയേറെ ആദരണീയമായ ഒരു പദവി അവകാശപ്പെടുമ്പോള്‍ സഹധര്‍മിണിയും അടുത്ത സഹകാരികളും അത് അംഗീകരിക്കുന്നു എന്നത് തന്നെ അര്‍ഹതയുടെ അടയാളമാണ്.

ശേഷം ആശയസത്യസന്ധതയും ദാര്‍ഢ്യതയും കൈമുതലാക്കി വിമര്‍ശക വൃന്ദത്തിന്റെ മുന്നിലേക്ക് ദൗത്യവുമായി ചെന്നു. വിമര്‍ശനത്തിന്റെയും പ്രതിരോധത്തിന്റെയും ദിനരാത്രങ്ങള്‍. ലോകത്തിന്റെ കണ്ണും കാതും തിരുനബിയിലേക്ക് തിരിഞ്ഞു. ഖുറൈശീ കുബേരന്മാരുടെ നടപടികളില്‍ കാലം നാണിച്ചു തല താഴ്ത്തി.

പ്രവാചകര്‍ പതറിയില്ല. ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടര്‍ന്നു. ഒരാശയത്തിന്റെ പ്രചരണാംരംഭത്തില്‍ തന്നെ അടിക്കടി എന്ന ശൈലി പ്രായോഗികമല്ലെന്ന് തിരുനബിﷺക്കറിയാം. അവിടുന്ന് അതുള്‍കൊണ്ടു. ഭൗതികമായി ചിന്തിച്ചാല്‍ അംഗബലം നന്നേ കുറവുള്ളവര്‍ ആരോഗ്യ പരീക്ഷണത്തിന് നില്‍ക്കുന്നതിന്റെ അപ്രായോഗികതയും തിരുനബി ﷺ പഠിപ്പിച്ചു. അനുയായികളെ ഉന്മൂലനം ചെയ്തു കൊണ്ട് ഒരാശയത്തിന്റെ സംസ്ഥാപനം വേണ്ടതില്ല എന്ന് പ്രവാചകരിലെ പ്രബോധകന്‍ പഠിപ്പിച്ചു. അവധാനപൂര്‍വം പ്രയാണം തുടര്‍ന്നു. മറുപക്ഷത്ത് നടക്കുന്ന ഗൂഢാലോചനകള്‍ തെല്ലും തളര്‍ത്തിയില്ല. ആത്മവിശ്വാസമെന്ന മഹാഗുണം നേതാവിനാവശ്യമാണെന്ന് അവിടുന്ന് തെളിയിച്ചു. ലക്ഷ്യം നേടും വരെ പ്രവര്‍ത്തിക്കുക. മാര്‍ഗ മധ്യേ, വരുന്നതെന്തും പ്രയാണത്തിന് തടസ്സമാകാതിരിക്കുക എന്ന ആശയത്തെ പ്രയോഗവത്കരിച്ചു. ശത്രുപക്ഷത്ത് പ്രകോപനങ്ങളേക്കാള്‍ ഒട്ടും കുറവല്ലാത്ത വിധം പ്രലോഭനങ്ങളും നടന്നു. ഒരേ സമയം വാഗ്ദാനങ്ങളെ അവഗണിക്കുകയും പ്രകോപനങ്ങളെ അതിജീവിക്കുകയും ചെയ്തപ്പോള്‍ ലക്ഷ്യശുദ്ധി വ്യക്തമായി. ബുദ്ധിയുള്ളവര്‍ തിരുനബിﷺയോടൊപ്പം ചേര്‍ന്നു. കാടിളകിയ വിമര്‍ശനങ്ങള്‍ വന്നപ്പോഴും നയപരമായ പ്രബോധനം തുടര്‍ന്നു കൊണ്ടേയിരുന്നു.

സാഹചര്യങ്ങളെ അനുകൂലമാക്കാന്‍ ചിലപ്പോള്‍ അല്‍പം ഒന്ന് പിന്‍വാങ്ങേണ്ടി വന്നേക്കാം. പക്ഷേ, അത് ആശയപരമായി സമ്മതിച്ചു കൂടാ. ശാരീരികമായി അത് അല്‍പ്പം വക വെച്ചേക്കാം. അങ്ങനെയാണ് പലായനത്തെകുറിച്ച് ചിന്തിക്കുന്നത്. അബ്‌സീനിയായിലേക്കും ശേഷം മദീനയിലേക്കുമുള്ള പ്രയാണങ്ങള്‍ അനുയായികളുടെ ആത്മാര്‍ഥത തെളിയിക്കാനുള്ള ചരിത്ര ദര്‍ശിനികളായി മാറി. മക്കയില്‍ പ്രകാശനം ചെയ്ത മതം അവിടെ പ്രചരിക്കുന്നതിന് മുമ്പ് മദീനയില്‍ വേരുറപ്പിച്ചതിനു പിന്നില്‍ ഒരു പ്രത്യേകത നിലനില്‍ക്കുന്നുണ്ട്. മക്ക നേതാക്കന്മാരുടെയും ഭരണകര്‍ത്താക്കളുടെയും നാടാണ്. അവിടെ നിന്നും ഈ മതം അംഗീകാരം നേടി മറ്റുള്ള സ്ഥലങ്ങളിലേക്കു വ്യാപിച്ചാല്‍, ഭരണസ്വാധീനം വ്യാപകമാക്കാനുള്ള മക്കക്കാരുടെ ശ്രമത്തിന്റെ ഭാഗമായി അത് തെറ്റിദ്ധരിക്കപ്പെടും. എന്നാല്‍ മദീന നേതൃത്വങ്ങളുടെയോ അധികാരവാഴ്ചയുടെയോ നാടായിരുന്നില്ല. മദീനയില്‍ സുഗമമായി ഇസ്‌ലാം മുന്നേറി. അതില്‍ കലിപൂണ്ട ഖുറൈശികള്‍ ഒരേറ്റുമുട്ടലിന് വേദിയൊരുക്കി. ബദറിന്റെ രണഭൂമിയില്‍ സന്ധിക്കുമ്പോഴും അചഞ്ചലമായ നേതൃത്വം അടിപതറാതെ നിന്നു. ആദര്‍ശത്തിന്റെ മൂല്യം നിലനിര്‍ത്തി.

23 വര്‍ഷത്തെ ഔദ്യോഗിക ജീവിതം ലോകത്താകമാനം ആദര്‍ശത്തിന്റെയും സംസ്‌കരണത്തിന്റെയും സമൂല മാറ്റത്തിന് ഹേതുവായി. ആജ്ഞാപനങ്ങളും നിര്‍ദ്ദേശങ്ങളും പ്രഖ്യാപനത്തില്‍ വരുന്നതിനു മുമ്പ് പ്രായോഗിക ജീവത്തില്‍ പ്രതിധ്വനിച്ചു. വിവിധ മേഖലകളിലുള്ള ജനങ്ങള്‍, യോദ്ധാക്കള്‍, കര്‍ഷകര്‍, പ്രഭുക്കള്‍, ആഢ്യത്വവും കുലീനതയും അവകാശപ്പെടുന്നവര്‍, കറുത്തവര്‍, വെളുത്തവര്‍, അറബികള്‍, അനറബികള്‍, അടിമകള്‍, ഉടമകള്‍ അങ്ങനെവിഭിന്നവും വിപരീതവുമായ ശൈലികള്‍ ഉള്ള എല്ലാവരെയും ഒരേ കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തി.

അടിമയായ ബിലാലിനെ ക്ഷണിച്ച രീതിയിലല്ല ആത്മമിത്രമായ അബൂബക്കര്‍ (റ) വിനെ ക്ഷണിച്ചത്. ഉമര്‍ (റ)നെ സ്വീകരിച്ച ശൈലിയിലായിരുന്നില്ല യാസിര്‍ (റ)നെ സ്വീകരിച്ചത്. തികച്ചും മനഃശ്ശാസ്ത്രപരമായ ഇടപെടലുകളും സന്ദര്‍ഭോചിതമായ സംവേദനങ്ങളുമായിരുന്നു. നേരിട്ട് ചികിത്സിച്ചു. മറ്റു ചിലരെ ചികിത്സിക്കുന്ന രംഗത്തിന് സാക്ഷിയാക്കി. അങ്ങനെ എത്രയെത്ര ശൈലികള്‍! ‘സൈദുനില്‍ ഖൈറി’നെനേരിട്ടാണ് ഇസ്‌ലാമിന്റെ വിശുദ്ധസരണിയിലേക്ക് ആനയിച്ചത്. സുമാമത്ത് ബിന്‍ ഉസാമത്തിന് സ്വന്തം അനുയായികളേയും ജീവിതത്തേയും പരിചയപ്പെടാന്‍ അവസരം നല്‍കിയാണ് ഹിദായത്തിന്റെ വെളിച്ചം പകര്‍ന്നത്.
അന്നത്തെ അറേബ്യയിലെ ഏറ്റവും വലിയ സംസ്ഥാനമായിരുന്ന യമന്‍ ദേശത്തേക്കുള്ള ഇസ്‌ലാമിക വ്യാപനം ആദ്യം മന്ദഗതിയിലായിരുന്നു. യമനിലെ ഔസ് ഗോത്രക്കാരനായ തുഫൈല്‍ ബിന്‍ അംറിന്റെ ആഗമനത്തോടെയാണ് അവിടേക്ക് ഇസ്‌ലാമിക പ്രചാരണം സുസാധ്യമായത്. അദ്ദേഹത്തെയും ആകര്‍ഷിച്ചത് തിരുനബി ﷺ യില്‍ നിന്ന് പകര്‍ന്നു ലഭിച്ച ഖുര്‍ആനിക പാരായണമായിരുന്നു. അസദ് ഗോത്രക്കാരനായ ദമ്മത് ബിന്‍ ത്വലബയുടെ ഇസ്‌ലാംമതാശ്ലേഷണവും സമാനമായ പശ്ചാത്തലത്തിലായിരുന്നു.

ബഹുതല സ്പര്‍ശിയായ ശൈലിയാണ് തിരുനബി ﷺ സ്വീകരിച്ചത്. സുവിശേഷങ്ങള്‍ മാത്രമല്ലായിരുന്നു തങ്ങളുടെ പ്രമേയം. അനിവാര്യമായ താക്കീതുകളും അതുള്‍കൊണ്ടു. ഖുര്‍ആനില്‍ തന്നെ ‘ബശീര്‍’ (സുവിശേഷകന്‍), ‘നദീര്‍'(താക്കീതുകാരന്‍) എന്നിങ്ങനെപ്രയോഗിച്ചതിന്റെ പൊരുള്‍ ഇതത്രെ. വൈജ്ഞാനികമായ അടിത്തറയെ പരിഗണിച്ചുകൊണ്ടുള്ള ഇസ്‌ലാമിക പ്രബോധനമാണ് തിരുനബിﷺ നിലനിര്‍ത്തിയത്. ഇതര പ്രസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായി വിജ്ഞാനത്തിന് പ്രാമുഖ്യം കൊടുത്ത പ്രവാചകനായിരുന്നു മുഹമ്മദ് നബി ﷺയെന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ചിട്ടുണ്ട്.

ഏത് നിര്‍ണായക ഘട്ടത്തിലും അചഞ്ചലമായി നിലനില്‍ക്കാന്‍ ഒരു സാരഥ്യത്തിന് സാധിക്കണമെങ്കില്‍ അയാള്‍ നിലകൊള്ളുന്ന ആശയത്തില്‍ അഞ്ചലമായ ബോധ്യം അദ്ദേഹത്തിനുണ്ടാകണം. അത്തരമൊരു ദാര്‍ഢ്യത ഏറ്റവും കൂടുതലുണ്ടായിരുന്ന നേതാവ് നബി ﷺ മാത്രമായിരിക്കും. അല്ലാഹുവിനെഏറ്റവും കൂടുതല്‍ ഭയക്കുകയും വഴിപ്പെടുകയും ചെയ്യുന്നയാള്‍ ഞാനാകുന്നു എന്ന ഹദീസ് പരമാര്‍ശത്തിന്റെ ആശയം ഇതാണ്. നിലവിലുണ്ടായിരുന്നതും അല്ലാത്തതുമായ വ്യത്യസ്ത ശൈലികള്‍ പ്രബോധനത്തിനായി അവിടുന്ന് സ്വീകരിച്ചിരുന്നു.

1. തിരുസവിധത്തിലേക്ക് വിളിച്ചു വരുത്തിക്കൊണ്ടുള്ള ഉദ്‌ബോധനം.
ജനങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് വിളിച്ചു വരുത്തി പറയാനുള്ളത് പറഞ്ഞു കൊടുക്കുക. പൊതുവെ വിശുദ്ധാത്മാക്കള്‍ സ്വീകരിക്കുകയും ഇന്നും നിലനില്‍ക്കുകയും ചെയ്യുന്ന ശൈലിയാണിത്. വിശുദ്ധ ഖുര്‍ആനിലെ ശുഅറാഅ് അധ്യായത്തിലെ 214-ാം സൂക്തം അവതരിച്ചു. തങ്ങളുടെ അടുത്ത കുടുംബക്കാരിലേക്കു സന്ദേശമെത്തിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. ഉടനെ മക്കാ നിവാസികളെ മുഴുവന്‍ ക്ഷണിച്ചു വരുത്തി. ഫിഹ്‌റ്, കഅ്ബ്, മുത്വലിബ് എന്നീ ഗോത്രങ്ങളെ പേരെടുത്ത് മാനിച്ചു കൊണ്ട് തൗഹീദ് പ്രബോധനം ചെയ്തു.

2. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രബോധനം.
ത്വാരിഖ്ബ്‌നു അബ്ദില്ലാഹില്‍ മുഹാരിബി പറഞ്ഞു. ‘ദുല്‍മജാസ്’ ചന്തയിലായിരിക്കെ ഞാന്‍ ഒരു മനുഷ്യനെകണ്ടു. അയാള്‍ ഇങ്ങനെപറയുന്നുണ്ടായിരുന്നു. ‘ഓ ജനങ്ങളെ ‘ലാഇലാഹഇല്ലല്ലാഹ്’ എന്നു പറയൂ. നിങ്ങള്‍ക്കു വിജയിക്കാം’. ഞാന്‍ ചോദിച്ചു: ‘ഇതാരാണ് ?’ ജനങ്ങള്‍ പറഞ്ഞു: ‘ഇത് പ്രവാചകനാണെന്നു വാദിക്കുന്ന മുഹമ്മദാണ്.’

3. പ്രബോധനയാത്രകള്‍
ആശയ പ്രചരണത്തിനായി യാത്ര ചെയ്യുകയും പ്രബോധനം ലഭിക്കാത്തവര്‍ക്കെത്തിച്ചു കൊടുക്കുകയും ചെയ്യുക. ഇതായിരുന്നു മറ്റൊരു രീതി.

4. ദൂതന്മാരെ അയച്ചുകൊണ്ടുള്ള സന്ദേശ പ്രചരണം
മഹാന്മാരായ അനുയായികളെ അഥവാ സ്വഹാബികളെ ഗോത്രങ്ങളിലേക്കും ജനപഥങ്ങളിലേക്കും നിയോഗിക്കുക. അതാത് സ്ഥലങ്ങളില്‍ ക്രിയാത്മകമായി നിലകൊള്ളാന്‍ ആവശ്യപ്പെടുക. ആദര്‍ശം പുല്‍കിയവരെ പുതിയ ആളുകളെ കൂടി വെളിച്ചത്തിലേക്കു ക്ഷണിക്കാന്‍ ഉപയോഗിക്കുക.

5. ഔദ്യോഗിക സന്ദേശങ്ങള്‍
പൗരപ്രമുഖര്‍ക്കും രാജാധിപന്മാര്‍ക്കും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. നജ്‌റ, കിസ്‌റാ, ഖൈസര്‍, നേഗസ് തുടങ്ങിയവരിലേക്ക് നബിﷺ കൈമാറിയ കത്തുകള്‍ ഈ വിഭാഗത്തിലാണുള്‍പ്പെടുന്നത്.

ഇന്നും പ്രബോധനശൈലികളായി നിലനില്‍ക്കുന്ന മാര്‍ഗങ്ങളെ സത്യപ്രകാശനത്തിനായി അന്നേ തിരുദൂതര്‍ﷺ  അവലംബിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ പ്രകാശനമാണ് മേല്‍ പരാമര്‍ശങ്ങള്‍. ഇന്നും ആശയ പ്രചരണത്തിനായി ഇറങ്ങിത്തിരിക്കുന്ന ആര്‍ക്കും ഇതില്‍ മാതൃകയുടെ നേര്‍ രേഖകളുണ്ട്. പാഠശാലയിലേക്ക് വിളിച്ചുവരുത്തി ജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗുരുവിനും കവലപ്രഭാഷണം നടത്തുന്ന പൊതുപ്രഭാഷകനും ഗ്രന്ഥരചന നിര്‍വഹിച്ച് പ്രബോധനം സുതാര്യമാക്കുന്നവര്‍ക്കുമെല്ലാം മാതൃകകള്‍ ഇതില്‍ തെളിഞ്ഞു കാണുന്നില്ലേ?

17 November 2018

ക്ഷമ കൈക്കൊള്ളുക

വിശ്വാസിക്കുണ്ടാകേണ്ട ഉത്തമ ഗുണങ്ങളിൽ പ്രധാനമാണ് ക്ഷമ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ മനുഷ്യർക്കും ക്ഷമ അനിവാര്യമാണ്. വിശ്വാസിയാകുമ്പോൾ അതവന്റെ ഏറ്റവും വലിയ സ്വഭാവ സവിശേഷതയായി വളരുകയും ചെയ്യുന്നു. മുത്ത് നബി ﷺ പറഞ്ഞു 'വിസ്മയം തന്നെ വിശ്വാസിയുടെ കാര്യം. ഏത് കാര്യവും അവന് നന്മയാണ്. വിശ്വാസിക്കല്ലാതെ ഒരാൾക്കും അങ്ങനെയാവുകയുമില്ല. സന്തോഷം വന്നെത്തിയാൽ അവൻ അള്ളാഹുവിന് നന്ദി ചെയ്യും. അതവന് നന്മ. സന്താപം വന്നെത്തിയാൽ ക്ഷമിക്കും. അതും അവന് നന്മ' (മുസ്ലിം). 

ഓരോ മനുഷ്യനും ഓരോ രാജ്യത്തിനും വിജയം നേടിയെടുക്കണമെങ്കിൽ ക്ഷമ അത്യാവശ്യമാണ്. ക്ഷമയില്ലാത്തവന് മുന്നോട്ടുപോകാൻ കഴിയില്ല. വളരാനും കഴിയില്ല. പരിശ്രമത്താൽ ക്ഷമാപൂർവം മുന്നേറുന്നവനാണ് വിജയിക്കുകയുള്ളൂ. നാം ഇടപെടുന്ന ജീവിതത്തിന്റെ മുഴുവൻ നൈരന്തര്യങ്ങളിലും ക്ഷമ അത്യാവശ്യമാണ്. ക്ഷമയുടെ ഒരു വിത്തും പാഴാകുന്നതല്ല. വിട്ടുവീഴ്ച ചെയ്യാനും പൊറുക്കാനുമുള്ള താൽപര്യത്തിലേക്ക് സ്വയം സമർപണം ചെയ്തവന് മാത്രമേ ക്ഷമാശീലനാകാൻ കഴിയൂ. അവനു അല്ലാഹുവിന്റെ സഹായം ഉറപ്പുമാണ്. മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു 'ഒരാൾ ക്ഷമ കൈക്കൊള്ളാൻ പരിശ്രമിച്ചാൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും (ബുഖാരി, മുസ്ലിം). വിശ്വാസിയുടെ ജീവിതത്തിലെ എപ്പോഴുമുള്ള സന്തത സഹചാരിയായി ക്ഷമ മാറണം. വീണ്ടുവിചാരമില്ലായ്മയും എടുത്തുചാട്ടവുമാണ് ക്ഷമയുടെ ശത്രുക്കൾ. ക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണുന്ന സ്വഭാവമുണ്ടായാൽ സുരക്ഷിതത്വവും ജീവിത മഹത്വവും ലഭിക്കും. എന്നാൽ എടുത്തു ചാടുന്ന സ്വഭാവക്കാരന് പരിക്കുകൾ മാത്രമേ ഉണ്ടാകൂ. ക്ഷമിക്കാനറിയാത്തവർക്ക് നഷ്ടങ്ങളുടെ കഥകൾ മാത്രമേയുണ്ടാകൂ. തിരുദൂതർ ﷺ പറഞ്ഞു: വിഷമസന്ധികളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ ഏറെ നന്മകളുണ്ട് (അഹ്മദ്). 'ശരീരത്തിനനിഷ്ട്ടമായ കാര്യങ്ങൾ കൊണ്ടാണ് സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നത്' എന്ന് തിരുനബിﷺ അരുളിയിട്ടുണ്ട്. അഥവാ, ശരീരേഛകളോട് പൊരുതി ക്ഷമയോടെ ജീവിച്ചാൽ മാത്രമേ സ്വർഗ പ്രവേശനം സാധ്യമാകൂ. ഉമർ (റ) പറയുന്നു: 'ഇസ്‌ലാമിന് ശേഷം ക്ഷമയെക്കാൾ വിശാലമായ ഒരനുഗ്രഹവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല'. 

വർണക്കടലാസുകൾ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങൾ നമുക്ക് ചുറ്റും തത്തിക്കളിക്കുകയാണ് ഒരു ഭാഗത്ത്. നാം അതിൽ വഞ്ചിതരാകാതിരിക്കുക, ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു. ഇവിടെ നാം വിതച്ചാൽ മാത്രം പോരാ, നമ്മുടെ വിളയെ നശിപ്പിക്കുന്ന കീടങ്ങളിൽ നിന്നും നാശകാരികളിൽ നിന്നും അതിനെ പരിരക്ഷിച്ചെങ്കിൽ മാത്രമേ നമ്മുടെ അധ്വാനത്തിന്റെ യഥാർത്ഥ കൂലി നമുക്ക് ലഭിക്കുകയുള്ളൂ, അതുകൊണ്ട് ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതിൽ അള്ളാഹുവിനോട് സദാ പ്രാർത്ഥിച്ച് കൊണ്ടിരിക്കുക, അല്ലാഹു പറയുന്നു, 'സഹനവും, നമസ്‌കാരവുംമൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്‌കാരം) ഭക്തന്മാരല്ലാത്തവർക്ക് വലിയ (പ്രയാസമുള്ള)കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവർ (ഭക്തന്മാർ)'. അൽബഖറ 45-46 

ക്ഷമ കൈകൊള്ളുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകുമെന്ന് വിശുദ്ധ ഖുർആനിൽ വാഗ്ദാനം നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: 'ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക' അൽബഖറ-155. 

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാൽ ഫലം കിട്ടുന്ന സമയത്താകണം. കോപം മുഖേന വന്നുചേരുന്ന എല്ലാ ദോഷങ്ങളും വന്നതിന് ശേഷം ക്ഷമിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. നമുക്ക് വരുന്ന പരീക്ഷണങ്ങളിലും വിഷമങ്ങളിലും പ്രയാസങ്ങളിലും അനുഗ്രഹങ്ങളിലും ദുഃഖങ്ങളിലും ക്ഷമായവലംഭിച്ചു അല്ലാഹുവിലേക്കടുക്കാൻ നമുക്കായാൽ നാം വിജയികളായിത്തീരും. അതിനാൽ ക്ഷമ കൈക്കൊള്ളുന്നനവരായി നാം മാറുക.

ഇഷ്ട്ടപ്പെടുന്ന ദാനധർമ്മം

ബൂ അയ്യൂബ് () പറയുന്നു; ഒരിക്കൽ നബി ﷺ എന്നെ ഇപ്രകാരം ഉപദേശിച്ചു "അല്ലയോ അബൂ അയ്യൂബ്, അല്ലാഹുവും അവന്റെ റസൂലും ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു ദാനധർമ്മത്തെ കുറിച്ച് ഞാൻ അറിയിച്ചു തരട്ടെയോ? പരസ്പരം ഭിന്നിക്കുകയും പക വെച്ച് പുലർത്തുകയും ചെയ്യുന്ന ആളുകൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ശ്രമിക്കലാണത്"

صلي الله علي محمد .صلي الله عليه وسلم

വിശപ്പ്

ബി ﷺ പറഞ്ഞു 

“മനുഷ്യൻ, തന്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല.തന്റെ നട്ടെല്ല് നിവർത്തി നിർത്താനുള്ള ഭക്ഷണം മാത്രം മതി മനുഷ്യന്. കൂടിയേ കഴിയൂ എന്നുണ്ടെങ്കിൽ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ശ്വാസോച്ഛാസത്തിനും നീക്കി വെക്കുക" (തിർമിദി)

ഇമാം ഗസ്സാലി (റ) പറയുന്നു. "വിശക്കുമ്പോഴല്ലാതെ കൈ വായിലേക്ക് ഉയർത്താതിരിക്കുന്നതാണ് ഭക്ഷണ മര്യാദ. കഴിക്കുകയാണെങ്കിൽ വിശപ്പ് പറ്റെ ഒടുങ്ങുന്നതിനു മുമ്പ് പിൻവലിക്കുകയും വേണം. ഇതാരെങ്കിലും ശീലമാക്കിയാൽ അവനു വൈദ്യനെ കാണേണ്ടി വരില്ല" (ഇഹ്‌യ)

صلي الله علي محمد .صلي الله عليه وسلم

പാവപ്പെട്ടവർക്ക് തണലാകാൻ കഴിയുമോ നമുക്ക്?

ല്ലാഹുവിനെയും മുത്ത് നബിﷺയെയും സ്‌നേഹിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ സൃഷ്ടികളായ മുഴുവൻ ജീവജാലങ്ങളോടും കാരുണ്യത്തോടെയും സ്‌നേഹത്തോടെയും പെരുമാറുന്നവനായിത്തീരണം. അതാണ് വിശ്വാസിയുടെ അല്ലാഹുവിനോടും മുത്ത് നബിയോടുമുള്ള സ്‌നേഹവും സൃഷ്ടികളോടുള്ള സ്‌നേഹവും മുറിച്ചു മാറ്റാൻ പറ്റാത്ത വിധം പരസ്പര പൂരകമാണ് ഇസ്ലാമിൽ. അല്ലാഹുവിനെയും തിരുനബിയാരെയും സ്നേഹിക്കുമ്പോൾ ഉണ്ടാകുന്ന കാരുണ്യവും അലിവുമാണ് സൃഷ്ടികളിലേക്ക് പരന്നൊഴുകേണ്ടത്. താൻ അല്ലാഹുവെയും ഹബീബിനെയും സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു അവന്റെ സൃഷ്ടികളോട് പുറം തിരിഞ്ഞു നിൽക്കുന്നവർ കാപട്യത്തിൽ ശിരസ്സ് പൂഴ്ത്തിയവരായിരിക്കും. അല്ലാഹുവോടും ഹബീബിനോടും അടുക്കുംതോറും അവന്റെ സൃഷ്ടികളിലേക്കും വിശ്വാസി അടുത്തുകൊണ്ടിരിക്കും. തിരു നബി ﷺ പറഞ്ഞു 'സൃഷ്ടികൾ മുഴുവൻ അല്ലാഹുവിന്റെ കുടുംബമാണ്, അവന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹവിനു ഏറ്റവും പ്രിയപ്പെട്ടവർ' (ത്വബ്‌റാനി). 

അബൂഹുറൈറ(റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു തിരുവചനം; മുത്ത് നബി പറയുന്നു, 'അന്ത്യനാളിൽ തന്റെ മുന്നിൽ വരുന്ന അടിമയോട് അല്ലാഹു ചോദിക്കും; 'മനുഷ്യാ, ഞാൻ രോഗിയായപ്പോൾ എന്ത്‌കൊണ്ട് നീയെന്നെ സന്ദർശിച്ചില്ല?' മനുഷ്യൻ ചോദിക്കും 'അല്ലാഹുവെ, ഞാൻ നിന്നെ സന്ദർശിക്കുകയോ? നീ സർവലോകത്തിന്റെയും പരിപാലകനായിരിക്കെ?' അല്ലാഹു ഇങ്ങനെ മറുപടി കൊടുക്കും; മനുഷ്യാ, എന്റെ ഇന്നാലിന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? എന്നിട്ട് എന്തുകൊണ്ട് നീ അവനെ സന്ദർശിച്ചില്ല? അവനെ നീ സന്ദർശിച്ചിരുന്നെങ്കിൽ തീർച്ചയായും അവന്റെ അടുത്ത് എന്നെ നിനക്ക് കാണാമായിരുന്നു'. വീണ്ടും അല്ലാഹു ആ മനുഷ്യനോട് ചോദിക്കും 'മനുഷ്യാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു; പക്ഷെ, നീ എനിക്കത് നിഷേധിച്ചു,' മനുഷ്യൻ പറയും 'എന്റെ നാഥാ, നിന്നെ ഞാൻ ഭക്ഷിപ്പിക്കുകയോ? നീ ലോക രക്ഷയിതാവിയിരിക്കെ?' അപ്പോൾ അല്ലാഹു പറയും 'അതെ. എന്റെ ഇന്നാലിന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു, അപ്പോൾ നീ അത് നൽകാൻ വിസമ്മതിച്ചു. അവനു നീ ഭക്ഷണം നൽകിയിരുന്നുവെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണാമായിരുന്നു' വീണ്ടും അല്ലാഹു അവനോട് ചോദിക്കും. 'മനുഷ്യാ, ഞാൻ നിന്നോട് വെള്ളം ചോദിച്ചു, പക്ഷെ നീയത് തന്നില്ല! 'മനുഷ്യൻ ചോദിക്കും' നാഥാ ഞാൻ നിനക്ക് വെള്ളം തരികയോ? നീ സർവതിന്റെയും രക്ഷിതാവായിരിക്കെ'! അല്ലാഹു പറയും 'അതെ, എന്റെ ഇന്നാലിന്ന ദാസൻ നിന്നോട് വെള്ളം ചോദിച്ചു, നീ അത് നൽകിയില്ല. അന്ന് അവനു നീ വെള്ളം നൽകിയിരുന്നുവെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണുമായിരുന്നല്ലോ' (മുസ്ലിം) 

സ്‌നേഹത്തിന്റെ വിവിധ ശാഖകളാണ് കാരുണ്യവും സഹാനുഭൂതിയുമൊക്കെ. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ആശ്വാസ വചനങ്ങളോതി പറഞ്ഞയക്കാനല്ല നബിതിരുമേനി ﷺ നമ്മെ പഠിപ്പിക്കുന്നത്. അവരനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും അവരെ രക്ഷിക്കാനും കഷ്ടപ്പാടുകൾ ദുരീകരിക്കാനുമാണ്. മുത്ത് നബി പറയുന്നു; 'ആരെങ്കിലും തന്റെ പ്രാർഥനകൾ സ്വീകരിക്കപ്പെടണമെന്നും പ്രയാസങ്ങൾ ദുരീകരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഞെരുക്കം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകട്ടെ' (അഹ്മദ്) 

പ്രയാസമനുഭവിക്കുന്നവരോടൊപ്പം ചേർന്ന് അവരുടെ പ്രയാസങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും മോചനത്തിനായി പ്രവർത്തിക്കുന്നവർക്ക് മഹത്തായ പ്രതിഫലമാണ് മുത്ത് നബി വാഗ്ദാനം ചെയ്യുന്നത്. സാന്ത്വനമായി, തണലായി കാരുണ്യത്തിന്റെ സാന്ത്വന കൈകൾ നീട്ടുന്നവർക്ക്, മുതുകുകൾ ചെരിച്ചു കൊടുക്കുന്നവർക്ക്, ചരിത്രത്തിൽ ഒരുപാട് മഹാത്മാക്കളുടെ ഒപ്പം സംഗമിക്കാൻ കഴിയും. ഇബ്‌നു ഉമർ (റ) പറയുന്നു; ഒരിക്കൽ ഒരാൾ പ്രവാചകരോട് ചോദിച്ചു, 'അല്ലാഹുവിന്റെ ദൂതരെ, ജനങ്ങളിൽ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവർ ആരാണ്? അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി എന്താണ്?' നബി തിരുമേനി (സ) പറഞ്ഞു 'അല്ലാഹുവിനു ഏറ്റവും പ്രിയപെട്ടവർ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാണ്. അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഒരു മുസ്‌ലിമിന് നീ വഴി ലഭിക്കുന്ന സന്തോഷമാണ്, അല്ലെങ്കിൽ അവന്റെ ഒരു പ്രയാസം നീക്കുകയോ കടം വീട്ടുകയോ ചെയ്യലാണ്; അതുമല്ലെങ്കിൽ അവന്റെ വിശപ്പ് മാറ്റലാണ്. നിശ്ചയം ഒരു സഹോദരന്റെ കൂടെ അവന്റെ ആവശ്യ പൂർത്തീകരണത്തിനായി സഞ്ചരിക്കൽ ഈ പള്ളിയിൽ - മസ്ജിദുന്നബവി - ഒരുമാസം മുഴുവൻ ഭജനമിരിക്കുന്നതിനേക്കാൾ (ഇഅ്തികാഫ്) എനിക്ക് പ്രിയങ്കരമാണ്. ഒരാൾ തന്റെ കോപത്തെ അടക്കി നിർത്തിയാൽ അല്ലാഹു അയാളുടെ ന്യൂനതകൾ മറച്ചുവെക്കും. ആശിച്ചത് നടപ്പാക്കാനുള്ള ശേഷിയുണ്ടായിട്ടും തന്റെ വിദ്വേഷം കടിച്ചമർത്തിയവന്റെ ഹൃദയത്തിൽ അന്ത്യനാളിൽ അല്ലാഹു പ്രതീക്ഷകൾ നിറക്കും. തന്റെ സഹോദരന്റെ കൂടെനടന്നു അവന്റെ ആവശ്യം നിറവേറ്റിക്കൊടുത്ത ആളുടെ പാദങ്ങൾ, എല്ലാ പാദങ്ങളും വഴുതിവീഴുന്ന നാളിൽ അല്ലാഹു ഉറപ്പിച്ചുനിർത്തും' (തിർമിദി) 

ഒരു വിശ്വാസി എങ്ങിനെയുള്ളവനായിരിക്കണം എന്ന വ്യക്തമായ ആവിഷ്‌കാരമാണ് മുകളിലെ വചനത്തിൽ നിന്നും നമുക്ക് ലഭിക്കുക. മദീന പള്ളിയിലെ മുപ്പതു ദിനരാത്രങ്ങളിലെ ഇഅ്തികാഫിനേക്കാൾ മുത്ത് നബിക്ക് ഏറെ പ്രിയങ്കരം ഒരു സഹോദരന്റെ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങി നടക്കുന്നവനെയാണ്. 

നമ്മൾ നമ്മോട് തന്നെ ചോദിക്കുക, തീരുമാനമെടുക്കാൻ അധിക സമയമാവശ്യമില്ലല്ലോ?

നേതൃ പദവി

ബ്ദുറഹ്മാനുബ്നു സമുറ () നിവേദനം, മുത്ത് നബി ﷺ പറഞ്ഞു "നീ നേതൃ പദവി ചോദിച്ചു വാങ്ങരുത്, കാരണം ചോദിച്ചു വാങ്ങിയ പദവിയാൽ നീ പരീക്ഷിക്കപ്പെടും. നിർവ്വഹണ കാര്യത്തിൽ അല്ലാഹുവിന്റെ സഹായമുണ്ടാകില്ല, ചോദിക്കാതെ കിട്ടിയതാകുമ്പോൾ അല്ലാഹുവിന്റെ സഹായമുണ്ടാകും" (ബുഖാരി

തിരുമേനി ﷺ പറയുന്നു "ഒരു പത്തു പേരുടെ അധികാരിയായവരെല്ലാം അന്ത്യനാളിൽ വരുന്നത് പിരടിയിലേക്ക് കൂട്ടിബന്ധിപ്പിക്കപ്പെട്ട കൈകളുമായാണ്. കൈകളെ മോചിപ്പിക്കുന്നത് അവർ ചെയ്ത നീതി മാത്രമാണ്" (അഹ്മദ്‌) ഇബ്നു ഹിബ്ബാൻ നിവേദനം ചെയ്ത വചനത്തിൽ "മൂന്നു പേരുടെ അധികാരിയായാൽ" എന്നാണ്.

നേതൃ പദവിയിലെത്തുക എന്നുള്ളത് സുഖമുള്ള കാര്യമാണ്, അല്ലാഹുവിന്റെ മുമ്പിൽ കൂടി സുഖമുണ്ടായാലേ അതിനു സൗന്ദര്യമുണ്ടാകുന്നുള്ളൂ !! 

صلي الله علي محمد .صلي الله عليه وسلم

നല്ല സ്വഭാവം

ബി ﷺ പറഞ്ഞു 

“ഇഹത്തിലും പരത്തിലും ഏറ്റവും നല്ല സ്വഭാവം എന്താണെന്ന് നിങ്ങൾക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ? അത് മൂന്ന് കാര്യങ്ങളാണ്. നീയുമായി ബന്ധം മുറിച്ചവരോട് നീ ബന്ധം സ്ഥാപിക്കുക, നിനക്ക് ഉപകാരം തടഞ്ഞവനു നീ ഉപകാരം ചെയ്തുകൊടുക്കുക. നിന്നോട് അനീതി കാട്ടിയവന് നീ മാപ്പു നല്‍കുക”(ത്വബറാനി)

صلي الله علي محمد .صلي الله عليه وسلم

രണ്ടു സുഹൃത്തുക്കൾ

ബി തിരുമേനി ﷺ പറഞ്ഞു

"രണ്ടു സുഹൃത്തുക്കൾ രണ്ടു കൈകൾ പോലെയാണ്, ഒന്ന് മറ്റൊന്നിനെ വൃത്തിയാക്കാൻ സഹായിച്ചു കൊണ്ടിരിക്കും. വിശ്വാസികളായ രണ്ടു പേർ പരസ്പരം കണ്ടു മുട്ടിയാൽ ഒരാളിൽ നിന്നും മറ്റൊരാൾക്ക് എന്തെങ്കിലുമൊരു നന്മ അല്ലാഹു പ്രധാനം ചെയ്യാതിരിക്കില്ല"

صلي الله علي محمد .صلي الله عليه وسلم

ശുദ്ധീകരണം

ശുദ്ധി, വിശ്വാസത്തിന്റെ പകുതിയാണെന്ന് മുത്ത് നബി ﷺ അരുൾ ചെയ്തിട്ടുണ്ട്. ഉള്ളും പുറവും ഒരുപോലെ എല്ലാ വിധ അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും മുക്തമാകേണ്ടതുണ്ട്. ശുദ്ധീകരണം കൃത്യമായി നടന്നില്ലെങ്കിൽ വിശ്വാസം തന്നെ ശൂന്യമായി തീരും. ശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് ഇമാം ഗസാലി () വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'ശുചിത്വത്തിന് നാലു തട്ടുകളുണ്ട്: ഒന്ന്, ബാഹ്യശരീരം അഴുക്കിൽനിന്ന് ശുദ്ധമാവുക. രണ്ട്, അവയവങ്ങൾ പാപങ്ങളിൽനിന്ന് ശുദ്ധമാവുക. മൂന്ന്, മനസ്സ് ദുസ്വഭാവങ്ങളിൽനിന്ന് ശുദ്ധമാവുക. നാല്, രഹസ്യജീവിതം അല്ലാഹു അല്ലാത്തവരിൽനിന്ന് ശുദ്ധമാവുക. അവസാനം പറഞ്ഞത്, പ്രവാചകന്മാരുടെയും സ്വിദ്ദീഖുകളുടെയും പദവി. താഴത്തെ പടി കടന്നാലേ മുകളിലെത്തെ പദവികളിലെത്തുകയുള്ളു. രഹസ്യജീവിതത്തിന്റെ ശുചിത്വത്തിനു മുമ്പ് മനസിന്റെ ശുചിത്വം വേണം. മാനസിക ശുചിത്വത്തിന് ബാഹ്യാവയവങ്ങൾ പാപങ്ങളിൽനിന്ന് ശുദ്ധമായിരിക്കണം. ലക്ഷ്യം വലുതാകുമ്പോൾ അതിലേക്കുള്ള മാർഗവും പ്രയാസകരമായിരിക്കും. അതിനാലത് എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. ശുചിത്വമെന്നാൽ ബാഹ്യശുചിത്വം മാത്രമാണെന്ന് ചിലർ ധരിക്കും. അതാകട്ടെ വെറും പുറന്തോട് മാത്രമാണ്. പ്രധാനഭാഗം അകത്താണ്. അതവർക്ക് കാര്യമല്ല. സമയം മുഴുവൻ ബാഹ്യാവയവങ്ങൾ വൃത്തിയാക്കുന്നതിലാണ് അവരുടെ ശ്രദ്ധഎന്നാൽ മുൻഗാമികൾ മനസിന്റെ ശുചിത്വത്തിനാണ് പ്രാധാന്യംനൽകിയത്. ഉമർ () ക്രിസ്ത്യാനികളുടെ പാത്രത്തിൽ വുളൂ ചെയ്തിട്ടുണ്ട്. മുൻഗാമികൾ പള്ളിയിൽ വെറും തറയിൽ നമസ്കരിച്ചിട്ടുണ്ട്. അവർ പ്രധാനമായും ആന്തരിക ശുദ്ധിയിലാണ് ശ്രദ്ധിച്ചത്. പിന്നീട് ഒരു കൂട്ടർ വന്നു. അവർ ശരീരഭാഗങ്ങൾ അലങ്കരിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. മണവാട്ടിക്ക് കേശാലങ്കാരം നൽകുന്നതുപോലെയാണത്.' (ഇഹ്യാ ഉലൂമിദ്ദീൻ).


പുറം എത്ര മോഡി പിടിപ്പിച്ചാലും അകം പൊള്ളയായാൽ തുലഞ്ഞത് തന്നെ. അകവും പുറവും ഒരുപോലെ സർവ മാലിന്യങ്ങളിൽ നിന്നും മോചിപ്പിക്കാൻ നാം സദാ പരിശ്രമിച്ചു കൊണ്ടിരിക്കണം
സച്ചരിതരായ മുൻഗാമികൾ എത്രമാത്രം സൂക്ഷ്മതയോടെയാണ് ജീവിതത്തെ ശുദ്ധീകരിച്ചിരുന്നത്. ഇമാം ഹസനുൽ ബസരി()യുടെ ഒരു ചരിത്രം നോക്കൂ. ഇമാം ഹസനുൽബസ്വരി () ഒരിക്കൽ ആമിർ ഇബ്നു അബ്ദുല്ല എന്നവരെ കാണാനായി അദ്ദേഹത്തിന്റെ ഖാഫിലയിലെത്തി. രാത്രി ഭക്ഷണം കഴിച്ച് അവർ ഒരുമിച്ചുറങ്ങി. പുലരിക്കു മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിച്ചശേഷം ഹസനുൽബസ്വരി () ഇങ്ങനെ പ്രാർഥിക്കുന്നത് ആമിർ കേട്ടു: 'അല്ലാഹുവേ, നിന്നോട് ഞാൻ മൂന്ന് കാര്യങ്ങൾ ചോദിച്ചു. രണ്ടെണ്ണം നീ എനിക്ക് നൽകി. പക്ഷേ, ഒന്ന് നീ തടഞ്ഞുവെച്ചു.' എന്താണീ മൂന്നു കാര്യങ്ങൾ എന്ന് പകലിൽ ആമിറുബ്നു അബ്ദില്ല ഹസനുൽ ബസ്വരിയോട് ചോദിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'എന്റെ തഖ്വയെ തകർക്കുന്ന ഏറ്റവും വലിയ അപകടമായി എനിക്കനുഭവപ്പെട്ടത് സ്ത്രീകളോടുള്ള എന്റെ പ്രിയമാണ്. അതിനാൽ പ്രിയം ഇല്ലാതാക്കാൻ ഞാൻ അല്ലാഹുവോട് പ്രാർഥിച്ചു. അവനത് സ്വീകരിച്ചു. രണ്ടാമത്തെ കാര്യം, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയക്കാത്ത ഹൃദയം നൽകാനായിരുന്നു. അവൻ എനിക്കതും നൽകി. ആരാധനകളിൽ മുഴുകി ജീവിതത്തെ ആത്മീയശോഭയുള്ളതാക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ഉറക്കം എനിക്കില്ലാതാക്കാൻ ഞാൻ അല്ലാഹുവോട് പ്രാർഥിച്ചു. പക്ഷേ അല്ലാഹു അത് സ്വീകരിച്ചില്ല.' ജീവിതം മുഴുവൻ ശുദ്ധീകരിക്കാൻ മഹാതാമാക്കാളൊക്കെ സ്വീകരിച്ച വഴികൾ നമുക്കും പാഠമാകേണ്ടതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

صلي الله علي محمد .صلي الله عليه وسلم

കൂട്ടുകാരൻ

ബി തിരുമേനി ﷺ പറഞ്ഞു

"വൃത്തികെട്ട കൂട്ടുകാരനെക്കാൾ ഒരുവന് നല്ലത് ഏകാന്തതയാണ്, ഏകാന്തതയെക്കാൾ നല്ലത് സച്ചരിതനായ കൂട്ടുകാരനാണ്. നല്ല സംസാരം മൗനത്തേക്കാൾ ശ്രേഷ്ട്ടമാണ്, മൗനമാകട്ടെ ചീത്ത വർത്തമാനത്തേക്കാൾ മികച്ചതുമാണ്"

صلي الله علي محمد .صلي الله عليه وسلم

അസൂയ

ബി തിരുമേനി ﷺ പറഞ്ഞു "ജനങ്ങൾ പരസ്പരം അസൂയ കാണിക്കാത്ത കാലത്തോളം അവർ നല്ല അവസ്ഥയിലായിരിക്കും" (ത്വബ്റാനി)

നബി തിരുമേനി ﷺ മുന്നറിയിപ്പ് നൽകി "ഒരടിമയുടെ മനസ്സിൽ വിശ്വാസവും അസൂയയും ഒരുമിച്ചു കൂടുകയില്ല" (ഇബ്നു ഹിബാൻ)

صلي الله علي محمد .صلي الله عليه وسلم

ഏറ്റവും ശ്രേഷ്ടൻ

ബ്ദുല്ലാഹിബ്നു അംറ് () നിവേദനം ചെയ്യുന്നു. ഒരാൾ മുത്തു നബി ﷺയോട് ചോദിച്ചു "പ്രവാചകരെ, ജനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടൻ ആരാണെന്ന് അറിയിച്ചു തന്നാലും?" 

മുത്തു നബി ﷺ പറഞ്ഞു "വൃത്തിയുള്ള ഹൃദയവും സത്യസന്ധമായ നാവുമുള്ളവൻ!" അനുചരർ പറഞ്ഞു "പ്രവാചകരെ, സത്യസന്ധമായ നാവ് എന്തെന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാൽ വൃത്തിയുള്ള ഹൃദയം എന്തെന്ന് വിശദീകരിച്ചു തരുമോ?" തിരുമേനി ﷺ പറഞ്ഞു "ദൈവ ഭക്തിയുള്ളതും മാലിന്യങ്ങളിൽ നിന്ന് മുക്തവുമായ ഹൃദയം. പാപവൃത്തിയോ കുറ്റവാസനയോ ആരോടെങ്കിലുമുള്ള പകയോ അസൂയയോ അത്തരം ഹൃദയത്തിൽ ഉണ്ടാവുകയില്ല" (ഇബ്നു മാജ)

صلي الله علي محمد .صلي الله عليه وسلم