16 November 2018

മുത്ത് നബി ﷺ

കൂരിരുട്ടിനെ പ്രകാശംകൊണ്ട് മറികടന്ന മുത്ത് നബിയുടെ ജീവിതമാണ് നാം നെഞ്ചേറ്റേണ്ടത്. അവിടത്തെ ജീവിതമാണ് നമുക്ക് നൽകിയ ആദർശം. നബി തിരുമേനിയുടെ ചര്യയെന്നാൽ അവിടത്തെ ജീവിതം എന്നാണ് അർഥമാക്കുന്നത്. ജീവിതത്തിന്റെ സർവമേഖലയിലും തിരുമേനി നമ്മെ വഴി നടത്തുന്നുണ്ട്കേവലം 23 വർഷത്തെ ജീവിതത്തിനിടക്ക് ലോകത്തുള്ള മുഴുവൻ മനുഷ്യർക്കുമുള്ള ജീവിത പദ്ധതി മുത്ത് നബി ﷺ അവിടത്തെ ജീവിതത്തിലൂടെ കാണിച്ചു തന്നു. ജീവിതത്തിൽ ഏറ്റവും നിസാരമെന്നു തോന്നുന്ന വിഷയങ്ങളിൽ പോലും മുത്ത് നബി ﷺ നമുക്ക് മാർഗരേഖ അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രം, രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം, സാംസ്കാരികം, കുടുബം തുടങ്ങി ജീവിതത്തിലെ സകല മേഖലകളിലേക്കും ആവശ്യമായ സർവപദ്ധതികളും ചര്യയിലുണ്ട്.

സത്യസന്ധതയും നീതിയും ധർമവും വിട്ടുവീഴ്ചയും ജീവിതത്തിൽ കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവിതത്തിലൂടെ മുത്ത് നബി നമ്മെ പഠിപ്പിക്കുന്നുണ്ട്. കുടുംബ പരിപാലനത്തിന്റെയും ഭാര്യ-ഭർതൃ ബന്ധത്തിന്റെയും സഹജീവി സ്നേഹത്തിന്റെയുമൊക്കെ അന്യാദൃശമായ പാഠങ്ങൾ പകർന്നു നൽകിയ മുത്ത് നബി ﷺ, ബന്ധങ്ങൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും നമ്മെ പഠിപ്പിച്ചു.
 ഒരു വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിട്ടും ഏറ്റവും ലളിതമായ ജീവിതമായിരുന്നു മുത്ത് നബി നയിച്ചത്. നബിﷺ ഇഹലോകവാസം വെടിഞ്ഞതിന്റെ തലേ രാത്രി, വീട്ടിൽ വിളക്ക് തെളിക്കാൻ എണ്ണയുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ കൈയിൽ പണയത്തിലായിരുന്നുവെന്നും ചരിത്രം നമ്മോട് പറയുന്നു.

മുത്ത് നബിയുടെ ഓരോ ചലനവും അനുയായികൾക്ക് മാതൃകയായിരുന്നു. കാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുന്നതിനേക്കാളുപരി ജീവിച്ച് കാണിച്ചു കൊടുക്കുകയായിരുന്നു തിരുമേനി. ഹൃദയങ്ങളോടായിരുന്നു അവിടുന്ന് സംവദിച്ചിരുന്നത്. ജാഹിലിയ്യാ വിശ്വാസധാരകളെ മുഴുവൻ ഒരൊറ്റ നിമിഷം കൊണ്ട് പിഴുതെറിയാൻ മാത്രം ശക്തിയുണ്ടായിരുന്നു ഇടപെടലുകൾക്ക്

സഹിഷ്ണതയും സമാധാനവും വിട്ടുവീഴ്ചയും എത്രമാത്രമായിരുന്നു തിരുമേനിയുടെ ജീവിതത്തിലെന്നു മക്കാ വിജയത്തിന്റെ സുദിനത്തിലെ ചില സംഭവങ്ങൾ മനസ്സിലാക്കിയാൽ മാത്രം മതിയാകും. ഒരു പട്ടാളക്കാരന്റെ ആവേശത്തോടെയും വൈകാരികതയോടെയും ദിവസം സഅദ് ബിൻ ഉബാദ () വിളിച്ചു പറഞ്ഞു: ' ജനങ്ങളെ, ഇന്ന് വമ്പൻ യുദ്ധത്തിന്റെ ദിവസമാണ്. കഅ്ബയുടെ പരിസരത്ത് യുദ്ധം അനുവദനീയമാകുന്ന ദിനം.' എന്നാൽ ഉബാദയുടെ പ്രഖ്യാപനത്തെ കുറിച്ചറിഞ്ഞ മുത്ത് നബി അദ്ദേഹത്തിൽ നിന്ന് പതാക വാങ്ങി മറ്റൊരു സഹചാരിയെ ഏൽപിച്ച് തന്റെ നയം വ്യക്തമാക്കി: 'ഇന്ന് കഅ്ബ മഹത്വപ്പെടുന്ന ദിവസമാണ്. വിട്ടുവീഴ്ചയുടെയും സ്നേഹത്തിന്റെയും ദിവസം.'

മുത്ത് നബിയുടെ ജീവിത ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ഹുദൈബിയാ സന്ധിയിൽ തിരുമേനി ﷺ കാണിച്ച ഉദാരതയും സൗമനസ്യവും അതുല്യമാണ്. വൈകാരികമായ ചില ഇടപെടലുകൾ ചരിത്ര മുഹൂർത്തത്തെ ക്ഷതപ്പെടുത്തുമോ എന്ന ആശങ്കയുയർന്ന നിമിഷങ്ങൾ. കരാർ രേഖപ്പെടുത്താൻ സമയമായപ്പോൾ അലി()യെ വിളിച്ച് 'ബിസ്മില്ലാഹി റഹ്മാനി റഹീം' (ദയാപരനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്ന് എഴുതാൻ മുത്ത് നബി ﷺ പറഞ്ഞു. എന്നാൽ തടസ്സ വാദം ഉന്നയിച്ച് ശത്രുപക്ഷത്തുള്ള സുഹൈൽ പറഞ്ഞു: 'റഹ്മാനും റഹീമും എനിക്കറിയില്ല. ബിസ്മിക്കല്ലാഹുമ്മ എന്നെഴുതണം.' നബി ﷺ അത് അംഗീകരിച്ചു. ശേഷം അവിടുന്ന് അലി () വിനോട് പറഞ്ഞു: 'ഇത് മുഹമ്മദ് റസൂലുല്ലായും സുഹൈലും തമ്മിലുള്ള കരാറാണ്'. സുഹൈൽ വീണ്ടും തിരുത്തൽ ആവശ്യപ്പെട്ടു: 'നിങ്ങൾ അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സമ്മതിക്കുന്നില്ല. അതിനാൽ അബ്ദുല്ലയുടെ മകൻ മുഹമ്മദും സുഹൈലും തമ്മിലുള്ള കരാറാണെന്ന് എഴുതുക. 'നബി ﷺ അലി ()യോട് 'റസൂലുല്ലാഹി' എന്ന് മായ്ക്കാൻ പറഞ്ഞു. അലി() അതിന് വിസമ്മതിച്ചപ്പോൾ നബി ﷺ സ്വന്തം കൈ കൊണ്ട് അത് മായ്ച്ചു. കരാറിലെ നിബന്ധനകൾ ഒട്ടും ദഹിക്കാത്ത ഉമർ () നബിയോട് തന്റെ വികാരം തുറന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു: 'അങ്ങ് അല്ലാഹുവിന്റെ ദൂതനല്ലേ?'. നബി: 'അതെ'. ഉമർ: 'ഞങ്ങളൊക്കെ മുസ്ലിംകളല്ലേ?' നബി: 'അതെ' ഉമർ: 'പിന്നെ ദീനിന്റെ കാര്യത്തിൽ ഞങ്ങളിങ്ങനെ താഴ്ന്നു കൊടുക്കുന്നെതന്തിനാണ്?' മുത്ത് നബി ﷺ പറഞ്ഞു: 'ഉമർ; 'ഞാൻ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. അവന്റെ കൽപനക്ക് എതിരായി ഞാൻ ഒന്നും ചെയ്യില്ല. അവൻ എന്നെ കൈവെടിയുകയുമില്ല.'

മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും സുവാർത്തകനായി മുന്നറിയിപ്പുകാരനായി നമുക്കീ മുത്ത് നബിയെ ദർശിക്കാനാകും. അവകാശ നിഷേധത്തിനും അനീതിക്കുമെതിരെ നീതിയുടെ പടവാളേന്തി ബദ്റിലും ഉഹ്ദിലും ഖന്ദഖിലും ഹുനൈനിലും അനുയായികളോടൊപ്പം പോരാട്ടത്തിനിറങ്ങിയ മുത്ത് നബി അവിടെയും മാതൃകകൾ സൃഷ്ടിച്ചു. യുദ്ധവേളയിൽ ഒരു വിശ്വാസി എങ്ങനെയായിരിക്കണമെന്ന് അവിടുന്ന് ശക്തമായ രീതിയിൽ തന്നെ പഠിപ്പിച്ചു. 'നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, കൂടെയുളളവരുമായി നന്മയിൽ വർത്തിക്കുക, അല്ലാഹുവിന്റെ നാമത്തിൽ അവന്റെ മാർഗത്തിൽ മാത്രം പോരാടുക, വഞ്ചന ചെയ്യരുത്, പരിധി ലംഘിക്കരുത്, മുറിവേറ്റവരെ അക്രമിക്കരുത്, കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ആക്രമിക്കരുത്, ആശ്രമത്തിൽ ആരാധിക്കുന്നവരെയും മത പുരോഹിതരെയും തൊടരുത്, ഫലവൃക്ഷങ്ങൾ നശിപ്പിക്കരുത്, മരം മുറിക്കരുത്, കെട്ടിടങ്ങൾ തകർക്കരുത്, ദേവാലയങ്ങൾ സ്പർശിക്കരുത്, വെള്ളം വൃത്തികേടാക്കരുത്'

മുത്ത് നബി സാധിച്ചെടുത്ത മഹത്തായ വിപ്ലവം അത് ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയെന്നതാണ് വിശ്വാസികളുടെ കർതവ്യം.

صلي الله علي محمد .صلي الله عليه وسلم

No comments: