19 November 2018

മഹബ്ബത് നബി ﷺ

സ്നേഹനിധിയായ മുത്തു നബിയുടെ പേര് കേൾക്കുമ്പോൾ, അവിടത്തെ വിശേഷണങ്ങൾ പറയുന്ന പാട്ടും കവിതയും ഗദ്യവും പദ്യവും സൃഷ്ടിക്കുന്ന ആന്ദോളനങ്ങൾ, മദീനയെന്നു ഉച്ചരിക്കുമ്പോൾ,  പച്ചക്കുബ്ബയുടെ ഫോട്ടോ കാണുമ്പോൾ,  അവിടത്തെ വിശേഷണങ്ങളും ദർശനങ്ങളും ചരിത്രങ്ങളും വായിക്കുമ്പോൾ,  അവിടത്തെ ആസാറുകളെ കുറിച്ചു കേൾക്കുമ്പോൾ,  കാണുമ്പോൾ ഹൃദയത്തിൽ നാമറിയാതെ നാമ്പെടുക്കുന്ന വികാരമില്ലേ, രോമകൂപങ്ങളിൽ രൂപപ്പെടുന്ന വിറയലില്ലേ അതാണ്ചക്രവർത്തി തിരുമനസ്സിനോടുള്ള പ്രണയത്തിന്റെ തുടക്കം. അത് തുടങ്ങി കിട്ടിയാൽ പിന്നെ നമ്മുടെ ഹൃദയത്തിലും മനസ്സിലും ശരീത്തിലും പടർന്നൊഴുകുന്ന പറഞ്ഞറിയിക്കാനാകാത്ത അനുഭവം, അത് സ്വീകരിക്കാൻ നമുക്ക് കഴിയുമോ?

മുത്തു നബിയുടെ വഫാത്തിന് ശേഷം മദീനയിൽ താമസിക്കാനാകാതെ അവിടം വിട്ടുപോയ ബിലാൽ () വിനെ ഓർമ്മയില്ലേ? പിന്നീടൊരിക്കൽ ഖലീഫയുടെ സ്നേഹ നിർബന്ധത്തിനു വഴങ്ങി മദീനയിലെത്തി ബിലാൽ (). ബാങ്ക് കൊടുക്കാൻ നിര്ബന്ധിക്കപ്പെട്ടു. മുത്തു നബിയാരുടെ ഓർമ്മകൾക്ക് മുമ്പിൽ ബിലാൽ സുബ്ഹി ബാങ്ക് വിളിക്കാൻ തുടങ്ങി. മദീനയിലെ വീടുകളിൽ ശബ്ദം മുഴങ്ങിയപ്പോൾ ജനങ്ങളൊന്നടങ്കം ഞെട്ടിയെഴുന്നേറ്റു, അവർക്ക് ബിലാലിന്റെ മധുര സംഗീതമാർന്ന ബാങ്കൊലിയല്ല മനസ്സിൽ, തങ്ങളുടെ പ്രിയപ്പെട്ട സ്നേഹഭാജനം തിരിച്ചു വന്നിരിക്കുന്നു എന്ന തോന്നലുമായി മസ്ജിദുന്നബവിയിലേക്ക് അവർ ഓടിയടുത്തത് ഓർമ്മയില്ലേ? പക്ഷെ, അപ്പോൾ ബിലാൽ ഉന്മാദാവസ്ഥയിലായിരുന്നിരിക്കണം, അശ്ഹദു അന്ന....... മുഹമ്മദ്എന്ന ശബ്ദം പുറത്തു വരാതെ തൊണ്ട കുഴങ്ങിയ സമയം,..... ബാങ്ക് പൂർത്തിയാക്കാനാകാതെ ബിലാൽ കുഴഞ്ഞു പോയത്.......അതെ, കണ്ണും മൂക്കുമില്ലാത്ത പ്രണയം, മഹബ്ബത്.....നിങ്ങൾക്കതിനെ  എന്ത് പേരിട്ടും  വിളിക്കാം......

കാരന്തൂരിലെ വിളക്ക് മാടത്തിനു ചുറ്റും കഴിഞ്ഞ തികളാഴ്ച പ്രവാചകാനുരാഗികൾ തിരുശേഷിപ്പിനോട് കാണിച്ച ആദരവില്ലേ, അതും സ്നേഹ പ്രകടനത്തിന്റെ ആവിഷ്കാരം തന്നെയാണ്. ആർക്കും അത് തടുത്തു നിർത്താൻ കഴിയില്ല. സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്ന വികാരമാണത്. തുർക്കിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തിരുശേഷിപ്പിനോട് വിശ്വാസികൾ കാണിക്കുന്ന ആദരവില്ലേ, അത് തന്നെയാണിവിടെയും.....

صلي الله علي محمد .صلي الله عليه وسلم

No comments: