26 September 2023

സഹജീവികള്‍ക്കും കാരുണ്യപ്പെയ്ത്ത്

നുഷ്യരോട് മാത്രമല്ല പരിസ്ഥിതിയോടും സഹജീവികളോടും എങ്ങനെ പെരുമാറണമെന്ന് മുഹമ്മദ് നബി ﷺ തന്റെ ജീവിതത്തിലൂടെ പറഞ്ഞുവെച്ചു. തന്റെ ചുറ്റുമുള്ള ജീവികളോട് കരുണയോടെ പെരുമാറാന്‍ പഠിപ്പിക്കുകയും അവരെ വേദനിപ്പിക്കുന്നതോ അക്രമിക്കുന്നതോ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തിരുജീവിതത്തിലെ ചില ഏടുകള്‍ പരിശോധിക്കുമ്പോള്‍ നമുക്കത് വ്യക്തമാകും. നിങ്ങളുടെ ചുറ്റുമുള്ള ജീവികള്‍ നിങ്ങളെപ്പോലെത്തന്നെ സമുദായമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. ഈ വാക്യങ്ങളെ തന്റെ ജീവിതത്തിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു മുഹമ്മദ് നബി ﷺ.

മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുന്നതിനെയും പട്ടിണിക്കിടുന്നതിനെയും നബി തങ്ങള്‍ ശക്തമായി വിലക്കി. നടത്തത്തിനിടയില്‍ മുതുകു വയറൊട്ടിയ ഒട്ടകത്തെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു; മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. മിണ്ടാപ്രാണികളോട് പെരുമാറേണ്ടതെങ്ങനെ എന്ന് വിശദീകരിക്കുകയായിരുന്നു അവിടുന്ന്. പക്ഷി മൃഗാദികളുടെ അംഗ വിച്ഛേദനം നടത്തുന്നതും രൂപ മാറ്റം വരുത്തുന്നതും ശക്തമായി എതിര്‍ത്തു. മുഖത്ത് അടയാളം വെച്ച് കൊണ്ടുപോകുന്ന കഴുതയെ കണ്ടപ്പോള്‍ നബി തങ്ങള്‍ വിലക്കിയതായി കാണാം. കറവയെത്തിയ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലും അധ്യാപനങ്ങളിലൂടെ പഠിപ്പിച്ചു. സവാദത്ത് ബിന്‍ റബീഅ്(റ) പറയുന്നു: ഞാന്‍ അല്ലാഹുവിന്റെ റസൂലിനെ സമീപിച്ച് എന്റെ ആവശ്യമുന്നയിച്ചു. അപ്പോള്‍ തിരുദൂതര്‍ ﷺ എനിക്ക് ഒരൊട്ടകപ്പറ്റം തന്ന് പറഞ്ഞു: ‘നീ വീട്ടിലേക്ക് തിരിച്ച് ചെന്നാല്‍ വീട്ടുകാരോട് കല്‍പ്പിക്കുക, അവര്‍ ഒട്ടകക്കുട്ടികളുടെ ആഹാരം മെച്ചപ്പെടുത്തട്ടെ. അവര്‍ നഖം മുറിക്കട്ടെ. എന്നാല്‍ നഖം ഏറ്റ് മൃഗങ്ങളുടെ അകിടുകള്‍ക്ക് മുറിവേല്‍ക്കാനിടവരില്ല’. അത്രമേല്‍ മൃഗങ്ങള്‍ക്ക് ചെറിയ മുറിവുകള്‍ സംഭവിക്കുന്നത് പോലും മുഹമ്മദ് നബി ﷺ ഇഷ്ടപ്പെട്ടിരുന്നില്ല. 

ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല എന്ന ഖുര്‍ആനിക വചനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. മത്സരങ്ങള്‍ക്ക് വേണ്ടിയും അല്ലാതെയും മൃഗങ്ങളെ പ്രയാസപ്പെടുത്തുന്നതിനെ നബി തങ്ങള്‍ നിഷിദ്ധമാക്കിയിരുന്നു. ജീവികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി അന്യോന്യം പൊരുതിക്കുന്നത് നബി ﷺ നിരോധിച്ചിട്ടുണ്ട് എന്ന് ഇമാം അബൂ ദാവൂദ് റിപോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങളെ തമ്മിലടിപ്പിച്ച് സമ്പാദനത്തിന് വേണ്ടി മത്സരങ്ങള്‍ നടത്തുന്നവര്‍ ഈ വാചകങ്ങളെ ഓര്‍ത്തു വെക്കേണ്ടതുണ്ട്. വേടന്‍ പിടിച്ച് കെട്ടിയ തള്ളമാന്‍ തന്റെ കുട്ടിക്ക് പാല്‍ കൊടുക്കണമെന്ന് പ്രവാചകരോട് സങ്കടം പറഞ്ഞപ്പോള്‍ വേടന്റെ അടുക്കല്‍ ജാമ്യം നിന്ന് മാനിനെ കാട്ടിലേക്ക് പറഞ്ഞയച്ചവരാണ് മുഹമ്മദ് നബി ﷺ. പാല്‍ കൊടുത്ത് തിരിച്ചെത്തിയ മാനിനെ പിന്നീട് വേടന്‍ കാട്ടിലേക്ക് തിരിച്ചയച്ചതാണ് ചരിത്രം. കൂട്ടില്‍ നിന്ന് പക്ഷിക്കുഞ്ഞിനെയും തള്ളപ്പക്ഷിയെയും വേര്‍പ്പെടുത്തിയ സ്വഹാബിയെ തിരുത്തുകയും തിരിച്ച് കൂട്ടിലേക്കയക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഉറുമ്പ് കൂട്ടത്തെ കത്തിച്ചു കളഞ്ഞവരെയും അവിടുന്ന് ശക്തമായി തിരുത്തി. നായക്ക് വെള്ളം നല്‍കിയ പേരില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച സ്ത്രീയെയും പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ നരകത്തില്‍ പോയ മറ്റൊരാളെയും അനുചരര്‍ക്ക് പരിചയപ്പെടുത്തി. ഭക്ഷണത്തിനായി മൃഗങ്ങളെ വെട്ടിമുറിക്കുന്നതിന് പകരം മാന്യമായ രൂപത്തില്‍ അതിനെ അറുക്കാന്‍ നിര്‍ദേശിച്ചു. മൂര്‍ച്ചയില്ലാത്ത ആയുധങ്ങള്‍ കൊണ്ട് മൃഗങ്ങളെ അറുക്കുന്നതിനെ ശക്തമായി നിരോധിച്ചു. സഹജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു മുഹമ്മദ് നബി ﷺ. അവരോട് പെരുമാറേണ്ടതും ഇടപഴകേണ്ടതും എങ്ങനെയെന്ന് തിരുജീവിതത്തിലൂടെ പകര്‍ന്ന് നല്‍കി.

ഉപദ്രവകാരികളായ ജീവികളാണെങ്കിലും നമ്മെ ആക്രമിക്കുമ്പോള്‍ മാത്രമേ അവയോട് തിരിച്ച് ഉപദ്രവം ചെയ്യാന്‍ അവകാശമുള്ളൂ. അല്ലാത്തപക്ഷം അവയോട് ഇടപഴകുമ്പോഴും സൂക്ഷ്മത പുലര്‍ത്തണമെന്നാണ് തിരുവചനം. ഇതര ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് പ്രകൃതിയുടെ നില നില്‍പ്പിനാധാരം. പക്ഷേ മനുഷ്യന്റെ തന്നെ ചെയ്തികളാണ് ഇന്ന് പ്രകൃതിക്ക് പ്രഹരമേല്‍പ്പിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയില്‍ നിലനിര്‍ത്തേണ്ട ജീവജാലങ്ങളെ അതേപടി നിലനിര്‍ത്തല്‍ മനുഷ്യന്റെ കടമയാണ്. അതാണ് ഇസ്ലാം പഠിപ്പിക്കുന്നതും മുഹമ്മദ് നബി ﷺ ഉണര്‍ത്തിയതും. സ്വയം തെറ്റുകളെ തിരിച്ചറിയാനും പ്രകൃതിയോടും ജീവ ജാലങ്ങളോടും സ്നേഹത്തോടെയും കരുണയോടെയും വര്‍ത്തിക്കാനും തിരുജീവിതത്തെ മാതൃകയാക്കാം.

ഹുബ്ബുന്നബിയുടെ അകം പൊരുള്‍

ക്കയില്‍ സൈദ്ബ്‌നു ദുസ്ന(റ)യെ ശത്രുക്കള്‍ പിടിച്ചുവെച്ചു. കൊലക്കയറില്‍ ബന്ധിച്ച് ശത്രു പ്രമുഖന്‍ അബൂ സുഫ്‌യാന്‍ സൈദിനോട് പറഞ്ഞു: “നിന്റെ ഈ സ്ഥാനത്ത് മുഹമ്മദാകുന്നത് നിനക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ മതി; വെറുതെ വിടാം’. ഓരോ ശത്രുവിനെയും നോക്കി സൈദ്(റ) പറഞ്ഞു: “ഞാനിവിടെ കൊലചെയ്യപ്പെടാതിരിക്കുന്നതിനു പകരമായി എന്റെ നബിയുടെ ശരീരത്തില്‍ ഒരു മുള്ള് തറക്കുന്നതു പോലും ഞാനിഷ്ടപ്പെടുന്നില്ല.’ സൈദിനെ ആയിരം പ്രാവശ്യം കൊന്നാലും ആ സ്‌നേഹത്തിന് ക്ഷതം പറ്റില്ല. ചരിത്രത്തില്‍ എക്കാലവും ഇതുപോലെ പരകോടി സൈദുമാരെ നമുക്ക് കാണാനാകും. വര്‍ത്തമാനത്തില്‍ വരെയും.

ഉര്‍വത്ബ്‌നു മസ്ഊദ് ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് മക്കയിലെ ശത്രുക്കളുടെ പ്രതിനിധിയായി മദീനയില്‍ വന്നു. നബിയും അനുചരരും തമ്മിലുള്ള സ്‌നേഹബന്ധം കണ്ട് അന്ധാളിച്ച അദ്ദേഹം മക്കയില്‍ വന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു: “ഞാന്‍ കിസ്‌റാ, കൈസര്‍, നജ്ജാശി രാജാക്കന്മാരെയെല്ലാം കണ്ടിട്ടുണ്ട്. അവരുടെ ദര്‍ബാറുകളില്‍ നടക്കുന്നത് വീക്ഷിച്ചിട്ടുണ്ട്. അവിടെയൊന്നും കാണാത്തതാണ് ഞാന്‍ മദീനയില്‍ കണ്ടത്. മുഹമ്മദിന്റെ ജനത മുഹമ്മദിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു പോലെ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ല’. ഇന്നും ആ ജനത മുഹമ്മദ് നബി ﷺയെ സ്‌നേഹിക്കുന്നതുപോലെ ലോകത്തൊരാളും ആരെയും സ്‌നേഹിക്കുന്നില്ല. സ്വന്തം ഉമ്മയേക്കാളും ഉപ്പയേക്കാളും സ്വന്തത്തേക്കാള്‍ തന്നെയും പരിശുദ്ധ റസൂല്‍ ഓരോ വിശ്വാസിയുടെയും മനസ്സിലുമുണ്ട്. ഒരിക്കലും മായാതെ പ്രസരിച്ചു നില്‍ക്കുന്നുണ്ട്. അവിടുത്തെക്കുറിച്ച് ചെറിയൊരു ആരോപണം പോലും വിശ്വാസിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാകുന്നത് അതുകൊണ്ടാണ്.

മുഹമ്മദ് എന്ന് ഏത് മുസ്‌ലിം കേട്ടാലും സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന് പറയും. അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അവരുടെ മേല്‍ ഉണ്ടാകട്ടെ എന്ന ബഹുമാന വചനമാണിത്. ഇങ്ങനെ ഒരു പദവി ലോകത്ത് ഒരു മനുഷ്യനോ വ്യക്തിക്കോ മറ്റു മതങ്ങളുടെ ആരാധ്യപുരുഷര്‍ക്കോ ഇല്ലെന്നത് ഈ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആരാധ്യരാകാനുള്ള മനുഷ്യരുടെ ശ്രമങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എല്ലാവരും മറ്റുള്ളവരുടെ, ഒരുകൂട്ടം ആളുകളുടെയെങ്കിലും ആരാധ്യപാത്രങ്ങളാകാനാണ് ശ്രമിക്കാറുള്ളത്. മുഹമ്മദ് നബി ﷺ നേരേ വിപരീതമായാണ് സംസാരിച്ചത്. നിങ്ങളില്‍ ആരെങ്കിലും എനിക്ക് ഒരു നിമിഷം ആരാധനയുടെ ഒരു ലാഞ്ചന തന്നാല്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ എന്റെ പ്രസ്ഥാനത്തില്‍ പെട്ടയാളല്ല എന്ന് അവിടുന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. നിങ്ങളെയും എന്നെയും പടച്ചത് ഒരു അല്ലാഹുവാണെന്നും ഞാനും ആ അല്ലാഹുവിന്റെ അടിമയാണെന്നും അവിടുന്ന് നിരന്തരം ഉത്‌ബോധിപ്പിച്ചു. അവനെ മാത്രമേ ആരാധിക്കാവൂ. ഞാന്‍ നിരന്തരം അവന് മാത്രമാണ് ആരാധന നടത്തുന്നത്… തുടങ്ങിയ അടിമത്തത്തെ വിളംബരപ്പെടുത്തുന്ന, ആരാധ്യനാകാനുള്ള മുഴുവന്‍ ശ്രമങ്ങളെയും പൂര്‍ണമായും നിഷ്‌കാസനം ചെയ്യുന്നുണ്ട് പ്രവാചകര്‍ ﷺ. ഇന്നും മുസ്‌ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. മറ്റെല്ലാത്തിനേക്കാളും മുകളിലായി മുഹമ്മദ് നബി ﷺയെ സ്‌നേഹിക്കുന്നു. ഈ മഹാപ്രതിഭാസത്തിന്റെ കാരണമാണ് ഓരോരുത്തരും പഠിക്കേണ്ടതും ചിന്തിക്കേണ്ടതും. തീര്‍ച്ചയായും ഈ തിരുപ്പിറവിയാഘോഷിക്കുന്ന മാസത്തില്‍ ഈ രഹസ്യം നാം ചുഴിഞ്ഞന്വേഷിക്കണം. ഒരുകാര്യമപ്പോള്‍ മനസ്സിലാകും. മുഹമ്മദ് നബി ﷺ യെന്ന അതുല്യ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ സ്‌നേഹം ആര്‍ക്കും അണപൊട്ടിയൊഴുകും. കാരണം ലോകം കണ്ട അതുല്യനായ, അസാധാരണ മനുഷ്യനാണ് അവിടുന്ന്.

صلي الله علي محمد .صلي الله عليه وسلم

25 September 2023

അപര പരിഗണനയുടെ തിരു മാതൃക

ഹുബ്ബ് (സ്നേഹം/ പ്രണയം) ലയനമാണ്. രണ്ട് ഒന്നാവുന്ന അപൂർവതയാണ്. ഐക്യപ്പെടലോ പങ്കുകാരനാവലോ പിന്തുണക്കലോ ഒന്നുമല്ലത്. പ്രണയം എന്ന മലയാള പദത്തിന് നിഘണ്ടുവിൽ വെണ്ണ/എണ്ണ എന്നെല്ലാം അർഥം കാണാം. മെഴുക്ക്, ഈർപ്പം തുടങ്ങിയതാണ് എണ്ണയുടെ അടിസ്ഥാന സ്വഭാവം. കുടുങ്ങിക്കിടക്കുന്ന ഒന്നിനെ എളുപ്പത്തിൽ കുരുക്കഴിക്കാൻ സഹായകരമാകുന്നതാണ് എണ്ണ. രണ്ടാളുകൾക്കിടയിലെ കുരുക്കഴിച്ച്, ഒന്നാക്കി വിളക്കിച്ചേർക്കുന്ന എണ്ണയാണ് പ്രണയമെന്ന് വിശദീകരിക്കാം.

പ്രത്യേകിച്ച് മഹബ്ബത്തുന്നബി (തിരുനബിയോടുള്ള ഇഷ്ടം). അതിരുകളില്ലാതെ, ഉപാധികളില്ലാതെ, തങ്ങളുടെ ജീവനേക്കാൾ കൂടുതൽ ആളുകൾ ഒരാളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് തിരുനബി  യെ മാത്രമാണ്. സ്നേഹിക്കപ്പെടാൻ കാരണമാകുന്നത് മാത്രമായിരുന്നു അവിടുത്തെ ജീവിതം. വെറുതെ എന്ന് തോന്നുന്ന ഒരു ചലനം പോലും ആ മഹിത ജീവിതത്തിൽ നിന്നുണ്ടായിട്ടില്ല. എല്ലാം പാഠങ്ങളായിരുന്നു. അപരരിൽ ലയിച്ച്, അവരെ ഋജുമായ മാർഗത്തിൽ വഴിനടത്തി, അവരുടെ വിജയത്തിൽ അതിരില്ലാതെ സന്തോഷിച്ച്, ജീവിതം മുഴുവൻ ലോക ജനതക്ക് മുമ്പിൽ തുറന്നുവെച്ച പഠന പുസ്തകമായിരുന്നു തിരുനബി .

സ്നേഹമായിരുന്നു തിരുനബി. “ലോകർക്ക് മുഴുവൻ കാരുണ്യമായിട്ടാണ് അങ്ങയെ നാം അയച്ചതെന്ന്’ ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. അതുകൊണ്ടു തന്നെ തിരുനബിയുമായി ഇടപ്പെട്ടവരെല്ലാം ആ സ്‌നേഹവലയത്തിൽ ആകൃഷ്ടരായിരുന്നു. അത്രയും മികച്ചതായിരുന്നു അവിടുത്തെ പെരുമാറ്റം. പുഞ്ചിരിയോടെയല്ലാതെ അവിടുന്ന് ആരെയും സ്വീകരിക്കുമായിരുന്നില്ല. അവിടുത്തോളം മികച്ച സ്വഭാവമുള്ള മറ്റൊരാളെയും താൻ കണ്ടിട്ടില്ലെന്ന് പത്ത് വർഷത്തോളം അവിടുത്തേക്ക് സേവനം ചെയ്ത അനസ്(റ) പറഞ്ഞിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഒരു കാര്യം ഞാൻ ചെയ്തു പോയാൽ... എന്തിനങ്ങനെ ചെയ്‌തെന്നോ ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നാൽ എന്തുകൊണ്ട് ചെയ്തില്ലെന്നോ മുത്തുനബി ഗൗരവത്തോടെ തന്നോടു ചോദിച്ചിരുന്നില്ലെന്ന് അനസ് തങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട്.

വളരെ ചെറിയ കാര്യങ്ങൾ വരെ അവിടുന്ന് അന്വേഷിക്കും. മറ്റുള്ളവരുടെ സന്തോഷവും സന്താപവും മനസ്സിരുത്തി കേൾക്കും. അനസ് (റ) വിന് ഒരു സഹോദരനുണ്ടായിരുന്നു. അബൂ ഉമൈർ എന്നായിരുന്നു അവരുടെ പേര്. ഉമ്മയൊത്ത സഹോദരൻ. അഥവാ, രണ്ട് പേരുടെയും മാതാവ് ഒന്നും പിതാവ് വേറെയുമായിരുന്നു. അനസ് തങ്ങളുടെ പിതാവ് മരണപ്പെട്ട ശേഷം അബൂത്വൽഹ(റ)യാണ് അനസ് തങ്ങളുടെ ഉമ്മയെ വിവാഹം കഴിച്ചത്. ആ ബന്ധത്തിലാണ് അബൂ ഉമൈർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ അനസ് എന്നവരോടെന്നപോലെ തന്നെ അബൂ ഉമൈറിനോടും തിരുനബിക്ക് പ്രത്യേക സ്നേഹവും പരിഗണനയുമുണ്ടായിരുന്നു. ചെറുപ്പത്തിൽ അബൂ ഉമൈർ എന്നവർക്ക് ഒരു കുഞ്ഞു വളർത്തു കിളിയുണ്ടായിരുന്നു. ജീവനുതുല്യം സ്നേഹിച്ചുകൊണ്ടാണ് അബൂ ഉമൈർ ആ കിളിയെ വളർത്തിയത്. മുത്ത് നബി വീട്ടിലെത്തുമ്പോഴെല്ലാം അബൂ ഉമൈറിനെയും അടുത്തു വിളിക്കും. കിളിയെ കുറിച്ച് കുശലം ചോദിക്കും. അബൂ ഉമൈർ ആവേശത്തോടെ അവരുടെ കിളിയുടെ കഥ അവിടുത്തേക്ക് പറഞ്ഞു കൊടുക്കും. ഒരിക്കൽ... തിരുനബി വന്നപ്പോൾ അബൂ ഉമൈർ സങ്കടപ്പെട്ടിരിക്കുന്നതാണ് കണ്ടത്. കാരണമാരഞ്ഞപ്പോൾ കിളി ചത്തുപോയതാണെന്ന് മനസ്സിലായി. അവിടുന്ന് അബൂ ഉമൈറിന്റെ സങ്കടത്തിൽ പങ്കുചേർന്നു. അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ടിരുന്നു. അബൂ ഉമൈറിന്റെ സങ്കടത്തെ അവിടുന്നും മനസ്സിലേക്കാവാഹിച്ചു. ഇതായിരുന്നു തിരുനബി.

അപര പരിഗണനയുടെ പാഠങ്ങൾ വിശ്വാസി ലോകം തിരുനബിയിൽ നിന്ന് പകർത്തണം. തന്റെ സദസ്സിൽ സ്ഥിരമായി വരുന്നവരെ കണ്ടില്ലെങ്കിൽ അവിടുന്ന് അന്വേഷിക്കും. അവധി നീണ്ടാൽ അദ്ദേഹത്തെ തേടി വീട്ടിലേക്ക് ചെല്ലും. സ്ഥലത്തില്ലെങ്കിൽ പ്രാർഥിച്ചു കൊടുക്കും. യുദ്ധ സമയത്ത് കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും അവിടുന്ന് പ്രത്യേകം പരിഗണിച്ചിരുന്നു. അവർക്ക് ആപത്ത് വരാതിരിക്കാൻ സുരക്ഷാ നിർദേശങ്ങൾ അനുചരന്മാർക്ക് കൈമാറിയിരുന്നു. യുദ്ധത്തിൽ പങ്കെടുക്കാനുള്ള ആവേശത്തോടെ കുട്ടികൾ തിരുനബിയെ സമീപിക്കും. എന്നിട്ടവർ പറയും: അല്ലാഹുവിന്റെ റസൂലെ, ഞങ്ങളുമുണ്ട് യുദ്ധത്തിന്. ഞങ്ങൾക്കും പോരാടണം, ശത്രുക്കളെ തോൽപ്പിക്കണം. ഞങ്ങൾക്കതിന് അനുവാദം തരണം’ എന്നാൽ തിരുനബി വിസമ്മതിക്കും. അവർക്ക് യുദ്ധത്തിന്റെ കെടുതികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കും. കുട്ടികളായ നിങ്ങളെ നോക്കാൻ അവിടെ മറ്റുള്ളവർക്ക് സമയമുണ്ടാകില്ലെന്ന് ഉപദേശിക്കും. അവരെ പിന്തിരിപ്പിക്കും.

വലിയവരോടും അവിടുത്തെ സ്വഭാവം കാരുണ്യത്തിന്റേത് തന്നെയായിരുന്നു. മുമ്പിലൊരു വൃദ്ധയായ സ്ത്രീ നടന്നു പോകുന്നു. ഊടുവഴിയാണ്. തിരുനബിക്ക് അവരെ മറികടക്കാൻ സ്ഥലമില്ല. പിറകിൽ നബിയുള്ള വിവരം ഈ സ്ത്രീക്ക് അറിയുകയുമില്ല. തിരുനബി അതവരെ ഉണർത്താനും മുതിർന്നില്ല. ഇതുകണ്ട മൂന്നാമതൊരാൾ ആ സ്ത്രീ കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു: ഹേയ് തള്ളേ, നിങ്ങൾക്കൊന്നു വഴിമാറിക്കൊടുത്തുകൂടെ? അല്ലാഹുവിന്റെ റസൂലല്ലേ നിങ്ങളുടെ പിന്നിൽ? പെട്ടെന്നാണ് തന്റെ പിന്നിലുള്ളത് തിരുനബിയാണെന്ന് ആ വൃദ്ധയായ സ്ത്രീ തിരിച്ചറിഞ്ഞത്. അവർ ചെറിയ പേടിയോടെ വഴിയിൽ നിന്ന് മാറി നിന്നു. താൻ ചെയ്തത് മര്യാദകേടാണോയെന്ന ജാള്യത അവരുടെ മുഖത്തുണ്ടായിരുന്നു. അതു മനസ്സിലാക്കിയ അശ്റഫുൽ ഖൽഖ്  അവരോട് പറഞ്ഞു: “ഉമ്മാ, നിങ്ങളെന്തിനാണിങ്ങനെ പേടിച്ചു വിറക്കുന്നത്? നിങ്ങളെപ്പോലെ ഒട്ടകത്തിന്റെ ഉണക്കമാംസം തിന്നുവളർന്ന ഒരുമ്മയുടെ മകനാണല്ലോ ഞാനും’. മറ്റുള്ളവരിൽ നിന്ന് തന്നെ വേറിട്ടു കാണാൻ അവിടുന്ന് ആഗ്രഹിച്ചിരുന്നില്ല. ആടുമേക്കാനും അടുക്കളയിൽ പാചകം ചെയ്യാനും സൈനിക നേതൃത്വമാകാനും രാജ്യ തന്ത്രങ്ങൾ മെനയാനും അവിടുന്ന് ഒരേ സമയം സന്നദ്ധമായിരുന്നു. അപരനെ അകറ്റുന്ന ഒന്നും അവിടുത്തെ സ്വഭാവത്തിലുണ്ടായിരുന്നില്ല. നിങ്ങളെങ്ങാനും പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിൽ ആളുകൾ നിങ്ങളിൽ നിന്ന് അകന്നുപോകുമായിരുന്നുവെന്നർഥംവരുന്ന വിശുദ്ധ ഖുർആനിക സൂക്തം അതിലേക്കാണ് വെളിച്ചം വീശുന്നത്. ലോകത്തെ ഏറ്റവും മഹത്തരമായ സ്വഭാവത്തിന്റെ ഉടമയും കരുണക്കടലുമായിരുന്നു തിരുനബി .

തിരുനബി സ്വഹാബാക്കളോടൊന്നിച്ചുള്ള ഒരു യാത്രാമധ്യേ, യാത്രാ സംഘം വിശന്നവശരായപ്പോൾ ഒരാടിനെ അറുത്ത് ഭക്ഷിക്കാൻ അവർ തീരുമാനിച്ചു. ഒരാൾ ആടിനെ അറുക്കാൻ സന്നദ്ധനായി. മറ്റൊരാൾ ആടിന്റെ തോലൂരാൻ മുന്നോട്ട് വന്നു. ഈ സന്ദർഭത്തിൽ തിരുനബി പറഞ്ഞു: “ആവശ്യമായ വിറകുകൾ ഞാൻ ശേഖരിക്കാം’. ഇത് കേൾക്കേണ്ട താമസം സ്വഹാബികൾക്ക് വിഷമമായി. അവർ പറഞ്ഞു: വേണ്ട നബിയെ ഞങ്ങൾ ചെയ്‌തോളം. തിരുനബി പ്രതിവചിച്ചു: ഞാൻ നിങ്ങളിൽ ഒരാളായിരിക്കുവനാണാഗ്രഹിക്കുന്നത്. അധികാരവും അനുയായികളും ഗമനടിക്കാനും തന്റെ കൽപ്പന അംഗീകരിക്കാനും വേണ്ടി ഉള്ളവർമാത്രമാണ് എന്ന് കരുതുന്ന ആധുനിക നേതാക്കൾക്ക് മുമ്പിൽ തിരുനബി പറഞ്ഞു വെച്ചു “സമുദായ നേതാവ് ആ സമൂഹത്തിന്റെ സേവകനാണ്’ .

അനാഥകൾക്കും അഗതികൾക്കും അശരണർക്കും അവിടുന്ന് അത്താണിയായിരുന്നു. അനസ് (റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം പെരുന്നാൾ സുദിനത്തിൽ പള്ളിയിലേക്ക് പുറപ്പെട്ട തിരുനബി, വഴിമധ്യേ നുരുമ്പിയ വസ്ത്രം ധരിച്ച് വിതുമ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ അരികിൽ ചെന്ന് ചോദിച്ചു: മോനെന്തിനാ കരയുന്നത്? തന്റെ മുമ്പിലൂടെ പുതുവസ്ത്രങ്ങളണിഞ്ഞ് ആർത്തുല്ലസിച്ച് സന്തോഷിക്കുന്നസമപ്രായക്കാരിലേക്ക് നോക്കി ആ പിഞ്ചുബാലൻ മുമ്പിൽ നിൽക്കുന്നത് തിരുദൂതരാണെന്നറിയാതെ വിതുമ്പി: ഹേ… മനുഷ്യ, എന്റെ ഉപ്പ പ്രവാചകരോടൊപ്പം നടത്തിയ ഒരു യുദ്ധത്തിൽ മരണപ്പെട്ടു. ഉമ്മ വേറെ വിവാഹം കഴിച്ചു, പലകാരണങ്ങൾ കൊണ്ടും ഞാനാവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇന്നെനിക്ക് വസ്ത്രമില്ല, വീടില്ല, വെള്ളമില്ല… എന്റെ കൂട്ടുകാരെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് കളിച്ച് രസിച്ച് ഉപ്പമാരുടെ കൈ പിടിച്ച് പള്ളിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെ ഉപ്പയേ അലോചിച്ചുപോയതാണ് ഞാൻ കരയാനുള്ള കാരണം.

ഇതു കേൾക്കേണ്ട താമസം ആവശ്യക്കാരന്റെ ആവശ്യം മനസ്സിലാക്കി പ്രതികരിക്കുന്ന തിരുനബി ആ കുഞ്ഞു മോനോട് ചോദിച്ചു: ഞാൻ നിന്റെ ഉപ്പയും ആഇശ നിന്റെ ഉമ്മയും അലിയാര് നിന്റെ എളാപ്പയും ഹസൻ ഹുസൈൻ നിന്റെ സഹോദരങ്ങളും ഫാത്വിമ നിന്റെ സാഹോദരിയുമാകുന്നതിനെ നീ ഇഷ്ടപ്പെടുന്നുണ്ടോ? ആ കുഞ്ഞുമോൻ സർവസമ്മതനായി. ലോകത്ത് തനിക്ക് കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. ഇതായിരുന്നു തിരുനബി. സംസ്‌കാരവും സത്‌സ്വഭാവവും സ്നേഹവും പരിഗണനയും മാനവികതയും തുടങ്ങി മാനുഷിക സ്വഭാവത്തിന്റെ അടിസ്ഥാന ഗുണം പോലുമില്ലാതിരുന്ന ഒരു സമൂഹത്തെ മൃഗീയതയിൽ നിന്ന് മഹിത സ്വഭാവത്തിലേക്ക് പരിവർത്തിപ്പിച്ചത് തിരുനബിയായിരുന്നു.


صلي الله علي محمد .صلي الله عليه وسلم

തിരുനബിയും അയൽപ്പക്ക പാഠങ്ങളും

 ജിബ്‌രീൽ (അ) പ്രവാചക സമീപത്തെത്തി അയൽവാസികളോടുള്ള കടമകൾ വിശദീകരിച്ചു. ശേഷം നബി തങ്ങൾ പറഞ്ഞു: അവർക്ക് സ്വത്തിൽ ഒരു പങ്ക് നൽകേണ്ടി വരുമോ എന്ന് പോലും ഞാൻ ആലോചിച്ചുപോയി. അത്രമേൽ ദൃഢമായാണ് അയൽവാസികളോടുള്ള സമീപനത്തെ പ്രവാചകർ അടയാളപ്പെടുത്തിയത്. പ്രവാചക ജീവിതത്തിലും അവിടുത്തെ അധ്യാപനങ്ങളിലും നമുക്കത് തെളിഞ്ഞു കാണാം. 

വിശ്വാസത്തിന്റെ ഭാഗമായാണ് നബി തങ്ങൾ അയൽവാസികളോടുള്ള സമീപനത്തെ നോക്കിക്കണ്ടത്. അവിടുന്ന് പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവന്റെ അയൽവാസിയെ ആദരിച്ചുകൊള്ളട്ടെ. സമാന ആശയം വരുന്ന മറ്റ് ഹദീസുകളും നമുക്ക് കാണാം. വിശ്വാസത്തിന്റെ പരിപൂർണതയിൽ പോലും അയൽവാസിയോട് കടപ്പാടുണ്ട് എന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. സ്വന്തത്തെപ്പോലെ അയൽവാസിയെയും ബഹുമാനിക്കാൻ നിർദേശിച്ചു. തനിക്ക് ഇഷ്ടപ്പെടുന്നത് അയൽവാസിക്കും ഇഷ്ട്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാർഥ വിശ്വാസിയാവുകയില്ലെന്ന് പ്രസ്താവിച്ചു. 

അയൽവാസി രോഗിയായാൽ സന്ദർശിക്കാനും അവന് വേണ്ട സൗകര്യങ്ങളെല്ലാം ഏർപ്പെടുത്താനും തിരുദൂതർ ഓർമപ്പെടുത്തി. അവർക്ക് ശുദ്ധവായു തടയുന്ന രൂപത്തിൽ മതിൽ കെട്ടി മറക്കരുതെന്ന് കൽപ്പിച്ചു. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൽ പോലും അവർക്ക് പങ്കുണ്ടെന്നാണ് തിരുവചനം. കറിയിൽ അൽപ്പം വെള്ളം നീട്ടി ഒഴിക്കാനും വിശേഷ ഭക്ഷണം പാകം ചെയ്യുമ്പോൾ അയൽവാസിക്ക് കൊടുക്കാൻ കഴിയില്ലെങ്കിൽ അതിന്റെ ഗന്ധം അവിടെ എത്താത്ത വിധം പാകം ചെയ്യാനും കൽപ്പിച്ചു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന പ്രവാചക വാക്യം അർഥപൂർണമാകുന്നത് ഇവിടെയാണ്. ഒരു വ്യക്തി തിരു സവിധത്തിൽ വന്ന് ചോദിച്ചു : എന്റെ നന്മയുടെ അളവുകോൽ എന്താണ്? നബി തങ്ങൾ പറഞ്ഞു : നീ നന്മ ചെയ്തുവെന്ന് നിന്റെ അയൽവാസി പറയുന്നത് കേട്ടാൽ നീ നന്മ ചെയ്തിരിക്കുന്നു. നീ തിന്മ ചെയ്തു എന്ന് പറയുന്നത് കേട്ടാൽ നീ തിന്മ ചെയ്തിരിക്കുന്നു. നമ്മുടെ നന്മ തിന്മയുടെ അളവുകോൽ പോലും അയൽവാസിയുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. ഒരു വിശ്വാസിയുടെ സ്വർഗ പ്രവേശനവും നരക പ്രവേശനവുമെല്ലാം അയൽവാസിയുമായികൂടി ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകൻ പറഞ്ഞു; തന്റെ ഉപദ്രവത്തിൽ നിന്ന് അയൽവാസി സുരക്ഷിതരല്ലാത്തവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. 

വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ അയൽവാസികളോട് സമ്പർക്കം പുലർത്താൻ നമ്മെ ഉണർത്തി. അയൽവാസി ഇതര മതത്തിൽ പെട്ടവനാണെങ്കിലും അവനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ചു. 

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് വേണ്ടി വീട്ടിൽ ആടിനെ അറുത്തപ്പോൾ അയൽവാസിയായ ജൂതന് നൽകിയിരുന്നോ എന്ന് ആവർത്തിച്ചു ചോദിച്ചു. തിരു പരാമർശങ്ങളിലെവിടെയും അയൽവാസിയെ വിശ്വാസത്തോട് ചേർത്ത് ഉപമിച്ചതായി കാണാൻ കഴിയില്ല. അയൽവാസിക്കു ഗുണം ചെയ്യുന്നവന് അല്ലാഹുവിന്റെ അടുക്കൽ വലിയ പ്രതിഫലമുണ്ടെന്ന് ആഹ്വാനം ചെയ്തു. അതുവഴി അവരോടുള്ള കടമകൾ നിറവേറ്റാനും അവരെ ബഹുമാനിക്കാനും പഠിപ്പിച്ചു. അയൽവാസികളോട് ചെയ്യുന്ന തിന്മകൾ മറ്റുള്ളവരോട് ചെയ്യുന്നതിനേക്കാൾ ശിക്ഷയുള്ളതും ഗൗരവമുള്ളതാണെന്നും ഓർമപ്പെടുത്തി. അവരെ പരദൂഷണം പറയാനോ കളിയാക്കാനോ പാടില്ല. നാല് കാര്യങ്ങളാൽ മനുഷ്യന് ജീവിത സൗഭാഗ്യമുണ്ടെന്നും അതിലൊന്ന് നല്ലവനായ അയൽവാസി ഉണ്ടായിരിക്കലാണെന്നും പ്രവാചകൻ പറഞ്ഞതായി കാണാം. 

കുടുംബ ബന്ധം ചേർക്കുന്നതിന് സമാനമായോ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതായോ ആണ് അവരോടുള്ള സമീപനത്തെ അടയാളപ്പെടുത്തിയത് അത്രമേൽ കടപ്പാടുണ്ട് അയൽവാസികളോട്. നമ്മുടെ സാമൂഹിക ചുറ്റുവട്ടത്തിൽ ഏറെ പ്രാധാന്യത്തോടെ സമീപിക്കേണ്ടവരാണവർ. തിരു പാഠങ്ങളെ അയൽപ്പക്ക ബന്ധത്തിന് നമുക്ക് മാതൃകയാക്കാം. 


صلي الله علي محمد .صلي الله عليه وسلم