25 September 2023

തിരുനബിയും അയൽപ്പക്ക പാഠങ്ങളും

 ജിബ്‌രീൽ (അ) പ്രവാചക സമീപത്തെത്തി അയൽവാസികളോടുള്ള കടമകൾ വിശദീകരിച്ചു. ശേഷം നബി തങ്ങൾ പറഞ്ഞു: അവർക്ക് സ്വത്തിൽ ഒരു പങ്ക് നൽകേണ്ടി വരുമോ എന്ന് പോലും ഞാൻ ആലോചിച്ചുപോയി. അത്രമേൽ ദൃഢമായാണ് അയൽവാസികളോടുള്ള സമീപനത്തെ പ്രവാചകർ അടയാളപ്പെടുത്തിയത്. പ്രവാചക ജീവിതത്തിലും അവിടുത്തെ അധ്യാപനങ്ങളിലും നമുക്കത് തെളിഞ്ഞു കാണാം. 

വിശ്വാസത്തിന്റെ ഭാഗമായാണ് നബി തങ്ങൾ അയൽവാസികളോടുള്ള സമീപനത്തെ നോക്കിക്കണ്ടത്. അവിടുന്ന് പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവന്റെ അയൽവാസിയെ ആദരിച്ചുകൊള്ളട്ടെ. സമാന ആശയം വരുന്ന മറ്റ് ഹദീസുകളും നമുക്ക് കാണാം. വിശ്വാസത്തിന്റെ പരിപൂർണതയിൽ പോലും അയൽവാസിയോട് കടപ്പാടുണ്ട് എന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. സ്വന്തത്തെപ്പോലെ അയൽവാസിയെയും ബഹുമാനിക്കാൻ നിർദേശിച്ചു. തനിക്ക് ഇഷ്ടപ്പെടുന്നത് അയൽവാസിക്കും ഇഷ്ട്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാർഥ വിശ്വാസിയാവുകയില്ലെന്ന് പ്രസ്താവിച്ചു. 

അയൽവാസി രോഗിയായാൽ സന്ദർശിക്കാനും അവന് വേണ്ട സൗകര്യങ്ങളെല്ലാം ഏർപ്പെടുത്താനും തിരുദൂതർ ഓർമപ്പെടുത്തി. അവർക്ക് ശുദ്ധവായു തടയുന്ന രൂപത്തിൽ മതിൽ കെട്ടി മറക്കരുതെന്ന് കൽപ്പിച്ചു. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൽ പോലും അവർക്ക് പങ്കുണ്ടെന്നാണ് തിരുവചനം. കറിയിൽ അൽപ്പം വെള്ളം നീട്ടി ഒഴിക്കാനും വിശേഷ ഭക്ഷണം പാകം ചെയ്യുമ്പോൾ അയൽവാസിക്ക് കൊടുക്കാൻ കഴിയില്ലെങ്കിൽ അതിന്റെ ഗന്ധം അവിടെ എത്താത്ത വിധം പാകം ചെയ്യാനും കൽപ്പിച്ചു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന പ്രവാചക വാക്യം അർഥപൂർണമാകുന്നത് ഇവിടെയാണ്. ഒരു വ്യക്തി തിരു സവിധത്തിൽ വന്ന് ചോദിച്ചു : എന്റെ നന്മയുടെ അളവുകോൽ എന്താണ്? നബി തങ്ങൾ പറഞ്ഞു : നീ നന്മ ചെയ്തുവെന്ന് നിന്റെ അയൽവാസി പറയുന്നത് കേട്ടാൽ നീ നന്മ ചെയ്തിരിക്കുന്നു. നീ തിന്മ ചെയ്തു എന്ന് പറയുന്നത് കേട്ടാൽ നീ തിന്മ ചെയ്തിരിക്കുന്നു. നമ്മുടെ നന്മ തിന്മയുടെ അളവുകോൽ പോലും അയൽവാസിയുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. ഒരു വിശ്വാസിയുടെ സ്വർഗ പ്രവേശനവും നരക പ്രവേശനവുമെല്ലാം അയൽവാസിയുമായികൂടി ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകൻ പറഞ്ഞു; തന്റെ ഉപദ്രവത്തിൽ നിന്ന് അയൽവാസി സുരക്ഷിതരല്ലാത്തവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. 

വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ അയൽവാസികളോട് സമ്പർക്കം പുലർത്താൻ നമ്മെ ഉണർത്തി. അയൽവാസി ഇതര മതത്തിൽ പെട്ടവനാണെങ്കിലും അവനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ചു. 

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് വേണ്ടി വീട്ടിൽ ആടിനെ അറുത്തപ്പോൾ അയൽവാസിയായ ജൂതന് നൽകിയിരുന്നോ എന്ന് ആവർത്തിച്ചു ചോദിച്ചു. തിരു പരാമർശങ്ങളിലെവിടെയും അയൽവാസിയെ വിശ്വാസത്തോട് ചേർത്ത് ഉപമിച്ചതായി കാണാൻ കഴിയില്ല. അയൽവാസിക്കു ഗുണം ചെയ്യുന്നവന് അല്ലാഹുവിന്റെ അടുക്കൽ വലിയ പ്രതിഫലമുണ്ടെന്ന് ആഹ്വാനം ചെയ്തു. അതുവഴി അവരോടുള്ള കടമകൾ നിറവേറ്റാനും അവരെ ബഹുമാനിക്കാനും പഠിപ്പിച്ചു. അയൽവാസികളോട് ചെയ്യുന്ന തിന്മകൾ മറ്റുള്ളവരോട് ചെയ്യുന്നതിനേക്കാൾ ശിക്ഷയുള്ളതും ഗൗരവമുള്ളതാണെന്നും ഓർമപ്പെടുത്തി. അവരെ പരദൂഷണം പറയാനോ കളിയാക്കാനോ പാടില്ല. നാല് കാര്യങ്ങളാൽ മനുഷ്യന് ജീവിത സൗഭാഗ്യമുണ്ടെന്നും അതിലൊന്ന് നല്ലവനായ അയൽവാസി ഉണ്ടായിരിക്കലാണെന്നും പ്രവാചകൻ പറഞ്ഞതായി കാണാം. 

കുടുംബ ബന്ധം ചേർക്കുന്നതിന് സമാനമായോ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതായോ ആണ് അവരോടുള്ള സമീപനത്തെ അടയാളപ്പെടുത്തിയത് അത്രമേൽ കടപ്പാടുണ്ട് അയൽവാസികളോട്. നമ്മുടെ സാമൂഹിക ചുറ്റുവട്ടത്തിൽ ഏറെ പ്രാധാന്യത്തോടെ സമീപിക്കേണ്ടവരാണവർ. തിരു പാഠങ്ങളെ അയൽപ്പക്ക ബന്ധത്തിന് നമുക്ക് മാതൃകയാക്കാം. 


صلي الله علي محمد .صلي الله عليه وسلم

No comments: