17 November 2018

മുത്തു നബിയോടൊപ്പം

മുത്തുനബിയുടെ നിയോഗവും അവിടത്തെ ജീവിതവും ദർശനവും ഭൂമിശാസ്ത്ര അതിരുകൾക്കധീതമായി ഗോത്രമോ, രാഷ്ട്രമോ കുടുംബമോ ഭാഷയോ എന്തുമാകട്ടെ എല്ലാവര്ക്കും വേണ്ടിയുള്ള വിമോചനത്തിന്റെ മഹായാനമാണ്. ഈ പ്രവാചകനെ കുറിച്ച് കൂടുതൽ പഠിക്കാൻ, അവിടത്തെ ജീവിതം അടുത്തറിയാൻ താങ്കൾ ശ്രമിച്ചാൽ പ്രഗത്ഭനായ ചിന്തകൻ ലാമാർട്ടീൻ പറഞ്ഞത് താങ്കളും ഏറ്റു പറയും "ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍ ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൌതികാധികാരങ്ങളെക്കാള്‍ കൂടുതലൊന്നുമല്ല. ഈ മനുഷ്യനാകട്ടെ സൈന്യങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച് കോടിക്കണക്കിന് ജനങ്ങളെക്കൂടിയാണ് ചലിപ്പിച്ചത്.

സര്‍വോപരി ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും എല്ലാ വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരു ആത്മീയദേശീയത അദ്ദേഹം സൃഷ്ടിച്ചു. ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്,യുക്തിസിദ്ധാങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടുകൂടിയവന്‍, ഇരുപത് ഭൂപ്രദേശ സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ചു നോക്കിയാല്‍ നമുക്കു ചോദിക്കാം, അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കലുമുണ്ടോ?"

മനുഷ്യ സമൂഹത്തിന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള സമ്പൂർണ്ണ ജീവിത പദ്ധതിയാണ് മുഹമ്മദ്‌ നബി ﷺ ലോകത്തിനു സമർപ്പിച്ചത്. 

പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരൻ തോമസ് കാർലൈൽ (1795 - 1881) അദ്ദേഹത്തിന്റെ 'ഓൺ ഹീറോസ് ആൻഡ് ഹീറോ വർഷിപ്പ്' എന്ന പുസ്തകത്തിൽ മുത്തു നബിയെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഏതാനും വരികൾ "അറബി ദേശത്തിനു അത് ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുള്ള പിറവിയായിരുന്നു. അത് മൂലമാണ് അറേബ്യ സജീവമാകുന്നത്. പ്രപഞ്ച സൃഷ്ടി മുതൽ അതിന്റെ മരുഭൂക്കളിൽ ആരുമറിയാതെ അലഞ്ഞു നടന്ന ദരിദ്രരായ ഇടയൻമാർ, അവർക്കിടയിലേക്ക് അവർക്ക് വിശ്വസിക്കാവുന്ന വചനവുമായി ഒരു പ്രവാചക നായകൻ അയക്കപ്പെട്ടു. ശ്രദ്ധിക്കപ്പെടാതിരുന്നത് ആഗോള ശ്രദ്ധ നേടുന്നു. ചെറുതായിരുന്നത് ലോകത്തോളം വലുതാകുന്നു. തുടർന്ന് ഒരു നൂറ്റാണ്ടു കൊണ്ട് അറേബ്യ ഇങ്ങു ഗ്രാനഡ വരെയും അങ്ങ് ഡൽഹി വരെയും എത്തി. ധീരതയിലും പ്രതാപത്തിലും പ്രതിഭയുടെ ശോഭയിലും വിളങ്ങിക്കൊണ്ട് ഇസ്‌ലാം ലോകത്തിന്റെ വലിയ ഭാഗത്തു ജ്വലിച്ചു നിൽക്കുന്നു. ഈ വിശ്വാസം മഹത്തരം തന്നെ. ജീവദായകമാണത്. അത് വിശ്വസിക്കുന്നതോടെ ഒരു ദേശത്തിന്റെ ചരിത്രം സഫലമാകുന്നു. 

ഇരുണ്ട്, അഗണ്യമായ വെറും മണലുപോലുള്ള ഒരു ലോകത്ത് മഹത്തായ ഈ വിശ്വാസത്തിന്റെ ഒരൊറ്റ തീപ്പൊരി വീണ പോലെ; പക്ഷെ ആശ്ചര്യം ആ മണൽ പൊട്ടിത്തെറിക്കുന്ന വെടിമരുന്നായി, ഡൽഹി മുതൽ ഗ്രാനഡ വരെ വാനോളം കത്തിപ്പടരുന്നു, ഇരുട്ടിനെ മറികടക്കാനുള്ള പ്രകാശമായി. ഞാൻ പറഞ്ഞല്ലോ, മഹാത്മാവ്, എക്കാലത്തും മാനത്തു നിന്നും വരുന്ന മിന്നൽ പോലെയാണ്. മറ്റുള്ളവരെല്ലാം ഇന്ധനം തീയിനെയെന്നവണ്ണം മുഹമ്മദിനെ കാത്തിരുന്നു. അവർക്കും ജ്വാലയായി പടരാൻ വേണ്ടി"

മുത്തു നബി ﷺ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചു ഗുരു നിത്യ ചൈതന്യ യതി പറയുന്നു "മുഹമ്മദ്‌ മുസ്തഫാ റസൂൽ കരീം (സ:അ) മലയാളികളുടെ മനസ്സിൽ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ്‌ നബിയായിട്ടാണ്. എന്നാൽ, ഞാൻ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഇരുന്നു കൊണ്ട് പ്രവാചകനുമായി സംവദിക്കുമ്പോൾ സംബോധന ചെയ്യാറുള്ളത് സ്നേഹനിധിയായ മുത്തു നബി എന്നാണ്. മുത്തു നബിയിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള രണ്ടു സ്വാധീനങ്ങ ളുണ്ട്. ഒന്ന്, ഞാൻ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാതിരിക്കുക. അത് കൊണ്ട് ലോകത്തിൽ പകുതി ആളുകളെങ്കിലും എന്നെ കൈവെടിയുമെന്നു എനിക്കറിയാം. അത് ലോകവാഴ്‌വിൽ കഷ്ടതയുണ്ടാക്കുന്ന ഒരനുഭവമാണ്. അതിനെ ഞാൻ നേരിടുന്നത് എന്റെ കഷ്ടനഷ്ടങ്ങളിൽ നിർഭയമായ മുത്തു നബി കൂടി എനിക്കെപ്പോഴും കൂട്ടുണ്ട് എന്ന വിശ്വാസത്തെ ഉള്ളിന്റെയുള്ളിൽ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ചു വെക്കുകയാലാണ്. രണ്ട്, ഒരാൾക്ക് ന്യായമായി ലഭിക്കേണ്ട വിഭവത്തെ നീതിയില്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവർക്കത് എത്തിച്ചു കൊടുക്കാൻ എനിക്ക് നിവൃത്തിയുണ്ടെങ്കിൽ അതിൽ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുക എന്നത് നിലനിർത്താൻ മുത്തു നബി നൽകുന്ന ധർമ്മബോധമാണ്" (ദൈവം പ്രവാചകൻ പിന്നെ ഞാനും പുറം 11)

മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് അമേരിക്കക്കാരനായ മൈക്ക്ൾ എച്ഛ്. ഹാർട്ട് എഴുതിയ "The Hundred: A ranking of the most influential persons in History' എന്ന പുസ്തകം.

പ്രവാചകർ, മത സ്ഥാപകർ, തത്വചിന്തകർ, രാഷ്ട്രീയ നേതാക്കൾ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ, കവികൾ എന്നിവരിൽ ലോകത്തു ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരുടെ ജീവിതം പറയുന്ന പുസ്തകമാണിത്. മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചവരെ റാങ്കിംഗ് ക്രമത്തിലാണ് അദ്ദേഹം ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്. അതിൽ ഒന്നാം സ്ഥാനം നൽകിയിട്ടുള്ളത് മുഹമ്മദ്‌ നബിയെയാണ്. സർ ഐസക് ന്യൂട്ടൻ, യേശു ക്രിസ്തു, ശ്രീ ബുദ്ധൻ, കൺഫ്യൂഷിയസ് എന്നിവരാണ് രണ്ടു മുതൽ അഞ്ചാം സ്ഥാനം വരെയുള്ളത്. ഒമ്പതാം സ്ഥാനം കൊളംബസ്സിനും പത്താമത് ഐൻസ്റ്റെയിൻ, പതിനൊന്നാമൻ കാറൽ മാർക്സ്...... അമ്പത്തി ഒന്നാമനായി ഖലീഫ ഉമർ (റ) കൂടി ഈ പുസ്തകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

എന്ത് കൊണ്ടാണ് തന്റെ പുസ്തകത്തിൽ മുത്തു നബിക്ക് ഒന്നാം സ്ഥാനം നൽകിയതെന്നു മൈക്ക്ൾ എച്ഛ്. ഹാർട്ട് വിശദീകരിക്കുന്നുണ്ട് "ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ ഒന്നാമനും നായകനുമായി മുഹമ്മദിനെ തെരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനം ചില വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കാം. മറ്റു ചിലർ അതിനെ ചോദ്യം ചെയ്യാനും ഇടയുണ്ട്. എങ്കിലും മത കാര്യങ്ങളിലും ലൌകിക കാര്യങ്ങളിലും ഒരു പോലെ അങ്ങേയറ്റം വിജയിയായി ചരിത്രത്തിനു പരിചയമുള്ള ഒരേയൊരു വ്യക്തി മുഹമ്മദ്‌ മാത്രമാണ്"

മുത്തു നബിﷺ മാനവ സമൂഹത്തിൽ പരിവർത്തനം സാധ്യമാക്കിയ മഹാ പ്രവാചകനാണ്. ഒരു ജനതയുടെ സ്വെഭാവത്തെയും ജീവിതത്തെയും സമൂലമായി പരിവർത്തിപ്പിച്ച മഹാത്മാവ്. 

നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ഗ്രന്ഥത്തിലെഴുതി "അതേവരെ ചരിത്രത്തിൽ ഗണ്യമായ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരും അറേബ്യായിലെ മണൽകാടുകൾ ജന്മഗേഹമായിട്ടുള്ളവരുമായ ഒരു ജനതയുടെ ഈ ജൈത്ര യാത്ര ഏറ്റവും വിസ്മയകരമായിരിക്കുന്നു. തങ്ങളുടെ പ്രവാചകന്റെയും അദ്ദേഹം നൽകിയ മനുഷ്യ സാഹോദര്യമാകുന്ന സന്ദേശത്തിന്റെയും അദമ്യവും വിപ്ലവകരവുമായ സ്വെഭാവത്തിൽ നിന്നാവണം അവർക്ക് ഈ വമ്പിച്ച ചൈതന്യമത്രയും കിട്ടിയത്"

മുത്തു നബിയെ കുറിച്ചു മഹാത്മാ ഗാന്ധി 

"ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജിവിത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു… അക്കാലത്ത് ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മലയവും പ്രതിജ്ഞകളോടുള്ള സുദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ സ്വന്തം ദൌത്യത്തിലുമുള്ള പരമമായ വശ്വാസവുമായിരുന്നു. ഖഡ്ഗം ആയിരുന്നില്ല, എല്ലാറ്റിനെയും അവരുടെ മുമ്പിലേക്ക് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ അവരെ സഹായിച്ചതും"

"ഞാന്കാഫിറാണോ മുഅ്മിനാണോ
ദൈവത്തിനറിയാം
എന്നാല്മദീനയിലെ സുല്ത്താന്റെ ദാസനാണ് ഞാന്‍. 
മദീനയിലേക്ക് നടക്കൂ
അവിടുത്തെ ദര്ബാര്കാണൂ
ദൈവ ദൂതന്റെ സ്നേഹ സാമ്രാജ്യം കാണൂ"
(കവി മഹാരാജ് സര്കിഷന്പ്രസാദ് 1864-1940)

ബ്രിട്ടീഷ് കൗൺസിൽ ഓഫ് ചർച്ചസിലെ മെഥഡിസ്റ്റ് പാതിരിയും ബഹുവിശ്വാസ പ്രശ്നങ്ങളെ സംബന്ധിച്ച സമിതിയുടെ മുൻ സെക്രട്ടറിയുമായ കെന്നത്ത് ക്രാക്ക്നെൽ മുത്തു നബിയെ കുറിച്ച്.
"ഒരർത്ഥത്തിൽ യേശുവിനെ കുറിച്ചറിയുന്നതിലേറെ ഞങ്ങൾക്ക് മുഹമ്മദിനെ കുറിച്ചറിയാം. എക്കാലവും ജീവിച്ച അസാധാരണ മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം. അസാധാരണമായ വലിപ്പമുള്ള ഒരു മതപ്രതിഭയായിരുന്നു അദ്ദേഹം. മഹാനായ സേനാനായകനും രാഷ്ട്ര വിശാരദനും സ്ത്രീകളുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ അസാധാരണ മനുഷ്യനുമായിരുന്നു. സ്ത്രീകളെ സംരക്ഷിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്തു. ഗണനീയമായ ഒരു വ്യക്തി സാനിധ്യമായിരുന്നു അവിടുന്ന്. ഏറെ ശ്രേദ്ധേയനും ബഹുമാന്യനുമായ മനുഷ്യൻ"

കാത്തലിക് ഹെറാള്ഡിന്റെ ആദ്യത്തെ വനിതാ എഡിറ്റർ ഫ്രാൻസിസ് ഗുംലി, ബ്രിയാൻ റെഡ്ഹെഡ് എന്നിവർ ചേർന്നെഴുതിയ " പില്ലേഴ്സ് ഓഫ് ഇസ്ലാം" എന്ന പുസ്തകത്തിൽ നിന്നും 

صلي الله علي محمد .صلي الله عليه وسلم

No comments: