05 June 2017

നബി ﷺ സ്‌നേഹ ചുംബനം നല്‍കിയ കൈ

മാം സൈനുദ്ദീന്‍ മഖ്ദൂം (റ) ഫത്ഹുല്‍ മുഈനില്‍ ഇങ്ങനെ വിവരിക്കുന്നു: തൊഴിലുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് കൃഷിപ്പണിയും പിന്നെ കൈത്തൊഴിലുകളും ശേഷം കച്ചവടവുമാണ്. ജീവന്‍ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ് ഭക്ഷണം. കര്‍ഷകന്‍ ഈ മേഖലയിലാണ് അധ്വാനിക്കുന്നത് എന്നതിനാല്‍, ഈ തൊഴില്‍ ഏറ്റവും നല്ല ജോലിയാണ്. ഉയര്‍ന്ന ശമ്പളം പറ്റുന്ന മറ്റനേകം തൊഴിലുകളുണ്ടെങ്കിലും അവരെല്ലാം കര്‍ഷകന്റെ വിയര്‍പ്പ് കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്നോര്‍ക്കണം. ഇസ്‌ലാമിക ദൃഷ്ട്യാ കൃഷിപ്പണി ഒരു സത്കര്‍മം കൂടിയാണ്. പരലോകത്ത് പ്രതിഫലമാണ് ഈ തൊഴിലാളിക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്. നബിﷺ  പറഞ്ഞു: ‘ഒരു മുസ്‌ലിമായ മനുഷ്യന്‍ വല്ല നടീല്‍ വസ്തുവും കുഴിച്ചിടുകയോ വല്ലതും കൃഷി ചെയ്യുകയോ ചെയ്താല്‍ അതില്‍ നിന്ന് ഭക്ഷിക്കപ്പെടുന്നത് അവന് ദാനധര്‍മമായി പരിഗണിക്കപ്പെടും. വന്യജീവികള്‍ തിന്നുന്നത് പോലും. പക്ഷികള്‍ ഭക്ഷിക്കുന്നതും അവന് സ്വദഖയായി സ്വീകരിക്കപ്പെടും.'(മുസ്‌ലിം)
നാം കുഴിച്ചിട്ട ഒരു മരത്തില്‍ ഒരു പക്ഷി വന്നു കൂട്കൂട്ടിയാലും അതിന്റെ തണലില്‍ ആരെങ്കിലും ഇരുന്നു വിശ്രമിച്ചാലും അതിലുണ്ടായ ഒരു ഫലം ഏത് ജീവി ഭക്ഷിച്ചാലും ആ മരത്തടി ഒരു നല്ല കാര്യത്തിന് ഉപയോഗിച്ചാല്‍ അതും പുണ്യകര്‍മമായി.

ഭക്ഷണം മാത്രമല്ല, നമ്മുടെ ജീവവായു പോലും മരങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇതിന് പുറമെ ഔഷധങ്ങളിലധികവും സസ്യങ്ങളിലൂടെയാണ് ലഭിക്കുന്നത്. മഴ പെയ്യാനും മണ്ണൊലിപ്പ് തടയാനും വെള്ളത്തെ മണ്ണിലേക്ക് ഇറക്കാനുമൊക്കെ മരങ്ങള്‍ സഹായിക്കുന്നു. ഇതുകൊണ്ടാകണം പ്രവാചകര്‍ പറഞ്ഞു: ‘ഒരാള്‍ മരം നടാനിറങ്ങിയപ്പോള്‍ അന്ത്യനാള്‍ വന്നു എന്നറിഞ്ഞാല്‍ പോലും അത് കുഴിച്ചിടാതെ തിരിച്ചു പോരരുത്. (അഹ്മദ്)
ഭൂമിയെ തരിശാക്കിയിടുന്നതിനെ നബിﷺ ശക്തമായി എതിര്‍ത്തിരുന്നു. ഭൂമിയുണ്ടായിട്ടും കൃഷി ചെയ്യാത്തവന്‍ ആ ഭുമി താത്പര്യമുള്ളവര്‍ക്ക് വാടക വാങ്ങാതെ തന്നെ കൃഷി ചെയ്യാന്‍ നല്‍കട്ടെ (മുസ്‌ലിം) എന്നാണ് നബിﷺ  നിര്‍ദേശിച്ചത്. വാടക വാങ്ങുന്നതിന് വിരോധമൊന്നുമില്ല.

മദീനയിലെ മുഖ്യതൊഴില്‍ കൃഷിയായിരുന്നു. അവര്‍ക്ക് നബിﷺ നല്ല പ്രോത്സാഹനം നല്‍കി. ഒരിക്കല്‍ മദീനയിലെ ഒരു തെരുവില്‍ വെച്ച് സഅദുബ്‌നു മുക്താറിനെ നബിﷺ കണ്ടുമുട്ടി. സലാം പറഞ്ഞു കൈ പിടിച്ചപ്പോള്‍ ശക്തമായ തയമ്പുകള്‍. നബിﷺ ചോദിച്ചു, എന്താണ് സഅദേ, ഈ കൈകളില്‍ ഇത്ര പാരുഷ്യം? സഅദ്(റ) പറഞ്ഞു: റസൂലേ, എന്റെ ആശ്രിതര്‍ക്ക് അന്നം കണ്ടെത്തുന്നതിന് വേണ്ടി പിക്കാസും കൈക്കോട്ടുമെടുത്ത് കിളച്ചപ്പോള്‍ രൂപപ്പെട്ട തഴമ്പുകളാണ്.

ആ കൈ ചുണ്ടോടടുപ്പിച്ച് കൊണ്ട് പ്രാവചകന്‍ സഅദിന്റെ കൈയില്‍ സ്‌നേഹചുംബനമര്‍പ്പിച്ചു. ഇത് ലോകത്തെ എല്ലാ കര്‍ഷകര്‍ക്കുമുള്ള ആദരവായിരുന്നു. പ്രവാചക സ്‌നേഹികള്‍ കൃഷിപ്രേമികളാകണം. ഏത് മേഖലയിലായാലും നമ്മുടെ വീട്ടിലേക്കാവശ്യമായ വിഷമില്ലാത്ത പച്ചക്കറികളെങ്കിലും വീട്ടുവളപ്പില്‍ ഉത്പാദിപ്പിച്ച് നബിചര്യ പിന്തുടരാം. ഒപ്പം വ്യായാമത്തിനായി ‘വെറുതെ നടക്കുന്നത്’ ഒഴിവാക്കുകയും ചെയ്യാം.

صلي الله علي محمد .صلي الله عليه وسلم