17 November 2018

ക്ഷമ കൈക്കൊള്ളുക

വിശ്വാസിക്കുണ്ടാകേണ്ട ഉത്തമ ഗുണങ്ങളിൽ പ്രധാനമാണ് ക്ഷമ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ മനുഷ്യർക്കും ക്ഷമ അനിവാര്യമാണ്. വിശ്വാസിയാകുമ്പോൾ അതവന്റെ ഏറ്റവും വലിയ സ്വഭാവ സവിശേഷതയായി വളരുകയും ചെയ്യുന്നു. മുത്ത് നബി ﷺ പറഞ്ഞു 'വിസ്മയം തന്നെ വിശ്വാസിയുടെ കാര്യം. ഏത് കാര്യവും അവന് നന്മയാണ്. വിശ്വാസിക്കല്ലാതെ ഒരാൾക്കും അങ്ങനെയാവുകയുമില്ല. സന്തോഷം വന്നെത്തിയാൽ അവൻ അള്ളാഹുവിന് നന്ദി ചെയ്യും. അതവന് നന്മ. സന്താപം വന്നെത്തിയാൽ ക്ഷമിക്കും. അതും അവന് നന്മ' (മുസ്ലിം). 

ഓരോ മനുഷ്യനും ഓരോ രാജ്യത്തിനും വിജയം നേടിയെടുക്കണമെങ്കിൽ ക്ഷമ അത്യാവശ്യമാണ്. ക്ഷമയില്ലാത്തവന് മുന്നോട്ടുപോകാൻ കഴിയില്ല. വളരാനും കഴിയില്ല. പരിശ്രമത്താൽ ക്ഷമാപൂർവം മുന്നേറുന്നവനാണ് വിജയിക്കുകയുള്ളൂ. നാം ഇടപെടുന്ന ജീവിതത്തിന്റെ മുഴുവൻ നൈരന്തര്യങ്ങളിലും ക്ഷമ അത്യാവശ്യമാണ്. ക്ഷമയുടെ ഒരു വിത്തും പാഴാകുന്നതല്ല. വിട്ടുവീഴ്ച ചെയ്യാനും പൊറുക്കാനുമുള്ള താൽപര്യത്തിലേക്ക് സ്വയം സമർപണം ചെയ്തവന് മാത്രമേ ക്ഷമാശീലനാകാൻ കഴിയൂ. അവനു അല്ലാഹുവിന്റെ സഹായം ഉറപ്പുമാണ്. മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു 'ഒരാൾ ക്ഷമ കൈക്കൊള്ളാൻ പരിശ്രമിച്ചാൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും (ബുഖാരി, മുസ്ലിം). വിശ്വാസിയുടെ ജീവിതത്തിലെ എപ്പോഴുമുള്ള സന്തത സഹചാരിയായി ക്ഷമ മാറണം. വീണ്ടുവിചാരമില്ലായ്മയും എടുത്തുചാട്ടവുമാണ് ക്ഷമയുടെ ശത്രുക്കൾ. ക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണുന്ന സ്വഭാവമുണ്ടായാൽ സുരക്ഷിതത്വവും ജീവിത മഹത്വവും ലഭിക്കും. എന്നാൽ എടുത്തു ചാടുന്ന സ്വഭാവക്കാരന് പരിക്കുകൾ മാത്രമേ ഉണ്ടാകൂ. ക്ഷമിക്കാനറിയാത്തവർക്ക് നഷ്ടങ്ങളുടെ കഥകൾ മാത്രമേയുണ്ടാകൂ. തിരുദൂതർ ﷺ പറഞ്ഞു: വിഷമസന്ധികളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ ഏറെ നന്മകളുണ്ട് (അഹ്മദ്). 'ശരീരത്തിനനിഷ്ട്ടമായ കാര്യങ്ങൾ കൊണ്ടാണ് സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നത്' എന്ന് തിരുനബിﷺ അരുളിയിട്ടുണ്ട്. അഥവാ, ശരീരേഛകളോട് പൊരുതി ക്ഷമയോടെ ജീവിച്ചാൽ മാത്രമേ സ്വർഗ പ്രവേശനം സാധ്യമാകൂ. ഉമർ (റ) പറയുന്നു: 'ഇസ്‌ലാമിന് ശേഷം ക്ഷമയെക്കാൾ വിശാലമായ ഒരനുഗ്രഹവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല'. 

വർണക്കടലാസുകൾ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങൾ നമുക്ക് ചുറ്റും തത്തിക്കളിക്കുകയാണ് ഒരു ഭാഗത്ത്. നാം അതിൽ വഞ്ചിതരാകാതിരിക്കുക, ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു. ഇവിടെ നാം വിതച്ചാൽ മാത്രം പോരാ, നമ്മുടെ വിളയെ നശിപ്പിക്കുന്ന കീടങ്ങളിൽ നിന്നും നാശകാരികളിൽ നിന്നും അതിനെ പരിരക്ഷിച്ചെങ്കിൽ മാത്രമേ നമ്മുടെ അധ്വാനത്തിന്റെ യഥാർത്ഥ കൂലി നമുക്ക് ലഭിക്കുകയുള്ളൂ, അതുകൊണ്ട് ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതിൽ അള്ളാഹുവിനോട് സദാ പ്രാർത്ഥിച്ച് കൊണ്ടിരിക്കുക, അല്ലാഹു പറയുന്നു, 'സഹനവും, നമസ്‌കാരവുംമൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്‌കാരം) ഭക്തന്മാരല്ലാത്തവർക്ക് വലിയ (പ്രയാസമുള്ള)കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവർ (ഭക്തന്മാർ)'. അൽബഖറ 45-46 

ക്ഷമ കൈകൊള്ളുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകുമെന്ന് വിശുദ്ധ ഖുർആനിൽ വാഗ്ദാനം നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: 'ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക' അൽബഖറ-155. 

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാൽ ഫലം കിട്ടുന്ന സമയത്താകണം. കോപം മുഖേന വന്നുചേരുന്ന എല്ലാ ദോഷങ്ങളും വന്നതിന് ശേഷം ക്ഷമിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. നമുക്ക് വരുന്ന പരീക്ഷണങ്ങളിലും വിഷമങ്ങളിലും പ്രയാസങ്ങളിലും അനുഗ്രഹങ്ങളിലും ദുഃഖങ്ങളിലും ക്ഷമായവലംഭിച്ചു അല്ലാഹുവിലേക്കടുക്കാൻ നമുക്കായാൽ നാം വിജയികളായിത്തീരും. അതിനാൽ ക്ഷമ കൈക്കൊള്ളുന്നനവരായി നാം മാറുക.

No comments: