17 November 2018

ശുദ്ധീകരണം

ശുദ്ധി, വിശ്വാസത്തിന്റെ പകുതിയാണെന്ന് മുത്ത് നബി ﷺ അരുൾ ചെയ്തിട്ടുണ്ട്. ഉള്ളും പുറവും ഒരുപോലെ എല്ലാ വിധ അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും മുക്തമാകേണ്ടതുണ്ട്. ശുദ്ധീകരണം കൃത്യമായി നടന്നില്ലെങ്കിൽ വിശ്വാസം തന്നെ ശൂന്യമായി തീരും. ശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് ഇമാം ഗസാലി () വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'ശുചിത്വത്തിന് നാലു തട്ടുകളുണ്ട്: ഒന്ന്, ബാഹ്യശരീരം അഴുക്കിൽനിന്ന് ശുദ്ധമാവുക. രണ്ട്, അവയവങ്ങൾ പാപങ്ങളിൽനിന്ന് ശുദ്ധമാവുക. മൂന്ന്, മനസ്സ് ദുസ്വഭാവങ്ങളിൽനിന്ന് ശുദ്ധമാവുക. നാല്, രഹസ്യജീവിതം അല്ലാഹു അല്ലാത്തവരിൽനിന്ന് ശുദ്ധമാവുക. അവസാനം പറഞ്ഞത്, പ്രവാചകന്മാരുടെയും സ്വിദ്ദീഖുകളുടെയും പദവി. താഴത്തെ പടി കടന്നാലേ മുകളിലെത്തെ പദവികളിലെത്തുകയുള്ളു. രഹസ്യജീവിതത്തിന്റെ ശുചിത്വത്തിനു മുമ്പ് മനസിന്റെ ശുചിത്വം വേണം. മാനസിക ശുചിത്വത്തിന് ബാഹ്യാവയവങ്ങൾ പാപങ്ങളിൽനിന്ന് ശുദ്ധമായിരിക്കണം. ലക്ഷ്യം വലുതാകുമ്പോൾ അതിലേക്കുള്ള മാർഗവും പ്രയാസകരമായിരിക്കും. അതിനാലത് എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. ശുചിത്വമെന്നാൽ ബാഹ്യശുചിത്വം മാത്രമാണെന്ന് ചിലർ ധരിക്കും. അതാകട്ടെ വെറും പുറന്തോട് മാത്രമാണ്. പ്രധാനഭാഗം അകത്താണ്. അതവർക്ക് കാര്യമല്ല. സമയം മുഴുവൻ ബാഹ്യാവയവങ്ങൾ വൃത്തിയാക്കുന്നതിലാണ് അവരുടെ ശ്രദ്ധഎന്നാൽ മുൻഗാമികൾ മനസിന്റെ ശുചിത്വത്തിനാണ് പ്രാധാന്യംനൽകിയത്. ഉമർ () ക്രിസ്ത്യാനികളുടെ പാത്രത്തിൽ വുളൂ ചെയ്തിട്ടുണ്ട്. മുൻഗാമികൾ പള്ളിയിൽ വെറും തറയിൽ നമസ്കരിച്ചിട്ടുണ്ട്. അവർ പ്രധാനമായും ആന്തരിക ശുദ്ധിയിലാണ് ശ്രദ്ധിച്ചത്. പിന്നീട് ഒരു കൂട്ടർ വന്നു. അവർ ശരീരഭാഗങ്ങൾ അലങ്കരിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. മണവാട്ടിക്ക് കേശാലങ്കാരം നൽകുന്നതുപോലെയാണത്.' (ഇഹ്യാ ഉലൂമിദ്ദീൻ).


പുറം എത്ര മോഡി പിടിപ്പിച്ചാലും അകം പൊള്ളയായാൽ തുലഞ്ഞത് തന്നെ. അകവും പുറവും ഒരുപോലെ സർവ മാലിന്യങ്ങളിൽ നിന്നും മോചിപ്പിക്കാൻ നാം സദാ പരിശ്രമിച്ചു കൊണ്ടിരിക്കണം
സച്ചരിതരായ മുൻഗാമികൾ എത്രമാത്രം സൂക്ഷ്മതയോടെയാണ് ജീവിതത്തെ ശുദ്ധീകരിച്ചിരുന്നത്. ഇമാം ഹസനുൽ ബസരി()യുടെ ഒരു ചരിത്രം നോക്കൂ. ഇമാം ഹസനുൽബസ്വരി () ഒരിക്കൽ ആമിർ ഇബ്നു അബ്ദുല്ല എന്നവരെ കാണാനായി അദ്ദേഹത്തിന്റെ ഖാഫിലയിലെത്തി. രാത്രി ഭക്ഷണം കഴിച്ച് അവർ ഒരുമിച്ചുറങ്ങി. പുലരിക്കു മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിച്ചശേഷം ഹസനുൽബസ്വരി () ഇങ്ങനെ പ്രാർഥിക്കുന്നത് ആമിർ കേട്ടു: 'അല്ലാഹുവേ, നിന്നോട് ഞാൻ മൂന്ന് കാര്യങ്ങൾ ചോദിച്ചു. രണ്ടെണ്ണം നീ എനിക്ക് നൽകി. പക്ഷേ, ഒന്ന് നീ തടഞ്ഞുവെച്ചു.' എന്താണീ മൂന്നു കാര്യങ്ങൾ എന്ന് പകലിൽ ആമിറുബ്നു അബ്ദില്ല ഹസനുൽ ബസ്വരിയോട് ചോദിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'എന്റെ തഖ്വയെ തകർക്കുന്ന ഏറ്റവും വലിയ അപകടമായി എനിക്കനുഭവപ്പെട്ടത് സ്ത്രീകളോടുള്ള എന്റെ പ്രിയമാണ്. അതിനാൽ പ്രിയം ഇല്ലാതാക്കാൻ ഞാൻ അല്ലാഹുവോട് പ്രാർഥിച്ചു. അവനത് സ്വീകരിച്ചു. രണ്ടാമത്തെ കാര്യം, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയക്കാത്ത ഹൃദയം നൽകാനായിരുന്നു. അവൻ എനിക്കതും നൽകി. ആരാധനകളിൽ മുഴുകി ജീവിതത്തെ ആത്മീയശോഭയുള്ളതാക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ഉറക്കം എനിക്കില്ലാതാക്കാൻ ഞാൻ അല്ലാഹുവോട് പ്രാർഥിച്ചു. പക്ഷേ അല്ലാഹു അത് സ്വീകരിച്ചില്ല.' ജീവിതം മുഴുവൻ ശുദ്ധീകരിക്കാൻ മഹാതാമാക്കാളൊക്കെ സ്വീകരിച്ച വഴികൾ നമുക്കും പാഠമാകേണ്ടതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

صلي الله علي محمد .صلي الله عليه وسلم

No comments: