17 November 2018

പാവപ്പെട്ടവർക്ക് തണലാകാൻ കഴിയുമോ നമുക്ക്?

ല്ലാഹുവിനെയും മുത്ത് നബിﷺയെയും സ്‌നേഹിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ സൃഷ്ടികളായ മുഴുവൻ ജീവജാലങ്ങളോടും കാരുണ്യത്തോടെയും സ്‌നേഹത്തോടെയും പെരുമാറുന്നവനായിത്തീരണം. അതാണ് വിശ്വാസിയുടെ അല്ലാഹുവിനോടും മുത്ത് നബിയോടുമുള്ള സ്‌നേഹവും സൃഷ്ടികളോടുള്ള സ്‌നേഹവും മുറിച്ചു മാറ്റാൻ പറ്റാത്ത വിധം പരസ്പര പൂരകമാണ് ഇസ്ലാമിൽ. അല്ലാഹുവിനെയും തിരുനബിയാരെയും സ്നേഹിക്കുമ്പോൾ ഉണ്ടാകുന്ന കാരുണ്യവും അലിവുമാണ് സൃഷ്ടികളിലേക്ക് പരന്നൊഴുകേണ്ടത്. താൻ അല്ലാഹുവെയും ഹബീബിനെയും സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു അവന്റെ സൃഷ്ടികളോട് പുറം തിരിഞ്ഞു നിൽക്കുന്നവർ കാപട്യത്തിൽ ശിരസ്സ് പൂഴ്ത്തിയവരായിരിക്കും. അല്ലാഹുവോടും ഹബീബിനോടും അടുക്കുംതോറും അവന്റെ സൃഷ്ടികളിലേക്കും വിശ്വാസി അടുത്തുകൊണ്ടിരിക്കും. തിരു നബി ﷺ പറഞ്ഞു 'സൃഷ്ടികൾ മുഴുവൻ അല്ലാഹുവിന്റെ കുടുംബമാണ്, അവന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹവിനു ഏറ്റവും പ്രിയപ്പെട്ടവർ' (ത്വബ്‌റാനി). 

അബൂഹുറൈറ(റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു തിരുവചനം; മുത്ത് നബി പറയുന്നു, 'അന്ത്യനാളിൽ തന്റെ മുന്നിൽ വരുന്ന അടിമയോട് അല്ലാഹു ചോദിക്കും; 'മനുഷ്യാ, ഞാൻ രോഗിയായപ്പോൾ എന്ത്‌കൊണ്ട് നീയെന്നെ സന്ദർശിച്ചില്ല?' മനുഷ്യൻ ചോദിക്കും 'അല്ലാഹുവെ, ഞാൻ നിന്നെ സന്ദർശിക്കുകയോ? നീ സർവലോകത്തിന്റെയും പരിപാലകനായിരിക്കെ?' അല്ലാഹു ഇങ്ങനെ മറുപടി കൊടുക്കും; മനുഷ്യാ, എന്റെ ഇന്നാലിന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? എന്നിട്ട് എന്തുകൊണ്ട് നീ അവനെ സന്ദർശിച്ചില്ല? അവനെ നീ സന്ദർശിച്ചിരുന്നെങ്കിൽ തീർച്ചയായും അവന്റെ അടുത്ത് എന്നെ നിനക്ക് കാണാമായിരുന്നു'. വീണ്ടും അല്ലാഹു ആ മനുഷ്യനോട് ചോദിക്കും 'മനുഷ്യാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു; പക്ഷെ, നീ എനിക്കത് നിഷേധിച്ചു,' മനുഷ്യൻ പറയും 'എന്റെ നാഥാ, നിന്നെ ഞാൻ ഭക്ഷിപ്പിക്കുകയോ? നീ ലോക രക്ഷയിതാവിയിരിക്കെ?' അപ്പോൾ അല്ലാഹു പറയും 'അതെ. എന്റെ ഇന്നാലിന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു, അപ്പോൾ നീ അത് നൽകാൻ വിസമ്മതിച്ചു. അവനു നീ ഭക്ഷണം നൽകിയിരുന്നുവെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണാമായിരുന്നു' വീണ്ടും അല്ലാഹു അവനോട് ചോദിക്കും. 'മനുഷ്യാ, ഞാൻ നിന്നോട് വെള്ളം ചോദിച്ചു, പക്ഷെ നീയത് തന്നില്ല! 'മനുഷ്യൻ ചോദിക്കും' നാഥാ ഞാൻ നിനക്ക് വെള്ളം തരികയോ? നീ സർവതിന്റെയും രക്ഷിതാവായിരിക്കെ'! അല്ലാഹു പറയും 'അതെ, എന്റെ ഇന്നാലിന്ന ദാസൻ നിന്നോട് വെള്ളം ചോദിച്ചു, നീ അത് നൽകിയില്ല. അന്ന് അവനു നീ വെള്ളം നൽകിയിരുന്നുവെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണുമായിരുന്നല്ലോ' (മുസ്ലിം) 

സ്‌നേഹത്തിന്റെ വിവിധ ശാഖകളാണ് കാരുണ്യവും സഹാനുഭൂതിയുമൊക്കെ. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ആശ്വാസ വചനങ്ങളോതി പറഞ്ഞയക്കാനല്ല നബിതിരുമേനി ﷺ നമ്മെ പഠിപ്പിക്കുന്നത്. അവരനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും അവരെ രക്ഷിക്കാനും കഷ്ടപ്പാടുകൾ ദുരീകരിക്കാനുമാണ്. മുത്ത് നബി പറയുന്നു; 'ആരെങ്കിലും തന്റെ പ്രാർഥനകൾ സ്വീകരിക്കപ്പെടണമെന്നും പ്രയാസങ്ങൾ ദുരീകരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഞെരുക്കം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകട്ടെ' (അഹ്മദ്) 

പ്രയാസമനുഭവിക്കുന്നവരോടൊപ്പം ചേർന്ന് അവരുടെ പ്രയാസങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും മോചനത്തിനായി പ്രവർത്തിക്കുന്നവർക്ക് മഹത്തായ പ്രതിഫലമാണ് മുത്ത് നബി വാഗ്ദാനം ചെയ്യുന്നത്. സാന്ത്വനമായി, തണലായി കാരുണ്യത്തിന്റെ സാന്ത്വന കൈകൾ നീട്ടുന്നവർക്ക്, മുതുകുകൾ ചെരിച്ചു കൊടുക്കുന്നവർക്ക്, ചരിത്രത്തിൽ ഒരുപാട് മഹാത്മാക്കളുടെ ഒപ്പം സംഗമിക്കാൻ കഴിയും. ഇബ്‌നു ഉമർ (റ) പറയുന്നു; ഒരിക്കൽ ഒരാൾ പ്രവാചകരോട് ചോദിച്ചു, 'അല്ലാഹുവിന്റെ ദൂതരെ, ജനങ്ങളിൽ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവർ ആരാണ്? അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി എന്താണ്?' നബി തിരുമേനി (സ) പറഞ്ഞു 'അല്ലാഹുവിനു ഏറ്റവും പ്രിയപെട്ടവർ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാണ്. അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഒരു മുസ്‌ലിമിന് നീ വഴി ലഭിക്കുന്ന സന്തോഷമാണ്, അല്ലെങ്കിൽ അവന്റെ ഒരു പ്രയാസം നീക്കുകയോ കടം വീട്ടുകയോ ചെയ്യലാണ്; അതുമല്ലെങ്കിൽ അവന്റെ വിശപ്പ് മാറ്റലാണ്. നിശ്ചയം ഒരു സഹോദരന്റെ കൂടെ അവന്റെ ആവശ്യ പൂർത്തീകരണത്തിനായി സഞ്ചരിക്കൽ ഈ പള്ളിയിൽ - മസ്ജിദുന്നബവി - ഒരുമാസം മുഴുവൻ ഭജനമിരിക്കുന്നതിനേക്കാൾ (ഇഅ്തികാഫ്) എനിക്ക് പ്രിയങ്കരമാണ്. ഒരാൾ തന്റെ കോപത്തെ അടക്കി നിർത്തിയാൽ അല്ലാഹു അയാളുടെ ന്യൂനതകൾ മറച്ചുവെക്കും. ആശിച്ചത് നടപ്പാക്കാനുള്ള ശേഷിയുണ്ടായിട്ടും തന്റെ വിദ്വേഷം കടിച്ചമർത്തിയവന്റെ ഹൃദയത്തിൽ അന്ത്യനാളിൽ അല്ലാഹു പ്രതീക്ഷകൾ നിറക്കും. തന്റെ സഹോദരന്റെ കൂടെനടന്നു അവന്റെ ആവശ്യം നിറവേറ്റിക്കൊടുത്ത ആളുടെ പാദങ്ങൾ, എല്ലാ പാദങ്ങളും വഴുതിവീഴുന്ന നാളിൽ അല്ലാഹു ഉറപ്പിച്ചുനിർത്തും' (തിർമിദി) 

ഒരു വിശ്വാസി എങ്ങിനെയുള്ളവനായിരിക്കണം എന്ന വ്യക്തമായ ആവിഷ്‌കാരമാണ് മുകളിലെ വചനത്തിൽ നിന്നും നമുക്ക് ലഭിക്കുക. മദീന പള്ളിയിലെ മുപ്പതു ദിനരാത്രങ്ങളിലെ ഇഅ്തികാഫിനേക്കാൾ മുത്ത് നബിക്ക് ഏറെ പ്രിയങ്കരം ഒരു സഹോദരന്റെ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങി നടക്കുന്നവനെയാണ്. 

നമ്മൾ നമ്മോട് തന്നെ ചോദിക്കുക, തീരുമാനമെടുക്കാൻ അധിക സമയമാവശ്യമില്ലല്ലോ?

No comments: