24 September 2022

05. മുത്ത് നബിയെ ﷺ അറിയാം

    നി യാത്ര തുടരാൻ പ്രയാസമാണ്. എവിടെയെങ്കിലും ഒന്നു വിശ്രമിക്കണം. അങ്ങനെ അബവാഅ് എന്ന സ്ഥലത്ത് തമ്പടിച്ചു. മദീനയിൽ നിന്ന് മക്കയിലേക്കുള്ള വഴിയിൽ 273 കിലോമീറ്റർ അകലെയാണ് അബവാഅ്. രോഗം വീണ്ടും വീണ്ടും മൂർഛിച്ചു. ബീവി ആമിന (رضي الله عنها) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഗർഭകാലത്ത് പിതാവും ഇപ്പോഴിതാ ഉമ്മയും വിട്ടുപിരിഞ്ഞു. മുത്ത് നബിﷺ ആറാം വയസിൽ പൂർണ അനാഥത്വത്തിലായി.
അവസാന നിമിഷം ഉമ്മയും മകനും നടത്തിയ സംഭാഷണം ഏറെ ചിന്തനീയമായിരുന്നു: 'മോനെ,(ﷺ)ഞാൻ യാത്രയാവുകയാണ്. ഒരു പാട് നന്മകൾ അവശേഷിപ്പിച്ചാണ് ഞാൻ പോകുന്നത്. ഞാൻ കണ്ട സ്വപ്നങ്ങൾ പുലരും. അങ്ങനെയെങ്കിൽ മോൻ മനുഷ്യ കുലത്തിനാകെയുള്ള പ്രവാചകനാണ്. ചുടു ചുംബനങ്ങൾ നൽകി. മകനെ നല്ലപോലെ പരിചരിക്കണമെന്ന് പറഞ്ഞ് ബറകയെ ഏൽപിച്ചു. 

    ഏറെ ഭാഗ്യവതിയായ പരിചാരകയാണ് ബറക. ഉമ്മു ഐമൻ എന്നാണ് അറിയപ്പെടുന്നത്. മുത്ത് നബിﷺയെ ഏറ്റെടുക്കാൻ നിയോഗം ലഭിച്ച മഹതി. അവിടുത്ത ബാല്യവും കൗമാരവും യൗവ്വനവും നേരിട്ടു കണ്ടു. പ്രബോധനവും പലായനവും നേരിട്ടനുഭവിച്ചു. പ്രാഥമിക ഘട്ടത്തിൽ തന്നെ വിശ്വാസിനിയായി. പ്രവാചക സന്താനങ്ങളെയും ശേഷം പേരകുട്ടികളയും അവർ പരിചരിച്ചു.

    പലായന വേളയിൽ മഹതിക്ക് ലഭിച്ച അനുഗ്രഹം ഹദീസിൽ ഇങ്ങനെ കാണാം. മദീനയിലേക്കുള്ള യാത്രയിൽ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയി. കുടിവെള്ളമില്ലാതെ മരുഭൂമിയിൽ അലഞ്ഞു. അതാ ആകാശത്ത് നിന്നും ഒരു ബക്കറ്റ് അടുത്തേക്ക് വന്നു. ദാഹം ശമിക്കുവോളം കുടിച്ചു. പിന്നീട് ജീവിതത്തിൽ ഒരിക്കലും ദാഹിച്ചിട്ടില്ല. 

    പ്രവാചകരിൽ നിന്ന് നേരിട്ട് സ്വർഗ്ഗപ്രവേശത്തിന്റെ സുവിശേഷം ലഭിച്ചു. നബിയുടെ പരിചാരകൻ സൈദ് (رضي الله عنه) ന്റെ ഭാര്യാപദം അലങ്കരിച്ചു. മുത്ത് നബിക്ക് ഏറെ പ്രിയപ്പെട്ട ഉസാമയുടെ ഉമ്മയായി. ഇങ്ങനെ തുടരുന്നു മഹതിയുടെ വിശേഷങ്ങൾ. 

       ബീവി ആമിന(رضي اللّٰه عنها)യെ അബവാഇൽ മറമാടി. തപിക്കുന്ന ഹൃദയവും സ്നേഹ ബാഷ്പങ്ങളും സാക്ഷിയായി. ആറ് വയസ്സിൽ അനുഭവിച്ച വിരഹത്തിന്റെ വേദന മകനിൽ ആഴ്ന്നു നിന്നു. അറുപത് വയസ്സ് പിന്നിട്ടപ്പോൾ അനുയായികൾകൊപ്പം വന്നപ്പോഴും അത് പെയ്തിറങ്ങിയിരുന്നു.

    ബറകയും മകനും മക്കയിലേക്ക് യാത്ര തുടർന്നു. പിതാമഹൻ അബ്ദുൽ മുത്വലിബ് ഇതിനകം വിവരമറിഞ്ഞിരുന്നു. പ്രിയ പൗത്രനെ കാത്തു നിന്നു സ്വീകരിച്ചു. ഉപ്പയും ഉമ്മയും ഇല്ലാത്ത വേദന അറിയിക്കാതെ പോറ്റാൻ തീരുമാനിച്ചു. സദാ സമയവും ഒപ്പം കൊണ്ടു നടന്നു. ഓരോ നിമിഷവും പൗത്രനിലെ അസാധാരണത്വത്തെ തിരിച്ചറിഞ്ഞു. അത് മറ്റുള്ളവരോട് പങ്കു വെച്ചു. ചർച്ചാ വേദികളിൽ അഭിപ്രായമാരാഞ്ഞു. പറയുന്ന അഭിപ്രായങ്ങളിൽ അഭിമാനിച്ചു. ഒപ്പമിരുത്തിയേ ഭക്ഷണം കഴിക്കൂ. മക്കളും പേരമക്കളും എല്ലാവരും എത്തിയാലും മുഹമ്മദ് ﷺ മോനില്ലെങ്കിൽ സമാധാനമാവില്ല. ഇടക്കിടെ ഉമ്മു ഐമനെ വിളിക്കും എന്നിട്ടിങ്ങനെ പറയും. "ഉമ്മു ഐമൻ! എന്റെ മോനെ ശ്രദ്ധിക്കാതിരിക്കല്ലെ! കുട്ടികൾകൊപ്പം സിദ്റ മരത്തിനരികെ മോൻ നിൽക്കുന്നത് ഞാൻ കണ്ടു". അക്ഷരാർത്ഥത്തിൽ സ്നേഹം കൊണ്ട് വല്യുപ്പ മകനെ വീർപ്പ് മുട്ടിച്ചു. ആ തണലിന്റെ തളിര് മുത്ത് നബിയുംﷺ നന്നായി ആസ്വദിച്ചു.

അങ്ങനെ നാളുകൾ നടന്നു നീങ്ങി.....

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-5)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

No comments: