24 September 2022

06. മുത്ത് നബിയെ ﷺ അറിയാം

    ബ്ദുൽ മുത്വലിബ് മക്കയിലെ പൗരപ്രമുഖരുടെ നേതാവായിരുന്നു. അന്യദേശങ്ങളിൽ നിന്നു വരെ അദ്ദേഹത്തെ കാണാൻ അഥിതികൾ വന്നിരുന്നു. കൂട്ടത്തിൽ പുരോഹിതന്മാരും വേദജ്ഞാനികളും ഉണ്ടാകും. അവർ പലപ്പോഴും തന്റെ പേരക്കുട്ടിയെ സവിശേഷമായി നിരീക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് അവർ അന്ത്യ പ്രവാചകനെ കുറിച്ച്പറയും. മുഹമ്മദിﷺൽ കണ്ട ലക്ഷണങ്ങൾ വിവരിക്കും. അപ്പോഴെല്ലാം അഭിമാനത്തോടെ മകനെ ചേർത്തു പിടിക്കും. 

    ഒരിക്കൽ നജ്റാനിൽ നിന്ന് ഒരു സംഘം വന്നു. വേദക്കാരായിരുന്നു അവർ. കൂട്ടത്തിലെ പുരോഹിതന്മാർ മക്കയുടെ നേതാവുമായി ഏറെ നേരം സംസാരിച്ചു. ഇനി ഉദയം ചെയ്യാനുള്ള പ്രവാചകനെ കുറിച്ച് പ്രത്യേകം പരാമർശിച്ചു. ഇസ്മായിൽ നബിയുടെ عليه السّلام ജനിക്കുക. വേദത്തിൽ പറഞ്ഞ പ്രകാരം നിയോഗത്തിൻറെ സമയം ആഗതമായിക്കഴിഞ്ഞു. പെട്ടെന്ന് മുഹമ്മദ് മോൻ ﷺ അവിടേക്ക് കടന്നു വന്നു. പുരോഹിതന്മാരുടെ ശ്രദ്ധ കുട്ടിയിലേക്കായി. അടിമുടി അവർ നിരീക്ഷിച്ചു. ചുമലും പാദങ്ങളും കൺ തടങ്ങളും പ്രത്യേകം പരിശോധിച്ചു. ഉടനെ അവർ ഉറക്കെവിളിച്ചു പറഞ്ഞു. "ഇതാണാ വ്യക്തി" തുടർന്നു ചോദിച്ചു. താങ്കൾ ഈ കുട്ടിയുടെ ആരാണ്? ഇത് എന്റെ പുത്രനാണ്. അബ്ദുൽ മുത്വലിബ് പ്രതികരിച്ചു. നിങ്ങൾ ഈ കുട്ടിയുടെ പിതാവോ? അങ്ങനെയാകാൻ സാധ്യതയില്ല. ഉടനെ കൃത്യപ്പെടുത്തി. ഇതെൻ്റെ മകൻ്റെ മകനാണ്. ശരി അത് സത്യമാണ്. അവർ സമ്മതിച്ചു. ഈ മകനെ ശ്രദ്ധയോടെ പരിപാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു. അബ്ദുൽ മുത്വലിബ് തന്റെ മക്കളെയെല്ലാം വിളിച്ചു വരുത്തി. പുരോഹിതന്മാർ പറഞ്ഞ കാര്യം വിശദീകരിച്ചു. 'ശേഷം ഇങ്ങനെ പറഞ്ഞു. "നിങ്ങൾ ഈ മോനെ പ്രത്യേകം സംരക്ഷിക്കണം. എപ്പോഴും ശ്രദ്ധയിൽ വേണം". 

    മറ്റൊരു ദിവസം, മുഹമ്മദ് ﷺ കുട്ടികൾക്കൊപ്പം വിനോദത്തിലായിരുന്നു. ബനൂ മുദ് ലജ് ഗോത്രത്തിലെ ചിലജ്ഞാനികൾ മുഹമ്മദ്‌ ﷺ യെ നിരീക്ഷിക്കാൻ വന്നു. കുറേ കഴിഞ്ഞപ്പോൾ അവർ അടുത്തേക്ക് വിളിച്ചു. കാൽപാദവും വിരലടയാളവും സസൂക്ഷ്മം വിലയിരുത്തി. ശേഷം പിതാമഹനോട് പറഞ്ഞു. ഈ കുട്ടിയെ നിങ്ങൾ നന്നായി ശ്രദ്ധിക്കണം. ഇബ്രാഹീം നബിയുടെ (عليه السلام) പാദമുദ്രയോട് ഏറെ സാമ്യമുള്ളതാണ് ഈ കുട്ടിയുടേത്. 

    നിരന്തരമായ സുവിശേഷങ്ങൾക്ക് പിതാമഹൻ സാക്ഷിയായി. ഖുറൈശി പ്രമുഖർക്ക് യമനിലെ രാജാവ് സൽക്കാരമൊരുക്കി. രാജസൽകാരത്തിനുശേഷം രാജാവ് അബ്‌ദുൽ മുത്വലിബിനെ സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചു. പ്രതീക്ഷിക്കുന്ന പ്രവാചകന്റെ പിതാമഹനെന്ന നിലയിൽ ആദരിച്ചു. സയ്ഫ് ബിൻ സീയസൻ ആയിരുന്നു രാജാവ്. 

    പൗത്രന്റെ പദവികൾ പിതാമഹൻ തിരിച്ചറിഞ്ഞു. ആദരവും വാത്സല്യവും ആവോളം നൽകി. അങ്ങനെയിരിക്കെ മക്കയിൽ ഒരു വരൾച്ചക്കാലം. വറുതിയും വരൾച്ചയും മക്കാനിവാസികളെ ആകുലപ്പെടുത്തി. അവർ മഴക്ക് വേണ്ടിയുളള പ്രാർത്ഥനകൾ നടത്തി. പക്ഷേ ഫലം കണ്ടില്ല. ആ നാളുകളിൽ റുഖൈഖ എന്ന മഹതി ഒരു സ്വപ്നം കണ്ടു. അന്ത്യ പ്രവാചകൻ മക്കയിൽ ഉദയം ചെയ്തു കഴിഞ്ഞു. പ്രവാചകന്റെയും രക്ഷകർത്താവിന്റെയും ആകാരവും വിശേഷണങ്ങളും പറയപ്പെട്ടു. അദ്ദേഹത്തിനൊപ്പം പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ക്രമവും രീതിയുമെല്ലാം സ്വപ്നത്തിൽ തന്നെ ലഭിച്ചു. രാവിലെയായപ്പോഴേക്കും റുഖെഖ പരിഭ്രമചിത്തയായി. 

ഏതായാലും സ്വപ്നം വിളംബരം ചെയ്തു.

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-6)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

No comments: