24 September 2022

07. മുത്ത് നബിയെ ﷺ അറിയാം

    റുഖൈഖയുടെ സ്വപ്നം മക്കക്കാർ കാതോർത്തു. സ്വപ്നത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെയായിരുന്നു. ഞാൻ ഒരശരീരി കേൾക്കുന്നു. ആരോ ഒരാൾവിളിച്ചു പറയുന്നു. അല്ലയോ ഖുറൈശികളെ! ഇനി നിയോഗിക്കപ്പെടാനുള്ള പ്രവാചകൻ നിങ്ങളോടൊപ്പമുണ്ട്. ആഗമന സമയം വളരെ അടുത്ത് കഴിഞ്ഞു. നിങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും ആസന്നമായിരിക്കുന്നു. നിങ്ങളിൽ സമുന്നതനും ദീർഘകായനുമായ ഒരു വ്യക്തിയുണ്ട്. വെളുത്ത ശരീരമുള്ള സുന്ദരനാണ്. കൺമിഴികൾ നീണ്ട് ലോല ശരീരമുള്ള മനുഷ്യൻ. ഉയർന്നു നീണ്ട നാസികയും തടിച്ച കവിൾ തടങ്ങളുമാണദ്ദേഹത്തിന്റേത്. അദ്ദേഹവും മക്കളും പേരക്കുട്ടികളും അണി നിരക്കട്ടെ. മക്കയിലെ ഗോത്രങ്ങളിൽ നിന്നെല്ലാം ഓരോ പ്രതിനിധികളും ഒപ്പം നിൽക്കട്ടെ. എല്ലാവരും അംഗസ്നാനം ചെയ്ത് സുഗന്ധമുപയോഗിച്ച ശേഷം കഅബാലയത്തിന്റെ കോർണറിൽ സംഗമിക്കണം. സവിനയം ചുംബനം നൽകിയ ശേഷം ഏഴുതവണ കഅബയെ പ്രദക്ഷിണം ചെയ്യണം. ശേഷം എല്ലാവരും ചേർന്ന് 'അബൂ ഖുബൈസ്' പർവ്വതത്തിലേറി പ്രാർത്ഥിക്കണം. നേതാവിന് ചുറ്റും എല്ലാവരും ഒത്തു കൂടണം. കൂട്ടത്തിലുള്ള വിശുദ്ധ വ്യക്തിയെ മുന്നിൽ നിർത്തി പ്രാർത്ഥന നിർവ്വഹിക്കണം. മറ്റുള്ളവർ 'ആമീൻ' ചൊല്ലണം. 

    കവയിത്രികൂടിയായ റുഖൈഖ നേരത്തെ തന്നെ കുളിച്ചൊരുങ്ങി കഅബയുടെ അടുത്തെത്തി. കഅബാ പ്രദക്ഷിണം പൂർത്തിയാക്കി. അബ്ദുൽ മുത്വലിബും മക്കളും മക്കയിലെ മറ്റുപ്രമുഖരും എത്തി. സ്വപ്‌നത്തിൽ പറയപ്പെട്ട നേതാവ് അബ്‌ദുൽമുത്വലിബാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഒരു സംഘമായി അബൂഖുബൈസ് പർവ്വതത്തിന് മുകളിലേക്ക് കയറി. ശിഖിരത്തിലെത്തിയപ്പോൾ പിതാമഹൻ ഏഴു വയസ്സു കഴിഞ്ഞ മുഹമ്മദ് ﷺ നെ എടുത്ത് മടിയിൽ ഇരുത്തി. (അഥവാ വിശുദ്ധവ്യക്തിയെ മുന്നിൽ നിർത്തി) പ്രാർത്ഥനയാരംഭിച്ചു. "അല്ലാഹുവേ! ഇതാ ഞങ്ങൾ നിന്റെ ദാസന്മാർ, നിന്റെ ദാസന്മാരുടെ മക്കൾ, ഞങ്ങൾ നിനക്കറിയുന്ന പോലെ ഇതാ വറുതിയിൽ അകപ്പെട്ടിരിക്കുന്നു. കുറേ നാളുകളായി ഞങ്ങൾ വരൾച്ച അനുഭവിക്കുന്നു. അല്ലാഹുവേ... പരിമിതികൾ പരിഹരിക്കുന്നവനേ... വിഷമങ്ങൾ അകറ്റുന്നവനേ... നിന്റെ വിശുദ്ധ ഭവനത്തിന്റെ മുറ്റത്ത് ഞങ്ങൾ വരൾച്ചയിലാണ്.. ഞങ്ങൾ ആവലാതിബോധിപ്പിക്കുന്നു നാഥാ.. ഞങ്ങൾക്ക് മഴ നൽകേണമേ.. സുഖദായകമായ മഴ.. ക്ഷേമം നൽകുന്ന അനുഗ്രഹ വർഷം. 

    റുഖൈഖ തുടരുന്നു.. അബ്ദുൽ മുത്തലിബിന്റെ പ്രാർത്ഥന കഴിഞ്ഞതേ ഉള്ളു. കോരിച്ചൊരിയുന്ന മഴയാരംഭിച്ചു. താഴ്‌വരകൾനിറഞ്ഞു. എല്ലാവരും ആനന്ദത്തിലായി. മക്കക്കാർ ഒരേ സ്വരത്തിൽ അബ്ദുൽമുത്വലിബിന് ആശംസകൾ നേർന്നു. അദ്ദേഹത്തിൻ്റെ നന്മയെ പ്രശംസിച്ചു. ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് റുഖൈഖ ഒരു കവിത ചൊല്ലി. ആശയം ഇപ്രകാരമാണ്. "ശൈബതുൽ ഹംദ് (അബ്ദുൽ മുത്വലിബിൻറെ പേര്) വഴി അല്ലാഹു ഞങ്ങൾക്ക് മഴ തന്നിരിക്കുന്നു. ഏറെക്കാലത്തിനു ശേഷം ഇതാ ഒരനുഗ്രഹവർഷം. ജീവജാലങ്ങളും വൃക്ഷലതാദികളും തളിർത്തിരിക്കുന്നു. വരണ്ട താഴ്‌വരകൾ ഹരിതാഭമായിരിക്കുന്നു. മഹത്വങ്ങൾ നിറഞ്ഞ നിമിത്തം അല്ലാഹു നൽകിയ മഴയാണിത്. "മുളർ ഗോത്രത്തിൽ ഉദിക്കാനിരിക്കുന്ന സുവിശേഷകൻ (ദൈവദൂതൻ) നിമിത്തമാണീ അനുഗ്രഹം ലഭിച്ചത്. ആ പുണ്യവ്യക്തി കാരണമാണ്‌ ഇന്നു പ്രാർത്ഥനസ്വീകരിക്കപ്പെട്ടത്. മനുഷ്യ വംശത്തിൽ തന്നെ അതുല്യ വ്യക്തിത്വത്തമാണത്" 

    ഓരോ സംഭവങ്ങളും മുഹമ്മദ് ﷺ യുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ഈ കാലയളവിൽ തന്നെ മുത്ത് നബിക്ക് ഒരു കണ്ണ് രോഗം ബാധിച്ചു. പിതാമഹൻ പല മരുന്നുകളും പ്രയോഗിച്ചു. പക്ഷേ ഫലം കണ്ടില്ല. അവസാനം 'ഉക്കാള്' മാർക്കറ്റിൽ ഒരു വൈദ്യനെ കണ്ടെത്തി. അദ്ദേഹം ഒരു വേദജ്ഞാനി കൂടിയായിരുന്നു. പിതാമഹനും പൗത്രനും വൈദ്യന്റെ വീട്ടുപടിക്കലെത്തി. പരിശോധനക്ക് ശേഷം വൈദ്യൻ ഇങ്ങനെ പറഞ്ഞു. "ഇതൊരു സാധാരണ കുട്ടിയല്ല. വാഗ്‌ദത്ത പ്രവാചകനാണിത്. വേദക്കാർ ഈ കുട്ടിയെ പിന്തുടർന്നേക്കും. സദാ ശ്രദ്ധയുണ്ടാകണം". ശേഷം മരുന്നുകൾ നൽകി രണ്ടു പേരെയും യാത്രയാക്കി. 

    മുത്ത് നബിക്ക് ഇപ്പാൾ എട്ടു വയസ്സ്‌ പിന്നിട്ടു. വയോധികനായ അബ്ദുൽ മുത്വലിബിൽ ക്ഷീണം കണ്ടു തുടങ്ങി..

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم


മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-7)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

No comments: