24 September 2022

10. മുത്ത് നബിയെ ﷺ അറിയാം

    മുത്തുനബി ﷺ യുടെ വിശേഷങ്ങൾ നന്നായി അറിയുന്ന ആളാണല്ലോ അബൂത്വാലിബ്. ആപൽഘട്ടങ്ങളിൽ ഈ സാന്നിധ്യം അനുഗ്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജൽഹമതു ബിൻ അർഫത്വ നിവേദനം ചെയ്യുന്നു. കടുത്ത വരൾച്ചയുടെ സമയത്ത് ഞാൻ മക്കയിൽ ചെന്നു. ഖുറൈശികൾ പറഞ്ഞു. അബൂത്വാലിബ് എന്നവരേ.. താഴ്‌വരകൾ വരണ്ടു, കുടുംബങ്ങൾ പട്ടിണിയിലായി. നിങ്ങൾ മുന്നോട്ട് വന്ന് മഴക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചാലും. അബൂത്വാലിബ് സന്നദ്ധനായി. അദ്ദേഹത്തിനൊപ്പം സുന്ദരനായ ഒരു ബാലനുമുണ്ട്. തെളിഞ്ഞ ആകാശത്തിൽ തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രനെപ്പോലെയുണ്ട് ആ കുട്ടിയുടെ മുഖം. അഴകാർന്ന ഭാവങ്ങളുടെ ഉടമ. ചുറ്റും കുറച്ച് യുവാക്കളുമുണ്ട്.

    അബൂത്വാലിബ് കുട്ടിയെ ചുമലിലേറ്റി കഅബയുടെ അടുത്തെത്തി. കഅബയുടെ ചുവരിലേക്ക് കുട്ടിയെ ചേർത്തു വെച്ചു. സ്വന്തം കൈകൊണ്ട് താങ്ങിപ്പിടിച്ചു. അപ്പോൾ ആകാശത്ത് ഒരു മേഘക്കീറ് പോലും ഉണ്ടായിരുന്നില്ല. നിമിഷങ്ങൾ കഴിഞ്ഞതേ ഉള്ളൂ. എന്തൊരത്ഭുതം നാനാ ഭാഗത്ത് നിന്നും മേഘങ്ങൾ ഉരുണ്ടു കൂടുന്നു. അനുഗ്രഹീത വർഷം പെയ്തിറങ്ങി. മക്കയും താഴ്‌വരകളും നനഞ്ഞു കുളിർത്തു. ഈ സംഭവത്തെച്ചൊല്ലി പിൽക്കാലത്ത് അബൂത്വാലിബ് മനോഹരമായ ഒരു കവിത ചൊല്ലിയിട്ടുണ്ട്. ആവരികൾ ചൊല്ലി കേൾക്കുന്നത് മുത്ത് നബി ﷺ ക്കും ഇഷ്ടമായിരുന്നു.
    പതിറ്റാണ്ടുകൾക്ക് ശേഷം മദീനയിൽ വരൾചയുണ്ടായി. നബി ﷺ മഴക്ക് വേണ്ടി പ്രാർത്ഥിച്ചു. അനുഗ്രഹീത വർഷം കോരിച്ചൊരിഞ്ഞു. മദീന നനഞ്ഞു തണുത്തു. സന്തോഷത്തിനിടയിൽ കണ്ണീർ വാർത്തുകൊണ്ട് മുത്ത് നബി ﷺ പറഞ്ഞു. അബൂത്വാലിബ് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഏറെ സന്തോഷിക്കുമായിരുന്നു. എന്നിട്ട് സദസ്സിനോട്‌ ചോദിച്ചു. അബൂത്വാലിബ് ചൊല്ലിയ വരികൾ ഇവിടെ ആർക്കാണ് ഓർമയുള്ളത്? അബൂത്വാലിബിന്റെ മകൻ അലി(റ) അവിടെ ഉണ്ടായിരുന്നു. ഉടനെ ആ വരികൾ ചൊല്ലി കേൾപിച്ചു. (വ അബ്യള്ള...) തങ്ങൾ ﷺ ക്ക് സന്തോഷമായി.

    അബൂത്വാലിബിന്റെ ജീവിതാനുഭവങ്ങളിലെ അത്ഭുതങ്ങൾ അവസാനിച്ചില്ല. അദ്ദേഹത്തിൽ നിന്ന് അംറ് ബിൻ സഈദ് നിവേദനം ചെയ്യുന്നു. ഞാൻ സഹോദരപുത്രൻ മുഹമ്മദ് ﷺ നൊപ്പം 'ദുൽ മജാസി'ലായിരുന്നു. എനിക്ക് അസഹനീയമായ വിശപ്പും ദാഹവും അനുഭവപ്പെട്ടു. ഞാൻ മകനോട് പറഞ്ഞു. "മോനേ വല്ലാത്ത ദാഹമുണ്ടല്ലോ". തിരിച്ചു ചോദിച്ചു. ഉപ്പാക്ക് നല്ല ദാഹമുണ്ട് അല്ലേ? അതേ മോനെ.… ഞാൻ പറഞ്ഞു. പെട്ടെന്ന് പൊന്നുമോൻ കുഞ്ഞിളം കാൽ കൊണ്ട് തൊട്ടടുത്തുള്ള പാറയിൽ ചെറുതായി ഒന്ന് ചവിട്ടി. അത്ഭുതമെന്ന് പറയട്ടെ നല്ല തെളിനീർ പൊട്ടിയൊലിച്ചു. നല്ലൊരു ജല പ്രവാഹം. പാറക്കല്ലിൽ നിന്ന് ഇത്തരമൊരു ഉറവ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ദാഹം തീരുവോളം അതിൽ നിന്ന് കുടിച്ചു. ശേഷം മകൻ ചോദിച്ചു. ഉപ്പക്ക് ദാഹം മാറിയോ? ഞാൻ പറഞ്ഞു അതെ. തുടർന്നു ഒരിക്കൽ കൂടി ആ പാറയുടെ മേൽ ചവിട്ടി. പാറ പഴയ അവസ്ഥയിലേക്ക് തന്നെ മാറി. ജല പ്രവാഹം അവസാനിച്ചു. ഇമാം ഇബ്നു സഅദ് ഇത് ഉദ്ദരിച്ചിട്ടുണ്ട്.
    സമൂഹത്തിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതോടെ മകൻറെ കാര്യത്തിൽ അബൂത്വാലിബ് കൂടുതൽ സൂക്ഷ്മത പുലർത്തി. വേദക്കാരുടേയും ജോത്സ്യന്മാരുടേയും ചതിയിൽ പെടാതെ കാത്ത് കൊണ്ടു നടന്നു. ഒരിക്കൽ ലക്ഷണ വിദഗ്ധനായ ഒരാൾ മക്കയിൽ വന്നു. 'അസദ്-ശനൂഅ' ഗോത്രത്തിലെ അറിയപ്പെട്ട ജോത്സ്യനാണദ്ദേഹം. മുഖലക്ഷണം നോക്കി പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ഒത്തുവരാറുണ്ട്. ലഹബ് ബിന് അഹ്ജൻ എന്നാണത്രേ അയാളുടെ പേര്. അന്ധവിശ്വാസികളായ അന്നത്തെ മക്കക്കാർ കുട്ടികളെയും കൊണ്ട് അയാളെ സന്ദർശിക്കും. ഇയാൾ അബൂതാലിബിനെ കണ്ട ഉടനെ തന്നെ ഒപ്പമുള്ള മുഹമ്മദ് ﷺ നെ നോക്കാൻ തുടങ്ങി. ആ നോട്ടം അബൂത്വാലിബിനെ വ്യാകുലപ്പെടുത്തി. പെട്ടെന്ന് മറ്റൊരു വിഷയത്തിലേക്ക് ചർച്ച വഴുതി മാറി. ഉടനെ അബൂ ത്വാലിബ് മകനെ അവിടെ നിന്ന് മാറ്റിക്കളഞ്ഞു. ശേഷം ലഹബ് അന്വേഷിച്ചു. ആ കുട്ടി എവിടെ ? ആവർത്തിച്ച് അയാൾ ചോദിച്ചു കൊണ്ടിരുന്നു. ഞാനിപ്പോൾ കണ്ട ആ കുട്ടിയെ ഒരിക്കൽ കൂടി ഒന്നു കാണട്ടെ! ആ കുട്ടിക്ക് ശോഭനമായ ഒരു ഭാവിയുണ്ട്.
    ഉത്തരവാദിത്വമുള്ള ഒരു രക്ഷിതാവിൻറെ പൂർണ ദൗത്യം നിർവഹിച്ചു കൊണ്ട് താങ്ങും തണലുമായി അബൂത്വാലിബ് നിലനിന്നു. ദീർഘദൂര യാത്രകളിൽ പോലും വിട്ടുപിരിയാതെ കൊണ്ടു നടന്നു. അത്തരം സന്ദർഭങ്ങളും അത്ഭുതം പകർന്നു നൽകുന്ന അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്‌ നൽകിയത്.

(തുടരും)

اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-10)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

No comments: