വിശ്വാസികളുടെ മനസ്സിൽ സ്‌നേഹത്തിന്റെ സംഗീതം വർഷമായി പെയ്തിറങ്ങുന്ന പുണ്യവസന്തം സമാഗതമായിരിക്കുന്നു. മുത്ത് നബിﷺയെ ജീവിതത്തോട് ചേർത്തുവെക്കാൻ ആഗ്രഹിച്ചു കൊണ്ടാണ് ഓരോ വിശ്വാസിയും ജീവിതത്തെ അർഥപൂർണമാക്കുന്നത്. തിരുപ്പിറവി ഒരു യുഗത്തിന്റെ വസന്തോദയമായിരുന്നു. വിണ്ണിലെ നക്ഷത്രങ്ങളൂം അതിന്റെ മനോഹരമായ പ്രകാശവും മണ്ണിലെ നറുമണമുള്ള പൂവിന്റെ ലാവണ്യവും സുഗന്ധവും ഒന്നുചേർന്ന വസന്തം. യുഗങ്ങൾക്കെല്ലാം മാതൃകയായി തീരേണ്ട ഒരു യുഗപ്പിറവി. എന്നാളത്തെയും മനുഷ്യ കാമന പൂവണിയുന്ന വസന്തം. മനുഷ്യന്റെ വിമോചനം സാധ്യമാക്കിയ വിപ്ലവത്തിന്റെ വസന്തം. എല്ലാ തരത്തിലുള്ള ചൂഷണങ്ങളിൽ നിന്നും അടിമത്തങ്ങളിൽ നിന്നും മനുഷ്യനെ മോചിപിപ്പിച്ചു അവന്റെ മഹത്വം ഉൽഘോഷിച്ച മഹാ വിപ്ലവത്തിന്റെ വസന്തം.
നാമൊരു വിശ്വാസിയാകണമെങ്കിൽ ഈ പ്രവാചകനെ മറ്റെല്ലാറ്റിനേക്കാളും സ്‌നേഹിക്കണമെന്നാണ് ആഹ്വാനം. ഉമർഖാളി (റ) മദീനയിലെത്തി സ്‌നേഹവിസ്മയം തീർത്തത് നമുക്കറിയില്ലേ, കലങ്ങിയ കണ്ണും ഇടിഞ്ഞ മനസ്സുമായി തിരുമേനിയിൽ ലയിച്ചു ഖാളിയാർ പാടിയില്ലേ 'ഇതാ ഈ പാവപ്പെട്ട ഉമർ, കനൽപദങ്ങൾ താണ്ടി അങ്ങയുടെ തിരുമുറ്റത്ത് വന്നിരിക്കുന്നു. അങ്ങയുടെ ഔദാര്യം തേടി, സ്‌നേഹഭരിത ഹൃദയം പേറി, ഒഴുകുന്ന ബാഷ്പകണം കവിളിൽ ചൂടി, ഓ തിരുദൂതരെ! സ്‌നേഹാതിരേകത്താൽ ഉരുകുന്ന ഈ കണ്ണുകൾ ഒരിക്കലും വറ്റുകയില്ല ഞാൻ ജീവിക്കുന്ന കാലവും മരിച്ചാലും മണ്ണോടു ചേർന്നാലും!..'
കഴുമരച്ചോട്ടിൽ നിന്ന് ഉറക്കെയുറക്കെ സ്‌നേഹപ്രഖ്യാനം നടത്തിയ ഖുബൈബി(റ)നെ ഓർമയില്ലേ. 'എന്നെ തൂക്കിലേറ്റാം, കണ്ഠം ചേദിക്കാം, ഇഞ്ചിഞ്ചായി കഷ്ണിക്കാം, എനിക്കത് പ്രശ്നമേയല്ല. പക്ഷെ, എന്റെ സ്‌നേഹനിധിയായ പ്രവാചകന്റെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ലെന്ന്' പ്രഖ്യാപിച്ചു കൊലമരത്തിൽ ജീവിതം ത്യജിച്ച ഖുബൈബ്.
കഴുമരച്ചോട്ടിൽ നിന്ന് ഉറക്കെയുറക്കെ സ്‌നേഹപ്രഖ്യാനം നടത്തിയ ഖുബൈബി(റ)നെ ഓർമയില്ലേ. 'എന്നെ തൂക്കിലേറ്റാം, കണ്ഠം ചേദിക്കാം, ഇഞ്ചിഞ്ചായി കഷ്ണിക്കാം, എനിക്കത് പ്രശ്നമേയല്ല. പക്ഷെ, എന്റെ സ്‌നേഹനിധിയായ പ്രവാചകന്റെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ലെന്ന്' പ്രഖ്യാപിച്ചു കൊലമരത്തിൽ ജീവിതം ത്യജിച്ച ഖുബൈബ്.
ഹസ്രത്ത് ഉമർ (റ) ഒരിക്കൽ പറഞ്ഞു 'നബിയെ! എന്റെ ജീവൻ മാറ്റി നിർത്തിയാൽ പിന്നെ എനിക്കേറ്റം സ്‌നേഹം തോന്നുന്നത് അങ്ങയോടാണ്' തിരുമേനി പ്രതിവചിച്ചത് 'ഉമർ താങ്കളുടെ വിശ്വാസത്തിനു തിളക്കം പോരാ' എന്നാണു. ഉമർ അമ്പരന്നു, ഉടനെ പറഞ്ഞു 'എന്റെ ആത്മാവിനെക്കാളും ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു' 'ഉമർ, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം കുറ്റമറ്റതായത്' തിരുസന്നിധിയിൽ അന്ത്യനാളും തിരക്കിയെത്തിയ ഒരു ബദുവിന്റെ കഥയറിയില്ലേ? അയാൾ ചോദിച്ചു 'തിരുദൂതരെ, അന്ത്യനാൾ എപ്പോഴാണ്?' 'അതിനെന്താണ് നീ ഒരുക്കിയിരിക്കുന്നത്?' തിരുമേനി തിരിച്ചു ചോദിച്ചു. 'ഞാനധികം നിസ്‌കാര നോമ്പുകൾ ഒരുക്കിയിട്ടില്ല. ആരാധനകളിൽ ഏർപെട്ടിട്ടുമില്ല, പക്ഷെ ഞാൻ അല്ലാഹുവെയും റസൂലിനെയും അഗാധമായി സ്‌നേഹിക്കുന്നു' ബദുവിന്റെ മറുപടി അതായിരുന്നു. തിരുമേനി പറഞ്ഞു 'നീ ആരെ സ്‌നേഹിക്കുന്നുവോ, അവരോടൊപ്പമാണ് സ്വർഗത്തിൽ'
സ്‌നേഹമെന്നത് ശരീരവ്യായാമമല്ലെന്നും മനസ്സിന്റെ ഉത്സവമാണെന്നും ഇതിലൂടെയൊക്കെ നാം മനസ്സിലാക്കുന്നു. ഹൃദയത്തിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് സ്‌നേഹം. റബീഇന്റെ പൊൻപുലരി സ്‌നേഹപ്രകടനത്തിന്റെ അറിയിപ്പായാണ് കടന്നുവരുന്നത്. ഹൃദയത്തിലും കടലാസ് പൂക്കളിലും എന്നല്ല മധുര പാനീയത്തിലും ഭക്ഷണ വിതരണത്തിലും സഹായ ഹസ്തങ്ങളിലും തെളിയുന്ന സന്തോഷവും ആഹ്ലാദവുമില്ലേ, അത് ഈ സ്‌നേഹ മനസിന്റെ ഉത്സവമാണ്. കാടുപോലെ കത്തിയാളുന്ന സ്‌നേഹജ്വാലയാണത്. ചിലർ ചോദിക്കും, സ്‌നേഹിക്കയെന്നു പറഞ്ഞാൽ തിരുമേനിയെ പിൻപറ്റലല്ലേ എന്ന്, നമുക്ക് നൂറുശതമാനം തിരുമേനിയെ പിൻപറ്റാനാകുമോ? ചില അപൂർവവ്യക്തിത്വങ്ങൾക്ക് അതിനു കഴിഞ്ഞേക്കും. ഇബ്നു ഉമർ (റ) വിനെ പോലുളളവർക്ക്. എല്ലാവർക്കുമതിന് കഴിയില്ല. അതൊട്ടു കൽപിച്ചിട്ടുമില്ല, കഴിവിനപ്പുറം അമൽ ചെയ്യാൻ കൽപനയുമില്ല. ഇമാം ബുസൂരി (റ) പറഞ്ഞത് നോക്കൂ 'സ്വന്തം പാദങ്ങൾ പരാതിപ്പെടുമാറ് സുന്നത്ത് നിസ്‌കാരം നടത്തി അന്തിയുടെ ഇരുണ്ട യാമങ്ങളെ ജീവസ്സുറ്റതാക്കിയ അങ്ങയുടെ ചര്യയോട് ഞാൻ അതിക്രമം കാണിച്ചിരിക്കുന്നു' കർമങ്ങളെ കുറിച്ച് ഇങ്ങനെയൊരു ക്ഷമാപണത്തിനു നമുക്ക് സാധിക്കും. ദൗർബല്യങ്ങൾ നിരത്തി പരിമിതികൾ പറഞ്ഞു കഴിവുകേട് ധരിപ്പിക്കാം, എന്നാൽ സ്‌നേഹത്തിന്റെ സ്ഥിതിയതാണോ? ഹൃദയത്തിൽ നിന്നും വരുന്ന സ്‌നേഹത്തിനു ഇങ്ങനെയൊരു ഒഴിവുകഴിവ് പറയാൻ നമുക്കാവുമോ? സ്‌നേഹിക്കാതെ തിരുമേനിയെ പിന്തുടർന്നവർ അന്ന് മദീനയിൽ തന്നെയുണ്ടായിരുന്നല്ലോ, അവർ നിസ്‌കരിച്ചിരുന്നു, പുതിയ പള്ളിയുണ്ടാക്കി, നോമ്പ് നോറ്റു. എന്നിട്ടും അവരെ 'കപടവിശ്വാസികൾ' എന്ന ടൈറ്റിൽ നൽകി മാനം കെടുത്തുകയായിരുന്നു വിശുദ്ധ ഖുർആൻ.
നാം ആരെ സ്‌നേഹിക്കുന്നുവോ, അവരോടോപ്പമാകുമെന്നു തിരുമേനി ബദുവിനോട് പറഞ്ഞത് കേട്ടില്ലേ? ഹൃദയത്തിൽ നിന്നും ഉതിർന്നു വീഴുന്ന തിരുമേനിയോടുള്ള സ്‌നേഹം നമ്മെ തന്നെ പരിവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുമേനിക്ക് ഇഷ്ടമില്ലാത്തതോന്നുന്നും നമുക്ക് ഇഷ്ടമല്ലാതാവുന്ന അവസ്ഥയിലേക്ക്, തിരുമേനിക്ക് ഇഷ്ടമുള്ളതൊക്കെ നമുക്കും ഇഷ്ടമാകുന്ന അവസ്ഥ. 'നീ തിരുമേനിയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുക, എങ്കിൽ നിന്റെ ഹൃദയത്തിലെയും ശരീരത്തിലെയും എല്ലാ മാലിന്യങ്ങളിൽ നിന്നും നിനക്ക് ശുദ്ധീകരണം ലഭിക്കുമെന്ന' സൂഫീ വചനം അർഥവത്താണ്.
തിരുമേനിയെ പരിരംഭണം ചെയ്യുന്ന സ്‌നേഹമില്ലേ, അതാണ് നമുക്ക് വേണ്ടത്. അതാണ് വിശ്വാസത്തിന്റെ മാറ്റുരക്കുന്നതെന്നു നാം മനസ്സിലാക്കണം. നാം സ്‌നേഹിക്കുന്നയാളെ കുറിച്ചു നമുക്ക് എന്തറിയാം? അവിടത്തെ ജീവിതവും ദർശനവും വേണ്ട വിധത്തിൽ നാം പഠിച്ചിട്ടുണ്ടോ? നമ്മുടെ സ്‌നേഹഭാജനത്തെ കുറിച്ച് നാം മറ്റുളളവരോട് പരിചയപ്പെടുത്തിയിട്ടുണ്ടോ? ഒരാൾക്കെങ്കിലും നാമീ പ്രവാചകന്റെ ജീവിത സമീക്ഷകളും ദർശനങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ടോ? ഈ റബീഅ അതിനുള്ള തുടക്കമാകട്ടെ. മൗലിദ് സദസുകളിൽ ഗദ്യമായും പദ്യമായും നാം തിരുമേനിയെ പാടിപ്പറയുന്നത് പോലെ തിരുമേനിയെ കുറിച്ച് നമ്മുടെ സുഹൃത്തുക്കളോട് പങ്കുവെക്കാൻ നമുക്കാകണം. അതാകട്ടെ ഈ റബീഇൽ നമ്മുടെ കർത്തവ്യവും.
صلي الله علي محمد .صلي الله عليه وسلم
صلي الله علي محمد .صلي الله عليه وسلم
No comments:
Post a Comment