21 April 2013

മദീനയുടെ സ്മരണയില്‍

ദീന ഞെട്ടിത്തരിച്ച ദിവസം. മദീനയിലെ ഓരോ മണല്‍തരിയും കണ്ണീര്‍ വാര്‍ത്ത ദിവസം. 

മദീനാ നിവാസികള്‍ക്കിടയില്‍ കാട്ടു തീ പോലെ ആ വാര്‍ത്ത പരന്നു. അസുഖമായി കിടക്കുകയായിരുന്ന പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. ഹസ്രത്ത്‌ ആയിഷയുടെ മടിയില്‍ കിടന്ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചിരിക്കുന്നു.

മസ്ജിദുന്നബയിലേക്ക്‌ (പ്രവാചകന്റെ പള്ളി) ആളുകള്‍ ഓടിവന്നു. സ്‌ത്രീകളും കുട്ടികളും വൃദ്ധരുമായ പ്രവാചകന്റെ അനുചരന്‍മാരുമെല്ലാം ഓടിക്കൂടി. എങ്ങും കടുത്ത നിലവിളികളുയര്‍ന്നു. ആര്‍ക്കും അത്‌ നിയന്ത്രിക്കാനായില്ല. മദീനാനിവാസികള്‍ , വിശിഷ്യാ പ്രവാചകാനുയായികള്‍ പ്രവാചകന്‍ മരണപ്പെടുമെന്ന്‌ വിശ്വസിച്ചിരിന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ തങ്ങളുടെ കാലം കഴിയുന്നത്‌ വരെയെങ്കിലും. പ്രവാചകാനുയായികളില്‍ പ്രമുഖനായ, ഉമര്‍ (റ.അ) വന്നു. പ്രവാചകനെ പുതപ്പിച്ചിരുന്ന വെളുത്ത പുതപ്പ്‌ ഒന്നുയര്‍ത്തി നോക്കി. ശേഷം തന്റെ വാള്‍ ഊരിപ്പിടിച്ചു കൊണ്ട്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 

ആര്‍ക്കാണ്‌ എന്റെ ഹബീബായ പ്രവാചകന്‍ മരിച്ചെന്ന്‌ പറയാനുള്ള ധൈര്യം. അവരുടെ കഴുത്ത്‌ ഞാന്‍ വെട്ടും. നിങ്ങളാരെങ്കിലും ധരിച്ച പോലെ പ്രവാചകന്‍ മരിച്ചതല്ല. അദ്ദേഹം മൂസയെ (അ.സ) പോലെ അല്ലാഹുവുമായുള്ള ഒരു ഉന്നത സംസാരത്തന്‌ പോയതാണ്‌. അത്‌ കഴിയുമ്പോള്‍ ഒരു ഉറക്കമുണരുന്നത്‌ പോലെ അദ്ദേഹം ഉണരുക തന്നെ ചെയ്യും. 

ആ സമയത്താണ്‌ അബൂബക്കര്‍ (റ.അ) ഓടി വന്നത്‌. അദ്ദേഹം പ്രവാചകന്റെ അരികിലിരുന്നു. അവിടുത്തെ തിരുമുഖത്ത്‌ തന്റെ മുഖമമര്‍ത്തി. ചുംബിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വാര്‍ന്നൊഴുകി. വിതുമ്പികൊണ്ടദ്ദേഹം പ്രവാചകന്റെ മുഖത്തു നോക്കി ഇങ്ങിനെ പറഞ്ഞു.  

എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേയ്ക്ക്‌ ബലി നല്‍കുന്നു പ്രവാചകരേ. അല്ലാഹു നിശ്ചയിച്ച ഒരു മരണത്തിന്റെ ശേഷം അങ്ങേയ്ക്ക്‌ മറ്റൊരു മരണമുണ്ടാവുകയില്ല. അങ്ങേയ്ക്ക്‌ അല്ലാഹു നിശ്ചയിച്ച ആ മരണം വന്നെത്തിക്കഴിഞ്ഞിരിക്കുന്നല്ലോ. 

അദ്ദേഹം എഴുനേറ്റ്‌ പുറത്ത്‌ വന്നു. ഉമര്‍ റദിയല്ലാഹു അന്‍ഹുവിനെ ഒന്നു നോക്കി. പിന്നെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പറഞ്ഞു. 

ഹേ ജനങ്ങളെ, നിങ്ങളില്‍ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ ഇതാ മുഹമ്മദ്‌ മരണപെട്ടിരിക്കുന്നു. നിങ്ങളില്‍ നിന്നാരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ , അല്ലാഹു ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാണ്‌. 

ശേഷം അദ്ദേഹം ഈ ഖുര്‍ആന്‍ വചനം പാരായണം ചെയ്‌തു. 

മുഹമ്മദ്‌ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുന്‍പും ദൂതന്‍മാര്‍ വന്നിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്‌ പോവുകയാണോ? ആരെങ്കിലും പിന്തിരിഞ്ഞു പോകുന്ന പക്ഷം അല്ലാഹുവിന്‌ അവരുടെ പിന്തിരിയല്‍ യാതൊരു ദ്രോഹവും വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. 

അപ്പോള്‍ മാത്രമാണ്‌ തങ്ങള്‍ ആ ഖുര്‍ആന്‍ വചനം ഓര്‍ത്തത്‌ എന്നാണ്‌ പ്രമുഖ പ്രവാചകാനുയായികള്‍ പില്‍ക്കാലത്ത്‌ പറഞ്ഞത്‌. അവര്‍ പ്രവാചകന്റെ  മരണം ഉള്‍ക്കൊണ്ടു. മദീനയെ ചൂഴ്ന്നു നിന്നിരുന്ന കാറ്റ്‌ പോലും വിതുമ്പിയ വേളയായിരുന്നു അത്‌. 

ഏറ്റവും ശക്‌തരായ അനുയായികളുടെ നേതാവ്‌, മരണ സമയത്ത്‌ അവര്‍ക്കിടയിലെ ഏറ്റവും ദരിദ്രനായിരുന്നു. സമ്പത്തിനു വേണ്ടിയോ, അധികാരത്തിനു വേണ്ടിയോ മറ്റേതെങ്കിലും ഭൌതിക നേട്ടത്തിനു വേണ്ടിയോ ആയിരുന്നില്ല പ്രവാചകന്‍  തന്റെ പ്രബോധനം നടത്തിയിരുന്നത്‌ എന്നതിന്റെ സംസാരിക്കുന്ന ദൃഷ്ടാന്തമത്രെ അത്‌. 

മരണാനന്തരം നമസ്ക്കാര സമയമായപ്പോള്‍ പ്രവാചകന്റെ മുഅദ്ദിനായിരുന്ന ( ബാങ്ക്‌ വിളിക്കുന്ന ആള്‍ ) ബിലാല്‍ (റ.അ) ബാങ്ക്‌ വിളിക്കാന്‍ തുടങ്ങി. പക്ഷെ അത്‌ മുഴുവിപ്പിക്കാനാവാതെ, സങ്കടപ്പെട്ട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ അദ്ദേഹം വീണു പോയി. പ്രവാചകനില്ലാത്ത മദീനയിലെ ജീവിതം ബിലാല്‍ (റ.അ) തങ്ങള്‍ക്ക്‌ സാധ്യമായ ഒന്നായിരുന്നില്ല. പ്രവാചകന്റെ ഓര്‍മയില്‍ ഒഴുകുന്ന കണ്ണുനീരുമായി അദ്ദേഹം ദമാസ്ക്കസിലേക്ക്‌ പോയി, അവിടെയാണ്‌ ശിഷ്ട കാലം ജീവിച്ചു തീര്‍ത്തത്‌. 

ഇടയ്ക്കൊരു വട്ടം പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കാനായി അദ്ദേഹം മദീനയിലെത്തി. പ്രവാചകന്റെ മരണ ശേഷം അദ്ദേഹം തന്റെ മുഴുവിക്കാനാവാത്ത ആ ഒരു ബാങ്കല്ലാതെ മറ്റൊരു ബാങ്ക്‌ വിളിച്ചിട്ടില്ലായിരുന്നു. 

ഖലീഫ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ആ സ്വരമാധുരി ഒന്നു കൂടി കേള്‍ക്കാന്‍ കൊതിച്ചു. ബിലാല്‍ റദിയല്ലാഹു അന്‍ഹു ബാങ്കു വിളിക്കാനായി നിന്നു. വിതുമ്പുന്ന ആത്മാവുമായി അദ്ദേഹം ബാങ്ക്‌ വിളിച്ചു. മദീനയിലെ മലനിരകള്‍ ഉള്‍പുളകത്തോടെ വീണ്ടുമാ സ്വരമാധുരി കേട്ടു. ഈന്തപ്പനയോലകളുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇളം തെന്നല്‍ പോലും കോരിത്തരിച്ച്‌ നിന്നു പോയി. 

പക്ഷെ, മദീനയിലെ ഭവനങ്ങളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങളും പുറത്തേക്ക്‌ വന്നു. ബിലാലിന്റെ (റ.അ) ബാങ്കൊലി കേട്ടപ്പോള്‍ അവരെല്ലാവരും പ്രവാചകനെ ഓര്‍ത്ത്‌ കരഞ്ഞു കൊണ്ട്‌ മസ്ജിദുന്നബവിയിലേക്ക്‌ ഓടി വന്നു. അവരെല്ലാവര്‍ക്കും പ്രവാചകനെ മാത്രം ഓര്‍ത്ത്‌ തുടിക്കുന്ന ഒരു ഹൃദയമേ ഉണ്ടായിരുന്നുള്ളൂ. 

നിറഞ്ഞൊഴുകുന്ന കണ്ണുനീരും, ഗദ്ഗദം കൊണ്ട്‌ മുറിഞ്ഞു പോകുന്ന വാക്കുകളുമയി ബിലാലെന്ന പൂങ്കുയില്‍ , പ്രവാചകന്റെ പ്രിയപ്പെട്ട അനുയായി, തന്റെ ബാങ്ക്‌ മുഴുവനാക്കി. പക്ഷെ അപ്പോഴേക്കും ആ പരിസരമാകെ ഒഴുകുന്ന മിഴികളും തപിക്കുന്ന ഹൃദയവുമായി മദീനാനിവാസികളെ കൊണ്ട്‌ നിറഞ്ഞിരുന്നു. ഒരിക്കലും അണമുറിയാത്ത പ്രവാചക സ്നേഹത്തിന്റെ മന്ത്രധ്വനികളുമായി. ഇന്നും ലോകമുസ്ലിമീങ്ങളുടെ നെഞ്ചില്‍ ബാക്കിയുള്ളത്‌ ആ പ്രവാചക സ്നേഹത്തിന്റെ അണമുറിയാത്ത നീരുറവ തന്നെ!

ഫിദാക്ക അബീ വഉമ്മീ യാ റസൂലല്ലാഹ്‌.

صلي الله علي محمد .صلي الله عليه وسلم

No comments: