മനുഷ്യരോട് മാത്രമല്ല പരിസ്ഥിതിയോടും സഹജീവികളോടും എങ്ങനെ പെരുമാറണമെന്ന് മുഹമ്മദ് നബി ﷺ തന്റെ ജീവിതത്തിലൂടെ പറഞ്ഞുവെച്ചു. തന്റെ ചുറ്റുമുള്ള ജീവികളോട് കരുണയോടെ പെരുമാറാന്‍ പഠിപ്പിക്കുകയും അവരെ വേദനിപ്പിക്കുന്നതോ അക്രമിക്കുന്നതോ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തിരുജീവിതത്തിലെ ചില ഏടുകള്‍ പരിശോധിക്കുമ്പോള്‍ നമുക്കത് വ്യക്തമാകും. നിങ്ങളുടെ ചുറ്റുമുള്ള ജീവികള്‍ നിങ്ങളെപ്പോലെത്തന്നെ സമുദായമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. ഈ വാക്യങ്ങളെ തന്റെ ജീവിതത്തിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു മുഹമ്മദ് നബി ﷺ.
മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുന്നതിനെയും പട്ടിണിക്കിടുന്നതിനെയും നബി തങ്ങള്‍ ശക്തമായി വിലക്കി. നടത്തത്തിനിടയില്‍ മുതുകു വയറൊട്ടിയ ഒട്ടകത്തെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു; മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. മിണ്ടാപ്രാണികളോട് പെരുമാറേണ്ടതെങ്ങനെ എന്ന് വിശദീകരിക്കുകയായിരുന്നു അവിടുന്ന്. പക്ഷി മൃഗാദികളുടെ അംഗ വിച്ഛേദനം നടത്തുന്നതും രൂപ മാറ്റം വരുത്തുന്നതും ശക്തമായി എതിര്‍ത്തു. മുഖത്ത് അടയാളം വെച്ച് കൊണ്ടുപോകുന്ന കഴുതയെ കണ്ടപ്പോള്‍ നബി തങ്ങള്‍ വിലക്കിയതായി കാണാം. കറവയെത്തിയ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലും അധ്യാപനങ്ങളിലൂടെ പഠിപ്പിച്ചു. സവാദത്ത് ബിന്‍ റബീഅ്(റ) പറയുന്നു: ഞാന്‍ അല്ലാഹുവിന്റെ റസൂലിനെ സമീപിച്ച് എന്റെ ആവശ്യമുന്നയിച്ചു. അപ്പോള്‍ തിരുദൂതര്‍ ﷺ എനിക്ക് ഒരൊട്ടകപ്പറ്റം തന്ന് പറഞ്ഞു: ‘നീ വീട്ടിലേക്ക് തിരിച്ച് ചെന്നാല്‍ വീട്ടുകാരോട് കല്‍പ്പിക്കുക, അവര്‍ ഒട്ടകക്കുട്ടികളുടെ ആഹാരം മെച്ചപ്പെടുത്തട്ടെ. അവര്‍ നഖം മുറിക്കട്ടെ. എന്നാല്‍ നഖം ഏറ്റ് മൃഗങ്ങളുടെ അകിടുകള്‍ക്ക് മുറിവേല്‍ക്കാനിടവരില്ല’. അത്രമേല്‍ മൃഗങ്ങള്‍ക്ക് ചെറിയ മുറിവുകള്‍ സംഭവിക്കുന്നത് പോലും മുഹമ്മദ് നബി ﷺ ഇഷ്ടപ്പെട്ടിരുന്നില്ല.
ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല എന്ന ഖുര്‍ആനിക വചനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. മത്സരങ്ങള്‍ക്ക് വേണ്ടിയും അല്ലാതെയും മൃഗങ്ങളെ പ്രയാസപ്പെടുത്തുന്നതിനെ നബി തങ്ങള്‍ നിഷിദ്ധമാക്കിയിരുന്നു. ജീവികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കി അന്യോന്യം പൊരുതിക്കുന്നത് നബി ﷺ നിരോധിച്ചിട്ടുണ്ട് എന്ന് ഇമാം അബൂ ദാവൂദ് റിപോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങളെ തമ്മിലടിപ്പിച്ച് സമ്പാദനത്തിന് വേണ്ടി മത്സരങ്ങള്‍ നടത്തുന്നവര്‍ ഈ വാചകങ്ങളെ ഓര്‍ത്തു വെക്കേണ്ടതുണ്ട്. വേടന്‍ പിടിച്ച് കെട്ടിയ തള്ളമാന്‍ തന്റെ കുട്ടിക്ക് പാല്‍ കൊടുക്കണമെന്ന് പ്രവാചകരോട് സങ്കടം പറഞ്ഞപ്പോള്‍ വേടന്റെ അടുക്കല്‍ ജാമ്യം നിന്ന് മാനിനെ കാട്ടിലേക്ക് പറഞ്ഞയച്ചവരാണ് മുഹമ്മദ് നബി ﷺ. പാല്‍ കൊടുത്ത് തിരിച്ചെത്തിയ മാനിനെ പിന്നീട് വേടന്‍ കാട്ടിലേക്ക് തിരിച്ചയച്ചതാണ് ചരിത്രം. കൂട്ടില്‍ നിന്ന് പക്ഷിക്കുഞ്ഞിനെയും തള്ളപ്പക്ഷിയെയും വേര്‍പ്പെടുത്തിയ സ്വഹാബിയെ തിരുത്തുകയും തിരിച്ച് കൂട്ടിലേക്കയക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഉറുമ്പ് കൂട്ടത്തെ കത്തിച്ചു കളഞ്ഞവരെയും അവിടുന്ന് ശക്തമായി തിരുത്തി. നായക്ക് വെള്ളം നല്‍കിയ പേരില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച സ്ത്രീയെയും പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ നരകത്തില്‍ പോയ മറ്റൊരാളെയും അനുചരര്‍ക്ക് പരിചയപ്പെടുത്തി. ഭക്ഷണത്തിനായി മൃഗങ്ങളെ വെട്ടിമുറിക്കുന്നതിന് പകരം മാന്യമായ രൂപത്തില്‍ അതിനെ അറുക്കാന്‍ നിര്‍ദേശിച്ചു. മൂര്‍ച്ചയില്ലാത്ത ആയുധങ്ങള്‍ കൊണ്ട് മൃഗങ്ങളെ അറുക്കുന്നതിനെ ശക്തമായി നിരോധിച്ചു. സഹജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു മുഹമ്മദ് നബി ﷺ. അവരോട് പെരുമാറേണ്ടതും ഇടപഴകേണ്ടതും എങ്ങനെയെന്ന് തിരുജീവിതത്തിലൂടെ പകര്‍ന്ന് നല്‍കി.
ഉപദ്രവകാരികളായ ജീവികളാണെങ്കിലും നമ്മെ ആക്രമിക്കുമ്പോള്‍ മാത്രമേ അവയോട് തിരിച്ച് ഉപദ്രവം ചെയ്യാന്‍ അവകാശമുള്ളൂ. അല്ലാത്തപക്ഷം അവയോട് ഇടപഴകുമ്പോഴും സൂക്ഷ്മത പുലര്‍ത്തണമെന്നാണ് തിരുവചനം. ഇതര ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് പ്രകൃതിയുടെ നില നില്‍പ്പിനാധാരം. പക്ഷേ മനുഷ്യന്റെ തന്നെ ചെയ്തികളാണ് ഇന്ന് പ്രകൃതിക്ക് പ്രഹരമേല്‍പ്പിക്കുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയില്‍ നിലനിര്‍ത്തേണ്ട ജീവജാലങ്ങളെ അതേപടി നിലനിര്‍ത്തല്‍ മനുഷ്യന്റെ കടമയാണ്. അതാണ് ഇസ്ലാം പഠിപ്പിക്കുന്നതും മുഹമ്മദ് നബി ﷺ ഉണര്‍ത്തിയതും. സ്വയം തെറ്റുകളെ തിരിച്ചറിയാനും പ്രകൃതിയോടും ജീവ ജാലങ്ങളോടും സ്നേഹത്തോടെയും കരുണയോടെയും വര്‍ത്തിക്കാനും തിരുജീവിതത്തെ മാതൃകയാക്കാം.