Showing posts with label പൂങ്കാവനം മാസിക. Show all posts
Showing posts with label പൂങ്കാവനം മാസിക. Show all posts

11 March 2015

തിരിച്ചുകിട്ടിയ സംസാരശേഷി

ഹജ്ജതുല്‍ വദാഇന്റെ ദിവസം. നബിﷺ തങ്ങള്‍ ഒരു വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ യമാമ നിവാസിയായ ഒരാള്‍ ഒരു കുട്ടിയുമായി നബിﷺയുടെ അടുത്തേക്ക് വന്നു പറഞ്ഞു:

‘‘നബിയേ! ഈ കുട്ടി ജനിച്ചത് മുതല്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അങ്ങ് പ്രാര്‍ത്ഥിക്കണം!”

നബിﷺ കുട്ടിയെ ഒന്ന് നോക്കി.
പിന്നീട് പറഞ്ഞു: ‘‘പറയൂ മോനേ! ഞാനാരാണ്?”

കുട്ടി വ്യക്തമായി പറഞ്ഞു: ‘‘താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍.”

തിരുനബിﷺ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ‘‘മോനേ! നീ സത്യം പറഞ്ഞു. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.”

അതുവരെ സംസാരിക്കാത്ത കുട്ടി അന്നുമുതല്‍ സംസാരിക്കാന്‍ തുടങ്ങി.

صلي الله علي محمد .صلي الله عليه وسلم

10 March 2015

വഴികാണിച്ച സിംഹം

നബി ﷺ തങ്ങള്‍ മോചിപ്പിച്ച അടിമയാണ് സഫീന(റ). ഒരുനാള്‍ അദ്ദേഹം കടല്‍യാത്ര ചെയ്യവെ കപ്പല്‍ മറിഞ്ഞു. ഭാഗ്യവശാല്‍ ഒരു പലകയില്‍ അള്ളിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് ഗമിച്ചു. എത്തിയത് വിജനമായൊരു കാട്ടിലായിരുന്നു. അപ്പോഴാണ് ഒരു സിംഹം തന്റെ പിറകെ ഓടിവരുന്നത് സഫീന(റ) കണ്ടത്. സഫീന(റ) തിരിഞ്ഞുനോക്കാതെ ഓടി. പിറകെ സിംഹവും. ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ സഫീന(റ) ഗത്യന്തരമില്ലാതെ വിളിച്ചുപറഞ്ഞു: ‘‘സിംഹമേ! ഞാന്‍ മുഹമ്മദ് നബി ﷺ യാല്‍ മോചിപ്പിക്കപ്പെട്ട അടിമയും അവിടുത്തെ സ്വഹാബിയുമാണ്.”

കേള്‍ക്കേണ്ട താമസം പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി വാലാട്ടി സന്തോഷം പ്രകടിപ്പിച്ചു. ശേഷം എന്തോ മനസ്സിലാക്കിയിട്ടെന്നവണ്ണം അത് മുന്നോട്ട് നടന്നു. പിറകെ സഫീന(റ)വും അനുഗമിച്ചു. അങ്ങനെ ദീര്‍ഘനേരം സഞ്ചരിച്ച് സിംഹം, ജനങ്ങള്‍ സഞ്ചരിക്കുന്ന വഴി സഫീന(റ)വിന് കാണിച്ചുകൊടുത്തു. വഴിയിലെത്തിയ സഫീന(റ)വിനോട് അതിന്റെതായ ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ച് സിംഹം തിരിച്ചുപോയി.

صلي الله علي محمد .صلي الله عليه وسلم

സേവനത്തിന്റെ സമ്മാനം

നബിﷺ തങ്ങളുടെ വിശ്വസ്ത സേവകനായിരുന്നു അനസ്(റ). പത്ത് വര്‍ഷമാണ് അനസ്(റ)വിന് തിരുനബിﷺക്ക് സേവനം ചെയ്യാന്‍ ഭാഗ്യമുണ്ടായത്. ഒരിക്കല്‍ അനസ്(റ)വിന്റെ മാതാവ് തിരുനബിﷺയെ സമീപിച്ചുകൊണ്ട് പറഞ്ഞു: ‘‘നബിയേ! എന്റെ മകന്‍ അനസിനുവേണ്ടി താങ്കള്‍ പ്രാര്‍ത്ഥിച്ചാലും.”

നബിﷺ പ്രാര്‍ത്ഥിച്ചതിങ്ങനെയായിരുന്നു:
‘‘അല്ലാഹുവേ! അനസിന് നീ സമ്പത്തും സന്താനങ്ങളും വര്‍ധിപ്പിക്കേണമേ! അവയില്‍ നീ ഐശ്വര്യം ചൊരിയേണമേ! ദീര്‍ഘായുസ്സും സ്വര്‍ഗത്തില്‍ എന്റെ സാമീപ്യവും നല്‍കേണമേ.”

നബിﷺയുടെ ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. അനസ്(റ)വിന്റെ തോട്ടത്തില്‍ നിന്ന് ഒരു വര്‍ഷം തന്നെ രണ്ട് തവണ വിളവ് ലഭിച്ചു. നൂറിലേറെ സന്താനങ്ങള്‍ ജനിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സുവരെ ആരോഗ്യവാനായി ജീവിക്കുകയും ചെയ്തു.

തന്റെ അവസാന കാലത്ത് മഹാനായ അനസ്(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘‘നബിﷺ പ്രാര്‍ത്ഥിച്ചതെല്ലാം ഇഹലോകത്ത് എനിക്ക് ലഭിച്ചുകഴിഞ്ഞു. ഇനി പരലോകത്ത് അവിടുത്തെ സാമീപ്യവും എനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ! അത് മാത്രമേ ഇനി പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളൂ.”

صلي الله علي محمد .صلي الله عليه وسلم

09 March 2015

ഈന്തപ്പനയുടെ സാക്ഷ്യം

ഒരിക്കല്‍ അമീര്‍ ഗോത്രത്തിലെ ഒരു ഗ്രാമീണന്‍ നബിﷺയുടെ തിരുസവിധത്തിലെത്തി, ഇങ്ങനെ പറഞ്ഞു: ‘‘താങ്കള്‍ പ്രവാചകനാണെന്നത് ഞാന്‍ വിശ്വസിക്കാം. പക്ഷെ എനിക്ക് അത്ഭുതകരമായ ഒരു തെളിവ് ലഭിക്കണം!”

ഉടനെ നബി ﷺ ചോദിച്ചു: ‘‘ഞാനീ ഈന്തപ്പനയുടെ ശാഖകളെ മാടി വിളിക്കാം. അത് വന്ന് സാക്ഷി പറയുകയാണെങ്കില്‍ നീ അംഗീകരിക്കുമോ?”

ഗ്രാമീണന്‍ പറഞ്ഞു: ‘‘അതെ, അംഗീകരിക്കാം!”

നബി ﷺ തങ്ങള്‍ ഈന്തപ്പനയെ മാടിവിളിച്ചു. ഉടനെ ആ ശാഖ മരത്തില്‍ നിന്ന് വേര്‍പെട്ട് തിരുനബിﷺയുടെ മുമ്പില്‍ വന്ന് ശഹാദത്ത് ചൊല്ലി.

കണ്ടുനിന്ന ഗ്രാമീണന്‍ ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് നബിﷺയുടെ ആജ്ഞപ്രകാരം ശാഖ ഈന്തപ്പന മരത്തിലേക്ക് തന്നെ ചെന്നുചേര്‍ന്നു.

صلي الله علي محمد .صلي الله عليه وسلم

പ്രതികാരമില്ലാതെ!

തമാമബ്നു ആദാല്‍(റ) യമാമ പ്രദേശത്തെ അധിപനായിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയപ്പോള്‍ ഖുറൈശികള്‍ ചോദിച്ചു: ‘‘താങ്കള്‍ നമ്മുടെ മതം ഉപേക്ഷിച്ചുവല്ലേ!”

‘‘അതെ! ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഇനി നോക്കിക്കോ, നബിﷺയുടെ അനുമതിയില്ലാതെ ഒരു മണി ധാന്യം പോലും ഞാന്‍ നിങ്ങള്‍ക്ക് അയച്ച് തരില്ല!”

അക്കാലത്ത് മക്കാ നഗരത്തിലേക്ക് യമാമയില്‍ നിന്നാണ് ധാന്യം വന്നുകൊണ്ടിരുന്നത്.

തമാമ(റ)വിന്റെ സ്വാധീനം മൂലം ഖുറൈശികള്‍ക്ക് യമാമയില്‍ നിന്ന് ധാന്യം ലഭിക്കാതായി. അവര്‍ ക്ഷാമത്തിലും കഷ്ടപ്പാടിലുമായി. ഒടുവില്‍ ഖുറൈശികള്‍ ഗത്യന്തരമില്ലാതെ നബിﷺയെ വിവരമറിയിച്ചു.

രക്തബന്ധത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നബിﷺ തങ്ങള്‍ക്ക് കത്തെഴുതി. കത്ത് കിട്ടിയ നബിതങ്ങള്‍ തമാമയെ വരുത്തി. ‘ധാന്യം അയക്കുന്നത് നിര്‍ത്തേണ്ടതില്ല’ എന്ന് ഉപദേശിച്ചു. അതിന് ശേഷമാണ് മക്കക്കാര്‍ക്ക് ധാന്യം ലഭിച്ചുതുടങ്ങിയത്.

വര്‍ഷങ്ങളോളം നബിﷺ യെയും കുടുംബത്തെയും ബഹിഷ്കരിച്ചവരായിരുന്നു ഖുറൈശികള്‍. ബഹിഷ്കരണം മൂലം ഭക്ഷണം പോലും കിട്ടാതെ വലിയ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട് തിരുനബിﷺ. എന്നിട്ടും യാതൊരു പ്രതികാരവും കാണിക്കാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവരെ സഹായിക്കുവാനാണ് തിരുനബി ﷺ തയ്യാറായത്. അവിടുത്തെ സ്വഭാവം എത്ര അനുകരണീയം!

صلي الله علي محمد .صلي الله عليه وسلم

08 March 2015

ഒരു വാക്കിന് മൂന്നു ദിവസം

ഹസ്റത്ത് അബ്ദുല്ല(റ) നബിﷺയുടെ പഴയകാല സുഹൃത്തായിരുന്നു. മഹാനവര്‍കള്‍ പറയുന്നു: നബി ﷺ തങ്ങള്‍ പ്രവാചകനായി നിയോഗിക്കപ്പെടുംമുമ്പ് ഒരിക്കല്‍ ഞാന്‍ തിരുനബിﷺയില്‍ നിന്ന് ഒരു സാധനം വിലക്ക് വാങ്ങിയിരുന്നു. വില അല്‍പം മാത്രമേ റൊക്കമായി കൊടുക്കാന്‍ സാധിച്ചുള്ളൂ.

പിന്നീട് എന്റെയടുക്കല്‍ പണം വന്നുചേര്‍ന്നു. അങ്ങനെയൊരിക്കല്‍ വഴിയില്‍വെച്ച് ഞാന്‍ നബി ﷺ തങ്ങളെ കാണാനിടയായി. ‘‘താങ്കള്‍ ഇവിടെ അല്‍പം കാത്തിരിക്കണം. ഞാന്‍ വേഗം വീട്ടില്‍ പോയി പണമെടുത്ത് വരാം!” നബിﷺ തങ്ങള്‍ സമ്മതിച്ചു.

ഞാന്‍ പണമെടുക്കാനായി വീട്ടിലേക്ക് പോയി. പക്ഷെ വീട്ടിലെത്തിയപ്പോള്‍ തിരുനബിﷺ കാത്തുനില്‍ക്കുന്ന കാര്യം ഞാന്‍ മറന്നുപോയി. മൂന്ന് ദിവസം കഴിഞ്ഞാണ് എനിക്കത് ഓര്‍മ വന്നത്.

ഉടനെ ഞാന്‍ പണം എടുത്ത് പ്രസ്തുത സ്ഥലത്തേക്കോടി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മൂന്ന് ദിവസമായി എന്റെ വരവും കാത്ത് നബിതങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടയുടനെ അവിടുന്ന് പറഞ്ഞു: ‘‘മൂന്ന് ദിവസമായി ഞാന്‍ താങ്കളുടെ വരവും പ്രതീക്ഷിച്ച് ഇവിടെ കാത്തിരിക്കുന്നു.”

صلي الله علي محمد .صلي الله عليه وسلم

ഗുസ്തിവീരന്റെ പരാജയം

ഖുറൈശികളിലെ പ്രസിദ്ധ ഗുസ്തി വീരനായിരുന്നു റുക്കാന. മക്കാനഗരത്തില്‍ വെച്ച് നബി ﷺ തങ്ങള്‍ ഒരിക്കല്‍ റുക്കാനയെ കണ്ടുമുട്ടി. അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് നബി ﷺ തങ്ങള്‍ അവനെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു.

റുക്കാന പറഞ്ഞു: ‘‘മുഹമ്മദേ! നീ പറയുന്നത് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ വിശ്വസിച്ചുകൊള്ളാം.”
നബി ﷺ തങ്ങള്‍ ചോദിച്ചു: ‘‘എങ്ങനെയാണ് ഞാന്‍ നിന്നെ സത്യം ബോധ്യപ്പെടുത്തേണ്ടത്?”

റുക്കാന അല്‍പം പരിഹാസത്തോടെ പറഞ്ഞു: ‘‘ഗുസ്തിയില്‍ നീ എന്നെ തോല്‍പിക്കണം. എന്നാല്‍ നീ പറയുന്നത് സത്യമാണെന്ന് ഞാനംഗീകരിക്കാം.”

ഗുസ്തിയില്‍ തന്നെ തോല്‍പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നായിരുന്നു ഗുസ്തിവീരനായ റുക്കാനയുടെ വിശ്വാസം.

നബി ﷺ തങ്ങള്‍ പറഞ്ഞു: ‘‘ശരി! ഗുസ്തിയില്‍ ഞാന്‍ നിന്നെ തോല്‍പിക്കാം. നമുക്ക് തുടങ്ങാം.”

നബി ﷺ യും റുക്കാനയും ഗുസ്തിയാരംഭിച്ചു. പൊരിഞ്ഞ പോരാട്ടം. അവസാനം നബി ﷺ റുക്കാനയെ പരാജയപ്പെടുത്തി. ഒരു തവണയല്ല, മൂന്ന് തവണ. എന്നിട്ടും റുക്കാന വാക്ക് പാലിച്ചില്ലെന്നു മാത്രം.

صلي الله علي محمد .صلي الله عليه وسلم

07 March 2015

നിയോഗം കാരുണ്യത്തിന്

ഉഹ്ദ് യുദ്ധ ദിവസം. ശത്രുക്കളുടെ വെട്ടേറ്റ് തിരുനബിﷺയുടെ ശരീരത്തില്‍ നിന്ന് രക്തമൊഴുകുന്നു. തിരുമേനിക്ക് ചുറ്റും തടിച്ചുകൂടിയ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: ‘‘നബിയേ! അങ്ങയെ ഇത്രമാത്രം വിഷമിപ്പിച്ച ഈ ധിക്കാരികള്‍ക്കെതിരെ താങ്കള്‍ പ്രാര്‍ത്ഥിച്ചാലും. നൂഹ് നബി(അ) അങ്ങനെ ചെയ്തിട്ടുണ്ടല്ലോ!”

ഉടനെ നബി ﷺ പറഞ്ഞു: ‘‘ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എല്ലാവര്‍ക്കും കാരുണ്യമായാണ്. ആരെയും ശപിക്കാനോ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാനോ അല്ല.” 
തുടര്‍ന്ന് നബിﷺ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘‘അല്ലാഹുവേ, വിവരമില്ലാത്ത എന്റെ സമുദായത്തിന് നീ നേര്‍വഴി കാണിക്കേണമേ!”

صلي الله علي محمد .صلي الله عليه وسلم

കൊടുക്കൂ! കുറയില്ല

ഒരാള്‍ വന്ന് നബി ﷺ യോട് സഹായം ചോദിച്ചു. നബി  യുടെ കൈയിലാവട്ടെ അപ്പോള്‍ യാതൊന്നുമുണ്ടായിരുന്നില്ല. തിരുമേനിﷺ അദ്ദേഹത്തോട് പറഞ്ഞു: ‘‘നിങ്ങള്‍ എന്റെ പേരില്‍ ആരോടെങ്കിലും കടം വാങ്ങിക്കൊള്ളൂ. ഞാനത് വീട്ടിക്കൊള്ളാം.”

യാചകന്‍ പോയശേഷം, സദസ്സിലുണ്ടായിരുന്ന ഉമര്‍(റ) നബിﷺ യോട് ചോദിച്ചു: ‘‘നബിയേ, അങ്ങ് അവരുടെ കാര്യത്തില്‍ ഇത്രയും കഷ്ടപ്പെടുന്നതെന്തിനാണ്. ഉള്ളത് കൊടുക്കാനല്ലേ അല്ലാഹു കല്‍പിച്ചിട്ടുള്ളൂ.”

തിരുനബിﷺക്ക് അതിഷ്ടപ്പെട്ടില്ലെന്ന് ആ മുഖഭാവം വിളിച്ചറിയിച്ചു. ഉടനെ ഒരു അന്‍സ്വാരി യുവാവ് എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘‘നബിയേ, താങ്കള്‍ കൊടുത്തുകൊണ്ടേയിരിക്കുക. അല്ലാഹു അതുകൊണ്ട് താങ്കള്‍ക്കെന്നും കുറവ് വരുത്തില്ല.” അന്‍സ്വാരി യുവാവിന്റെ വാക്കുകള്‍ കേട്ട, നബിﷺ തങ്ങളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു.

صلي الله علي محمد .صلي الله عليه وسلم