Showing posts with label സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. Show all posts
Showing posts with label സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. Show all posts

25 September 2023

അപര പരിഗണനയുടെ തിരു മാതൃക

ഹുബ്ബ് (സ്നേഹം/ പ്രണയം) ലയനമാണ്. രണ്ട് ഒന്നാവുന്ന അപൂർവതയാണ്. ഐക്യപ്പെടലോ പങ്കുകാരനാവലോ പിന്തുണക്കലോ ഒന്നുമല്ലത്. പ്രണയം എന്ന മലയാള പദത്തിന് നിഘണ്ടുവിൽ വെണ്ണ/എണ്ണ എന്നെല്ലാം അർഥം കാണാം. മെഴുക്ക്, ഈർപ്പം തുടങ്ങിയതാണ് എണ്ണയുടെ അടിസ്ഥാന സ്വഭാവം. കുടുങ്ങിക്കിടക്കുന്ന ഒന്നിനെ എളുപ്പത്തിൽ കുരുക്കഴിക്കാൻ സഹായകരമാകുന്നതാണ് എണ്ണ. രണ്ടാളുകൾക്കിടയിലെ കുരുക്കഴിച്ച്, ഒന്നാക്കി വിളക്കിച്ചേർക്കുന്ന എണ്ണയാണ് പ്രണയമെന്ന് വിശദീകരിക്കാം.

പ്രത്യേകിച്ച് മഹബ്ബത്തുന്നബി (തിരുനബിയോടുള്ള ഇഷ്ടം). അതിരുകളില്ലാതെ, ഉപാധികളില്ലാതെ, തങ്ങളുടെ ജീവനേക്കാൾ കൂടുതൽ ആളുകൾ ഒരാളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് തിരുനബി ﷺ യെ മാത്രമാണ്. സ്നേഹിക്കപ്പെടാൻ കാരണമാകുന്നത് മാത്രമായിരുന്നു അവിടുത്തെ ജീവിതം. വെറുതെ എന്ന് തോന്നുന്ന ഒരു ചലനം പോലും ആ മഹിത ജീവിതത്തിൽ നിന്നുണ്ടായിട്ടില്ല. എല്ലാം പാഠങ്ങളായിരുന്നു. അപരരിൽ ലയിച്ച്, അവരെ ഋജുമായ മാർഗത്തിൽ വഴിനടത്തി, അവരുടെ വിജയത്തിൽ അതിരില്ലാതെ സന്തോഷിച്ച്, ജീവിതം മുഴുവൻ ലോക ജനതക്ക് മുമ്പിൽ തുറന്നുവെച്ച പഠന പുസ്തകമായിരുന്നു തിരുനബി ﷺ.

സ്നേഹമായിരുന്നു തിരുനബിﷺ. “ലോകർക്ക് മുഴുവൻ കാരുണ്യമായിട്ടാണ് അങ്ങയെ നാം അയച്ചതെന്ന്’ ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. അതുകൊണ്ടു തന്നെ തിരുനബിയുമായി ഇടപ്പെട്ടവരെല്ലാം ആ സ്‌നേഹവലയത്തിൽ ആകൃഷ്ടരായിരുന്നു. അത്രയും മികച്ചതായിരുന്നു അവിടുത്തെ പെരുമാറ്റം. പുഞ്ചിരിയോടെയല്ലാതെ അവിടുന്ന് ആരെയും സ്വീകരിക്കുമായിരുന്നില്ല. അവിടുത്തോളം മികച്ച സ്വഭാവമുള്ള മറ്റൊരാളെയും താൻ കണ്ടിട്ടില്ലെന്ന് പത്ത് വർഷത്തോളം അവിടുത്തേക്ക് സേവനം ചെയ്ത അനസ്(റ) പറഞ്ഞിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഒരു കാര്യം ഞാൻ ചെയ്തു പോയാൽ... എന്തിനങ്ങനെ ചെയ്‌തെന്നോ ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നാൽ എന്തുകൊണ്ട് ചെയ്തില്ലെന്നോ മുത്തുനബിﷺ ഗൗരവത്തോടെ തന്നോടു ചോദിച്ചിരുന്നില്ലെന്ന് അനസ് തങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട്.

വളരെ ചെറിയ കാര്യങ്ങൾ വരെ അവിടുന്ന് അന്വേഷിക്കും. മറ്റുള്ളവരുടെ സന്തോഷവും സന്താപവും മനസ്സിരുത്തി കേൾക്കും. അനസ് (റ) വിന് ഒരു സഹോദരനുണ്ടായിരുന്നു. അബൂ ഉമൈർ എന്നായിരുന്നു അവരുടെ പേര്. ഉമ്മയൊത്ത സഹോദരൻ. അഥവാ, രണ്ട് പേരുടെയും മാതാവ് ഒന്നും പിതാവ് വേറെയുമായിരുന്നു. അനസ് തങ്ങളുടെ പിതാവ് മരണപ്പെട്ട ശേഷം അബൂത്വൽഹ(റ)യാണ് അനസ് തങ്ങളുടെ ഉമ്മയെ വിവാഹം കഴിച്ചത്. ആ ബന്ധത്തിലാണ് അബൂ ഉമൈർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ അനസ് എന്നവരോടെന്നപോലെ തന്നെ അബൂ ഉമൈറിനോടും തിരുനബിക്ക് പ്രത്യേക സ്നേഹവും പരിഗണനയുമുണ്ടായിരുന്നു. ചെറുപ്പത്തിൽ അബൂ ഉമൈർ എന്നവർക്ക് ഒരു കുഞ്ഞു വളർത്തു കിളിയുണ്ടായിരുന്നു. ജീവനുതുല്യം സ്നേഹിച്ചുകൊണ്ടാണ് അബൂ ഉമൈർ ആ കിളിയെ വളർത്തിയത്. മുത്ത് നബി വീട്ടിലെത്തുമ്പോഴെല്ലാം അബൂ ഉമൈറിനെയും അടുത്തു വിളിക്കും. കിളിയെ കുറിച്ച് കുശലം ചോദിക്കും. അബൂ ഉമൈർ ആവേശത്തോടെ അവരുടെ കിളിയുടെ കഥ അവിടുത്തേക്ക് പറഞ്ഞു കൊടുക്കും. ഒരിക്കൽ... തിരുനബി വന്നപ്പോൾ അബൂ ഉമൈർ സങ്കടപ്പെട്ടിരിക്കുന്നതാണ് കണ്ടത്. കാരണമാരഞ്ഞപ്പോൾ കിളി ചത്തുപോയതാണെന്ന് മനസ്സിലായി. അവിടുന്ന് അബൂ ഉമൈറിന്റെ സങ്കടത്തിൽ പങ്കുചേർന്നു. അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ടിരുന്നു. അബൂ ഉമൈറിന്റെ സങ്കടത്തെ അവിടുന്നും മനസ്സിലേക്കാവാഹിച്ചു. ഇതായിരുന്നു തിരുനബിﷺ.

അപര പരിഗണനയുടെ പാഠങ്ങൾ വിശ്വാസി ലോകം തിരുനബിയിൽ നിന്ന് പകർത്തണം. തന്റെ സദസ്സിൽ സ്ഥിരമായി വരുന്നവരെ കണ്ടില്ലെങ്കിൽ അവിടുന്ന് അന്വേഷിക്കും. അവധി നീണ്ടാൽ അദ്ദേഹത്തെ തേടി വീട്ടിലേക്ക് ചെല്ലും. സ്ഥലത്തില്ലെങ്കിൽ പ്രാർഥിച്ചു കൊടുക്കും. യുദ്ധ സമയത്ത് കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും അവിടുന്ന് പ്രത്യേകം പരിഗണിച്ചിരുന്നു. അവർക്ക് ആപത്ത് വരാതിരിക്കാൻ സുരക്ഷാ നിർദേശങ്ങൾ അനുചരന്മാർക്ക് കൈമാറിയിരുന്നു. യുദ്ധത്തിൽ പങ്കെടുക്കാനുള്ള ആവേശത്തോടെ കുട്ടികൾ തിരുനബിയെ സമീപിക്കും. എന്നിട്ടവർ പറയും: അല്ലാഹുവിന്റെ റസൂലെ, ഞങ്ങളുമുണ്ട് യുദ്ധത്തിന്. ഞങ്ങൾക്കും പോരാടണം, ശത്രുക്കളെ തോൽപ്പിക്കണം. ഞങ്ങൾക്കതിന് അനുവാദം തരണം’ എന്നാൽ തിരുനബി വിസമ്മതിക്കും. അവർക്ക് യുദ്ധത്തിന്റെ കെടുതികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കും. കുട്ടികളായ നിങ്ങളെ നോക്കാൻ അവിടെ മറ്റുള്ളവർക്ക് സമയമുണ്ടാകില്ലെന്ന് ഉപദേശിക്കും. അവരെ പിന്തിരിപ്പിക്കും.

വലിയവരോടും അവിടുത്തെ സ്വഭാവം കാരുണ്യത്തിന്റേത് തന്നെയായിരുന്നു. മുമ്പിലൊരു വൃദ്ധയായ സ്ത്രീ നടന്നു പോകുന്നു. ഊടുവഴിയാണ്. തിരുനബിക്ക് അവരെ മറികടക്കാൻ സ്ഥലമില്ല. പിറകിൽ നബിയുള്ള വിവരം ഈ സ്ത്രീക്ക് അറിയുകയുമില്ല. തിരുനബി അതവരെ ഉണർത്താനും മുതിർന്നില്ല. ഇതുകണ്ട മൂന്നാമതൊരാൾ ആ സ്ത്രീ കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു: ഹേയ് തള്ളേ, നിങ്ങൾക്കൊന്നു വഴിമാറിക്കൊടുത്തുകൂടെ? അല്ലാഹുവിന്റെ റസൂലല്ലേ നിങ്ങളുടെ പിന്നിൽ? പെട്ടെന്നാണ് തന്റെ പിന്നിലുള്ളത് തിരുനബിയാണെന്ന് ആ വൃദ്ധയായ സ്ത്രീ തിരിച്ചറിഞ്ഞത്. അവർ ചെറിയ പേടിയോടെ വഴിയിൽ നിന്ന് മാറി നിന്നു. താൻ ചെയ്തത് മര്യാദകേടാണോയെന്ന ജാള്യത അവരുടെ മുഖത്തുണ്ടായിരുന്നു. അതു മനസ്സിലാക്കിയ അശ്റഫുൽ ഖൽഖ് ﷺ അവരോട് പറഞ്ഞു: “ഉമ്മാ, നിങ്ങളെന്തിനാണിങ്ങനെ പേടിച്ചു വിറക്കുന്നത്? നിങ്ങളെപ്പോലെ ഒട്ടകത്തിന്റെ ഉണക്കമാംസം തിന്നുവളർന്ന ഒരുമ്മയുടെ മകനാണല്ലോ ഞാനും’. മറ്റുള്ളവരിൽ നിന്ന് തന്നെ വേറിട്ടു കാണാൻ അവിടുന്ന് ആഗ്രഹിച്ചിരുന്നില്ല. ആടുമേക്കാനും അടുക്കളയിൽ പാചകം ചെയ്യാനും സൈനിക നേതൃത്വമാകാനും രാജ്യ തന്ത്രങ്ങൾ മെനയാനും അവിടുന്ന് ഒരേ സമയം സന്നദ്ധമായിരുന്നു. അപരനെ അകറ്റുന്ന ഒന്നും അവിടുത്തെ സ്വഭാവത്തിലുണ്ടായിരുന്നില്ല. നിങ്ങളെങ്ങാനും പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിൽ ആളുകൾ നിങ്ങളിൽ നിന്ന് അകന്നുപോകുമായിരുന്നുവെന്നർഥംവരുന്ന വിശുദ്ധ ഖുർആനിക സൂക്തം അതിലേക്കാണ് വെളിച്ചം വീശുന്നത്. ലോകത്തെ ഏറ്റവും മഹത്തരമായ സ്വഭാവത്തിന്റെ ഉടമയും കരുണക്കടലുമായിരുന്നു തിരുനബി ﷺ.

തിരുനബി സ്വഹാബാക്കളോടൊന്നിച്ചുള്ള ഒരു യാത്രാമധ്യേ, യാത്രാ സംഘം വിശന്നവശരായപ്പോൾ ഒരാടിനെ അറുത്ത് ഭക്ഷിക്കാൻ അവർ തീരുമാനിച്ചു. ഒരാൾ ആടിനെ അറുക്കാൻ സന്നദ്ധനായി. മറ്റൊരാൾ ആടിന്റെ തോലൂരാൻ മുന്നോട്ട് വന്നു. ഈ സന്ദർഭത്തിൽ തിരുനബി പറഞ്ഞു: “ആവശ്യമായ വിറകുകൾ ഞാൻ ശേഖരിക്കാം’. ഇത് കേൾക്കേണ്ട താമസം സ്വഹാബികൾക്ക് വിഷമമായി. അവർ പറഞ്ഞു: വേണ്ട നബിയെ ഞങ്ങൾ ചെയ്‌തോളം. തിരുനബി പ്രതിവചിച്ചു: ഞാൻ നിങ്ങളിൽ ഒരാളായിരിക്കുവനാണാഗ്രഹിക്കുന്നത്. അധികാരവും അനുയായികളും ഗമനടിക്കാനും തന്റെ കൽപ്പന അംഗീകരിക്കാനും വേണ്ടി ഉള്ളവർമാത്രമാണ് എന്ന് കരുതുന്ന ആധുനിക നേതാക്കൾക്ക് മുമ്പിൽ തിരുനബി പറഞ്ഞു വെച്ചു “സമുദായ നേതാവ് ആ സമൂഹത്തിന്റെ സേവകനാണ്’ .

അനാഥകൾക്കും അഗതികൾക്കും അശരണർക്കും അവിടുന്ന് അത്താണിയായിരുന്നു. അനസ് (റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം പെരുന്നാൾ സുദിനത്തിൽ പള്ളിയിലേക്ക് പുറപ്പെട്ട തിരുനബി, വഴിമധ്യേ നുരുമ്പിയ വസ്ത്രം ധരിച്ച് വിതുമ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ അരികിൽ ചെന്ന് ചോദിച്ചു: മോനെന്തിനാ കരയുന്നത്? തന്റെ മുമ്പിലൂടെ പുതുവസ്ത്രങ്ങളണിഞ്ഞ് ആർത്തുല്ലസിച്ച് സന്തോഷിക്കുന്നസമപ്രായക്കാരിലേക്ക് നോക്കി ആ പിഞ്ചുബാലൻ മുമ്പിൽ നിൽക്കുന്നത് തിരുദൂതരാണെന്നറിയാതെ വിതുമ്പി: ഹേ… മനുഷ്യ, എന്റെ ഉപ്പ പ്രവാചകരോടൊപ്പം നടത്തിയ ഒരു യുദ്ധത്തിൽ മരണപ്പെട്ടു. ഉമ്മ വേറെ വിവാഹം കഴിച്ചു, പലകാരണങ്ങൾ കൊണ്ടും ഞാനാവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇന്നെനിക്ക് വസ്ത്രമില്ല, വീടില്ല, വെള്ളമില്ല… എന്റെ കൂട്ടുകാരെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് കളിച്ച് രസിച്ച് ഉപ്പമാരുടെ കൈ പിടിച്ച് പള്ളിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെ ഉപ്പയേ അലോചിച്ചുപോയതാണ് ഞാൻ കരയാനുള്ള കാരണം.

ഇതു കേൾക്കേണ്ട താമസം ആവശ്യക്കാരന്റെ ആവശ്യം മനസ്സിലാക്കി പ്രതികരിക്കുന്ന തിരുനബി ആ കുഞ്ഞു മോനോട് ചോദിച്ചു: ഞാൻ നിന്റെ ഉപ്പയും ആഇശ നിന്റെ ഉമ്മയും അലിയാര് നിന്റെ എളാപ്പയും ഹസൻ ഹുസൈൻ നിന്റെ സഹോദരങ്ങളും ഫാത്വിമ നിന്റെ സാഹോദരിയുമാകുന്നതിനെ നീ ഇഷ്ടപ്പെടുന്നുണ്ടോ? ആ കുഞ്ഞുമോൻ സർവസമ്മതനായി. ലോകത്ത് തനിക്ക് കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. ഇതായിരുന്നു തിരുനബി. സംസ്‌കാരവും സത്‌സ്വഭാവവും സ്നേഹവും പരിഗണനയും മാനവികതയും തുടങ്ങി മാനുഷിക സ്വഭാവത്തിന്റെ അടിസ്ഥാന ഗുണം പോലുമില്ലാതിരുന്ന ഒരു സമൂഹത്തെ മൃഗീയതയിൽ നിന്ന് മഹിത സ്വഭാവത്തിലേക്ക് പരിവർത്തിപ്പിച്ചത് തിരുനബിയായിരുന്നു.


صلي الله علي محمد .صلي الله عليه وسلم

11 November 2018

വന്നെത്തി ഒന്നാം വസന്തം

റബീഅ് വീണ്ടും സമാഗതമായിരിക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ ആദ്യ റബീഅ് ആണിത്. പ്രളയം ഒരുപാട് നിരാശകള്‍ സമ്മാനിച്ചെങ്കിലും പ്രളയം വിതച്ച വിപത്തുകളില്‍ നിന്ന് അസാമാന്യ മനക്കരുത്തോടെ കരകയറാന്‍ കേരളം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനാവശ്യമായ വഴികളെല്ലാം പലവിധത്തില്‍ നമുക്ക് തുറന്നു ലഭിക്കുന്നു. സ്വയം മറന്ന് സാമൂഹ്യബോധത്തിലേക്ക് ജനത ഉയര്‍ന്ന മഹത്തായ സമയം കൂടിയായിരുന്നു പ്രളയകാലം. അതിനാല്‍ തന്നെ പ്രളയകാലം ആപത്തുകാലമായിരുന്നെങ്കിലും മാനസികമായി കരുത്തും ആവേശവും നമുക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. കൈമെയ് മറന്ന് നമ്മള്‍ മനുഷ്യന്‍ എന്ന ഒറ്റവികാരത്തിലേക്ക് ഉയര്‍ന്നു. എന്നും നിലനിര്‍ത്തേണ്ട ഉദാത്തമായ സ്വഭാവമായിരുന്നു അത്. പക്ഷേ, അന്ന് കാണിച്ച മാനവിക ബോധമെല്ലാം വറ്റിപ്പോയോ എന്നു തോന്നിക്കുന്ന തരത്തിലായിരുന്നു തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.

റബീഅ് മുന്നോട്ടു വെക്കുന്ന ഏറ്റവും മഹത്തായ സന്ദേശവും മാനവികതയുടെതാണ്. തിരുനബിﷺ സ്വയം സമര്‍പ്പിച്ചപ്പോഴാണ് ഇസ്‌ലാം ലോകത്ത് പൂത്തുതളിര്‍ത്തത്. മക്കയിലെ ഏറ്റവും പ്രമുഖ തറവാട്ടില്‍ പിറന്ന അശ്‌റഫുല്‍ ഖല്‍ഖിന് സുന്ദരമായി സ്വയം ജീവിച്ച് മരിക്കാമായിരുന്നു. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം അവിടുന്ന് തോളിലേറ്റി. ആ ഉത്തരവാദിത്വത്തിന്റെ വലിപ്പമറിയണമെങ്കില്‍ നമ്മള്‍ ചെയ്യുന്ന ഒരു സ്വഭാവം ഉപേക്ഷിക്കാന്‍ നമുക്കുണ്ടാകുന്ന മാനസിക പ്രയാസമെത്രയാണെന്നാലോചിച്ചാല്‍ മതിയാകും. ആ സ്ഥാനത്താണ് ഒരു സമുദായത്തെ ആകെ പരിവര്‍ത്തിപ്പിക്കേണ്ട ഉത്തരവാദിത്വം അശ്‌റഫുല്‍ ഖല്‍ഖ് ഏറ്റെടുക്കുന്നത്. അവിടുന്ന് തന്റെ ദൗത്യവുമായി രംഗത്തിറങ്ങുമ്പോള്‍ മക്കയിലെ സാമൂഹിക സ്ഥിതി എന്തായിരുന്നു എന്ന് പ്രവാചക പ്രണയികള്‍ക്കും ചരിത്രാവബോധമുള്ളവര്‍ക്കും വ്യക്തമായ ധാരണയുണ്ട്. മദ്യം ദാഹശമനിയായും വികാരം ലൈംഗികതയായും വിനോദം യുദ്ധമായായും നിര്‍വചിച്ചിരുന്നു ആ ഇരുണ്ട സമുദായം. ഈ ജാഹിലിയ്യാ സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ വഴികേടിത്തരത്തിലാണ് എന്ന് പറയുന്നതിന് പകരം അവര്‍ വഴികേടിത്തരത്തില്‍ മുങ്ങികുളിച്ചവരാണ് എന്നാണ് അല്ലാഹു പറഞ്ഞത്. വസ്ത്രത്തില്‍ ചെളി പുരണ്ടാല്‍ കഴുകി വൃത്തിയാക്കാം. എന്നാല്‍ ചെളിയും വസ്ത്രവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയിലായാല്‍ എന്ത് ചെയ്യും? ഇത് പോലെയായിരുന്നു തിരുദൂതരുടെ സമയത്ത് ജാഹിലിയ്യാ സമൂഹം. എന്നാല്‍, ഇത്തരം ഒരു സമൂഹത്തെയാണ് വെറും 23 വര്‍ഷത്തെ തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി തിരുനബിﷺ ലോകര്‍ക്ക് മാതൃകാ യോഗ്യരായ ഒരു സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചു നല്‍കിയത്. എന്നിട്ടവിടുന്ന് പറഞ്ഞു: ‘എന്റെ അനുചരന്മാര്‍ നക്ഷത്ര സമന്മാരാണ്. അവരില്‍ ആരെ പിന്‍പറ്റിയാലും അവര്‍ സന്മാര്‍ഗം സിദ്ധിക്കും’.

ജീവിതകാലം മുഴുവന്‍ അധ്യാപനത്തിന് ഉഴിഞ്ഞുവെച്ച ഏതെങ്കിലും അധ്യാപകന് സാധിക്കുമോ തന്റെ വിദ്യാര്‍ഥികളെല്ലാം മാതൃകായോഗ്യരാണെന്നു പറയാന്‍? മതപ്രബോധനത്തിനിറങ്ങുന്നവര്‍, ആദ്യമായി ആരായിരുന്നു അശ്‌റഫുല്‍ ഖല്‍ഖ് എന്നും എന്തായിരുന്നു അവിടുത്തെ ജീവിതമെന്നും കൃത്യമായി അടുത്തറിയണം. എന്നിട്ട് അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. പ്രബോധകനായ മുത്ത് നബി തങ്ങളെ നോക്കൂ. 63 വര്‍ഷത്തെ പ്രവാചക ജീവിതത്തെ പ്രവാചകത്വത്തിനു മുമ്പ്, ഹിജ്‌റക്കു മുമ്പ്, ഹിജ്‌റക്കു ശേഷം എന്നിങ്ങനെ മൂന്നായി ഭാഗിക്കാം. അങ്ങനെയെങ്കില്‍ പ്രവാചകന്റെ ജീവിതം തന്നെയായിരുന്നു പ്രബോധനമെന്ന് കാണാം. വിശ്വാസിക്ക് സ്വയം പ്രബോധകനായി വളരാന്‍ സാധിക്കണം. അതിന് വേണ്ടി നമ്മള്‍ ഘോരഘോരം പ്രസംഗിച്ചു നടക്കേണ്ട. മറിച്ച്, അശ്‌റഫുല്‍ ഖല്‍ഖിന്റെ ജീവിതം പകര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ മതി.

വിശ്വസ്തതയായിരുന്നു നബിതങ്ങള്‍ﷺ ആകര്‍ഷിക്കപ്പെട്ടതിന്റെ സുപ്രധാന ഘടകം. പ്രവാചക ലബ്ധിക്ക് മുമ്പ് തന്നെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന ബഹുമതി നേടി അവിടുന്ന് സ്വീകാര്യനായി. വിശ്വസ്തതയുള്ള പ്രബോധകനെ മാത്രമേ പ്രബോധിതര്‍ ഉള്‍കൊള്ളുകയുള്ളൂ. എല്ലാ ബന്ധങ്ങളും ശക്തി പ്രാപിക്കുന്നത് വിശ്വാസ്യതയിലൂടെയാണ്. ശിഥിലമാകുന്നത് വഞ്ചനയിലൂടെയും. അമാനത്ത് നഷ്ടപ്പെടുക എന്നത് ഖിയാമത്ത് നാളിന്റെ അടയാളമായി എണ്ണിയിട്ടുണ്ട്. ജീവിതത്തിന്റെ സര്‍വ മേഖലകളിലും വിശ്വസ്തത കാത്തുസൂക്ഷിക്കാന്‍ ദാഇകള്‍ക്ക് കഴിയണം. വിശ്വസ്തതയുടെ പ്രാധാന്യത്തെക്കുറിച്ച് നബിﷺ തന്റെ സ്വഹാബത്തിനെ നിരന്തരം ഉണര്‍ത്താറുണ്ടായിരുന്നു. ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അനസ്(റ) പറയുന്നു: അമാനത്ത് ഇല്ലാത്തവന് ഈമാനില്ല എന്ന് ഉപദേശിക്കാതെ നബിﷺ ഞങ്ങളെ അഭിസംബോധന ചെയ്തിട്ടേയില്ല. വിശ്വസ്തത പുലര്‍ത്തുന്നവരെയും അല്ലാത്തവരെയും വേര്‍തിരിച്ചു തന്നെയാണ് ഇസ്്‌ലാം സമീപിക്കുന്നത്.

ഒരു ദീനാറിന്റെ നാലിലൊന്ന് അഥവാ ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഒരു വസ്തു മോഷ്ടിച്ചാല്‍ ആ മോഷ്ടാവിന്റെ കൈ വെട്ടലാണ് ഇസ്‌ലാം പറയുന്ന ശിക്ഷ. വിശ്വസ്തതയില്ലാത്ത കൈയാണത് എന്നതാണു കാരണം. എന്നാല്‍ ഒരു നിരപരാധിയുടെ കൈ ആരെങ്കിലും വെട്ടിയാല്‍ ഇസ്്‌ലാമിക നിയമ പ്രകാരം തിരികെ കൈ വെട്ടാതെ മാപ്പു നല്‍കുകയാണെങ്കിലുള്ള നഷ്ടപരിഹാരം അമ്പത് ഒട്ടകങ്ങളുടെ മൂല്യമോ അഞ്ഞൂറ് ദീനാറോ ആണ്. അഥവാ ഇരുപത്തഞ്ച് ലക്ഷം രൂപയെങ്കിലും പിഴയടക്കണം. അഥവാ ഇരുപത്തഞ്ച് ലക്ഷമെന്ന മൂല്യം വിശ്വസ്തത നഷ്ടപ്പെടുമ്പോഴേക്കും രണ്ടായിരത്തി അഞ്ഞൂറായി കുറയുന്നു.

ചുരുക്കത്തില്‍ മൃഗങ്ങള്‍ക്ക് മാംസത്തിന്റെ തൂക്കം നോക്കിയാണ് വില നിര്‍ണയിക്കുന്നതെങ്കില്‍ മനുഷ്യന് വില നിര്‍ണയിക്കുന്നത് അവന്റെ വിശ്വസ്തത അളന്നു കൊണ്ടാണ്. രണ്ടാമതായി സാന്ത്വന പ്രവര്‍ത്തനങ്ങളാണ്. മുത്ത് നബിﷺയുടെ ജീവിതത്തെ ബിവി ഖദീജ(റ) വിവരിക്കുന്നത് പ്രബോധകര്‍ക്ക് പാഠമാകണം. ഹിറാ ഗുഹയില്‍ വെച്ച് വഹ്‌യ് ലഭിച്ച വെപ്രാളത്തില്‍ വന്ന നബിﷺയോട് ഖദീജ ബീവി(റ) പറഞ്ഞു: ‘നിങ്ങള്‍ കുടുംബ ബന്ധം പുലര്‍ത്തുന്നവരാണ്. അശരണരുടെ അത്താണിയും പാവങ്ങളുടെ അഭയ കേന്ദ്രവുമാണ്. അതുകൊണ്ട് അല്ലാഹു സത്യം, അവന്‍ നിങ്ങളെ വൃഥാവിലാക്കില്ല’. നബിﷺയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഖദീജ ബീവി സമാധാനം അരുളിയത്. ഹിറാ ഗുഹയില്‍ നിന്നു വന്ന നബിതങ്ങള്‍ ഖദീജ ബീവി(റ)യോട് ‘സമ്മിലൂനീ'(എന്നെ മൂടിപ്പുതപ്പിക്കൂ) എന്ന പുല്ലിംഗ ബഹുവചനം ഉപയോഗിച്ചതിനെ സംബന്ധിച്ച് മുഹമ്മദുശ്ശന്‍വീന്‍(റ) പറയുന്നത് ഖദീജ ബീവിയുടെ ദൃഢമായ മനസ്സും ബുദ്ധി വൈഭവവും പുരുഷ സമൂഹത്തെ പോലും വെല്ലുന്നതായിരുന്നുവെന്നാണ്. ഒരു പ്രബോധകന്റെ ജീവിതത്തില്‍ സഹധര്‍മ്മിണിക്കുള്ള പങ്കു കൂടെ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു നബിﷺ തങ്ങള്‍.

തിരു നബിﷺയുടെ ജീവിതത്തിന്റെ ഏത് മേഖലയെടുത്താലും അവിടുന്ന് ആ മേഖലയില്‍ പരിപൂര്‍ണരായിരുന്നു. ഒരു ഭാര്യ-ഭര്‍ത്താവിന്റെ റോള്‍ തിരുനബിﷺയും മഹതി ഖദീജ(റ)യും എത്ര സുന്ദരമായിട്ടാണ് വരച്ചു കാണിച്ചതെന്ന് ചരിത്രത്തില്‍ നിന്ന് നമുക്ക് വ്യക്തമാകും. ഇതു പോലെ ഒരു ഭരണാധിപനെന്ന നിലയിലും നേതാവെന്ന നിലയിലും പിതാവെന്ന നിലയിലും ജീവിതത്തിന്റെ സകല മേഖലകളിലും അശ്‌റഫുല്‍ ഖല്‍ഖ് പരിപൂര്‍ണത പുലര്‍ത്തിയിരുന്നു. ‘മുഹമ്മദിനെ അനുയായികള്‍ സ്‌നേഹിക്കുന്നത് പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന്’ അബൂസുഫ്‌യാന്‍(റ) ശത്രുപക്ഷത്തായിരുന്ന സമയത്ത് പറഞ്ഞതായി കാണാം. മറ്റൊരിക്കല്‍ ശത്രു പക്ഷത്തിന്റെ പിടിയിലകപ്പെട്ട് വധിക്കപ്പെടാന്‍ പോകുന്ന സ്വഹാബിയോട് നിങ്ങളുടെ സ്ഥാനത്ത് മുഹമ്മദിനെ നിറുത്തുന്നത് നിങ്ങള്‍ക്ക് ഇഷ്ട്ടപെടുമോ എന്ന ചോദ്യത്തിന് അതെനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണെന്ന് മറുപടി പറയുന്ന അനുചരനെകാണാം. ഇതായിരുന്നു തിരുനബിയും അനുയായികളും തമ്മിലുള്ള ബന്ധം. ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ കാണാം. തന്റെ മുട്ടുകാലും ഇരു കൈകളും നിലത്തമര്‍ത്തി പേരക്കിടാങ്ങള്‍ക്ക് തന്റെ ചുമലിനെ കളിയിടമാക്കി ക്കൊടുക്കുന്ന ഒരു വലിയുപ്പയെ നമുക്ക് നബിﷺ ചരിത്രങ്ങളില്‍ വായിക്കാന്‍ സാധിക്കും. തിരുനബിﷺ മാതൃകയാണ്. ഒരു മനുഷ്യന്റെ ജീവിത കാലത്ത് ആവശ്യമായതെല്ലാം അവിടുന്ന് കൃത്യമായി തന്നെ ജീവിച്ചു കാണിച്ചിട്ടുണ്ട്. ഇനി ആ മാതൃകകളല്‍ നിന്ന് പാഠം ഉള്‍കൊള്ളേണ്ടത് നമ്മളാണ്. ആ ജീവിതത്തെ അതുപോല തന്നെ പകര്‍ത്താന്‍ നമുക്ക് സാധിക്കണമെന്നില്ല. എങ്കിലും വിശ്വാസിയായ അവിടുത്തെ അനുയായി എന്ന നിലയില്‍ കഴിവിന്റെ പരമാവധി ജീവിതത്തില്‍ അനുധാവനം ചെയ്യാന്‍ നമുക്ക് സാധിക്കണം.

صلي الله علي محمد .صلي الله عليه وسلم