Showing posts with label ഹുസൈൻ തങ്ങൾ വാടാനപ്പള്ളി. Show all posts
Showing posts with label ഹുസൈൻ തങ്ങൾ വാടാനപ്പള്ളി. Show all posts

19 November 2018

മഹബ്ബത് നബി ﷺ

സ്നേഹനിധിയായ മുത്തു നബിയുടെ പേര് കേൾക്കുമ്പോൾ, അവിടത്തെ വിശേഷണങ്ങൾ പറയുന്ന പാട്ടും കവിതയും ഗദ്യവും പദ്യവും സൃഷ്ടിക്കുന്ന ആന്ദോളനങ്ങൾ, മദീനയെന്നു ഉച്ചരിക്കുമ്പോൾ,  പച്ചക്കുബ്ബയുടെ ഫോട്ടോ കാണുമ്പോൾ,  അവിടത്തെ വിശേഷണങ്ങളും ദർശനങ്ങളും ചരിത്രങ്ങളും വായിക്കുമ്പോൾ,  അവിടത്തെ ആസാറുകളെ കുറിച്ചു കേൾക്കുമ്പോൾ,  കാണുമ്പോൾ ഹൃദയത്തിൽ നാമറിയാതെ നാമ്പെടുക്കുന്ന വികാരമില്ലേ, രോമകൂപങ്ങളിൽ രൂപപ്പെടുന്ന വിറയലില്ലേ അതാണ്‌ ചക്രവർത്തി തിരുമനസ്സിനോടുള്ള പ്രണയത്തിന്റെ തുടക്കം. അത് തുടങ്ങി കിട്ടിയാൽ പിന്നെ നമ്മുടെ ഹൃദയത്തിലും മനസ്സിലും ശരീത്തിലും പടർന്നൊഴുകുന്ന പറഞ്ഞറിയിക്കാനാകാത്ത അനുഭവം, അത് സ്വീകരിക്കാൻ നമുക്ക് കഴിയുമോ?

മുത്തു നബിയുടെ വഫാത്തിന് ശേഷം മദീനയിൽ താമസിക്കാനാകാതെ അവിടം വിട്ടുപോയ ബിലാൽ (റ) വിനെ ഓർമ്മയില്ലേ? പിന്നീടൊരിക്കൽ ഖലീഫയുടെ സ്നേഹ നിർബന്ധത്തിനു വഴങ്ങി മദീനയിലെത്തി ബിലാൽ (റ). ബാങ്ക് കൊടുക്കാൻ നിര്ബന്ധിക്കപ്പെട്ടു. മുത്തു നബിയാരുടെ ഓർമ്മകൾക്ക് മുമ്പിൽ ബിലാൽ സുബ്ഹി ബാങ്ക് വിളിക്കാൻ തുടങ്ങി. മദീനയിലെ വീടുകളിൽ ആ ശബ്ദം മുഴങ്ങിയപ്പോൾ ജനങ്ങളൊന്നടങ്കം ഞെട്ടിയെഴുന്നേറ്റു, അവർക്ക് ബിലാലിന്റെ മധുര സംഗീതമാർന്ന ബാങ്കൊലിയല്ല മനസ്സിൽ, തങ്ങളുടെ പ്രിയപ്പെട്ട സ്നേഹഭാജനം തിരിച്ചു വന്നിരിക്കുന്നു എന്ന തോന്നലുമായി മസ്ജിദുന്നബവിയിലേക്ക് അവർ ഓടിയടുത്തത് ഓർമ്മയില്ലേ? പക്ഷെ, അപ്പോൾ ബിലാൽ ഉന്മാദാവസ്ഥയിലായിരുന്നിരിക്കണം, അശ്‌ഹദു അന്ന....... മുഹമ്മദ്‌ എന്ന ശബ്ദം പുറത്തു വരാതെ തൊണ്ട കുഴങ്ങിയ സമയം,..... ബാങ്ക് പൂർത്തിയാക്കാനാകാതെ ബിലാൽ കുഴഞ്ഞു പോയത്.......അതെ, കണ്ണും മൂക്കുമില്ലാത്ത പ്രണയം, മഹബ്ബത്.....നിങ്ങൾക്കതിനെ  എന്ത് പേരിട്ടും  വിളിക്കാം......

കാരന്തൂരിലെ വിളക്ക് മാടത്തിനു ചുറ്റും കഴിഞ്ഞ തികളാഴ്ച പ്രവാചകാനുരാഗികൾ തിരുശേഷിപ്പിനോട് കാണിച്ച ആദരവില്ലേ, അതും ആ സ്നേഹ പ്രകടനത്തിന്റെ ആവിഷ്കാരം തന്നെയാണ്. ആർക്കും അത് തടുത്തു നിർത്താൻ കഴിയില്ല. സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്ന വികാരമാണത്. തുർക്കിയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തിരുശേഷിപ്പിനോട് വിശ്വാസികൾ കാണിക്കുന്ന ആദരവില്ലേ, അത് തന്നെയാണിവിടെയും.....

صلي الله علي محمد .صلي الله عليه وسلم

പ്രണയം

ഇരുട്ട് കൊണ്ട് ഇരുളടഞ്ഞു പോയ
എന്റെ ഹൃദയത്തിൽ  
മദീനയിലണയുമ്പോഴെങ്കിലും 
പ്രകാശം പ്രകമ്പനമായി വന്നു 
വെളിച്ചം ലഭിച്ചിരുന്നെവെങ്കിൽ!!
രാത്രീയുടെ യാമങ്ങളിൽ 
ഉറക്കത്തിലേക്കാഴ്ന്നിറങ്ങുമ്പോൾ 
സൂര്യ പ്രഭ പോലെ പ്രകാശിക്കുന്ന 
പുഞ്ചിരിയുമായി എന്റെ ഖൽബിലേക്ക് 
നക്ഷത്ര തിളക്കവുമായി 
എന്റെ മുത്ത് നബി   
വന്നിരുന്നുവെങ്കിൽ.
ഈ പ്രണയ നഗരിയിൽ ഞാൻ 
ഉന്മാദാവസ്ഥയിലാണ്,
ഈ മലർവാടിയിലെ സ്നേഹലഹരിയിൽ
ഞാനില്ലാതായി തീർന്നെങ്കിൽ!!
പച്ചതാഴികക്കുടത്തിനു താഴെ എന്റെ ഹൃദയം പൊട്ടിത്തകർന്നു 
ബഖീഉൽ ഘർക്കദിലെ പോരിശയാർന്ന മണ്ണിലലിഞ്ഞിരുന്നുവെങ്കിൽ. 

സ്വെല്ലല്ലാഹു  അലാ മുഹമ്മദ് 
സ്വല്ലള്ളാഹു അലൈഹി വസല്ലം

صلي الله علي محمد .صلي الله عليه وسلم

17 November 2018

ക്ഷമ കൈക്കൊള്ളുക

വിശ്വാസിക്കുണ്ടാകേണ്ട ഉത്തമ ഗുണങ്ങളിൽ പ്രധാനമാണ് ക്ഷമ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ മനുഷ്യർക്കും ക്ഷമ അനിവാര്യമാണ്. വിശ്വാസിയാകുമ്പോൾ അതവന്റെ ഏറ്റവും വലിയ സ്വഭാവ സവിശേഷതയായി വളരുകയും ചെയ്യുന്നു. മുത്ത് നബി ﷺ പറഞ്ഞു 'വിസ്മയം തന്നെ വിശ്വാസിയുടെ കാര്യം. ഏത് കാര്യവും അവന് നന്മയാണ്. വിശ്വാസിക്കല്ലാതെ ഒരാൾക്കും അങ്ങനെയാവുകയുമില്ല. സന്തോഷം വന്നെത്തിയാൽ അവൻ അള്ളാഹുവിന് നന്ദി ചെയ്യും. അതവന് നന്മ. സന്താപം വന്നെത്തിയാൽ ക്ഷമിക്കും. അതും അവന് നന്മ' (മുസ്ലിം). 

ഓരോ മനുഷ്യനും ഓരോ രാജ്യത്തിനും വിജയം നേടിയെടുക്കണമെങ്കിൽ ക്ഷമ അത്യാവശ്യമാണ്. ക്ഷമയില്ലാത്തവന് മുന്നോട്ടുപോകാൻ കഴിയില്ല. വളരാനും കഴിയില്ല. പരിശ്രമത്താൽ ക്ഷമാപൂർവം മുന്നേറുന്നവനാണ് വിജയിക്കുകയുള്ളൂ. നാം ഇടപെടുന്ന ജീവിതത്തിന്റെ മുഴുവൻ നൈരന്തര്യങ്ങളിലും ക്ഷമ അത്യാവശ്യമാണ്. ക്ഷമയുടെ ഒരു വിത്തും പാഴാകുന്നതല്ല. വിട്ടുവീഴ്ച ചെയ്യാനും പൊറുക്കാനുമുള്ള താൽപര്യത്തിലേക്ക് സ്വയം സമർപണം ചെയ്തവന് മാത്രമേ ക്ഷമാശീലനാകാൻ കഴിയൂ. അവനു അല്ലാഹുവിന്റെ സഹായം ഉറപ്പുമാണ്. മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു 'ഒരാൾ ക്ഷമ കൈക്കൊള്ളാൻ പരിശ്രമിച്ചാൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും (ബുഖാരി, മുസ്ലിം). വിശ്വാസിയുടെ ജീവിതത്തിലെ എപ്പോഴുമുള്ള സന്തത സഹചാരിയായി ക്ഷമ മാറണം. വീണ്ടുവിചാരമില്ലായ്മയും എടുത്തുചാട്ടവുമാണ് ക്ഷമയുടെ ശത്രുക്കൾ. ക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണുന്ന സ്വഭാവമുണ്ടായാൽ സുരക്ഷിതത്വവും ജീവിത മഹത്വവും ലഭിക്കും. എന്നാൽ എടുത്തു ചാടുന്ന സ്വഭാവക്കാരന് പരിക്കുകൾ മാത്രമേ ഉണ്ടാകൂ. ക്ഷമിക്കാനറിയാത്തവർക്ക് നഷ്ടങ്ങളുടെ കഥകൾ മാത്രമേയുണ്ടാകൂ. തിരുദൂതർ ﷺ പറഞ്ഞു: വിഷമസന്ധികളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ ഏറെ നന്മകളുണ്ട് (അഹ്മദ്). 'ശരീരത്തിനനിഷ്ട്ടമായ കാര്യങ്ങൾ കൊണ്ടാണ് സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നത്' എന്ന് തിരുനബിﷺ അരുളിയിട്ടുണ്ട്. അഥവാ, ശരീരേഛകളോട് പൊരുതി ക്ഷമയോടെ ജീവിച്ചാൽ മാത്രമേ സ്വർഗ പ്രവേശനം സാധ്യമാകൂ. ഉമർ (റ) പറയുന്നു: 'ഇസ്‌ലാമിന് ശേഷം ക്ഷമയെക്കാൾ വിശാലമായ ഒരനുഗ്രഹവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല'. 

വർണക്കടലാസുകൾ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങൾ നമുക്ക് ചുറ്റും തത്തിക്കളിക്കുകയാണ് ഒരു ഭാഗത്ത്. നാം അതിൽ വഞ്ചിതരാകാതിരിക്കുക, ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു. ഇവിടെ നാം വിതച്ചാൽ മാത്രം പോരാ, നമ്മുടെ വിളയെ നശിപ്പിക്കുന്ന കീടങ്ങളിൽ നിന്നും നാശകാരികളിൽ നിന്നും അതിനെ പരിരക്ഷിച്ചെങ്കിൽ മാത്രമേ നമ്മുടെ അധ്വാനത്തിന്റെ യഥാർത്ഥ കൂലി നമുക്ക് ലഭിക്കുകയുള്ളൂ, അതുകൊണ്ട് ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതിൽ അള്ളാഹുവിനോട് സദാ പ്രാർത്ഥിച്ച് കൊണ്ടിരിക്കുക, അല്ലാഹു പറയുന്നു, 'സഹനവും, നമസ്‌കാരവുംമൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്‌കാരം) ഭക്തന്മാരല്ലാത്തവർക്ക് വലിയ (പ്രയാസമുള്ള)കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവർ (ഭക്തന്മാർ)'. അൽബഖറ 45-46 

ക്ഷമ കൈകൊള്ളുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകുമെന്ന് വിശുദ്ധ ഖുർആനിൽ വാഗ്ദാനം നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: 'ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക' അൽബഖറ-155. 

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാൽ ഫലം കിട്ടുന്ന സമയത്താകണം. കോപം മുഖേന വന്നുചേരുന്ന എല്ലാ ദോഷങ്ങളും വന്നതിന് ശേഷം ക്ഷമിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. നമുക്ക് വരുന്ന പരീക്ഷണങ്ങളിലും വിഷമങ്ങളിലും പ്രയാസങ്ങളിലും അനുഗ്രഹങ്ങളിലും ദുഃഖങ്ങളിലും ക്ഷമായവലംഭിച്ചു അല്ലാഹുവിലേക്കടുക്കാൻ നമുക്കായാൽ നാം വിജയികളായിത്തീരും. അതിനാൽ ക്ഷമ കൈക്കൊള്ളുന്നനവരായി നാം മാറുക.

ഇഷ്ട്ടപ്പെടുന്ന ദാനധർമ്മം

അബൂ അയ്യൂബ് (റ) പറയുന്നു; ഒരിക്കൽ നബി ﷺ എന്നെ ഇപ്രകാരം ഉപദേശിച്ചു "അല്ലയോ അബൂ അയ്യൂബ്, അല്ലാഹുവും അവന്റെ റസൂലും ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു ദാനധർമ്മത്തെ കുറിച്ച് ഞാൻ അറിയിച്ചു തരട്ടെയോ? പരസ്പരം ഭിന്നിക്കുകയും പക വെച്ച് പുലർത്തുകയും ചെയ്യുന്ന ആളുകൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ശ്രമിക്കലാണത്"

صلي الله علي محمد .صلي الله عليه وسلم

വിശപ്പ്

നബി ﷺ പറഞ്ഞു 

“മനുഷ്യൻ, തന്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല.തന്റെ നട്ടെല്ല് നിവർത്തി നിർത്താനുള്ള ഭക്ഷണം മാത്രം മതി മനുഷ്യന്. കൂടിയേ കഴിയൂ എന്നുണ്ടെങ്കിൽ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ശ്വാസോച്ഛാസത്തിനും നീക്കി വെക്കുക" (തിർമിദി)

ഇമാം ഗസ്സാലി (റ) പറയുന്നു. "വിശക്കുമ്പോഴല്ലാതെ കൈ വായിലേക്ക് ഉയർത്താതിരിക്കുന്നതാണ് ഭക്ഷണ മര്യാദ. കഴിക്കുകയാണെങ്കിൽ വിശപ്പ് പറ്റെ ഒടുങ്ങുന്നതിനു മുമ്പ് പിൻവലിക്കുകയും വേണം. ഇതാരെങ്കിലും ശീലമാക്കിയാൽ അവനു വൈദ്യനെ കാണേണ്ടി വരില്ല" (ഇഹ്‌യ)

صلي الله علي محمد .صلي الله عليه وسلم

പാവപ്പെട്ടവർക്ക് തണലാകാൻ കഴിയുമോ നമുക്ക്?

അല്ലാഹുവിനെയും മുത്ത് നബിﷺയെയും സ്‌നേഹിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ സൃഷ്ടികളായ മുഴുവൻ ജീവജാലങ്ങളോടും കാരുണ്യത്തോടെയും സ്‌നേഹത്തോടെയും പെരുമാറുന്നവനായിത്തീരണം. അതാണ് വിശ്വാസിയുടെ അല്ലാഹുവിനോടും മുത്ത് നബിയോടുമുള്ള സ്‌നേഹവും സൃഷ്ടികളോടുള്ള സ്‌നേഹവും മുറിച്ചു മാറ്റാൻ പറ്റാത്ത വിധം പരസ്പര പൂരകമാണ് ഇസ്ലാമിൽ. അല്ലാഹുവിനെയും തിരുനബിയാരെയും സ്നേഹിക്കുമ്പോൾ ഉണ്ടാകുന്ന കാരുണ്യവും അലിവുമാണ് സൃഷ്ടികളിലേക്ക് പരന്നൊഴുകേണ്ടത്. താൻ അല്ലാഹുവെയും ഹബീബിനെയും സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു അവന്റെ സൃഷ്ടികളോട് പുറം തിരിഞ്ഞു നിൽക്കുന്നവർ കാപട്യത്തിൽ ശിരസ്സ് പൂഴ്ത്തിയവരായിരിക്കും. അല്ലാഹുവോടും ഹബീബിനോടും അടുക്കുംതോറും അവന്റെ സൃഷ്ടികളിലേക്കും വിശ്വാസി അടുത്തുകൊണ്ടിരിക്കും. തിരു നബി ﷺ പറഞ്ഞു 'സൃഷ്ടികൾ മുഴുവൻ അല്ലാഹുവിന്റെ കുടുംബമാണ്, അവന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹവിനു ഏറ്റവും പ്രിയപ്പെട്ടവർ' (ത്വബ്‌റാനി). 

അബൂഹുറൈറ(റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു തിരുവചനം; മുത്ത് നബി പറയുന്നു, 'അന്ത്യനാളിൽ തന്റെ മുന്നിൽ വരുന്ന അടിമയോട് അല്ലാഹു ചോദിക്കും; 'മനുഷ്യാ, ഞാൻ രോഗിയായപ്പോൾ എന്ത്‌കൊണ്ട് നീയെന്നെ സന്ദർശിച്ചില്ല?' മനുഷ്യൻ ചോദിക്കും 'അല്ലാഹുവെ, ഞാൻ നിന്നെ സന്ദർശിക്കുകയോ? നീ സർവലോകത്തിന്റെയും പരിപാലകനായിരിക്കെ?' അല്ലാഹു ഇങ്ങനെ മറുപടി കൊടുക്കും; മനുഷ്യാ, എന്റെ ഇന്നാലിന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? എന്നിട്ട് എന്തുകൊണ്ട് നീ അവനെ സന്ദർശിച്ചില്ല? അവനെ നീ സന്ദർശിച്ചിരുന്നെങ്കിൽ തീർച്ചയായും അവന്റെ അടുത്ത് എന്നെ നിനക്ക് കാണാമായിരുന്നു'. വീണ്ടും അല്ലാഹു ആ മനുഷ്യനോട് ചോദിക്കും 'മനുഷ്യാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു; പക്ഷെ, നീ എനിക്കത് നിഷേധിച്ചു,' മനുഷ്യൻ പറയും 'എന്റെ നാഥാ, നിന്നെ ഞാൻ ഭക്ഷിപ്പിക്കുകയോ? നീ ലോക രക്ഷയിതാവിയിരിക്കെ?' അപ്പോൾ അല്ലാഹു പറയും 'അതെ. എന്റെ ഇന്നാലിന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു, അപ്പോൾ നീ അത് നൽകാൻ വിസമ്മതിച്ചു. അവനു നീ ഭക്ഷണം നൽകിയിരുന്നുവെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണാമായിരുന്നു' വീണ്ടും അല്ലാഹു അവനോട് ചോദിക്കും. 'മനുഷ്യാ, ഞാൻ നിന്നോട് വെള്ളം ചോദിച്ചു, പക്ഷെ നീയത് തന്നില്ല! 'മനുഷ്യൻ ചോദിക്കും' നാഥാ ഞാൻ നിനക്ക് വെള്ളം തരികയോ? നീ സർവതിന്റെയും രക്ഷിതാവായിരിക്കെ'! അല്ലാഹു പറയും 'അതെ, എന്റെ ഇന്നാലിന്ന ദാസൻ നിന്നോട് വെള്ളം ചോദിച്ചു, നീ അത് നൽകിയില്ല. അന്ന് അവനു നീ വെള്ളം നൽകിയിരുന്നുവെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണുമായിരുന്നല്ലോ' (മുസ്ലിം) 

സ്‌നേഹത്തിന്റെ വിവിധ ശാഖകളാണ് കാരുണ്യവും സഹാനുഭൂതിയുമൊക്കെ. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ആശ്വാസ വചനങ്ങളോതി പറഞ്ഞയക്കാനല്ല നബിതിരുമേനി ﷺ നമ്മെ പഠിപ്പിക്കുന്നത്. അവരനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും അവരെ രക്ഷിക്കാനും കഷ്ടപ്പാടുകൾ ദുരീകരിക്കാനുമാണ്. മുത്ത് നബി പറയുന്നു; 'ആരെങ്കിലും തന്റെ പ്രാർഥനകൾ സ്വീകരിക്കപ്പെടണമെന്നും പ്രയാസങ്ങൾ ദുരീകരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഞെരുക്കം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകട്ടെ' (അഹ്മദ്) 

പ്രയാസമനുഭവിക്കുന്നവരോടൊപ്പം ചേർന്ന് അവരുടെ പ്രയാസങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും മോചനത്തിനായി പ്രവർത്തിക്കുന്നവർക്ക് മഹത്തായ പ്രതിഫലമാണ് മുത്ത് നബി വാഗ്ദാനം ചെയ്യുന്നത്. സാന്ത്വനമായി, തണലായി കാരുണ്യത്തിന്റെ സാന്ത്വന കൈകൾ നീട്ടുന്നവർക്ക്, മുതുകുകൾ ചെരിച്ചു കൊടുക്കുന്നവർക്ക്, ചരിത്രത്തിൽ ഒരുപാട് മഹാത്മാക്കളുടെ ഒപ്പം സംഗമിക്കാൻ കഴിയും. ഇബ്‌നു ഉമർ (റ) പറയുന്നു; ഒരിക്കൽ ഒരാൾ പ്രവാചകരോട് ചോദിച്ചു, 'അല്ലാഹുവിന്റെ ദൂതരെ, ജനങ്ങളിൽ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവർ ആരാണ്? അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി എന്താണ്?' നബി തിരുമേനി (സ) പറഞ്ഞു 'അല്ലാഹുവിനു ഏറ്റവും പ്രിയപെട്ടവർ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാണ്. അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഒരു മുസ്‌ലിമിന് നീ വഴി ലഭിക്കുന്ന സന്തോഷമാണ്, അല്ലെങ്കിൽ അവന്റെ ഒരു പ്രയാസം നീക്കുകയോ കടം വീട്ടുകയോ ചെയ്യലാണ്; അതുമല്ലെങ്കിൽ അവന്റെ വിശപ്പ് മാറ്റലാണ്. നിശ്ചയം ഒരു സഹോദരന്റെ കൂടെ അവന്റെ ആവശ്യ പൂർത്തീകരണത്തിനായി സഞ്ചരിക്കൽ ഈ പള്ളിയിൽ - മസ്ജിദുന്നബവി - ഒരുമാസം മുഴുവൻ ഭജനമിരിക്കുന്നതിനേക്കാൾ (ഇഅ്തികാഫ്) എനിക്ക് പ്രിയങ്കരമാണ്. ഒരാൾ തന്റെ കോപത്തെ അടക്കി നിർത്തിയാൽ അല്ലാഹു അയാളുടെ ന്യൂനതകൾ മറച്ചുവെക്കും. ആശിച്ചത് നടപ്പാക്കാനുള്ള ശേഷിയുണ്ടായിട്ടും തന്റെ വിദ്വേഷം കടിച്ചമർത്തിയവന്റെ ഹൃദയത്തിൽ അന്ത്യനാളിൽ അല്ലാഹു പ്രതീക്ഷകൾ നിറക്കും. തന്റെ സഹോദരന്റെ കൂടെനടന്നു അവന്റെ ആവശ്യം നിറവേറ്റിക്കൊടുത്ത ആളുടെ പാദങ്ങൾ, എല്ലാ പാദങ്ങളും വഴുതിവീഴുന്ന നാളിൽ അല്ലാഹു ഉറപ്പിച്ചുനിർത്തും' (തിർമിദി) 

ഒരു വിശ്വാസി എങ്ങിനെയുള്ളവനായിരിക്കണം എന്ന വ്യക്തമായ ആവിഷ്‌കാരമാണ് മുകളിലെ വചനത്തിൽ നിന്നും നമുക്ക് ലഭിക്കുക. മദീന പള്ളിയിലെ മുപ്പതു ദിനരാത്രങ്ങളിലെ ഇഅ്തികാഫിനേക്കാൾ മുത്ത് നബിക്ക് ഏറെ പ്രിയങ്കരം ഒരു സഹോദരന്റെ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങി നടക്കുന്നവനെയാണ്. 

നമ്മൾ നമ്മോട് തന്നെ ചോദിക്കുക, തീരുമാനമെടുക്കാൻ അധിക സമയമാവശ്യമില്ലല്ലോ?

നേതൃ പദവി

അബ്ദുറഹ്മാനുബ്നു സമുറ (റ) നിവേദനം, മുത്ത് നബി ﷺ പറഞ്ഞു "നീ നേതൃ പദവി ചോദിച്ചു വാങ്ങരുത്, കാരണം ചോദിച്ചു വാങ്ങിയ പദവിയാൽ നീ പരീക്ഷിക്കപ്പെടും. നിർവ്വഹണ കാര്യത്തിൽ അല്ലാഹുവിന്റെ സഹായമുണ്ടാകില്ല, ചോദിക്കാതെ കിട്ടിയതാകുമ്പോൾ അല്ലാഹുവിന്റെ സഹായമുണ്ടാകും" (ബുഖാരി) 

തിരുമേനി ﷺ പറയുന്നു "ഒരു പത്തു പേരുടെ അധികാരിയായവരെല്ലാം അന്ത്യനാളിൽ വരുന്നത് പിരടിയിലേക്ക് കൂട്ടിബന്ധിപ്പിക്കപ്പെട്ട കൈകളുമായാണ്. ആ കൈകളെ മോചിപ്പിക്കുന്നത് അവർ ചെയ്ത നീതി മാത്രമാണ്" (അഹ്‌മദ്‌) ഇബ്നു ഹിബ്ബാൻ നിവേദനം ചെയ്ത വചനത്തിൽ "മൂന്നു പേരുടെ അധികാരിയായാൽ" എന്നാണ്.

നേതൃ പദവിയിലെത്തുക എന്നുള്ളത് സുഖമുള്ള കാര്യമാണ്, അല്ലാഹുവിന്റെ മുമ്പിൽ കൂടി സുഖമുണ്ടായാലേ അതിനു സൗന്ദര്യമുണ്ടാകുന്നുള്ളൂ !! 

صلي الله علي محمد .صلي الله عليه وسلم

നല്ല സ്വഭാവം

നബി ﷺ പറഞ്ഞു 

“ഇഹത്തിലും പരത്തിലും ഏറ്റവും നല്ല സ്വഭാവം എന്താണെന്ന് നിങ്ങൾക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ? അത് മൂന്ന് കാര്യങ്ങളാണ്. നീയുമായി ബന്ധം മുറിച്ചവരോട് നീ ബന്ധം സ്ഥാപിക്കുക, നിനക്ക് ഉപകാരം തടഞ്ഞവനു നീ ഉപകാരം ചെയ്തുകൊടുക്കുക. നിന്നോട് അനീതി കാട്ടിയവന് നീ മാപ്പു നല്‍കുക”(ത്വബറാനി)

صلي الله علي محمد .صلي الله عليه وسلم

രണ്ടു സുഹൃത്തുക്കൾ

നബി തിരുമേനി ﷺ പറഞ്ഞു

"രണ്ടു സുഹൃത്തുക്കൾ രണ്ടു കൈകൾ പോലെയാണ്, ഒന്ന് മറ്റൊന്നിനെ വൃത്തിയാക്കാൻ സഹായിച്ചു കൊണ്ടിരിക്കും. വിശ്വാസികളായ രണ്ടു പേർ പരസ്പരം കണ്ടു മുട്ടിയാൽ ഒരാളിൽ നിന്നും മറ്റൊരാൾക്ക് എന്തെങ്കിലുമൊരു നന്മ അല്ലാഹു പ്രധാനം ചെയ്യാതിരിക്കില്ല"

صلي الله علي محمد .صلي الله عليه وسلم

ശുദ്ധീകരണം

ശുദ്ധി, വിശ്വാസത്തിന്റെ പകുതിയാണെന്ന് മുത്ത് നബി ﷺ അരുൾ ചെയ്തിട്ടുണ്ട്. ഉള്ളും പുറവും ഒരുപോലെ എല്ലാ വിധ അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും മുക്തമാകേണ്ടതുണ്ട്. ശുദ്ധീകരണം കൃത്യമായി നടന്നില്ലെങ്കിൽ വിശ്വാസം തന്നെ ശൂന്യമായി തീരും. ശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് ഇമാം ഗസാലി (റ) വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'ശുചിത്വത്തിന് നാലു തട്ടുകളുണ്ട്: ഒന്ന്, ബാഹ്യശരീരം അഴുക്കിൽനിന്ന് ശുദ്ധമാവുക. രണ്ട്, അവയവങ്ങൾ പാപങ്ങളിൽനിന്ന് ശുദ്ധമാവുക. മൂന്ന്, മനസ്സ് ദുസ്വഭാവങ്ങളിൽനിന്ന് ശുദ്ധമാവുക. നാല്, രഹസ്യജീവിതം അല്ലാഹു അല്ലാത്തവരിൽനിന്ന് ശുദ്ധമാവുക. അവസാനം പറഞ്ഞത്, പ്രവാചകന്മാരുടെയും സ്വിദ്ദീഖുകളുടെയും പദവി. താഴത്തെ പടി കടന്നാലേ മുകളിലെത്തെ പദവികളിലെത്തുകയുള്ളു. രഹസ്യജീവിതത്തിന്റെ ശുചിത്വത്തിനു മുമ്പ് മനസിന്റെ ശുചിത്വം വേണം. മാനസിക ശുചിത്വത്തിന് ബാഹ്യാവയവങ്ങൾ പാപങ്ങളിൽനിന്ന് ശുദ്ധമായിരിക്കണം. ലക്ഷ്യം വലുതാകുമ്പോൾ അതിലേക്കുള്ള മാർഗവും പ്രയാസകരമായിരിക്കും. അതിനാലത് എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. ശുചിത്വമെന്നാൽ ബാഹ്യശുചിത്വം മാത്രമാണെന്ന് ചിലർ ധരിക്കും. അതാകട്ടെ വെറും പുറന്തോട് മാത്രമാണ്. പ്രധാനഭാഗം അകത്താണ്. അതവർക്ക് കാര്യമല്ല. സമയം മുഴുവൻ ബാഹ്യാവയവങ്ങൾ വൃത്തിയാക്കുന്നതിലാണ് അവരുടെ ശ്രദ്ധ. എന്നാൽ മുൻഗാമികൾ മനസിന്റെ ശുചിത്വത്തിനാണ് പ്രാധാന്യംനൽകിയത്. ഉമർ (റ) ക്രിസ്ത്യാനികളുടെ പാത്രത്തിൽ വുളൂ ചെയ്തിട്ടുണ്ട്. മുൻഗാമികൾ പള്ളിയിൽ വെറും തറയിൽ നമസ്‌കരിച്ചിട്ടുണ്ട്. അവർ പ്രധാനമായും ആന്തരിക ശുദ്ധിയിലാണ് ശ്രദ്ധിച്ചത്. പിന്നീട് ഒരു കൂട്ടർ വന്നു. അവർ ശരീരഭാഗങ്ങൾ അലങ്കരിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. മണവാട്ടിക്ക് കേശാലങ്കാരം നൽകുന്നതുപോലെയാണത്.' (ഇഹ്യാ ഉലൂമിദ്ദീൻ).


പുറം എത്ര മോഡി പിടിപ്പിച്ചാലും അകം പൊള്ളയായാൽ തുലഞ്ഞത് തന്നെ. അകവും പുറവും ഒരുപോലെ സർവ മാലിന്യങ്ങളിൽ നിന്നും മോചിപ്പിക്കാൻ നാം സദാ പരിശ്രമിച്ചു കൊണ്ടിരിക്കണം. 
സച്ചരിതരായ മുൻഗാമികൾ എത്രമാത്രം സൂക്ഷ്മതയോടെയാണ് ജീവിതത്തെ ശുദ്ധീകരിച്ചിരുന്നത്. ഇമാം ഹസനുൽ ബസരി(റ)യുടെ ഒരു ചരിത്രം നോക്കൂ. ഇമാം ഹസനുൽബസ്വരി (റ) ഒരിക്കൽ ആമിർ ഇബ്‌നു അബ്ദുല്ല എന്നവരെ കാണാനായി അദ്ദേഹത്തിന്റെ ഖാഫിലയിലെത്തി. രാത്രി ഭക്ഷണം കഴിച്ച് അവർ ഒരുമിച്ചുറങ്ങി. പുലരിക്കു മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ചശേഷം ഹസനുൽബസ്വരി (റ) ഇങ്ങനെ പ്രാർഥിക്കുന്നത് ആമിർ കേട്ടു: 'അല്ലാഹുവേ, നിന്നോട് ഞാൻ മൂന്ന് കാര്യങ്ങൾ ചോദിച്ചു. രണ്ടെണ്ണം നീ എനിക്ക് നൽകി. പക്ഷേ, ഒന്ന് നീ തടഞ്ഞുവെച്ചു.' എന്താണീ മൂന്നു കാര്യങ്ങൾ എന്ന് പകലിൽ ആമിറുബ്നു അബ്ദില്ല ഹസനുൽ ബസ്വരിയോട് ചോദിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'എന്റെ തഖ്വയെ തകർക്കുന്ന ഏറ്റവും വലിയ അപകടമായി എനിക്കനുഭവപ്പെട്ടത് സ്ത്രീകളോടുള്ള എന്റെ പ്രിയമാണ്. അതിനാൽ ആ പ്രിയം ഇല്ലാതാക്കാൻ ഞാൻ അല്ലാഹുവോട് പ്രാർഥിച്ചു. അവനത് സ്വീകരിച്ചു. രണ്ടാമത്തെ കാര്യം, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയക്കാത്ത ഹൃദയം നൽകാനായിരുന്നു. അവൻ എനിക്കതും നൽകി. ആരാധനകളിൽ മുഴുകി ജീവിതത്തെ ആത്മീയശോഭയുള്ളതാക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ഉറക്കം എനിക്കില്ലാതാക്കാൻ ഞാൻ അല്ലാഹുവോട് പ്രാർഥിച്ചു. പക്ഷേ അല്ലാഹു അത് സ്വീകരിച്ചില്ല.' ജീവിതം മുഴുവൻ ശുദ്ധീകരിക്കാൻ ആ മഹാതാമാക്കാളൊക്കെ സ്വീകരിച്ച വഴികൾ നമുക്കും പാഠമാകേണ്ടതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

صلي الله علي محمد .صلي الله عليه وسلم

കൂട്ടുകാരൻ

നബി തിരുമേനി ﷺ പറഞ്ഞു

"വൃത്തികെട്ട കൂട്ടുകാരനെക്കാൾ ഒരുവന് നല്ലത് ഏകാന്തതയാണ്, ഏകാന്തതയെക്കാൾ നല്ലത് സച്ചരിതനായ കൂട്ടുകാരനാണ്. നല്ല സംസാരം മൗനത്തേക്കാൾ ശ്രേഷ്ട്ടമാണ്, മൗനമാകട്ടെ ചീത്ത വർത്തമാനത്തേക്കാൾ മികച്ചതുമാണ്"

صلي الله علي محمد .صلي الله عليه وسلم

അസൂയ

നബി തിരുമേനി ﷺ പറഞ്ഞു "ജനങ്ങൾ പരസ്പരം അസൂയ കാണിക്കാത്ത കാലത്തോളം അവർ നല്ല അവസ്ഥയിലായിരിക്കും" (ത്വബ്റാനി)

നബി തിരുമേനി ﷺ മുന്നറിയിപ്പ് നൽകി "ഒരടിമയുടെ മനസ്സിൽ വിശ്വാസവും അസൂയയും ഒരുമിച്ചു കൂടുകയില്ല" (ഇബ്നു ഹിബാൻ)

صلي الله علي محمد .صلي الله عليه وسلم

ഏറ്റവും ശ്രേഷ്ടൻ

അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം ചെയ്യുന്നു. ഒരാൾ മുത്തു നബി ﷺയോട് ചോദിച്ചു "പ്രവാചകരെ, ജനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടൻ ആരാണെന്ന് അറിയിച്ചു തന്നാലും?" 

മുത്തു നബി ﷺ പറഞ്ഞു "വൃത്തിയുള്ള ഹൃദയവും സത്യസന്ധമായ നാവുമുള്ളവൻ!" അനുചരർ പറഞ്ഞു "പ്രവാചകരെ, സത്യസന്ധമായ നാവ് എന്തെന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാൽ വൃത്തിയുള്ള ഹൃദയം എന്തെന്ന് വിശദീകരിച്ചു തരുമോ?" തിരുമേനി ﷺ പറഞ്ഞു "ദൈവ ഭക്തിയുള്ളതും മാലിന്യങ്ങളിൽ നിന്ന് മുക്തവുമായ ഹൃദയം. പാപവൃത്തിയോ കുറ്റവാസനയോ ആരോടെങ്കിലുമുള്ള പകയോ അസൂയയോ അത്തരം ഹൃദയത്തിൽ ഉണ്ടാവുകയില്ല" (ഇബ്നു മാജ)

صلي الله علي محمد .صلي الله عليه وسلم

റബീഅ് വന്നണയുമ്പോൾ

വിശ്വാസികളുടെ മനസ്സിൽ സ്‌നേഹത്തിന്റെ സംഗീതം വർഷമായി പെയ്തിറങ്ങുന്ന പുണ്യവസന്തം സമാഗതമായിരിക്കുന്നു. മുത്ത് നബിﷺയെ ജീവിതത്തോട് ചേർത്തുവെക്കാൻ ആഗ്രഹിച്ചു കൊണ്ടാണ് ഓരോ വിശ്വാസിയും ജീവിതത്തെ അർഥപൂർണമാക്കുന്നത്. തിരുപ്പിറവി ഒരു യുഗത്തിന്റെ വസന്തോദയമായിരുന്നു. വിണ്ണിലെ നക്ഷത്രങ്ങളൂം അതിന്റെ മനോഹരമായ പ്രകാശവും മണ്ണിലെ നറുമണമുള്ള പൂവിന്റെ ലാവണ്യവും സുഗന്ധവും ഒന്നുചേർന്ന വസന്തം. യുഗങ്ങൾക്കെല്ലാം മാതൃകയായി തീരേണ്ട ഒരു യുഗപ്പിറവി. എന്നാളത്തെയും മനുഷ്യ കാമന പൂവണിയുന്ന വസന്തം. മനുഷ്യന്റെ വിമോചനം സാധ്യമാക്കിയ വിപ്ലവത്തിന്റെ വസന്തം. എല്ലാ തരത്തിലുള്ള ചൂഷണങ്ങളിൽ നിന്നും അടിമത്തങ്ങളിൽ നിന്നും മനുഷ്യനെ മോചിപിപ്പിച്ചു അവന്റെ മഹത്വം ഉൽഘോഷിച്ച മഹാ വിപ്ലവത്തിന്റെ വസന്തം. 

നാമൊരു വിശ്വാസിയാകണമെങ്കിൽ ഈ പ്രവാചകനെ മറ്റെല്ലാറ്റിനേക്കാളും സ്‌നേഹിക്കണമെന്നാണ് ആഹ്വാനം. ഉമർഖാളി (റ) മദീനയിലെത്തി സ്‌നേഹവിസ്മയം തീർത്തത് നമുക്കറിയില്ലേ, കലങ്ങിയ കണ്ണും ഇടിഞ്ഞ മനസ്സുമായി തിരുമേനിയിൽ ലയിച്ചു ഖാളിയാർ പാടിയില്ലേ 'ഇതാ ഈ പാവപ്പെട്ട ഉമർ, കനൽപദങ്ങൾ താണ്ടി അങ്ങയുടെ തിരുമുറ്റത്ത് വന്നിരിക്കുന്നു. അങ്ങയുടെ ഔദാര്യം തേടി, സ്‌നേഹഭരിത ഹൃദയം പേറി, ഒഴുകുന്ന ബാഷ്പകണം കവിളിൽ ചൂടി, ഓ തിരുദൂതരെ! സ്‌നേഹാതിരേകത്താൽ ഉരുകുന്ന ഈ കണ്ണുകൾ ഒരിക്കലും വറ്റുകയില്ല ഞാൻ ജീവിക്കുന്ന കാലവും മരിച്ചാലും മണ്ണോടു ചേർന്നാലും!..'

കഴുമരച്ചോട്ടിൽ നിന്ന് ഉറക്കെയുറക്കെ സ്‌നേഹപ്രഖ്യാനം നടത്തിയ ഖുബൈബി(റ)നെ ഓർമയില്ലേ. 'എന്നെ തൂക്കിലേറ്റാം, കണ്ഠം ചേദിക്കാം, ഇഞ്ചിഞ്ചായി കഷ്ണിക്കാം, എനിക്കത് പ്രശ്നമേയല്ല. പക്ഷെ, എന്റെ സ്‌നേഹനിധിയായ പ്രവാചകന്റെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ലെന്ന്' പ്രഖ്യാപിച്ചു കൊലമരത്തിൽ ജീവിതം ത്യജിച്ച ഖുബൈബ്. 

ഹസ്രത്ത് ഉമർ (റ) ഒരിക്കൽ പറഞ്ഞു 'നബിയെ! എന്റെ ജീവൻ മാറ്റി നിർത്തിയാൽ പിന്നെ എനിക്കേറ്റം സ്‌നേഹം തോന്നുന്നത് അങ്ങയോടാണ്' തിരുമേനി പ്രതിവചിച്ചത് 'ഉമർ താങ്കളുടെ വിശ്വാസത്തിനു തിളക്കം പോരാ' എന്നാണു. ഉമർ അമ്പരന്നു, ഉടനെ പറഞ്ഞു 'എന്റെ ആത്മാവിനെക്കാളും ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു' 'ഉമർ, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം കുറ്റമറ്റതായത്' തിരുസന്നിധിയിൽ അന്ത്യനാളും തിരക്കിയെത്തിയ ഒരു ബദുവിന്റെ കഥയറിയില്ലേ? അയാൾ ചോദിച്ചു 'തിരുദൂതരെ, അന്ത്യനാൾ എപ്പോഴാണ്?' 'അതിനെന്താണ് നീ ഒരുക്കിയിരിക്കുന്നത്?' തിരുമേനി തിരിച്ചു ചോദിച്ചു. 'ഞാനധികം നിസ്‌കാര നോമ്പുകൾ ഒരുക്കിയിട്ടില്ല. ആരാധനകളിൽ ഏർപെട്ടിട്ടുമില്ല, പക്ഷെ ഞാൻ അല്ലാഹുവെയും റസൂലിനെയും അഗാധമായി സ്‌നേഹിക്കുന്നു' ബദുവിന്റെ മറുപടി അതായിരുന്നു. തിരുമേനി പറഞ്ഞു 'നീ ആരെ സ്‌നേഹിക്കുന്നുവോ, അവരോടൊപ്പമാണ് സ്വർഗത്തിൽ' 

സ്‌നേഹമെന്നത് ശരീരവ്യായാമമല്ലെന്നും മനസ്സിന്റെ ഉത്സവമാണെന്നും ഇതിലൂടെയൊക്കെ നാം മനസ്സിലാക്കുന്നു. ഹൃദയത്തിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് സ്‌നേഹം. റബീഇന്റെ പൊൻപുലരി സ്‌നേഹപ്രകടനത്തിന്റെ അറിയിപ്പായാണ് കടന്നുവരുന്നത്. ഹൃദയത്തിലും കടലാസ് പൂക്കളിലും എന്നല്ല മധുര പാനീയത്തിലും ഭക്ഷണ വിതരണത്തിലും സഹായ ഹസ്തങ്ങളിലും തെളിയുന്ന സന്തോഷവും ആഹ്ലാദവുമില്ലേ, അത് ഈ സ്‌നേഹ മനസിന്റെ ഉത്സവമാണ്. കാടുപോലെ കത്തിയാളുന്ന സ്‌നേഹജ്വാലയാണത്. ചിലർ ചോദിക്കും, സ്‌നേഹിക്കയെന്നു പറഞ്ഞാൽ തിരുമേനിയെ പിൻപറ്റലല്ലേ എന്ന്, നമുക്ക് നൂറുശതമാനം തിരുമേനിയെ പിൻപറ്റാനാകുമോ? ചില അപൂർവവ്യക്തിത്വങ്ങൾക്ക് അതിനു കഴിഞ്ഞേക്കും. ഇബ്നു ഉമർ (റ) വിനെ പോലുളളവർക്ക്. എല്ലാവർക്കുമതിന് കഴിയില്ല. അതൊട്ടു കൽപിച്ചിട്ടുമില്ല, കഴിവിനപ്പുറം അമൽ ചെയ്യാൻ കൽപനയുമില്ല. ഇമാം ബുസൂരി (റ) പറഞ്ഞത് നോക്കൂ 'സ്വന്തം പാദങ്ങൾ പരാതിപ്പെടുമാറ് സുന്നത്ത് നിസ്‌കാരം നടത്തി അന്തിയുടെ ഇരുണ്ട യാമങ്ങളെ ജീവസ്സുറ്റതാക്കിയ അങ്ങയുടെ ചര്യയോട് ഞാൻ അതിക്രമം കാണിച്ചിരിക്കുന്നു' കർമങ്ങളെ കുറിച്ച് ഇങ്ങനെയൊരു ക്ഷമാപണത്തിനു നമുക്ക് സാധിക്കും. ദൗർബല്യങ്ങൾ നിരത്തി പരിമിതികൾ പറഞ്ഞു കഴിവുകേട് ധരിപ്പിക്കാം, എന്നാൽ സ്‌നേഹത്തിന്റെ സ്ഥിതിയതാണോ? ഹൃദയത്തിൽ നിന്നും വരുന്ന സ്‌നേഹത്തിനു ഇങ്ങനെയൊരു ഒഴിവുകഴിവ് പറയാൻ നമുക്കാവുമോ? സ്‌നേഹിക്കാതെ തിരുമേനിയെ പിന്തുടർന്നവർ അന്ന് മദീനയിൽ തന്നെയുണ്ടായിരുന്നല്ലോ, അവർ നിസ്‌കരിച്ചിരുന്നു, പുതിയ പള്ളിയുണ്ടാക്കി, നോമ്പ് നോറ്റു. എന്നിട്ടും അവരെ 'കപടവിശ്വാസികൾ' എന്ന ടൈറ്റിൽ നൽകി മാനം കെടുത്തുകയായിരുന്നു വിശുദ്ധ ഖുർആൻ. 

നാം ആരെ സ്‌നേഹിക്കുന്നുവോ, അവരോടോപ്പമാകുമെന്നു തിരുമേനി ബദുവിനോട് പറഞ്ഞത് കേട്ടില്ലേ? ഹൃദയത്തിൽ നിന്നും ഉതിർന്നു വീഴുന്ന തിരുമേനിയോടുള്ള സ്‌നേഹം നമ്മെ തന്നെ പരിവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. തിരുമേനിക്ക് ഇഷ്ടമില്ലാത്തതോന്നുന്നും നമുക്ക് ഇഷ്ടമല്ലാതാവുന്ന അവസ്ഥയിലേക്ക്, തിരുമേനിക്ക് ഇഷ്ടമുള്ളതൊക്കെ നമുക്കും ഇഷ്ടമാകുന്ന അവസ്ഥ. 'നീ തിരുമേനിയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുക, എങ്കിൽ നിന്റെ ഹൃദയത്തിലെയും ശരീരത്തിലെയും എല്ലാ മാലിന്യങ്ങളിൽ നിന്നും നിനക്ക് ശുദ്ധീകരണം ലഭിക്കുമെന്ന' സൂഫീ വചനം അർഥവത്താണ്. 

തിരുമേനിയെ പരിരംഭണം ചെയ്യുന്ന സ്‌നേഹമില്ലേ, അതാണ് നമുക്ക് വേണ്ടത്. അതാണ് വിശ്വാസത്തിന്റെ മാറ്റുരക്കുന്നതെന്നു നാം മനസ്സിലാക്കണം. നാം സ്‌നേഹിക്കുന്നയാളെ കുറിച്ചു നമുക്ക് എന്തറിയാം? അവിടത്തെ ജീവിതവും ദർശനവും വേണ്ട വിധത്തിൽ നാം പഠിച്ചിട്ടുണ്ടോ? നമ്മുടെ സ്‌നേഹഭാജനത്തെ കുറിച്ച് നാം മറ്റുളളവരോട് പരിചയപ്പെടുത്തിയിട്ടുണ്ടോ? ഒരാൾക്കെങ്കിലും നാമീ പ്രവാചകന്റെ ജീവിത സമീക്ഷകളും ദർശനങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ടോ? ഈ റബീഅ അതിനുള്ള തുടക്കമാകട്ടെ. മൗലിദ് സദസുകളിൽ ഗദ്യമായും പദ്യമായും നാം തിരുമേനിയെ പാടിപ്പറയുന്നത് പോലെ തിരുമേനിയെ കുറിച്ച് നമ്മുടെ സുഹൃത്തുക്കളോട് പങ്കുവെക്കാൻ നമുക്കാകണം. അതാകട്ടെ ഈ റബീഇൽ നമ്മുടെ കർത്തവ്യവും.

صلي الله علي محمد .صلي الله عليه وسلم

പരദൂഷണം

മുത്ത് നബി ﷺ പറഞ്ഞു

"ഈ ലോകത്ത് തന്റെ സഹോദരനെ കുറിച്ച് പരദൂഷണം പറയുകയും അവന്റെ മാംസം തിന്നു ജീവിക്കുകയും ചെയ്തവന്റെ മുന്നിൽ അന്ത്യനാളിൽ ആ ശരീരം ഹാജരാക്കപ്പെടും. എന്നിട്ട് അവനോട് പറയപ്പെടും "ഇതാ ഈ മൃതശരീരം ഭക്ഷിച്ചു കൊള്ളൂ! മുമ്പ് ജീവനോടെ നീ ഇത് തിന്നിരുന്നതാണല്ലോ!" അങ്ങനെ അയാൾ അത് ഭക്ഷിക്കാൻ നിർബന്ധിതനാവും. അസഹ്യത നിമിത്തം അയാൾ മുഖം ചുളിക്കുകയും അട്ടഹസിക്കുകയും ചെയ്തു കൊണ്ടിരിക്കും"

മുത്തു നബിയോടൊപ്പം

മുത്തുനബിയുടെ നിയോഗവും അവിടത്തെ ജീവിതവും ദർശനവും ഭൂമിശാസ്ത്ര അതിരുകൾക്കധീതമായി ഗോത്രമോ, രാഷ്ട്രമോ കുടുംബമോ ഭാഷയോ എന്തുമാകട്ടെ എല്ലാവര്ക്കും വേണ്ടിയുള്ള വിമോചനത്തിന്റെ മഹായാനമാണ്. ഈ പ്രവാചകനെ കുറിച്ച് കൂടുതൽ പഠിക്കാൻ, അവിടത്തെ ജീവിതം അടുത്തറിയാൻ താങ്കൾ ശ്രമിച്ചാൽ പ്രഗത്ഭനായ ചിന്തകൻ ലാമാർട്ടീൻ പറഞ്ഞത് താങ്കളും ഏറ്റു പറയും "ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍ ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൌതികാധികാരങ്ങളെക്കാള്‍ കൂടുതലൊന്നുമല്ല. ഈ മനുഷ്യനാകട്ടെ സൈന്യങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച് കോടിക്കണക്കിന് ജനങ്ങളെക്കൂടിയാണ് ചലിപ്പിച്ചത്.

സര്‍വോപരി ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും എല്ലാ വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരു ആത്മീയദേശീയത അദ്ദേഹം സൃഷ്ടിച്ചു. ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്,യുക്തിസിദ്ധാങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടുകൂടിയവന്‍, ഇരുപത് ഭൂപ്രദേശ സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ചു നോക്കിയാല്‍ നമുക്കു ചോദിക്കാം, അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കലുമുണ്ടോ?"

മനുഷ്യ സമൂഹത്തിന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള സമ്പൂർണ്ണ ജീവിത പദ്ധതിയാണ് മുഹമ്മദ്‌ നബി ﷺ ലോകത്തിനു സമർപ്പിച്ചത്. 

പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരൻ തോമസ് കാർലൈൽ (1795 - 1881) അദ്ദേഹത്തിന്റെ 'ഓൺ ഹീറോസ് ആൻഡ് ഹീറോ വർഷിപ്പ്' എന്ന പുസ്തകത്തിൽ മുത്തു നബിയെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഏതാനും വരികൾ "അറബി ദേശത്തിനു അത് ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുള്ള പിറവിയായിരുന്നു. അത് മൂലമാണ് അറേബ്യ സജീവമാകുന്നത്. പ്രപഞ്ച സൃഷ്ടി മുതൽ അതിന്റെ മരുഭൂക്കളിൽ ആരുമറിയാതെ അലഞ്ഞു നടന്ന ദരിദ്രരായ ഇടയൻമാർ, അവർക്കിടയിലേക്ക് അവർക്ക് വിശ്വസിക്കാവുന്ന വചനവുമായി ഒരു പ്രവാചക നായകൻ അയക്കപ്പെട്ടു. ശ്രദ്ധിക്കപ്പെടാതിരുന്നത് ആഗോള ശ്രദ്ധ നേടുന്നു. ചെറുതായിരുന്നത് ലോകത്തോളം വലുതാകുന്നു. തുടർന്ന് ഒരു നൂറ്റാണ്ടു കൊണ്ട് അറേബ്യ ഇങ്ങു ഗ്രാനഡ വരെയും അങ്ങ് ഡൽഹി വരെയും എത്തി. ധീരതയിലും പ്രതാപത്തിലും പ്രതിഭയുടെ ശോഭയിലും വിളങ്ങിക്കൊണ്ട് ഇസ്‌ലാം ലോകത്തിന്റെ വലിയ ഭാഗത്തു ജ്വലിച്ചു നിൽക്കുന്നു. ഈ വിശ്വാസം മഹത്തരം തന്നെ. ജീവദായകമാണത്. അത് വിശ്വസിക്കുന്നതോടെ ഒരു ദേശത്തിന്റെ ചരിത്രം സഫലമാകുന്നു. 

ഇരുണ്ട്, അഗണ്യമായ വെറും മണലുപോലുള്ള ഒരു ലോകത്ത് മഹത്തായ ഈ വിശ്വാസത്തിന്റെ ഒരൊറ്റ തീപ്പൊരി വീണ പോലെ; പക്ഷെ ആശ്ചര്യം ആ മണൽ പൊട്ടിത്തെറിക്കുന്ന വെടിമരുന്നായി, ഡൽഹി മുതൽ ഗ്രാനഡ വരെ വാനോളം കത്തിപ്പടരുന്നു, ഇരുട്ടിനെ മറികടക്കാനുള്ള പ്രകാശമായി. ഞാൻ പറഞ്ഞല്ലോ, മഹാത്മാവ്, എക്കാലത്തും മാനത്തു നിന്നും വരുന്ന മിന്നൽ പോലെയാണ്. മറ്റുള്ളവരെല്ലാം ഇന്ധനം തീയിനെയെന്നവണ്ണം മുഹമ്മദിനെ കാത്തിരുന്നു. അവർക്കും ജ്വാലയായി പടരാൻ വേണ്ടി"

മുത്തു നബി ﷺ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചു ഗുരു നിത്യ ചൈതന്യ യതി പറയുന്നു "മുഹമ്മദ്‌ മുസ്തഫാ റസൂൽ കരീം (സ:അ) മലയാളികളുടെ മനസ്സിൽ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ്‌ നബിയായിട്ടാണ്. എന്നാൽ, ഞാൻ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഇരുന്നു കൊണ്ട് പ്രവാചകനുമായി സംവദിക്കുമ്പോൾ സംബോധന ചെയ്യാറുള്ളത് സ്നേഹനിധിയായ മുത്തു നബി എന്നാണ്. മുത്തു നബിയിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള രണ്ടു സ്വാധീനങ്ങ ളുണ്ട്. ഒന്ന്, ഞാൻ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാതിരിക്കുക. അത് കൊണ്ട് ലോകത്തിൽ പകുതി ആളുകളെങ്കിലും എന്നെ കൈവെടിയുമെന്നു എനിക്കറിയാം. അത് ലോകവാഴ്‌വിൽ കഷ്ടതയുണ്ടാക്കുന്ന ഒരനുഭവമാണ്. അതിനെ ഞാൻ നേരിടുന്നത് എന്റെ കഷ്ടനഷ്ടങ്ങളിൽ നിർഭയമായ മുത്തു നബി കൂടി എനിക്കെപ്പോഴും കൂട്ടുണ്ട് എന്ന വിശ്വാസത്തെ ഉള്ളിന്റെയുള്ളിൽ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ചു വെക്കുകയാലാണ്. രണ്ട്, ഒരാൾക്ക് ന്യായമായി ലഭിക്കേണ്ട വിഭവത്തെ നീതിയില്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവർക്കത് എത്തിച്ചു കൊടുക്കാൻ എനിക്ക് നിവൃത്തിയുണ്ടെങ്കിൽ അതിൽ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുക എന്നത് നിലനിർത്താൻ മുത്തു നബി നൽകുന്ന ധർമ്മബോധമാണ്" (ദൈവം പ്രവാചകൻ പിന്നെ ഞാനും പുറം 11)

മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് അമേരിക്കക്കാരനായ മൈക്ക്ൾ എച്ഛ്. ഹാർട്ട് എഴുതിയ "The Hundred: A ranking of the most influential persons in History' എന്ന പുസ്തകം.

പ്രവാചകർ, മത സ്ഥാപകർ, തത്വചിന്തകർ, രാഷ്ട്രീയ നേതാക്കൾ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ, കവികൾ എന്നിവരിൽ ലോകത്തു ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരുടെ ജീവിതം പറയുന്ന പുസ്തകമാണിത്. മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചവരെ റാങ്കിംഗ് ക്രമത്തിലാണ് അദ്ദേഹം ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്. അതിൽ ഒന്നാം സ്ഥാനം നൽകിയിട്ടുള്ളത് മുഹമ്മദ്‌ നബിയെയാണ്. സർ ഐസക് ന്യൂട്ടൻ, യേശു ക്രിസ്തു, ശ്രീ ബുദ്ധൻ, കൺഫ്യൂഷിയസ് എന്നിവരാണ് രണ്ടു മുതൽ അഞ്ചാം സ്ഥാനം വരെയുള്ളത്. ഒമ്പതാം സ്ഥാനം കൊളംബസ്സിനും പത്താമത് ഐൻസ്റ്റെയിൻ, പതിനൊന്നാമൻ കാറൽ മാർക്സ്...... അമ്പത്തി ഒന്നാമനായി ഖലീഫ ഉമർ (റ) കൂടി ഈ പുസ്തകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

എന്ത് കൊണ്ടാണ് തന്റെ പുസ്തകത്തിൽ മുത്തു നബിക്ക് ഒന്നാം സ്ഥാനം നൽകിയതെന്നു മൈക്ക്ൾ എച്ഛ്. ഹാർട്ട് വിശദീകരിക്കുന്നുണ്ട് "ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ ഒന്നാമനും നായകനുമായി മുഹമ്മദിനെ തെരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനം ചില വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കാം. മറ്റു ചിലർ അതിനെ ചോദ്യം ചെയ്യാനും ഇടയുണ്ട്. എങ്കിലും മത കാര്യങ്ങളിലും ലൌകിക കാര്യങ്ങളിലും ഒരു പോലെ അങ്ങേയറ്റം വിജയിയായി ചരിത്രത്തിനു പരിചയമുള്ള ഒരേയൊരു വ്യക്തി മുഹമ്മദ്‌ മാത്രമാണ്"

മുത്തു നബിﷺ മാനവ സമൂഹത്തിൽ പരിവർത്തനം സാധ്യമാക്കിയ മഹാ പ്രവാചകനാണ്. ഒരു ജനതയുടെ സ്വെഭാവത്തെയും ജീവിതത്തെയും സമൂലമായി പരിവർത്തിപ്പിച്ച മഹാത്മാവ്. 

നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ഗ്രന്ഥത്തിലെഴുതി "അതേവരെ ചരിത്രത്തിൽ ഗണ്യമായ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരും അറേബ്യായിലെ മണൽകാടുകൾ ജന്മഗേഹമായിട്ടുള്ളവരുമായ ഒരു ജനതയുടെ ഈ ജൈത്ര യാത്ര ഏറ്റവും വിസ്മയകരമായിരിക്കുന്നു. തങ്ങളുടെ പ്രവാചകന്റെയും അദ്ദേഹം നൽകിയ മനുഷ്യ സാഹോദര്യമാകുന്ന സന്ദേശത്തിന്റെയും അദമ്യവും വിപ്ലവകരവുമായ സ്വെഭാവത്തിൽ നിന്നാവണം അവർക്ക് ഈ വമ്പിച്ച ചൈതന്യമത്രയും കിട്ടിയത്"

മുത്തു നബിയെ കുറിച്ചു മഹാത്മാ ഗാന്ധി 

"ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജിവിത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു… അക്കാലത്ത് ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മലയവും പ്രതിജ്ഞകളോടുള്ള സുദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ സ്വന്തം ദൌത്യത്തിലുമുള്ള പരമമായ വശ്വാസവുമായിരുന്നു. ഖഡ്ഗം ആയിരുന്നില്ല, എല്ലാറ്റിനെയും അവരുടെ മുമ്പിലേക്ക് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ അവരെ സഹായിച്ചതും"

"ഞാന്‍ കാഫിറാണോ മുഅ്മിനാണോ
ദൈവത്തിനറിയാം! 
എന്നാല്‍ മദീനയിലെ സുല്‍ത്താന്റെ ദാസനാണ് ഞാന്‍. 
മദീനയിലേക്ക് നടക്കൂ. 
അവിടുത്തെ ദര്‍ബാര്‍ കാണൂ. 
ദൈവ ദൂതന്റെ സ്‌നേഹ സാമ്രാജ്യം കാണൂ"
(കവി മഹാരാജ് സര്‍കിഷന്‍ പ്രസാദ് 1864-1940)

ബ്രിട്ടീഷ് കൗൺസിൽ ഓഫ് ചർച്ചസിലെ മെഥഡിസ്റ്റ് പാതിരിയും ബഹുവിശ്വാസ പ്രശ്നങ്ങളെ സംബന്ധിച്ച സമിതിയുടെ മുൻ സെക്രട്ടറിയുമായ കെന്നത്ത് ക്രാക്ക്നെൽ മുത്തു നബിﷺയെ കുറിച്ച്.
"ഒരർത്ഥത്തിൽ യേശുവിനെ കുറിച്ചറിയുന്നതിലേറെ ഞങ്ങൾക്ക് മുഹമ്മദിനെ കുറിച്ചറിയാം. എക്കാലവും ജീവിച്ച അസാധാരണ മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം. അസാധാരണമായ വലിപ്പമുള്ള ഒരു മതപ്രതിഭയായിരുന്നു അദ്ദേഹം. മഹാനായ സേനാനായകനും രാഷ്ട്ര വിശാരദനും സ്ത്രീകളുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ അസാധാരണ മനുഷ്യനുമായിരുന്നു. സ്ത്രീകളെ സംരക്ഷിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്തു. ഗണനീയമായ ഒരു വ്യക്തി സാനിധ്യമായിരുന്നു അവിടുന്ന്. ഏറെ ശ്രേദ്ധേയനും ബഹുമാന്യനുമായ മനുഷ്യൻ"

കാത്തലിക് ഹെറാള്ഡിന്റെ ആദ്യത്തെ വനിതാ എഡിറ്റർ ഫ്രാൻസിസ് ഗുംലി, ബ്രിയാൻ റെഡ്ഹെഡ് എന്നിവർ ചേർന്നെഴുതിയ "ദ പില്ലേഴ്സ് ഓഫ് ഇസ്‌ലാം" എന്ന പുസ്തകത്തിൽ നിന്നും 

صلي الله علي محمد .صلي الله عليه وسلم