25 September 2023

തിരുനബിയും അയൽപ്പക്ക പാഠങ്ങളും

 ജിബ്‌രീൽ (അ) പ്രവാചക സമീപത്തെത്തി അയൽവാസികളോടുള്ള കടമകൾ വിശദീകരിച്ചു. ശേഷം നബി തങ്ങൾ പറഞ്ഞു: അവർക്ക് സ്വത്തിൽ ഒരു പങ്ക് നൽകേണ്ടി വരുമോ എന്ന് പോലും ഞാൻ ആലോചിച്ചുപോയി. അത്രമേൽ ദൃഢമായാണ് അയൽവാസികളോടുള്ള സമീപനത്തെ പ്രവാചകർ അടയാളപ്പെടുത്തിയത്. പ്രവാചക ജീവിതത്തിലും അവിടുത്തെ അധ്യാപനങ്ങളിലും നമുക്കത് തെളിഞ്ഞു കാണാം. 

വിശ്വാസത്തിന്റെ ഭാഗമായാണ് നബി തങ്ങൾ അയൽവാസികളോടുള്ള സമീപനത്തെ നോക്കിക്കണ്ടത്. അവിടുന്ന് പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവന്റെ അയൽവാസിയെ ആദരിച്ചുകൊള്ളട്ടെ. സമാന ആശയം വരുന്ന മറ്റ് ഹദീസുകളും നമുക്ക് കാണാം. വിശ്വാസത്തിന്റെ പരിപൂർണതയിൽ പോലും അയൽവാസിയോട് കടപ്പാടുണ്ട് എന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. സ്വന്തത്തെപ്പോലെ അയൽവാസിയെയും ബഹുമാനിക്കാൻ നിർദേശിച്ചു. തനിക്ക് ഇഷ്ടപ്പെടുന്നത് അയൽവാസിക്കും ഇഷ്ട്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാർഥ വിശ്വാസിയാവുകയില്ലെന്ന് പ്രസ്താവിച്ചു. 

അയൽവാസി രോഗിയായാൽ സന്ദർശിക്കാനും അവന് വേണ്ട സൗകര്യങ്ങളെല്ലാം ഏർപ്പെടുത്താനും തിരുദൂതർ ഓർമപ്പെടുത്തി. അവർക്ക് ശുദ്ധവായു തടയുന്ന രൂപത്തിൽ മതിൽ കെട്ടി മറക്കരുതെന്ന് കൽപ്പിച്ചു. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിൽ പോലും അവർക്ക് പങ്കുണ്ടെന്നാണ് തിരുവചനം. കറിയിൽ അൽപ്പം വെള്ളം നീട്ടി ഒഴിക്കാനും വിശേഷ ഭക്ഷണം പാകം ചെയ്യുമ്പോൾ അയൽവാസിക്ക് കൊടുക്കാൻ കഴിയില്ലെങ്കിൽ അതിന്റെ ഗന്ധം അവിടെ എത്താത്ത വിധം പാകം ചെയ്യാനും കൽപ്പിച്ചു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന പ്രവാചക വാക്യം അർഥപൂർണമാകുന്നത് ഇവിടെയാണ്. ഒരു വ്യക്തി തിരു സവിധത്തിൽ വന്ന് ചോദിച്ചു : എന്റെ നന്മയുടെ അളവുകോൽ എന്താണ്? നബി തങ്ങൾ പറഞ്ഞു : നീ നന്മ ചെയ്തുവെന്ന് നിന്റെ അയൽവാസി പറയുന്നത് കേട്ടാൽ നീ നന്മ ചെയ്തിരിക്കുന്നു. നീ തിന്മ ചെയ്തു എന്ന് പറയുന്നത് കേട്ടാൽ നീ തിന്മ ചെയ്തിരിക്കുന്നു. നമ്മുടെ നന്മ തിന്മയുടെ അളവുകോൽ പോലും അയൽവാസിയുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. ഒരു വിശ്വാസിയുടെ സ്വർഗ പ്രവേശനവും നരക പ്രവേശനവുമെല്ലാം അയൽവാസിയുമായികൂടി ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകൻ പറഞ്ഞു; തന്റെ ഉപദ്രവത്തിൽ നിന്ന് അയൽവാസി സുരക്ഷിതരല്ലാത്തവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. 

വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ അയൽവാസികളോട് സമ്പർക്കം പുലർത്താൻ നമ്മെ ഉണർത്തി. അയൽവാസി ഇതര മതത്തിൽ പെട്ടവനാണെങ്കിലും അവനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ചു. 

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് വേണ്ടി വീട്ടിൽ ആടിനെ അറുത്തപ്പോൾ അയൽവാസിയായ ജൂതന് നൽകിയിരുന്നോ എന്ന് ആവർത്തിച്ചു ചോദിച്ചു. തിരു പരാമർശങ്ങളിലെവിടെയും അയൽവാസിയെ വിശ്വാസത്തോട് ചേർത്ത് ഉപമിച്ചതായി കാണാൻ കഴിയില്ല. അയൽവാസിക്കു ഗുണം ചെയ്യുന്നവന് അല്ലാഹുവിന്റെ അടുക്കൽ വലിയ പ്രതിഫലമുണ്ടെന്ന് ആഹ്വാനം ചെയ്തു. അതുവഴി അവരോടുള്ള കടമകൾ നിറവേറ്റാനും അവരെ ബഹുമാനിക്കാനും പഠിപ്പിച്ചു. അയൽവാസികളോട് ചെയ്യുന്ന തിന്മകൾ മറ്റുള്ളവരോട് ചെയ്യുന്നതിനേക്കാൾ ശിക്ഷയുള്ളതും ഗൗരവമുള്ളതാണെന്നും ഓർമപ്പെടുത്തി. അവരെ പരദൂഷണം പറയാനോ കളിയാക്കാനോ പാടില്ല. നാല് കാര്യങ്ങളാൽ മനുഷ്യന് ജീവിത സൗഭാഗ്യമുണ്ടെന്നും അതിലൊന്ന് നല്ലവനായ അയൽവാസി ഉണ്ടായിരിക്കലാണെന്നും പ്രവാചകൻ പറഞ്ഞതായി കാണാം. 

കുടുംബ ബന്ധം ചേർക്കുന്നതിന് സമാനമായോ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതായോ ആണ് അവരോടുള്ള സമീപനത്തെ അടയാളപ്പെടുത്തിയത് അത്രമേൽ കടപ്പാടുണ്ട് അയൽവാസികളോട്. നമ്മുടെ സാമൂഹിക ചുറ്റുവട്ടത്തിൽ ഏറെ പ്രാധാന്യത്തോടെ സമീപിക്കേണ്ടവരാണവർ. തിരു പാഠങ്ങളെ അയൽപ്പക്ക ബന്ധത്തിന് നമുക്ക് മാതൃകയാക്കാം. 


صلي الله علي محمد .صلي الله عليه وسلم

25 September 2022

14. മുത്ത് നബിയെ ﷺ അറിയാം

    മക്കക്കാരുടെ വരുമാന മാർഗ്ഗങ്ങളിൽ സുപ്രധാനമായമായത് കച്ചവടമായിരുന്നു. അതു പോലെ സാധാരണ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനമായിരുന്നു ഇടയവൃത്തി. അതായത് നാൽക്കാലികളെ മേയ്ക്കുന്ന ജോലി. അതിൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ആടു മേയ്ക്കൽ. ശൈശവകാലത്ത് തന്നെ പ്രവാചകർക്ക് ഇടയവൃത്തി പരിചയമുണ്ടായിരുന്നു. ബനൂസഅദ് ഗോത്രത്തിലെ കുട്ടികൾക്കാപ്പം ആടിനെ മേയ്ക്കാൻ പോയ സംഭവം അവിടുന്ന് അനുസ്മരിച്ചിട്ടുണ്ട്. കുടുംബക്കാരുടെ ആടിനെ സൗജന്യ മായും മറ്റുള്ളവരുടേത് പ്രതിഫലം സ്വീകരിച്ചും മേയ്ക്കുമായിരുന്നു. മുഹമ്മദ് ﷺ പറഞ്ഞു: ഞാൻ മക്കാനിവാസികൾക്കു വേണ്ടി ചില്ലറ നാണയങ്ങൾ സ്വീകരിച്ചുകൊണ്ട് ഇടയവൃത്തി ചെയ്തിരുന്നു. ജാബിർ (റ)പറയുന്നു: ഞങ്ങൾ ഒരിക്കൽ മുത്ത് നബി ﷺ യുടെ കൂടെ അറാക്കിന്റെ പഴുത്ത കായകൾ പറിക്കുകയായിരുന്നു. ഉടനെ അവിടുന്ന് പറഞ്ഞു: നിറമുള്ളത് നോക്കി പറിക്കുക, നല്ലയിനം അതായിരിക്കും. ഞാൻ ആടു മേയ്ക്കുന്ന കാലത്ത് അവ പറിക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു. അവിടുന്ന് ആടിനെ മേയ്ക്കാറുണ്ടായിരുന്നോ? അതെ എല്ലാ പ്രവാചകന്മാരും ആടിനെ മേയ്ചിട്ടുണ്ടല്ലോ? മറ്റൊരിക്കൽ ആത്മാഭിമാനത്തോട് കൂടി ഇങ്ങനെ പറഞ്ഞു: മൂസാനബി പ്രവാചകനായി നിയോഗിക്കപ്പെട്ടു അവിടുന്ന് ആടു മേയ്ച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നുവത്. ദാവൂദ് നബിയും അപ്രകാരം ചെയ്തിരുന്നു. എന്റെ കുടുംബക്കാരുടെ ആട്ടിൻ പറ്റത്തെ മക്കയിലെ അജിയാദിൽ വെച്ച് ഞാൻ പരിപാലിക്കുന്ന കാലത്താണ് എന്നെ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അബൂസഈദ്(റ) എന്നവാരാണിത് നിവേദനം ചെയ്തത്. 

    ആടു മേയ്ക്കുന്നതിൽ ഉപജീവനം എന്നതിനപ്പുറം ഒരു പാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു വലിയ ജനതയെ നയിക്കാനുള്ള നേതാവിന് ഭാവിയിലേക്കുള്ള പരിശീലനമാണിത്. ആട്ടിൻ പറ്റത്തെ നയികുന്നവർക്ക് എപ്പോഴും നല്ല ശ്രദ്ധയുണ്ടായിരിക്കണം. പൊതുവേ ദുർബലരായ ജീവികളാണ് ആടുകൾ. നല്ല കരുതലോടെ വേണം പരിചരിക്കാൻ. കൂട്ടം തെറ്റാൻ എപ്പോഴും സാധ്യതയുണ്ട്. ചെന്നായയുടെ പിടിയിൽ പെടാതെ കൊണ്ടു നടക്കണം. മോഷ്ടാക്കൾ അപഹരിക്കാതിരിക്കാൻ സൂക്ഷിക്കണം. വളരെ സഹനത്തോടെയേ ഇതെല്ലാം നിർവഹിക്കാൻ കഴിയു. ഇത്തരമൊരു പരിശീലനം വ്യക്തിക്ക് നൽകുന്ന മേന്മകൾ എണ്ണമറ്റതാണ്. ഇവയെല്ലാം ആർജിച്ചെടുക്കാനുള്ള അവസരമാണ് നബി ﷺക്കു ലഭിച്ചത്. ലോക പ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്നു ഹജർ(റ)വിശദീകരിക്കുന്നു. നബി ﷺ ലോകത്തിൻ്റെ നേതാവായി സ്വീകരിക്കപ്പെട്ട ശേഷവും ചെറുപ്പകാലത്തെ ഇടയവൃത്തിയെ കുറിച്ചു പറയുമായിരുന്നു. അത് നബി ﷺയുടെ വിനയത്തിന്റെ വലിയ ഉദാഹരണമാണ്. ഇല്ലായ്മയിൽ നിന്ന് എല്ലാം ലഭിച്ചത് അല്ലാഹുവിൻറെ ഔദാര്യം മാത്രമാണ് എന്ന ചിന്തയുടെ ഭാഗമാണത്. 

    പ്രവാചകർ ﷺ യുടെ സാമ്പത്തിക വിശുദ്ധി പഠിപ്പിക്കുന്ന അധ്യായമാണിത്. അധ്വാനിക്കുന്നവൻറെ മൂല്യം ഇതിൽ അടങ്ങിയിരിക്കുന്നു. അല്ലാഹു അവൻറെ പ്രിയപ്പെട്ട പ്രവാചകന് അധ്വാനമില്ലാതെയും സമ്പത്ത് നൽകാമായിരുന്നു. എന്നാൽ മനുഷ്യ കുലത്തിന് ഒരു മാതൃക നബി ﷺ യിൽ സ്ഥാപിക്കുകയായിരുന്നു ഇവിടെ. അനുവദിക്കപ്പെട്ട ഏതു തൊഴിലും സ്വീകരിക്കാം. താരതമ്യേന താഴ്ന്ന തൊഴിലായിട്ടാണല്ലോ ഇടയവൃത്തിയെ കാണുന്നത്. പക്ഷേ അതിനെ അഭിമാനപൂർവ്വം അവിടുന്ന് എടുത്തു പറഞ്ഞു. ആട് ഐശ്വര്യമാണെന്നും ഒട്ടകം അഭിമാനമാണെന്നും പറയുമായിരുന്നു. ഏറ്റവുംനല്ല ഭക്ഷണം സ്വയം അധ്വാനത്തിലൂടെ സ്വരൂപിക്കുന്നതാണ്. ഇങ്ങനെയായിരുന്നു പ്രവാചകർ ﷺ യുടെ നിർദ്ദേശം. 

    ജനങ്ങളോട് ഇടപെടുകയും ഇടപഴകുകയും ചെയ്യുമ്പോഴാണ് ഒരാളെ ശരിക്ക് ബോധ്യപ്പെടുക. സത്യസന്ധത, വിശ്വസ്ഥത, നീതി തുടങ്ങിയുള്ള ഗുണങ്ങൾ അപ്പോഴല്ലേ അനുഭവിക്കാൻ കഴിയൂ.ഈ വിധത്തിൽ നബിﷺ യുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരം കൂടിയായിരുന്നു അവിടുത്തെ ഇടപാടുകൾ.സമൂഹത്തിനൊപ്പം ജീവിക്കുക. ദൈനം ദിന കാര്യങ്ങളിൽ ജനങ്ങളോട് സഹവസിക്കുക.അതിനിടയിൽ നന്മ പരിപാലിക്കുക, തിന്മയിൽ നിന്നു മാറിനിൽക്കുക. സമൂഹത്തിൽ മാതൃകയെ അവതരിപ്പിക്കുക. ഈ വിധമായിരുന്നു തിരുനബി ﷺ യുടെ ജീവിതം. 

    മുത്തുനബി ﷺ യുടെ യുവത്വംനേരിട്ടറിഞ്ഞു. സ്വഭാവഗുണങ്ങളെ അനുഭവിച്ചു. അപ്പോൾ അവർ ഒരുമിച്ചു നൽകിയ സ്ഥാനപ്പേരായിരുന്നു "അൽ അമീൻ" അഥവാ വിശ്വസ്ഥൻ. പ്രശസ്ത ചരിത്രകാരനായ സർ വില്ല്യൻ മൂർ എഴുതിയതിങ്ങനെയാണ് "The fair character and honorable bearing of the unobtrusive youth won the approbation of his fellow citizens and he received the title by common consent of Al-Ameen, the Trustworthy"(The life of Muhammed)

എന്നത്തേക്കും മാതൃകയായി മുത്തുനബി ﷺ യുടെ യുവത്വം അടയാളപ്പെടുന്ന പരിസരങ്ങളെയാണ് നമുക്ക് വായിക്കാനുള്ളത്...

(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-14)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

13. മുത്ത് നബിയെ ﷺ അറിയാം

    'ബഹീറാ' പുരോഹിതനെ കണ്ടുമുട്ടിയ സംഭവം വളരെ പ്രസിദ്ധമാണ്. പ്രവാചക ﷺ ചരിത്രം രേഖപ്പെടുത്തിയ ഏതാണ്ടെല്ലാ ചരിത്രകാരന്മാരും അത് ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത സംഭവം നൽകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇങ്ങനെയാണ്. 

ഒന്ന്: ഒരു പ്രവാചകനു വേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു. 

രണ്ട്: നിയോഗിക്കപ്പെടാനുള്ള പ്രവാചകരെ കുറിച്ചുള്ള വിവരങ്ങൾ വേദങ്ങളിൽ ഉണ്ടായിരുന്നു. 

മൂന്ന്: അത് വ്യക്തമായി അറിയുന്ന വേദജ്ഞാനികൾ അക്കാലത്ത് ജീവിച്ചിരുന്നു. 

നാല്: പറയപ്പെട്ട വിശേഷണങ്ങൾ മുഹമ്മദ് ﷺ ൽ കണ്ടെത്തുകയും അതുവഴി മുഹമ്മദ് ﷺ യെ അവർ ആദരിക്കുകയും ചെയ്തിരുന്നു.

    പിൽക്കാലത്ത് വേദങ്ങളിൽ വന്ന കൈക്കടത്തലുകൾ ഇവയിൽ പലതും മാറ്റിമറിച്ചു. എന്നിട്ടും മുഹമ്മദ് ﷺ നു മാത്രം യോജിക്കുന്ന വിശേഷണങ്ങൾ ഉള്ള പല ഭാഗങ്ങളും ബൈബിളിലും മറ്റു വേദങ്ങളിലും ഇന്നും ഉണ്ട്. അവ ക്രോഡീകരിച്ച പഠനങ്ങളും ലഭ്യമാണ്. ഖുർആൻ വേദക്കാരെ കുറിച്ച് വിശദീകരിക്കുന്നു. "അവരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ച് കൊണ്ട് ഒരു ഗ്രന്ഥം (ഖുർആൻ) അല്ലാഹുവിൽ നിന്ന് അവതരിച്ചു(അവർ അംഗീകരിച്ചില്ല). നേരത്തേ അവർ സത്യ നിഷേധികൾക്കെതിരിൽ (വാഗ്ദത്ത പ്രവാചകനെ മുൻനിർത്തി) സഹായം തേടുമായിരുന്നു. അവർക്ക് സുവ്യക്തമായ കാര്യം വന്നണഞ്ഞപ്പോൾ അവർ നിഷേധിക്കുകയാണ്(2:89).

    അന്ത്യപ്രവാചകനെക്കുറിച്ചുള്ള ചർച്ചകൾ ജൂത ക്രൈസ്തവർക്കിടയിൽ വ്യാപകമായി നടന്നിരുന്നു. ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: അവർക്ക് അവരുടെ സ്വന്തം മക്കളെ അറിയും പോലെ വാഗ്ദത്ത നബിയെ അറിയാമായിരുന്നു. ബഹുദൈവ വിശ്വാസികളോട് തർക്കിക്കുന്ന സന്ദർഭങ്ങളിൽ അവർ അത് തുറന്ന് പറഞ്ഞിരുന്നു. അവസാനത്തെ നബി വരും ആ നബിക്കൊപ്പം ഞങ്ങൾ കൂടും. അത് വഴി ഞങ്ങൾ അതിജയിക്കും. നിരന്തരമായി വേദക്കാർ ആശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത വസ്തുതയായിരുന്നു ഇത്. എന്നാൽ അറബികൾക്കിടയിൽ നിന്ന് പ്രവാചകൻ ഉദയം ചെയ്തു എന്നറിഞ്ഞപ്പോൾ പെട്ടന്ന് അവർക്ക് ഉൾകൊള്ളാനായില്ല. പ്രധാനമായും ചില സ്വാർത്ഥ താത്പര്യങ്ങളാണ് അവരെ നിയന്ത്രിച്ചത്. ഭൗതികമായ നഷ്ടങ്ങൾ മാത്രം കണ്ട് കൊണ്ടാണ് അവർ മുത്ത് നബിﷺ യെ നിരാകരിച്ചത്.

    അബൂത്വാലിബിനൊപ്പം സിറിയയിലേക്കുള്ള യാത്രയാണല്ലൊ നാം പറഞ്ഞു വന്നത്. തുടർന്ന് ഇരുപതാം വയസ്സിൽ അബൂബക്കർ(رضي الله عنه) വിനൊപ്പമുള്ള ഒരു ശാം യാത്രയെ കുറിച്ച് ചില ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. യാത്രയുടെ ലഘു വിവരണം ഇങ്ങനെയാണ്. അബൂബക്കർ(رضي الله عنه)ന് പതിനെട്ട് വയസ്സുള്ളപ്പോൾ മുഹമ്മദ്‌ﷺനൊപ്പം ശാമിലേക്ക് പുറപ്പെട്ടു. വ്യാപാര സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു അത്. സിറിയയിലെ ഒരു മരച്ചുവട്ടിൽ യാത്രാ സംഘം വിശ്രമത്തിന് തങ്ങി. സമീപത്ത് തന്നെ താമസിക്കുന്ന ബഹീറാ എന്ന പുരോഹിതനെ അബുബക്കർ (رضي الله عنه) സന്ദർശിച്ചു. തന്റേതായ ചില കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു സന്ദർശനം. ഉടനെ പുരോഹിതൻ ചോദിച്ചു. ആ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാരാണ്? അബൂബക്കർ(رضي الله عنه)പറഞ്ഞു: അബ്ദുൽ മുത്വലിബിന്റെ മകൻ അബദുല്ല യുടെ മകൻ മുഹമ്മദ് ﷺ ആണ്. പുരോഹിതൻ തുടർന്നു. 'അദ്ദേഹം ഈ ജനതയിലേക്കുള്ള സത്യദൂതനാണ്. ഈസാ പ്രവാചകന് ശേഷം ഈ മരച്ചുവട്ടിൽ ആരും വിശ്രമിച്ചിട്ടില്ല'. ഇബ്നു അബ്ബാസ് (رضي الله عنه) ആണ് ഈ സംഭവം നിവേദനം ചെയ്തത്. ഇരുപതാം വയസിലെ ഈ യാത്രയെ പ്രമുഖ സീറാ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടില്ല. എന്നാൽ ഇത് ചരിത്രപരമായി തള്ളേണ്ടതില്ല എന്ന വീക്ഷണം പ്രമുഖരും ആധുനികരുമായ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്.

    അബൂബക്കർ(رضي الله عنه) മാത്രമുള്ള ഒരു യാത്രയിൽ പുരോഹിതനെ സന്ദർശിച്ചു. വാഗ്ദത്ത പ്രവാചകനെ കുറിച്ച് അദ്ദേഹം വിവരങ്ങൾ നൽകി. ഇങ്ങനെയൊരു പരാമർശവും ചരിത്ര ഗ്രന്ഥങ്ങളിൽ വേറെ തന്നെ ഉണ്ട്.

    പിതൃ സഹോദരൻ സുബൈറിനൊപ്പം നബി ﷺ യമനിലേക്ക് യാത്ര ചെയ്ത സംഭവം പല ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ നിവേദക പരമ്പര അത്രമേൽ പ്രബലമല്ല.        

    മുത്ത് നബിﷺ യുടെ കൗമാര യൗവ്വനങ്ങൾ ഏറെ മാതൃകാപരമായിരുന്നു. മാലിന്യങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ ഒരു അഴുക്കും പുരളാതെ ജീവിച്ചു. അദ്ധ്വാനിച്ച് ജീവിത മാർഗം കണ്ടെത്തേണ്ട കാലത്ത് അദ്ധ്വാനപൂർണമായ ജീവിതം നയിച്ചു. ഉപജീവനത്തിനായി മുത്തുനബി സ്വീകരിച്ച മാർഗ്ഗങ്ങളെ കുറിച്ച് തുടർന്ന് വായിക്കാം..

(തുടരും)


اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم 
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم



മുത്ത് നബിയെ ﷺ അറിയാം (എപ്പിസോഡ്-13)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം