11 November 2018

വന്നെത്തി ഒന്നാം വസന്തം

ബീഅ് വീണ്ടും സമാഗതമായിരിക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ ആദ്യ റബീഅ് ആണിത്. പ്രളയം ഒരുപാട് നിരാശകള്‍ സമ്മാനിച്ചെങ്കിലും പ്രളയം വിതച്ച വിപത്തുകളില്‍ നിന്ന് അസാമാന്യ മനക്കരുത്തോടെ കരകയറാന്‍ കേരളം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനാവശ്യമായ വഴികളെല്ലാം പലവിധത്തില്‍ നമുക്ക് തുറന്നു ലഭിക്കുന്നു. സ്വയം മറന്ന് സാമൂഹ്യബോധത്തിലേക്ക് ജനത ഉയര്‍ന്ന മഹത്തായ സമയം കൂടിയായിരുന്നു പ്രളയകാലം. അതിനാല്‍ തന്നെ പ്രളയകാലം ആപത്തുകാലമായിരുന്നെങ്കിലും മാനസികമായി കരുത്തും ആവേശവും നമുക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. കൈമെയ് മറന്ന് നമ്മള്‍ മനുഷ്യന്‍ എന്ന ഒറ്റവികാരത്തിലേക്ക് ഉയര്‍ന്നു. എന്നും നിലനിര്‍ത്തേണ്ട ഉദാത്തമായ സ്വഭാവമായിരുന്നു അത്. പക്ഷേ, അന്ന് കാണിച്ച മാനവിക ബോധമെല്ലാം വറ്റിപ്പോയോ എന്നു തോന്നിക്കുന്ന തരത്തിലായിരുന്നു തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.

റബീഅ് മുന്നോട്ടു വെക്കുന്ന ഏറ്റവും മഹത്തായ സന്ദേശവും മാനവികതയുടെതാണ്. തിരുനബിﷺ സ്വയം സമര്‍പ്പിച്ചപ്പോഴാണ് ഇസ്‌ലാം ലോകത്ത് പൂത്തുതളിര്‍ത്തത്. മക്കയിലെ ഏറ്റവും പ്രമുഖ തറവാട്ടില്‍ പിറന്ന അശ്‌റഫുല്‍ ഖല്‍ഖിന് സുന്ദരമായി സ്വയം ജീവിച്ച് മരിക്കാമായിരുന്നു. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം അവിടുന്ന് തോളിലേറ്റി. ആ ഉത്തരവാദിത്വത്തിന്റെ വലിപ്പമറിയണമെങ്കില്‍ നമ്മള്‍ ചെയ്യുന്ന ഒരു സ്വഭാവം ഉപേക്ഷിക്കാന്‍ നമുക്കുണ്ടാകുന്ന മാനസിക പ്രയാസമെത്രയാണെന്നാലോചിച്ചാല്‍ മതിയാകും. ആ സ്ഥാനത്താണ് ഒരു സമുദായത്തെ ആകെ പരിവര്‍ത്തിപ്പിക്കേണ്ട ഉത്തരവാദിത്വം അശ്‌റഫുല്‍ ഖല്‍ഖ് ഏറ്റെടുക്കുന്നത്. അവിടുന്ന് തന്റെ ദൗത്യവുമായി രംഗത്തിറങ്ങുമ്പോള്‍ മക്കയിലെ സാമൂഹിക സ്ഥിതി എന്തായിരുന്നു എന്ന് പ്രവാചക പ്രണയികള്‍ക്കും ചരിത്രാവബോധമുള്ളവര്‍ക്കും വ്യക്തമായ ധാരണയുണ്ട്. മദ്യം ദാഹശമനിയായും വികാരം ലൈംഗികതയായും വിനോദം യുദ്ധമായായും നിര്‍വചിച്ചിരുന്നു ആ ഇരുണ്ട സമുദായം. ഈ ജാഹിലിയ്യാ സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ വഴികേടിത്തരത്തിലാണ് എന്ന് പറയുന്നതിന് പകരം അവര്‍ വഴികേടിത്തരത്തില്‍ മുങ്ങികുളിച്ചവരാണ് എന്നാണ് അല്ലാഹു പറഞ്ഞത്. വസ്ത്രത്തില്‍ ചെളി പുരണ്ടാല്‍ കഴുകി വൃത്തിയാക്കാം. എന്നാല്‍ ചെളിയും വസ്ത്രവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയിലായാല്‍ എന്ത് ചെയ്യും? ഇത് പോലെയായിരുന്നു തിരുദൂതരുടെ സമയത്ത് ജാഹിലിയ്യാ സമൂഹം. എന്നാല്‍, ഇത്തരം ഒരു സമൂഹത്തെയാണ് വെറും 23 വര്‍ഷത്തെ തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി തിരുനബിﷺ ലോകര്‍ക്ക് മാതൃകാ യോഗ്യരായ ഒരു സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചു നല്‍കിയത്. എന്നിട്ടവിടുന്ന് പറഞ്ഞു: ‘എന്റെ അനുചരന്മാര്‍ നക്ഷത്ര സമന്മാരാണ്. അവരില്‍ ആരെ പിന്‍പറ്റിയാലും അവര്‍ സന്മാര്‍ഗം സിദ്ധിക്കും’.

ജീവിതകാലം മുഴുവന്‍ അധ്യാപനത്തിന് ഉഴിഞ്ഞുവെച്ച ഏതെങ്കിലും അധ്യാപകന് സാധിക്കുമോ തന്റെ വിദ്യാര്‍ഥികളെല്ലാം മാതൃകായോഗ്യരാണെന്നു പറയാന്‍? മതപ്രബോധനത്തിനിറങ്ങുന്നവര്‍, ആദ്യമായി ആരായിരുന്നു അശ്‌റഫുല്‍ ഖല്‍ഖ് എന്നും എന്തായിരുന്നു അവിടുത്തെ ജീവിതമെന്നും കൃത്യമായി അടുത്തറിയണം. എന്നിട്ട് അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. പ്രബോധകനായ മുത്ത് നബി തങ്ങളെ നോക്കൂ. 63 വര്‍ഷത്തെ പ്രവാചക ജീവിതത്തെ പ്രവാചകത്വത്തിനു മുമ്പ്, ഹിജ്‌റക്കു മുമ്പ്, ഹിജ്‌റക്കു ശേഷം എന്നിങ്ങനെ മൂന്നായി ഭാഗിക്കാം. അങ്ങനെയെങ്കില്‍ പ്രവാചകന്റെ ജീവിതം തന്നെയായിരുന്നു പ്രബോധനമെന്ന് കാണാം. വിശ്വാസിക്ക് സ്വയം പ്രബോധകനായി വളരാന്‍ സാധിക്കണം. അതിന് വേണ്ടി നമ്മള്‍ ഘോരഘോരം പ്രസംഗിച്ചു നടക്കേണ്ട. മറിച്ച്, അശ്‌റഫുല്‍ ഖല്‍ഖിന്റെ ജീവിതം പകര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ മതി.

വിശ്വസ്തതയായിരുന്നു നബിതങ്ങള്‍ﷺ ആകര്‍ഷിക്കപ്പെട്ടതിന്റെ സുപ്രധാന ഘടകം. പ്രവാചക ലബ്ധിക്ക് മുമ്പ് തന്നെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന ബഹുമതി നേടി അവിടുന്ന് സ്വീകാര്യനായി. വിശ്വസ്തതയുള്ള പ്രബോധകനെ മാത്രമേ പ്രബോധിതര്‍ ഉള്‍കൊള്ളുകയുള്ളൂ. എല്ലാ ബന്ധങ്ങളും ശക്തി പ്രാപിക്കുന്നത് വിശ്വാസ്യതയിലൂടെയാണ്. ശിഥിലമാകുന്നത് വഞ്ചനയിലൂടെയും. അമാനത്ത് നഷ്ടപ്പെടുക എന്നത് ഖിയാമത്ത് നാളിന്റെ അടയാളമായി എണ്ണിയിട്ടുണ്ട്. ജീവിതത്തിന്റെ സര്‍വ മേഖലകളിലും വിശ്വസ്തത കാത്തുസൂക്ഷിക്കാന്‍ ദാഇകള്‍ക്ക് കഴിയണം. വിശ്വസ്തതയുടെ പ്രാധാന്യത്തെക്കുറിച്ച് നബിﷺ തന്റെ സ്വഹാബത്തിനെ നിരന്തരം ഉണര്‍ത്താറുണ്ടായിരുന്നു. ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അനസ്(റ) പറയുന്നു: അമാനത്ത് ഇല്ലാത്തവന് ഈമാനില്ല എന്ന് ഉപദേശിക്കാതെ നബിﷺ ഞങ്ങളെ അഭിസംബോധന ചെയ്തിട്ടേയില്ല. വിശ്വസ്തത പുലര്‍ത്തുന്നവരെയും അല്ലാത്തവരെയും വേര്‍തിരിച്ചു തന്നെയാണ് ഇസ്്‌ലാം സമീപിക്കുന്നത്.

ഒരു ദീനാറിന്റെ നാലിലൊന്ന് അഥവാ ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഒരു വസ്തു മോഷ്ടിച്ചാല്‍ ആ മോഷ്ടാവിന്റെ കൈ വെട്ടലാണ് ഇസ്‌ലാം പറയുന്ന ശിക്ഷ. വിശ്വസ്തതയില്ലാത്ത കൈയാണത് എന്നതാണു കാരണം. എന്നാല്‍ ഒരു നിരപരാധിയുടെ കൈ ആരെങ്കിലും വെട്ടിയാല്‍ ഇസ്്‌ലാമിക നിയമ പ്രകാരം തിരികെ കൈ വെട്ടാതെ മാപ്പു നല്‍കുകയാണെങ്കിലുള്ള നഷ്ടപരിഹാരം അമ്പത് ഒട്ടകങ്ങളുടെ മൂല്യമോ അഞ്ഞൂറ് ദീനാറോ ആണ്. അഥവാ ഇരുപത്തഞ്ച് ലക്ഷം രൂപയെങ്കിലും പിഴയടക്കണം. അഥവാ ഇരുപത്തഞ്ച് ലക്ഷമെന്ന മൂല്യം വിശ്വസ്തത നഷ്ടപ്പെടുമ്പോഴേക്കും രണ്ടായിരത്തി അഞ്ഞൂറായി കുറയുന്നു.

ചുരുക്കത്തില്‍ മൃഗങ്ങള്‍ക്ക് മാംസത്തിന്റെ തൂക്കം നോക്കിയാണ് വില നിര്‍ണയിക്കുന്നതെങ്കില്‍ മനുഷ്യന് വില നിര്‍ണയിക്കുന്നത് അവന്റെ വിശ്വസ്തത അളന്നു കൊണ്ടാണ്. രണ്ടാമതായി സാന്ത്വന പ്രവര്‍ത്തനങ്ങളാണ്. മുത്ത് നബിﷺയുടെ ജീവിതത്തെ ബിവി ഖദീജ(റ) വിവരിക്കുന്നത് പ്രബോധകര്‍ക്ക് പാഠമാകണം. ഹിറാ ഗുഹയില്‍ വെച്ച് വഹ്‌യ് ലഭിച്ച വെപ്രാളത്തില്‍ വന്ന നബിﷺയോട് ഖദീജ ബീവി(റ) പറഞ്ഞു: ‘നിങ്ങള്‍ കുടുംബ ബന്ധം പുലര്‍ത്തുന്നവരാണ്. അശരണരുടെ അത്താണിയും പാവങ്ങളുടെ അഭയ കേന്ദ്രവുമാണ്. അതുകൊണ്ട് അല്ലാഹു സത്യം, അവന്‍ നിങ്ങളെ വൃഥാവിലാക്കില്ല’. നബിﷺയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഖദീജ ബീവി സമാധാനം അരുളിയത്. ഹിറാ ഗുഹയില്‍ നിന്നു വന്ന നബിതങ്ങള്‍ ഖദീജ ബീവി(റ)യോട് ‘സമ്മിലൂനീ'(എന്നെ മൂടിപ്പുതപ്പിക്കൂ) എന്ന പുല്ലിംഗ ബഹുവചനം ഉപയോഗിച്ചതിനെ സംബന്ധിച്ച് മുഹമ്മദുശ്ശന്‍വീന്‍(റ) പറയുന്നത് ഖദീജ ബീവിയുടെ ദൃഢമായ മനസ്സും ബുദ്ധി വൈഭവവും പുരുഷ സമൂഹത്തെ പോലും വെല്ലുന്നതായിരുന്നുവെന്നാണ്. ഒരു പ്രബോധകന്റെ ജീവിതത്തില്‍ സഹധര്‍മ്മിണിക്കുള്ള പങ്കു കൂടെ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു നബിﷺ തങ്ങള്‍.

തിരു നബിﷺയുടെ ജീവിതത്തിന്റെ ഏത് മേഖലയെടുത്താലും അവിടുന്ന് ആ മേഖലയില്‍ പരിപൂര്‍ണരായിരുന്നു. ഒരു ഭാര്യ-ഭര്‍ത്താവിന്റെ റോള്‍ തിരുനബിﷺയും മഹതി ഖദീജ(റ)യും എത്ര സുന്ദരമായിട്ടാണ് വരച്ചു കാണിച്ചതെന്ന് ചരിത്രത്തില്‍ നിന്ന് നമുക്ക് വ്യക്തമാകും. ഇതു പോലെ ഒരു ഭരണാധിപനെന്ന നിലയിലും നേതാവെന്ന നിലയിലും പിതാവെന്ന നിലയിലും ജീവിതത്തിന്റെ സകല മേഖലകളിലും അശ്‌റഫുല്‍ ഖല്‍ഖ് പരിപൂര്‍ണത പുലര്‍ത്തിയിരുന്നു. ‘മുഹമ്മദിനെ അനുയായികള്‍ സ്‌നേഹിക്കുന്നത് പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന്’ അബൂസുഫ്‌യാന്‍(റ) ശത്രുപക്ഷത്തായിരുന്ന സമയത്ത് പറഞ്ഞതായി കാണാം. മറ്റൊരിക്കല്‍ ശത്രു പക്ഷത്തിന്റെ പിടിയിലകപ്പെട്ട് വധിക്കപ്പെടാന്‍ പോകുന്ന സ്വഹാബിയോട് നിങ്ങളുടെ സ്ഥാനത്ത് മുഹമ്മദിനെ നിറുത്തുന്നത് നിങ്ങള്‍ക്ക് ഇഷ്ട്ടപെടുമോ എന്ന ചോദ്യത്തിന് അതെനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണെന്ന് മറുപടി പറയുന്ന അനുചരനെകാണാം. ഇതായിരുന്നു തിരുനബിയും അനുയായികളും തമ്മിലുള്ള ബന്ധം. ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ കാണാം. തന്റെ മുട്ടുകാലും ഇരു കൈകളും നിലത്തമര്‍ത്തി പേരക്കിടാങ്ങള്‍ക്ക് തന്റെ ചുമലിനെ കളിയിടമാക്കി ക്കൊടുക്കുന്ന ഒരു വലിയുപ്പയെ നമുക്ക് നബിﷺ ചരിത്രങ്ങളില്‍ വായിക്കാന്‍ സാധിക്കും. തിരുനബിﷺ മാതൃകയാണ്. ഒരു മനുഷ്യന്റെ ജീവിത കാലത്ത് ആവശ്യമായതെല്ലാം അവിടുന്ന് കൃത്യമായി തന്നെ ജീവിച്ചു കാണിച്ചിട്ടുണ്ട്. ഇനി ആ മാതൃകകളല്‍ നിന്ന് പാഠം ഉള്‍കൊള്ളേണ്ടത് നമ്മളാണ്. ആ ജീവിതത്തെ അതുപോല തന്നെ പകര്‍ത്താന്‍ നമുക്ക് സാധിക്കണമെന്നില്ല. എങ്കിലും വിശ്വാസിയായ അവിടുത്തെ അനുയായി എന്ന നിലയില്‍ കഴിവിന്റെ പരമാവധി ജീവിതത്തില്‍ അനുധാവനം ചെയ്യാന്‍ നമുക്ക് സാധിക്കണം.

صلي الله علي محمد .صلي الله عليه وسلم

ഇത്ര മതിയാകുമോ, നബി സ്‌നേഹം?

ബിﷺ തങ്ങളെ വിശ്വസിച്ചാല്‍ മാത്രം പോര. സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. സ്വഹാബത്തിന് നബിﷺയോടുള്ള സ്‌നേഹം വാക്കുകളിലൊതുങ്ങാത്തതാണ്. മുത്ത് നബി നമ്മെ സ്‌നേഹിച്ചതിന് പ്രത്യുപകാരമായി നബിﷺയെ അങ്ങോട്ട് സ്‌നേഹിക്കാനും നമുക്ക് കഴിയണം. ജീവന്‍ പണയം വെച്ച് നബിﷺയെ സ്‌നേഹിച്ച സ്വഹാബത്തിന്റെ ചരിത്രം നമുക്ക് പാഠമാണ്. ഉമര്‍ (റ) നബി ﷺ യോടൊരിക്കല്‍ പറഞ്ഞു: എന്റെ സ്വന്തം ശരീരം മാറ്റി നിര്‍ത്തിയാല്‍ മറ്റെന്തിനെക്കാളും എനിക്കിഷ്ടം അങ്ങയോടാണ് നബിയേ. നബി ﷺ പറഞ്ഞു: പോരാ നീ നിന്റെ ശരീരത്തേക്കാള്‍ എന്നെ സ്‌നേഹിക്കണം ഉമറേ, എങ്കിലേ നിന്റെ വിശ്വാസം പരിപൂര്‍ണമാകൂ. ഉടനെ അവിടന്ന് ഉമര്‍ (റ)പറഞ്ഞു ‘എങ്കില്‍ ഞാന്‍ എന്റെ സ്വന്തം ശരീരത്തേക്കാളും അങ്ങയെ ഇഷ്ടപ്പെടുന്നു നബിയേ’ അപ്പോള്‍ നബി ﷺ അരുളി: ഇപ്പോഴാണ് നിങ്ങളുടെ വിശ്വാസം പൂര്‍ണമായത്. (ബുഖാരി).

25 കാരനായ ഖുബൈബ് (റ) വിന്റെ ചരിത്രം എടുത്തു പറയേണ്ടതാണ്. യുവത്വത്തിന്റെ പ്രസരിപ്പ് തുടിക്കുന്ന ഖുബൈബ് (റ) നെ ശത്രുക്കള്‍ പിടികൂടി ബന്ദിയാക്കി. ഇസ്‌ലാമില്‍ നിന്ന് വിട്ടുനിന്ന് നബി ﷺയെ ഒഴിവാക്കാന്‍ പലതരത്തിലുള്ള പ്രലോഭനങ്ങളും ശത്രുക്കള്‍ നടത്തി നോക്കി. നിനക്ക് ഖുറൈശികളില്‍ നിന്ന് ഏത് പെണ്ണിനെ വേണമെങ്കിലും വിവാഹം ചെയ്തു തരാം. എത്ര പണം വേണമെങ്കിലും തരാം… ഒറ്റ കാര്യമേ ചെയ്യേണ്ടതുള്ളൂ. നീ മുഹമ്മദിനെ വിട്ടു എന്നൊന്ന് പറഞ്ഞാല്‍ മാത്രം മതി. പക്ഷേ ഖുബൈബ് (റ) വഴങ്ങിയില്ല. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങള്‍ക്കെന്നെ മനസ്സിലായിട്ടില്ല. നബി ﷺ തങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്ന ആദര്‍ശ ബോധം എത്രയാണെന്ന് നിങ്ങള്‍ക്കറിയില്ല. നബി ﷺക്ക് ഞങ്ങളോടും ഞങ്ങള്‍ക്ക് തിരിച്ച് നബി ﷺയോടുമുള്ള സ്‌നേഹമെത്രയാണെന്ന് നിങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയില്ല. അതൊക്കെ ഒഴിവാക്കിയിട്ട് ഒരു പെണ്ണും വേണ്ട, കാശും വേണ്ട. ഞാന്‍ നിങ്ങളെ കൂടെ വരില്ല. ശത്രുക്കളുടെ പ്രലോഭനം താമസംവിനാ ഭീഷണിയിലേക്ക് മാറി; അവര്‍ പറഞ്ഞു: ഖുബൈബേ മുഹമ്മദിനെ വിട്ടില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ഇഞ്ചിഞ്ചായി കൊല്ലും. നീ തയ്യാറാണോ? ഖുബൈബ് (റ) പറഞ്ഞു: നിങ്ങള്‍ എന്നെ എന്തു ചെയ്താലും ഈ ആദര്‍ശ ബോധത്തില്‍ നിന്ന് ഞാന്‍ പിന്‍മാറില്ല. ഖുബൈബിന്റെ അസന്ദിഗ്ധമായ മറുപടി കേട്ട് കലിപൂണ്ട ഖുറൈശികള്‍ ഖുബൈബ് (റ) വിനെ വധിക്കാനൊരുങ്ങി. മുഹമ്മദ് നബിയോടുള്ള പക വീട്ടാന്‍ കിട്ടിയ അവസരം അവര്‍ മുതലെടുക്കുകയാണ്.

അവസാനം വീണ്ടും അവര്‍ ഖുബൈബിനോട് ചോദിക്കുന്നു മുഹമ്മദിനെ ഒഴിവാക്കാന്‍ സന്നദ്ധമാണോ? ഇടറാത്ത സ്വരത്തോടെ ഇല്ലെന്ന് ഖുബൈബ് പ്രതികരിച്ചു. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വലതു കൈ പച്ചയില്‍ മുറിച്ചെടുത്ത് വലിച്ചെറിഞ്ഞു. രക്തം ധാരധാരയായി ഒഴുകി. ഖുബൈബിനോടവര്‍ വീണ്ടും ആവശ്യപ്പെട്ടു. ഇനിയും അവസരം തരാം. മുഹമ്മദിനെ ഒഴിവാക്കാന്‍ നിനക്ക് സാധിക്കില്ലെങ്കില്‍ അതുവേണ്ട നീ മുഹമ്മദിനെ ഒന്ന് ചീത്ത വിളിച്ചാല്‍ മാത്രം മതി നിന്നെ വെറുതെ വിടാം. ഖുബൈബ് പറഞ്ഞു: ഇല്ല, ഞാന്‍ അത് ചെയ്യില്ല. അവര്‍ ഇടത്തെ കൈയും മുറിച്ചു. പക്ഷേ ഖുബൈബ് പതറിയില്ല. ശത്രുക്കള്‍ വലത് കാല്‍ മുറിച്ചു. ഇടത് കാലും മുറിച്ചു. അവസാനം അവര്‍ പറഞ്ഞു: നിനക്ക് ചീത്ത വിളിക്കാനും സാധിക്കില്ലെങ്കില്‍ ഈ കഴുമരത്തില്‍ നിനക്ക് പകരം മുഹമ്മദിനെ ഞങ്ങള്‍ തൂക്കിലേറ്റുന്നതൊന്ന് സങ്കല്‍പ്പിക്കാമോ? ഖുബൈബ് (റ) പറഞ്ഞു: എന്താണ് നിങ്ങള്‍ പറയുന്നത്! എന്റെ ആദര്‍ശ ബോധത്തിന്റെ കരുത്തറിയണോ നിങ്ങള്‍ക്ക്. എങ്കില്‍ കേട്ടോളൂ ഞാന്‍ കഴുമരത്തില്‍ കിടന്ന് പിടയുമ്പോള്‍ എന്റെ മുത്ത് നബിയുടെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. തുടര്‍ന്ന് അവര്‍ ഖുബൈബ് (റ)നെ തൂക്കിലേറ്റി.

ഇതാണ് സ്വഹാബത്ത് നബിക്ക് തിരിച്ചുകൊടുത്ത സ്‌നേഹം. നമ്മുടെയൊക്കെ നബി സ്‌നേഹം എവിടെയാണ്. ത്യാഗോജ്ജ്വലമായ സ്‌നേഹമാണ് നബിﷺക്ക് സ്വഹാബത്ത് നല്‍കിയത്. അക്ഷരാര്‍ഥത്തില്‍ ജീവന്‍ കൊടുത്ത് അവര്‍ നബിﷺയെ സ്‌നേഹിച്ചു. ആ സ്വഹാബത്ത് പോകുന്ന സ്വര്‍ഗത്തിലേക്ക് പോകാന്‍ നമ്മുടെ ഇന്നത്തെ നബിസ്‌നേഹം മതിയാകുമോ? നബി ﷺയുടെ മദ്ഹ് പാടിപ്പറഞ്ഞ് സ്‌നേഹം പ്രകടിപ്പിക്കാന്‍ നമുക്കാകണം. മൗലിദോതി ബഹുമാനിക്കണം. ചര്യ പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണം.

ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം ഖവാറസ്മി എഴുതുന്നു: മക്കത്ത് റബീഉല്‍ അവ്വല്‍ 12ന് മസ്ജിദുല്‍ ഹറാമില്‍ മൗലിദാഘോഷം നടത്തിയിരുന്നു. ഓരോ പണ്ഡിതന്‍മാര്‍ എഴുന്നേറ്റ് നിന്ന് നബിﷺയുടെ മദ്ഹ് പറയും. എന്നിട്ട് ഭക്ഷണം വിതരണം ചെയ്യും. ശേഷം നബി ﷺ ജനിച്ച സ്ഥലത്തേക്ക് പോകും അവിടെ വെച്ചും മദ്ഹുകള്‍ പാടും പറയും.

ഇങ്ങനെയാണ് സ്വഹാബത്തും പൂര്‍വീകരായ പണ്ഡിതന്‍മാരും നബിﷺയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ഇത് മാതൃകയാക്കി ജീവിക്കാന്‍ നമുക്കും കഴിയണം. നാഥന്‍ തുണക്കട്ടെ.

صلي الله علي محمد .صلي الله عليه وسلم

വിശ്വാസികളുടെ ഉമ്മമാര്‍

ബിﷺയുടെ ഭാര്യമാര്‍ വിശ്വാസികള്‍ക്ക്; അവരോടുള്ള ബഹുമാനം, ആദരവ് വിഷയങ്ങളിലും നബിക്ക് ശേഷം അവരെ വിവാഹം ചെയ്യാന്‍ പാടില്ല എന്ന വിഷയത്തിലും ഉമ്മമാരാണ്. ‘നബിﷺ വിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ കടപ്പെട്ടവരാണ്, നബിﷺയുടെ ഭാര്യമാര്‍ അവര്‍ക്ക് ഉമ്മമാരും’ എന്നാണ് ഖുര്‍ആന്‍(അഹ്‌സാബ് 6) അധ്യാപനം.

നബിﷺ ആദ്യമായി വിവാഹം ചെയ്തത് ഖദീജ ബീവിയെ ആണ്. വിവാഹ സമയത്ത് നബി(സ)ക്ക് 25ഉം മഹതിക്ക് 40ഉം വയസ്സായിരുന്നു. ഖദീജ ബീവിക്ക് ഇത് മൂന്നാമത്തെ വിവാഹമായിരുന്നു. നബിﷺയോടൊത്തുള്ള 25 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനൊടുവില്‍ 65-ാം വയസ്സില്‍ അവര്‍ വഫാത്താകുന്നത് വരെ നബിﷺ വേറെ ഒരു വിവാഹവും കഴിച്ചില്ല. ധനികയും ബുദ്ധിമതിയുമായ ഖദീജ(റ)യെ അറബികള്‍ അത്വാഹിറ (പരിശുദ്ധ) എന്നായിരുന്നു വിളിക്കാറ്. ഖദീജയുടെ കച്ചവടത്തില്‍ നബിﷺ സഹായിച്ചിരുന്നു. നബിﷺ യുടെ സത്യസന്ധതയും സത്‌സ്വഭാവവും കണ്ട് അവര്‍ വിവാഹാലോചന നടത്തുകയായിരുന്നു.

ഭൗതിക പരിത്യാഗിയായ പ്രവാചകര്‍ ﷺ 
25-ാം വയസ്സിലായിട്ടും ഖദീജയിലെ നന്മകള്‍ക്ക് മുന്‍ഗണന കൊടുത്ത് വിവാഹത്തിന് തയ്യാറായി. ജനനത്തിന് മുമ്പ് പിതാവും ചെറുപ്പത്തില്‍ തന്നെ മാതാവും നഷ്ടപ്പെട്ട നബിﷺക്ക് 40-ാം വയസ്സിലെ പ്രവാചകത്വ ലബ്ധിയോടനുബന്ധിച്ചുള്ള സങ്കീര്‍ണത നിറഞ്ഞ ഘട്ടങ്ങളില്‍, ബുദ്ധിമതിയും പക്വതയുമുള്ള ജീവിത പങ്കാളി കൂടെയുണ്ടാകണമെന്നത് പ്രത്യേകമായ ഇലാഹീ നിശ്ചയമായിരുന്നു.

ശരീരം കൊണ്ടും ധനം കൊണ്ടും മഹതി ഭര്‍ത്താവിനൊപ്പം താങ്ങും തണലുമായി നിലകൊണ്ടു. ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും ഈ വനിതയാണ്. ഇബ്‌റാഹീം ഒഴികെയുള്ള ആറ് സന്താനങ്ങളും ഖദീജാ ബീവിയിലൂടെയാണ് നബിﷺക്ക് ലഭിച്ചത്. നബിﷺ അവരുടെ വിയോഗശേഷവും ഖദീജ(റ)യെ പ്രകീര്‍ത്തിക്കുമായിരുന്നു. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം, നബിﷺ പറഞ്ഞു: മര്‍യം ബീവിക്ക് ശേഷം സ്വര്‍ഗത്തിലെ സ്ത്രീകളുടെ നായികമാര്‍ ഖദീജ(റ)യും ഫാത്വിമ(റ)യും ഫിര്‍ഔനിന്റെ ഭാര്യ ആസിയ(റ)യുമാണ്.

ആഇശ ബീവി ഒരിക്കല്‍ പറയുകയുണ്ടായി. നബിﷺ കൂടുതലായി ഖദീജ(റ)യെ അനുസ്മരിക്കുമായിരുന്നു. ഞാനാണെങ്കില്‍ അവരെ കണ്ടിട്ടുമില്ല. ചിലപ്പോള്‍ ആടിനെ അറുത്ത് കഷണങ്ങളാക്കി ഖദീജയുടെ പ്രിയക്കാര്‍ക്ക് കൊടുത്തയക്കും. ചിലപ്പോള്‍ ഞാന്‍ പറയും: ദുന്‍യാവില്‍ ഖദീജയല്ലാത്ത സ്ത്രീകള്‍ ഇല്ലാത്തത് പോലെയുണ്ടല്ലോ എന്ന്. അപ്പോള്‍ ഖദീജയുടെ മഹത്വങ്ങള്‍ അവിടുന്ന് എണ്ണിപ്പറയും. അവരിലാണ് എനിക്ക് മക്കള്‍ ഉണ്ടായതെന്ന് കൂടി പറഞ്ഞ് അവിടുന്ന് വാചാലനാകും.

ഹിറാ ഗുഹയില്‍ വെച്ച് ‘ഇഖ്‌റഇ’ന്റെ ആദ്യവചനം കേട്ട് പ്രവാചകത്വത്തിന്റെ ഭാരം ഓര്‍ത്ത് അസ്വസ്ഥനായി ഖദീജയുടെ സവിധത്തിലെത്തിയ നബിﷺയെ അവര്‍ സമാശ്വസിപ്പിച്ചു. എന്നെ പുതപ്പിട്ടു മൂടൂ എന്ന് നബിﷺ ആവശ്യപ്പെട്ടു. അവര്‍ മൂടിക്കൊടുത്തു. തെല്ലൊരാശ്വാസം കിട്ടിയ നബിﷺ ഖദീജയോടായി പറഞ്ഞു: ഉത്തരവാദിത്വം എന്നെ ഭയപ്പെടുത്തുന്നു. ഈ സമയത്താണ് ഖദീജാ ബീവി(റ) ആ പ്രശസ്തമായ സാന്ത്വന വചനങ്ങള്‍ നബിയോടായി ഉരുവിടുന്നത്. അല്ലാഹുവാണേ സത്യം, തീര്‍ച്ചയായും അവന്‍ നിങ്ങളെ പരാജയപ്പെടുത്തുകയില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നവരാണ്. ആലംബഹീനര്‍ക്ക് താങ്ങാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്നവരാണ്. കാര്യങ്ങളില്‍ സത്യത്തോടൊപ്പം നില്‍ക്കുന്നവരാണ്. (ബുഖാരി, മുസ്‌ലിം) ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് മഹതി ഇഹലോകവാസം വെടിഞ്ഞു. ഖദീജയുടെ വേര്‍പാട് നബിﷺയെ വല്ലാതെ ദുഃഖത്തിലാഴ്ത്തി.

ഹബ്ശയിലേക്ക് ഭര്‍ത്താവിനൊപ്പം ഹിജ്‌റ പോകുകയും തിരിച്ചെത്തിയ ഉടനെ ഭര്‍ത്താവ് സക്‌റാന്‍ മരണപ്പെടുകയും ചെയ്ത വേദനയിലായിരുന്നു സൗദാ ബീവി. കുടുംബത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ലായിരുന്നു അവര്‍ക്ക്. അവരെല്ലാം ശത്രുതയിലായിരുന്നു. അങ്ങനെ, ആശ്രിതരില്ലാത്ത വിധവയായ സൗദയെ നബിﷺ പത്‌നിയായി സ്വീകരിക്കുകയായിരുന്നു.

മക്കയിലെ പിന്നീടുള്ള മൂന്ന് വര്‍ഷം സൗദ ബീവി മാത്രമാണ് നബിﷺക്ക് ഭാര്യയായിട്ടുണ്ടായിരുന്നത്. പിന്നീട് നടന്ന ഒമ്പത് വിവാഹങ്ങളും സാമൂഹികമായ അനിവാര്യതകളായിരുന്നു. സമൂഹത്തിന്റെ പാതിയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളും കടമകള്‍, അവകാശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളുമെല്ലാം രാപ്പകല്‍ ഭേദമില്ലാതെ നബിയില്‍ നിന്ന് ഒപ്പിയെടുക്കേണ്ട മഹാ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ഒരാളെ കൊണ്ട് മാത്രം നിര്‍വഹിക്കാന്‍ പറ്റുന്നതാണോ അത്? ഈ ദൗത്യമാണ് ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഏറ്റെടുത്ത് നിര്‍വഹിച്ചു നല്‍കിയത്. സ്ത്രീപക്ഷത്തു നിന്നുള്ള നബിﷺയുടെ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നു എന്നുപറയാം. ഒരിക്കല്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട വിഷയം ചേദിച്ചുവന്ന ഒരു സ്ത്രീക്ക് നബിﷺ തങ്ങള്‍ വ്യംഗ്യമായി മറുപടി കൊടുത്തെങ്കിലും അവര്‍ക്കത് മനസ്സിലായില്ല. ആഇശാ ബീവി(റ) ആ സ്ത്രീയെ അകത്ത് കൂട്ടിക്കൊണ്ടുപോയി നബിﷺ പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തമായി പഠിപ്പിച്ചുകൊടുത്ത സംഭവം ഹദീസുകളില്‍ കാണാം.

23 വര്‍ഷത്തെ നബി(സ)യുടെ അനിതര സാധാരണമായ ജീവിതയാത്രയില്‍ കൂടെ വര്‍ത്തിച്ച അബൂബക്കര്‍സിദ്ദീഖ്(റ), ഉമര്‍ ബിന്‍ ഖത്താബ്(റ), ഉസ്മാന്‍(റ), അലി(റ) ഇവരുമായെല്ലാം നബി(സ) ഹാര്‍ദവമായ ബന്ധങ്ങള്‍ സ്ഥാപിച്ചു. ഇവരുടെയെല്ലാം വീടുകള്‍ ഇസ്‌ലാമിന്റെ ഓഫീസുകള്‍ പോലെയായി. അങ്ങനെ സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ പെണ്‍മക്കളെ നബിﷺ വിവാഹം ചെയ്തും ഉസ്മാന്‍(റ), അലി(റ) എന്നിവര്‍ക്ക് മക്കളെ അങ്ങോട്ട് വിവാഹം ചെയ്തുകൊടുത്തും ആ ബന്ധം ഒന്നുകൂടി സാര്‍ഥകമാക്കി.

ഏറ്റവും ബുദ്ധിമതിയായ, പ്രായത്തിന്റെ ഒരു അലട്ടലും തീണ്ടാത്ത പ്രസരിപ്പോടെ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടിയും ദൗത്യനിര്‍വഹണത്തിന് അത്യാവശ്യമായിരുന്നു. ഈ ഒഴിവ് പൂരിപ്പിക്കുകയായിരുന്നു ആഇശ ബീവി(റ)യുടെ വിവാഹത്തിലൂടെ ഉണ്ടായത്. 11 ഭാര്യമാരില്‍ 10 പേരും മുമ്പ് വിവാഹിതരായവരും പലരും പ്രായം കൂടുതലുള്ളവരും ആയിരുന്നു. ബീവി ആഇശ(റ) മാത്രമാണ് കന്യകയായി നബി(സ)യുടെ ജീവിതത്തിലേക്ക് കടന്നവന്നത്.

മദീനയില്‍ വെച്ച് ആഇശ ബീവിയെ നബിﷺ വീട്ടിലേക്ക് കൂട്ടുന്നതിന്റെ മൂന്ന് വര്‍ഷം മുമ്പ് മക്കയില്‍ വെച്ച് അവര്‍ തമ്മിലുള്ള നികാഹ് നടന്നിരുന്നു. ഇതിനൊരു കാരണമുണ്ടായിരുന്നു. തന്റെ മുഴുവന്‍ സമ്പാദ്യങ്ങളും നബിതങ്ങളെ ഏല്‍പ്പിച്ച, ഉറ്റ തോഴനായ, നിന്ന ഹിജ്‌റയില്‍ വരെ ഒപ്പമുണ്ടായ അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ മനസ്സിന് ഏറ്റവും കുളിരേകുന്ന സംഭവമായിരുന്നു തന്റെ മകളെ നബിﷺ തങ്ങള്‍ സ്വീകരിക്കുക എന്നത്. ഇളം പ്രായക്കാരിയായ ആഇശയെ ഇപ്പോള്‍ കൂടെ കൂട്ടാനും നിര്‍വാഹമില്ല. എന്നിട്ടും കൂടെ കൂട്ടുമെന്ന് ഒരുറപ്പ് സിദ്ദീഖ്(റ)ന് നല്‍കുകയായിരുന്നു ഇതിലൂടെ നബിﷺ തങ്ങള്‍ ചെയ്തത്.

ആഇശാ ബീവിയുടെ ബുദ്ധിയും പാണ്ഡിത്യവും അപാരമായിരുന്നു. തിര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അബൂ മൂസല്‍ അശ്അരി(റ) പറഞ്ഞു: ഞങ്ങള്‍ സഹാബിമാരെ കുഴക്കിയ ഏതൊരു പ്രശ്‌നമുണ്ടോ, ആഇശാ ബീവിയുടെ അടുത്ത് ചെന്നാല്‍ അതിന് ഒരു വൈജ്ഞാനികമായ പരിഹാരമുണ്ടായിരിക്കും. ഇമാം സുഹ്‌രി(റ) പറയുന്നു: മുഴുവന്‍ സ്ത്രീകളുടെയും ജ്ഞാനങ്ങളെ ആഇശ ബീവിയുടെ ജ്ഞാനവുമായി മാറ്റുരച്ചാല്‍ ആഇശയുടെ ജ്ഞാനം മികച്ച് നില്‍ക്കും. നബിﷺയുടെ വഫാത്തിന് ശേഷം 48 വര്‍ഷം വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി അവര്‍ ജ്വലിച്ചുനിന്നു. ചെറുപ്രായത്തിലേ നബിﷺ തങ്ങള്‍ മഹതിയെ കൂടെ കൂട്ടിയത് അവിടുത്തെ വഫാത്തിന് ശേഷം അര നൂറ്റാണ്ട് കാലം വരെ തന്റെ നിഴലായി കൂടെ വര്‍ത്തിച്ച ഒരു പ്രതിനിധിയെ ഉമ്മത്തിന് അനന്തരമായി നല്‍കാന്‍ വേണ്ടിയും കൂടി ആകാതിരിക്കില്ല. നബിﷺയുടെ ഭാര്യമാരുടെ വിവാഹ പശ്ചാത്തലം പഠനവിധേയമാക്കുമ്പോള്‍ വിവാഹ കാരണങ്ങളായി ഈ കാര്യങ്ങള്‍ നമുക്ക് വ്യക്തമാകും.

1. ഗോത്രങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്
2. കുടുംബങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കല്‍
3. രാഷ്ട്ര ഭരണത്തിന് മുതല്‍കൂട്ടാകല്‍
4. യുദ്ധത്തിലും മറ്റും വിധവകളായ, ആരുമില്ലാത്തവരെ ഏറ്റെടുക്കല്‍
5. പ്രബോധന, വൈജ്ഞാനിക വഴിയില്‍ സഹായകമാകല്‍.

صلي الله علي محمد .صلي الله عليه وسلم