27 May 2017

പ്രവാചകനെ അനുകരിക്കുക

ഖുര്‍ആന്‍ അവതരണമാരംഭിച്ച റമസാന്‍ മാസത്തില്‍ ആ ഗ്രന്ഥം വിഭാവനം ചെയ്യുന്ന സ്വഭാവശാസ്ത്രം പഠിക്കാന്‍ തിരുനബിﷺയുടെ പെരുമാറ്റ രീതി തന്നെയാണ് നാം പരിശോധിക്കേണ്ടത്. എന്താണ് സല്‍സ്വഭാവം എന്ന ചോദ്യത്തിന് ഒരനുചരനോട് നബിﷺ പറഞ്ഞ മറുപടി ഒരു ഖുര്‍ആന്‍ സൂക്തമായിരുന്നു. ‘നീ വിട്ടുവീഴ്ച മുറുകെ പിടിക്കുക, നന്മ ഉപദേശിക്കുക, അറിവില്ലാത്തവരെ വിട്ട് (വിവരക്കേട് കൊണ്ട് തട്ടിക്കയറുമ്പോള്‍) തിരിഞ്ഞു കളയുക’. ഇതേ ചോദ്യമുന്നയിച്ച മറ്റൊരാളോടു പറഞ്ഞു. ‘നിന്നോട് ബന്ധ വിച്ഛേദം നടത്തിയവനോടും നീ ബന്ധം സ്ഥാപിക്കുക, നിനക്ക് അവകാശങ്ങള്‍ തടഞ്ഞവനും നീ കൊടുക്കുക, നിന്നെ ആക്രമിച്ചവനോട് നീ മാപ്പാക്കുക ഇതാണ് സല്‍സ്വഭാവം.’
വ്യക്തിത്വ വികസനം, കുടുംബ, സാമൂഹിക ജീവിതത്തിലെ സംതൃപ്തി, പഠന, സാമ്പത്തിക, ബിസിനസ് രംഗങ്ങളിലെ പുരോഗതി ഇവയെല്ലാം മികച്ച പെരുമാറ്റ രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിലുപരി പരലോക വിജയത്തിനുള്ള ഏറ്റവും നല്ല സമ്പാദ്യവും സല്‍സ്വഭാവം തന്നെയാണ്. ‘അന്ത്യ ദിനത്തില്‍ നന്മയുടെ തുലാസിന് ഏറ്റവുമധികം ഭാരം ലഭിക്കുന്നത് സല്‍സ്വഭാവം കൊണ്ടായിരിക്കും’ (തുര്‍മുദി) എന്ന ഹദീസ് ഇതാണ് പഠിപ്പിക്കുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ സ്വഭാവശാസ്ത്രം ജീവിതരീതിയായി സ്വീകരിച്ച തിരുനബി ﷺയെ ഓര്‍ക്കുന്ന ഏതൊരു സ്വഹാബിയും പുഞ്ചിരിക്കുന്ന മുത്ത് നബിയെ മാത്രമാണ് മനസ്സില്‍ കാണുന്നത്. നബിﷺ എപ്പോഴും മന്ദസ്മിതനായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. പ്രസന്നവദനനായി നില്‍ക്കാന്‍ കഴിയുക എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ ഉയര്‍ന്ന നിലവാരമാണ് സൂചിപ്പിക്കുന്നത്. ‘നിന്റെ സഹോദരനെ നോക്കിയുള്ള പുഞ്ചിരി ഒരു ദാനമാണ്’. എന്ന തിരുവചനവും കൂടി ഇതോടു ചേര്‍ത്തു ചിന്തിക്കുക.
നല്ല പെരുമാറ്റത്തിന്റെ ഉദാത്തമായൊരു രീതിയാണ് എല്ലാവരെയും പരിഗണിച്ച് പെരുമാറുക എന്നത്. ഉദാഹരണത്തിന് ഒരഞ്ചംഗ സംഘം റോഡില്‍ നില്‍ക്കുന്നു. അതില്‍ രണ്ടാള്‍ നമ്മുടെ പരിചയക്കാരാണ്. നാം അവരുടെ അടുത്തേക്ക് നീങ്ങി പരിചയക്കാരായ രണ്ടാള്‍ക്ക് കൈ കൊടുക്കുന്നു. അവരോട് മാത്രം സംസാരിക്കുന്നു. കൂടെയുള്ള മൂന്ന് പേരും കൈതരാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. പക്ഷേ നാം അവരെ മൈന്‍ഡ് ചെയ്തില്ല. എത്രമാത്രം സംസ്‌കാര വിരുദ്ധമാണ് ഈ പെരുമാറ്റ രീതി. ഇത്തരം ഘട്ടങ്ങളില്‍ ആദ്യം അപരിചിതരെ പരിചയപ്പെട്ടുകൊണ്ടായിരിക്കണം നമ്മുടെ സംസാരം തുടങ്ങുന്നതു തന്നെ. നബി സവിധത്തിലെ സ്വഹാബികള്‍ പറയുന്നതിങ്ങനെ. ‘ഞങ്ങള്‍ നബിയുടെ സദസ്സിലിരുന്നാല്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും തോന്നുക നബിﷺ എന്നെ നോക്കിയാണ് എല്ലാം പറയുന്നത് എന്നാണ്’ ക്ലാസെടുക്കുന്ന പ്രൊഫസര്‍ മുന്‍ ബഞ്ചിലിരിക്കുന്നവരോടു മാത്രമോ ചില പഠിക്കാന്‍ മിടുക്കുള്ളവരെ മാത്രമോ നോക്കിയാകരുത് ക്ലാസെടുക്കുന്നത്.

മൂന്ന് പേരുള്ളപ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തി സ്വകാര്യം പറയരുത്. മൂന്നാമന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്യരുത്. കാരണം അതയാള്‍ക്ക് മനഃപ്രയാസമുണ്ടാക്കും. മാത്രമല്ല എന്നെപ്പറ്റിയാണോ ഇവര്‍ പറയുന്നത് എന്നു തോന്നാനും സാധ്യതയുണ്ട്.
ഇങ്ങോട്ട് മോശമായി പെരുമാറുന്നവരോടും അങ്ങോട്ട് മാന്യമായി പെരുമാറുന്ന മാതൃകയാണ് നബിയുടെത്. ഒരിക്കല്‍ നബിﷺയും അനസ്(റ) ഉം ഒരു വഴിക്ക് നടന്നു പോകവെ അപരിഷ്‌കൃതനായ ഗ്രാമവാസി വന്നു നബിﷺയുടെ കഴുത്തിലുണ്ടായിരുന്ന പുതപ്പ് പിടിച്ച് ശക്തിയായി ഒന്നു വലിച്ചു. നബിﷺയുടെ കഴുത്തില്‍ അതിന്റെ പാട് വീണു. നബിﷺയെ ആക്രമിക്കാനോ കൊല്ലാനോ ഉദ്ദേശിച്ചായിരുന്നില്ല ഈ പിടിവലി. സംഭാവന ചോദിക്കാനായിരുന്നു. അയാള്‍ പറഞ്ഞു. ‘അല്ലാഹു താങ്കള്‍ക്ക് നല്‍കിയ സമ്പത്തില്‍ നിന്ന് എനിക്കു വേണ്ടത് തരാന്‍ കല്‍പ്പിക്കുക’. സംഭാവന ചോദിച്ച ശൈലി ഓര്‍ത്തിട്ടാകണം നബിﷺ ഒന്നു പുഞ്ചിരിച്ചു. കൂടെയുള്ളവരോട് അയാള്‍ക്ക് വേണ്ടത് കൊടുക്കാന്‍ നിര്‍ദേശവും നല്‍കി. ഇത്തരം ഒരു സംഭാവനാ ചോദ്യം നമ്മോടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവിടെ സംഭവിക്കുക. രണ്ട് പേരും ആശുപത്രിയില്‍ എത്തുമെന്നത് തീര്‍ച്ച. വിവരമില്ലാത്തവര്‍ അവരുടെ നിലവാരത്തിനനുസരിച്ച് പെരുമാറുമ്പോള്‍ അറിവുള്ളവര്‍ വിവരക്കേട് ചെയ്യരുത്. ഇതാണ് ‘അറിവില്ലാത്തവരെത്തൊട്ട് തിരിഞ്ഞുകളയുക’ എന്ന ഖുര്‍ആന്‍ വചനത്തിന്റെ പൊരുള്‍.

സമ്പന്നര്‍, നേതാക്കള്‍, മന്ത്രിമാര്‍, ഉന്നത പണ്ഡിതര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയ ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ മാത്രമാണ് നമ്മില്‍ പലര്‍ക്കും താത്പര്യം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും പാവപ്പെട്ടവരെയും കണ്ടില്ലെന്നു നടിക്കുന്നവരും, അവരെ നിസ്സാരപ്പെടുത്തുന്നവരുമായി നാം മാറരുത്.
മദീനയിലെ മസ്ജിദ് അങ്കണം അടിച്ചു വൃത്തിയാക്കിയിരുന്ന ഒരു പാവം സ്ത്രീയുണ്ടായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവര്‍ നബിﷺയെ വിവരമറിയിക്കാതെ അവരെ മറമാടി. പിന്നീട് അവര്‍ മരിച്ച വിവരമറിഞ്ഞപ്പോള്‍ നബിﷺ ബന്ധുക്കളെ ശകാരിക്കുകയും അവരുടെ ഖബര്‍ കാണിച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആ ഖബറിടത്തില്‍ ചെന്ന് മയ്യിത്ത് നിസ്‌കരിക്കുകയും അവര്‍ക്ക് വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്തു. നാട്ടില്‍ ഉന്നതര്‍ക്ക് രോഗം ബാധിച്ചാലും, മരണം സംഭവിച്ചാലും അവിടെ നിറഞ്ഞു നില്‍ക്കുന്ന പലരും പാവപ്പെട്ടവന്റെ മരണവാര്‍ത്ത കേട്ടാല്‍ ‘അവന്‍ ഇപ്പോള്‍ മരിക്കുന്നേയുള്ളൂ’ എന്ന തരത്തിലാണ് പ്രതികരിക്കുക.

ഗ്രാമവാസിയായിരുന്നു സാഹിര്‍(റ) എന്ന സ്വഹാബി. മലഞ്ചരക്കുകളും കാട്ടു മരുന്നുകളും ശേഖരിച്ച് ചന്തയില്‍ കൊണ്ടു വന്നു കച്ചവടം ചെയ്യും. ഇതിനായി വരുമ്പോള്‍ നബി (സ) യെ വീട്ടില്‍ വന്നു സന്ദര്‍ശിക്കും. ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍ മുത്ത് നബിﷺ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് വീടണഞ്ഞ നബിയോട് ബീവി ആഇശ(റ) സാഹിര്‍(റ) വന്ന കാര്യം ഉണര്‍ത്തി. നബിﷺ ഉടനെ സാഹിറിനെ കാണാന്‍ ചന്തയിലേക്ക് പുറപ്പെടുന്നു. പൊരിവെയിലില്‍ വിയര്‍പ്പില്‍ കുളിച്ച് സാഹിര്‍(റ) പൊരിഞ്ഞ കച്ചവടത്തിലാണ്. പിന്നാലെ പതുങ്ങിച്ചെന്ന് കണ്ണുകള്‍ രണ്ടും പൊത്തിപ്പിടിച്ചുകൊണ്ട് നബിﷺ ഒരു തമാശ പൊട്ടിച്ചു. ‘ഈ അടിമയെ ആര്‍ക്കുവേണം’. ശബ്ദം കേട്ട് നബിﷺയാണെന്ന് തിരിച്ചറിഞ്ഞ സാഹിര്‍ തന്റെ ശരീരം ആ റഹ്മത്താക്കപ്പെട്ട ശരീരത്തില്‍ ഉരസിക്കൊണ്ട് പറഞ്ഞു. ‘നബിയേ ഈ അടിമ തീരെ വില കുറഞ്ഞവനാണ്.’ അപ്പോള്‍ പിടിവിട്ടുകൊണ്ട് മുത്ത്‌നബിﷺ പറഞ്ഞു. ‘അല്ല സാഹിര്‍ താങ്കള്‍ അല്ലാഹുവിങ്കല്‍ വലിയ വിലയുള്ളയാളാണ്.’ ഈ ഹൃദ്യമായ പെരുമാറ്റ ശാസ്ത്രത്തെ വാക്കുകള്‍ കൊണ്ട് വ്യാഖ്യാനിക്കാനാവാത്തതുകൊണ്ട് തന്നെയായിരിക്കണം ബുദ്ധിമതിയായ ബീവി ആഇശ(റ) നബിയുടെ സ്വഭാവം ഖുര്‍ആനായിരുന്നു എന്ന ഒറ്റവരി പ്രസ്താവന നടത്തിയത്.

صلي الله علي محمد .صلي الله عليه وسلم

28 March 2016

മുഹമ്മദ്‌ ﷺ - മൈ ഹീറോ

ഞാന്‍ ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട്, എന്തിനാണ് ഞാന്‍ ഈ മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്നതെന്ന്.. സ്നേഹത്തിനു യുക്തി ഇല്ലെന്നാണ് പറയാറ്. ഒരമ്മ തന്റെ മകന് എത്ര മോശം ആണെങ്കിലും അവനെ സ്നേഹിക്കുന്നത് പോലെ. ചില പ്രേമങ്ങള്‍ പോലെ.. പക്ഷെ ചില സ്നേഹങ്ങളുണ്ട്.. അവയ്ക്ക് കൃത്യമായ യുക്തി ഉണ്ടായിരിക്കും.. എന്തിനു ഞാന്‍ ഇദ്ദേഹത്തെ സ്നേഹിക്കുന്നു എന്നതിനൊക്കെ വ്യക്തവും യുക്തിപൂര്‍ണമായ ഉത്തരം ഉണ്ടായിരിക്കും. അങ്ങനെയൊരു സ്നേഹമാണ് എനിക്ക് നബിﷺയോട്.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. നബിﷺ എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിﷺ യോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബിﷺ എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിﷺയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. അന്ന് വലിയ വിവാദമായിരുന്ന ഒരു വാര്‍ത്ത ആയിരുന്നു ഏതോ ഒരു ക്രിസ്ത്യന് പുരോഹിതന് നബിയെ തീവ്രവാദി എന്ന് വിളിച്ചത്.. പല മുസ്ലിംകളും വൈകാരികമായി പെരുമാറുന്നത് അന്ന് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എനിക്ക് മാത്രം ഒരു ഫീലും തോന്നിയിരുന്നില്ല.. പറഞ്ഞല്ലോ, നബിﷺ അന്നെനിക്ക് ആരുമല്ലായിരുന്നു.. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ജീവിക്കുന്ന, നബിയെ കുറിച്ച് അനേകം തവണ പ്രസംഗങ്ങള്‍ നിത്യേന കേള്‍ക്കാന്‍ കഴിയുന്ന, കേരളത്തിലെ ഒരുവിധം എല്ലാ മുസ്ലിം സംഘടനകളുടെയും പല നേതാക്കളും ഉള്ള കുടുംബത്തില്‍ ജനിച്ച ആള്‍ ആയിരുന്നിട്ടു കൂടി നബിﷺയെ ഞാന്‍ സ്നേഹിച്ചിരുന്നില്ലായിരുന്നു.. കാരണം ഞാനെന്ന ആ ഇരുപതുകാരന് അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന് തെണ്ടുല്ക്കര്‍ വരെയുള്ളവരും ഷെര്ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന് ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍ ചൊല്ലിയിരിക്കുന്ന ഒരു സന്യാസി. ചപ്പുച്ചവര്‍ തലയില്‍ വീണാലും പ്രതികരിക്കാത്ത ഒരു പാവത്താന്.. അങ്ങനെയൊരാളെ എനിക്ക് ഹീറോ ആയി വേണ്ടായിരുന്നു..
പിന്നീടെന്ന് മുതലാണ് നബിﷺ എനിക്കൊരു ഹീറോ ആയി മാറിയത്? ആ നാമം കേള്‍ക്കുമ്പോള്‍ പോലും എന്റെ കൈകള്‍ രോമാഞ്ചംഅണിയാന് തുടങ്ങിയത്?

പലരെയും എന്ന പോലെ എന്നെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ഖുര്‍ആന്‍ തന്നെയാണ്.. ഖുര്‍ആന്റെ ആ കമാന്റിംഗ് പവര്‍, വിപ്ലവവിമോചന ആദര്‍ശങ്ങള്‍, ഹീറോയിസങ്ങളും പഞ്ച് ഡയലോഗുകളും വിപ്ലവങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ആ ഇരുപതുകാരന് ഇറെസിസ്റ്റിബിള് തന്നെ ആയിരുന്നു.. ഖുര്‍ആനു ശേഷം ഞാന്‍ വായിക്കുന്ന ഒരു ഇസ്ലാമികഗ്രന്ഥം IPH പുറത്തിറക്കിയ 'ഫാറൂഖ് ഉമര്‍' എന്ന ഉമറി(റ) ന്റെ ചരിത്രമായിരുന്നു.. എന്താ പറയാ? പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഫീല് ആയിരുന്നു അത് വായിക്കുമ്പോള്‍.. ഇത് വരെ കാണാത്ത, അറിയാത്ത തരത്തിലുള്ള ഒരു ഹീറോ.. എന്റെ റൊമാന്റിക് ഭാവനകള്‍ ഒരിക്കലും സങ്കല്പ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള സദ്ഭരണവും നീതിനിര്‍വ്വഹണവും. എന്റെ മനസ്സില്‍ അത് വരെ ഉണ്ടായിരുന്ന എല്ലാ നായകന്മാര്‍ക്കും മേലെ ഉമര്‍(റ) ജ്വലിച്ചു നിന്നു.. ഞാന്‍ ഒരു കട്ട ഉമര്‍ ഫാന് ആയി എന്ന് തന്നെ പറയാം.. ആ പുസ്തകത്തിലൂടെ ഞാന്‍ മറ്റൊരാളുടെ കൂടെ ഫാന് ആയി ഞാന് മാറിയിരുന്നു എന്നതും മറ്റൊരു സത്യം.. അതായിരുന്നു ദൈവത്തിന്റെ ഘഡ്ഗം ഖാലിദ് ബിന്‍ വലീദ്.. പിന്നെ ഞാന്‍ വായിച്ച പുസ്തകം ഖാലിദി(റ)നെ കുറിച്ചായിരുന്നു.. മരുഭൂമിയുടെ പരുക്കന്‍ മണ്ണില്‍ പിറന്ന ഈ അറബിമുഷ്കന്റെ വാള്‍ത്തലപ്പുകള്‍ റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിയുന്നത് ഞാന്‍ അത്ഭുതത്തോടെ മാത്രമാണ് വായിച്ചത്..
ഹേയ്.. നോക്കൂ.. എന്റെ മനസ്സിനെ കീഴടക്കിയ രണ്ടു വീരനായകന്മാര്‍.. അത് വരെ ഞാന്‍ കൊണ്ടുനടന്നിരുന്ന എല്ലാ ഹീറോസിനെയും നിഷ്പ്രഭരാക്കിയ പുലിക്കുട്ടികള്‍.. ബട്ട്, സീ, ഇവര്‍ രണ്ടു പേരും ഒരു നേതാവിന്റെ അനുയായികളള്‍ മാത്രമാണ്.. എന്ന് വച്ചാല്‍ എന്റെ മനസ്സിലെ എല്ലാ ഹീറോസിനെയും കടത്തിവെട്ടി ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന ഈ രണ്ടു ഹീറോസിന് ഒരു ഹീറോ ഉണ്ട്.. ഇവര്‍ ഇത്രമാത്രം ഉണ്ടെങ്കില്‍ അദ്ദേഹം എത്ര മാത്രം ആയിരിക്കും..? പക്ഷെ അറിഞ്ഞ കഥകളിലെ ആ മനുഷ്യന്‍ ഒരു ഹീറോ അല്ലായിരുന്നല്ലോ.. ഉക്കാള ചന്തയിലെ ഗുസ്ഥിപിടിത്തക്കാരനെ ഖലീഫ ഉമര്‍ ആക്കി മാറ്റാന് മാത്രം കഴിവുള്ള, ഖാലിദിനെ സൈഫുല്ലാഹ് ആക്കി മാറ്റാന്‍ മാത്രം മികവുള്ള ആളായിരുന്നോ?
ഹേ മാന്‍.. പ്ലീസ് കം റ്റു മി.. സീ, മൈ ഹാര്ട്ട് ഈസ് എക്സ്ട്രീംലി വെയ്റ്റിംഗ് ഫോര്‍ എന് അക്കമ്പ്ലിഷ്ഡ് ഹീറോ ഫോര് ഏജസ്.. ഇഫ് യൂ ആര്‍ ദാറ്റ് വണ്, പ്ലീസ്... എവിടെയാണ് താങ്കള്‍ ഒളിച്ചിരിക്കുന്നത്..? ഇന്ന് വരെ കേട്ട പണ്ഡിതപുരോഹിതന്മാരുടെ വാഗ്ദ്ദോരണികളില്‍ ഇടം കൊടുക്കാതെ താങ്കളുടെ വീരചരിതങ്ങള്‍ ഏത് പുസ്തകത്താളുകളിലാണ് താങ്കള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.?
ഓ ഗോഡ്.. പ്ലീസ് ഷോ മി മൈ റിയല് ഹീറോ..

"How one man single handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades."
തോമസ് കാര്ലൈലിന്റെ ഈ ചോദ്യം എന്റെത് കൂടിയായിരുന്നു.. എങ്ങനെയാണ് ഒരു മനുഷ്യന് ഒറ്റയ്ക്ക്, യുദ്ധക്കൊതിയന്മാരും ബദവികളുമായ ഗോത്രവര്ഗമനുഷ്യരെ ലോകം കണ്ട ഏറ്റവും ശക്തവും നാഗരികവുമായ ഒരു രാഷ്ട്രം ആക്കി മാറ്റിയെടുത്തത്, അതും വെറും രണ്ടു പതിറ്റാണ്ട് കൊണ്ട്? അണ്ബിലീവബിള്..
കാര്ലൈലിന്റെ തന്നെ വാക്കുകള് കടമെടുത്താല്‍ 'സ്വന്തം കൈ കൊണ്ട് വസ്ത്രങ്ങള്‍ തുന്നിയിരുന്ന ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടത് പോലെ ലോകത്ത് കിരീടം വച്ച ഒരു ചക്രവര്ത്തിയും അനുസരിക്കപ്പെട്ടിട്ടില്ല'. അതിനു മാത്രം ഈ മനുഷ്യന്‍ ആരാണ്? ലോകത്ത് ഇദ്ദേഹം സ്നേഹിക്കപ്പെട്ടത് പോലെ മറ്റൊരു മനുഷ്യനും സ്നേഹിക്കപ്പെട്ടിട്ടില്ല.. ഉഹുദിന്റെ രണാങ്കണത്തില്‍ നബിﷺക്ക് നേരെ വരുന്ന അസ്ത്രങ്ങള്‍ സ്വന്തം മാറ് കൊണ്ട് തടയാന്‍ അനുയായികള്‍ മത്സരിക്കുകയായിരുന്നു. നബിﷺയുടെ നെഞ്ചോട് ചേര്‍ന്ന്‍ മരിച്ചു വീഴുമ്പോഴും അവര്‍ പുഞ്ചിരിക്കുന്നു.. ഹുബൈബിനെ പിടിച്ചു കെട്ടി ശരീരത്തില്‍ നിന്നും മാംസകഷ്ണങ്ങള്‍ അറുത്തെടുക്കുമ്പോള്‍ ശത്രുക്കള്‍ ചോദിച്ചു.. 'ഹുബൈബ്, നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ് ആവുകയും അങ്ങനെ നീ നിന്റെ കുടുംബത്തോടൊപ്പം സുഖമായി കഴിയുന്നതും ആലോചിച്ചു നോക്കൂ..' വേദന കൊണ്ട് പ്രാണന് വിടുമ്പോഴും ഹുബൈബ് നല്കിയ മറുപടി 'എന്റെ നബിയുടെ ദേഹത്ത് ഒരു പോറല്‍ എങ്കിലും വീഴുന്നത് തടയാന്‍ എന്റെ കുടുംബത്തെ മുഴുവന്‍ ബലി കഴിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു.. ഇങ്ങനെയാണ് ഒരു ജനത നബിയെ സ്നേഹിക്കുന്നത്.. ഇത്രയധികം മനുഷ്യരാല്‍ സ്നേഹിക്കപ്പെടാന്‍ മാത്രം നബിക്കുള്ള പ്രത്യേകത എന്താണ്? ആ ചോദ്യത്തിന്റെ ഉത്തരത്തിലാണ് നബിയുടെ ഹീറോയിസം കിടക്കുന്നതും..
ലോകം ഒന്നടങ്കം ഏകാധിപതികളും അക്രമികളും അധിനിവേഷകരും ചേര്ന്നു പങ്കിട്ടെടുത്ത കാലത്ത്, എല്ലാ സ്വേച്ചാതിപതികളെയും തന്റെ ചൂണ്ടുവിരലില്‍, ദൈവമല്ലാത്ത എല്ലാ ശക്തികളെയും നിഷേധിച്ച തന്റെ ഒരൊറ്റ മുദ്രാവാക്യത്തില്‍ സ്ഥബ്ദരാക്കി നിര്ത്തിയ റോറിംഗ് ലയണ്.. ലോകത്ത് ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു മരുഭൂമിയില്‍ ജനിച്ച അനാഥന്‍, പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച ഇടയന്‍, പക്ഷെ ഓരോ യവനചക്രവര്ത്തിമാരോടും പേര്ഷ്യന് രാജാക്കന്മാരോടും അവരെന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട് പറഞ്ഞു കൊടുത്തു.. ആരെയും കൂസാത്ത മരുഭൂമിയുടെ പുത്രന്‍.. ലോകത്തെ സര്വ്വവിധ ചൂഷകരുടെയും വരേണ്യവര്ഗങ്ങളുടെയും മോസ്റ്റ് വിയേഡര് നൈറ്റ്മെയര്.. ദി വാലറസ് വാരിയര്.. ദി സ്ട്രെന്യുസ് റെവൊലൂഷണിസ്റ്റ്.. ദി വണ് ആന്ഡ് ഒണ്ലി മുഹമ്മദ് റസൂലുല്ലാഹ്.. ദി ഹീറോ..!
നിങ്ങള് ആരുമായിക്കോട്ടെ, നിങ്ങളുടെ മേഖല എന്തുമായ്ക്കോട്ടേ, നിങ്ങള്ക്ക് നബിയില് ഒരു ഹീറോയെ കാണാന് കഴിയും.. ഭരണാധിപന്‍, സൈന്യാധിപന്‍, യോദ്ധാവ്, പരിഷ്കര്ത്താവ്, വിപ്ലവകാരി, ആത്മീയനേതാവ്, അദ്ധ്യാപകന്‍, അടിമകളുടെ വിമോചകന്‍, സ്ത്രീകളുടെ സംരക്ഷകന്‍, അനാഥകളുടെ ആശ്രയം, ചൂഷിതരുടെ അഭയം. നബിയില്‍ എല്ലാം ഉണ്ടായിരുന്നു.. അലി(റ)യുടെയും ഫാത്വിമ(റ)യുടെയും സ്നേഹസമ്പന്നനായ പിതാവ്, അബൂബക്കറി(റ)ന്റെ ഗുരുനാഥന്‍, ഉമറി(റ)ന്റെ മെന്റര്‍, ബിലാലി(റ)ന്റെ പ്രാണന്‍, ആയിഷ(റ)യുടെ പ്രണയഭാജനം, ഹംസ(റ)യുടെ സഹോദരന്‍, ഖാലിദി(റ)ന്റെ വീരനായകന്‍, അബൂദറി(റ)ന്റെ റോള്മോഡല്‍, മദീനാജനതയുടെ പിതാവ്, സഹോദരന്‍, മകന്‍.. മദീനയില്‍ ജനം ഉറങ്ങുമ്പോഴും അവര്ക്ക് വേണ്ടി ഉറക്കമൊഴിച്ച അവരുടെ അംഗരക്ഷകന്‍. ചിലപ്പോള്‍ ഗഹനമായ സമസ്യകള്ക്ക് പ്രായോഗിക പരിഹാരം നിര്ദ്ദേശിക്കുന്ന രാഷ്ട്രമീമാംസകാനായി. ചിലപ്പോള്‍ സാമ്രാജിത്വത്തിനെതിരെ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന നയതന്ത്രജ്ഞനായി. വറുതിയുടെ നാളുകളില്‍ ജനക്ഷേമത്തിന്റെ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്ന സാമ്പത്തിക വിചക്ഷണനായി. വിരൂപനായ അസ്വദി(റ)ന് വധുവിനെ അന്വേഷിച്ചു കണ്ടെത്തുന്ന സുഹൃത്തായും, കാട്ടറബിയുടെ ചെറുമകന് ഈത്തപ്പഴം തിന്നാന് വാശിപിടിച്ചു കരഞ്ഞപ്പോള്‍ അവനു ജീവിതകാലം മുഴുവന്‍ ഈത്തപ്പഴം തിന്നാന് ഈത്തപ്പനമരം തന്നെ വാങ്ങിക്കൊടുക്കുന്ന പിതാവായും, പൂഴ്ത്തിവെപ്പുകാര്ക്കും കരിഞ്ചന്തക്കാര്ക്കുമെതിരെ സായാഹ്നങ്ങളില്‍ അങ്ങാടികളിലേക്ക് മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കുന്ന ഭരണാധികാരിയായും, രോഗാതുരരായവരെ വീടുകളില്‍ ചെന്ന് ക്ഷേമമന്വേഷിക്കുന്ന വൈദ്യനായും എല്ലാം നബിﷺയുണ്ട്.. ഇതാ എന്റെ നായകസങ്കല്പങ്ങള്‍ തകര്ത്തെറിയപ്പെടുന്നു. കഥകളിലോ സിനിമകളിലോ പോലും സാധ്യമല്ലാത്ത ഒരു ഹീറോ ഇതാ യഥാര്ത്ഥ ജീവിതത്തില്‍..

നബി ജനിക്കുമ്പോള്‍ അനാഥനായിരുന്നു, വഫാത്താകുമ്പോള്‍ അറേബ്യയുടെ ഭരണാധികാരിയും. അദ്ദേഹം ജനിക്കുമ്പോള്‍ അറേബ്യ വിഗ്രഹാരാധകരുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു, വഫാത്താകുമ്പോള്‍ ലോകം കണ്ട ഏറ്റവും നാഗരികവും പുരോഗമാത്മകവുമായ രാഷ്ട്രം. അദ്ദേഹം ജനിക്കുമ്പോള്‍ ലോകം കിസ്റ ഹിര്ക്കല്മാരുടെ എകാധിപത്യത്തിന് കീഴിലായിരുന്നു, എന്നാല് നബി വഫാത്തിനു ഏതാനും വര്ഷങ്ങള്ക്കുള്ളില്‍ അവരെല്ലാം വിസ്മൃതിയിലാണ്ടു പോയിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അറബികള്‍ ഒന്നിനും കൊള്ളാത്ത ജാഹിലുകള്‍ ആയിരുന്നു, വഫാത്താകുമ്പോള്‍ അവര്‍ ലോകത്തിന്റെ തന്നെ കടിഞ്ഞാണ് പിടിക്കാന് പ്രാപ്തരായിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അവര്‍ നിസ്സാരകാര്യങ്ങള്ക്ക് ചോരപുഴകള്‍ ഒഴിക്കിയിരുന്ന കാടന്മാരായിരുന്നു, എന്നാല്‍ നബിക്ക് ശേഷം, മരണാസന്നവേളയിലെ ദാഹജലം പോലും അപരന് ദാനം ചെയ്യാന് മാത്രം ഉന്നതരായി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ അറേബ്യ മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലായിരുന്നു, ഫാത്താകുമ്പോള്‍ ഇവയൊന്നും ആ നാട്ടില്‍ കണികാണാന്‍ പോലും കിട്ടാനില്ലായിരുന്നു. നബിﷺ  ജനിക്കുമ്പോള്‍ ബിലാലുമാര്‍ അടിമകളായിരുന്നു,  പിന്നീട്അ അവര്‍ ഒരു രാഷ്ട്രത്തിന്റെ തന്നെ നേതാക്കള്‍ ആയി മാറിയിരുന്നു. നബിﷺ ജനിക്കുമ്പോള്‍ പെണ്കുട്ടികള്‍ കുഴിമാടങ്ങളില്‍ അടക്കപ്പെടുന്നവര്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഇഹലോകത്തെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി ആയി മാറിയിരുന്നു.. ഒരു ജനതയെ ഇത്രമാത്രം മാറ്റിയെടുക്കാന് കഴിഞ്ഞ വേറെ ആരാണ് ഉള്ളത്..? നിണമണിഞ്ഞ പരുക്കന് മരുഭൂമിയെ അദ്ദേഹം ദിവ്യവചനങ്ങളാല്‍ സുവര്ണ്ണമണിഞ്ഞ ഊഷ്മളമരുപ്പച്ചകളാക്കി മാറ്റി..
“If greatness of purpose, smallness of means, and astonishing results are the three criteria of a human genius, who could dare compare any great man in history with Muhammad?” (Alphonse de Lamartine)
ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടിയവന്‍.. തനിക്ക് മുമ്പില്‍ ഓഫറുകളുമായി വന്നവരോട് 'എന്റെ വലതുകയ്യില് സൂര്യനും ഇടതുകയ്യില്‍ ചന്ദ്രനും തന്നാല്‍ പോലും പിന്തിരിയില്ല' എന്ന് പറഞ്ഞപ്പോള്‍ കാണിച്ച ആദര്ശപ്രതിബദ്ധത. കൂടെ നില്ക്കാന്‍ വെറും മൂന്നു അനുയായികള്‍ മാത്രമുള്ളപ്പോഴും ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വത്തിന്റെ സിംഹാസനം കടപുഴക്കിയെറിയുന്നത് സ്വപ്നം കണ്ട, സ്വന്തം നാടുവിട്ട് പോകുമ്പോഴും പിടിക്കാന്‍ വന്നവന് അതേ സാമ്രാജ്യത്വത്തിന്റെ അധികാരിയുടെ കങ്കണങ്ങള്‍ വാഗ്ദാനം ചെയ്തു പറഞ്ഞു വിട്ട അനിതരസാധാരണമായ ആത്മവിശ്വാസം. ചില അട്ജസ്റ്റ്മെന്റ്കള്ക്ക് ഒരുക്കം ആണെങ്കില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാം എന്ന് പറഞ്ഞവരോട് 'നിങ്ങള്ക്ക് നിങ്ങളുടെ ദീന്, എനിക്കെന്റെ ദീന്' എന്ന് പറയുമ്പോള്‍ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട്.. സഫാമലക്ക് മുകളിലെ പ്രഖ്യാപനത്തില്‍ കാണിച്ച ആ ചങ്കൂറ്റവും നയതന്ത്രജ്ഞതയും. ഹുദൈബിയ സന്ധിയില്‍ തന്റെ കൂടെയുള്ളവര്‍ അങ്ങോട്ട് വന്നാല്‍ തിരിച്ചയക്കണ്ട എന്നും ഇങ്ങോട്ട് വന്നാല്‍ തിരിച്ചയക്കാം എന്നും കരാറില് ഒപ്പ് വയ്ക്കുമ്പോള്‍, ഉള്ളു നിറഞ്ഞ ചിരിയിലും നിറഞ്ഞു നിന്ന തന്റെ അനുയായികളിലുള്ള ദൃഡവിശ്വാസം.. തന്നെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നവരോട് 'ഞാന്‍ അറബികളുടെ രാജാവല്ല, ദൈവത്തിന്റെ അടിമ മാത്രം' എന്ന് പറഞ്ഞ എളിമ, മക്ക കൈപ്പിടിയില്‍ വന്നപ്പോഴും ഒട്ടകപ്പുറത്ത് താടി മുട്ടാന് തക്കവണ്ണം തലകുനിച്ചു വന്ന വിനയം, കഅബക്ക് മുകളില്‍ കയറി വിജയം വിളംബരം ചെയ്യാന്‍ വേണ്ടി അതസ്ഥിതന് ചവിട്ടിക്കയറാന്‍ തന്റെ തോള് കാണിച്ചു കൊടുത്ത ആ ഗൂസ്ബമ്പിംഗ് മൊമന്റ്റ്. രാവിന്റെ അന്ത്യയാമങ്ങളില്‍ ഉറക്കമില്ലാതെ, താടിരോമങ്ങള്‍ നനയുന്ന, കാലില്‍ നീര് വരുന്ന പ്രാര്ഥനകളിലെ അചഞ്ചലമായ ദൈവവിശ്വാസം.. ഒടുവില്‍ അറഫാമലക്ക് മുകളില്‍ വച്ച് 'ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനിതാ എന്റെ കാല്ച്ചുവട്ടില്‍ ചവിട്ടിതാഴ്ത്തുന്നു' എന്ന് പറഞ്ഞ വീരേതിഹാസരചന.. ദി ലെജന്റ്.. എങ്ങനെ ഇതെല്ലാം സാധിച്ചു എന്നതിന് ഭൌതികമായി ചിന്തിച്ചാല്‍ ഒരു മറുപടിയും കിട്ടാന്‍ പോവുന്നില്ല. അതിന്റെ ഉത്തരവും കിടക്കുന്നത് കയ്യിലെ ആ ഗ്രന്ഥത്തില്‍ തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലെ ശക്തി. ദൈവം. ദൈവവചനങ്ങള്‍.. മുഹമ്മദിﷺന്റെ കരുത്ത്. പ്രപഞ്ചത്തിന്റെ നാഥന്‍ തെരഞ്ഞടുത്ത ദൂതന്..
ഇനിയും എങ്ങോട്ടാണ് ഒരു ഹീറോക്ക് വളരാന് കഴിയുക..? ഇല്ല.. ഇതാണ് നായകസങ്കല്പ്പങ്ങളുടെ പൂര്ണ്ണത.. ഇതിനപ്പുറത്തേക്ക് ഒരു നായകനില്ല. സാധ്യമല്ല.. എന്റെ മനസ്സിലെ എല്ലാ വീരനായകന്മാരും പൊലിഞ്ഞു പോയിരിക്കുന്നു.. ഇതാ എന്റെ നായകന്മാര്‍ കടലില്‍ അസ്തമിച്ചിരിക്കുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ താരങ്ങളും പൂര്ണ്ണചന്ദ്രനും എല്ലാം മറഞ്ഞു പോയത് പോലെ..
"പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.” - തോമസ് കാര്ലൈല്

صلي الله علي محمد .صلي الله عليه وسلم

19 December 2015

തിരുനബിയെ കാണാൻ

ശാമിലുള്ള ഒരു ജൂതന് എല്ലാ ശനിയാഴ്ചയും തൗറാത്ത് വായിക്കാറുണ്ടായിരുന്നു. അന്ത്യപ്രവാചകര് മുഹമ്മദ് നബിﷺയുടെ വിശേഷണം നാലു സ്ഥലങ്ങളില് അദ്ദേഹം വായിച്ചെടുത്തു. അരിശംപൂണ്ട്, ആ സ്ഥലങ്ങള് വെട്ടിമാറ്റി കരിച്ചുകളഞ്ഞു. പക്ഷേ അടുത്ത ശനിയാഴ്ച തൗറാത്ത് വായിച്ചപ്പോള് പുണ്യനബിയുടെ വിശേഷണം എട്ടു സ്ഥലങ്ങളിലാണ് കണ്ടത്. ആ ഭാഗങ്ങളും അദ്ദേഹം വെട്ടിയെടുത്ത് കത്തിച്ചു. പിറ്റേയാഴ്ച പന്ത്രണ്ട് സ്ഥലങ്ങളിലാണ് നബിവിശേഷം വായിച്ചത്. അദ്ദേഹം ചിന്താധീനനായി. ഇനിയും വെട്ടിമാറ്റുകയും കത്തിക്കുകയും ചെയ്താല് എനിക്ക് തൗറാത്ത് മുഴുവന് കരിക്കേണ്ടി വരുമല്ലോ! ”ഏതായാലും മുഹമ്മദ് നബി ആരാണെന്ന് അറിയണം” അദ്ദേഹം ഉറപ്പിച്ചു. കൂട്ടുകാരോട് ചോദിച്ചപ്പോള് ”മുഹമ്മദ് കള്ള പ്രവാചകനാണ്. നീ മുഹമ്മദിനേയും മുഹമ്മദ് നിന്നെയും കാണാതിരിക്കലാണ് ഉത്തമം” എന്നായിരുന്നു പ്രതികരണം. അയാള് സമ്മതിച്ചില്ല. ”മൂസയുടെ തൗറാത്ത് തന്നെ സത്യം, എനിക്ക് മുഹമ്മദിനെ കണ്ടേ തീരൂ, ഇതെന്റെ ആഗ്രഹമാണ്.” ലക്ഷ്യസാഫല്യത്തിനായി അദ്ദേഹം മദീനയിലേക്ക് യാത്രതിരിച്ചു.

കാതങ്ങള് നീണ്ട, വളരെ ക്ലേശകരമായ യാത്ര അവസാനിച്ചത് മദീനാ പള്ളിയുടെ ചാരത്താണ്. മദീനയിലാകമാനം ശോകമൂകമായ അന്തരീക്ഷമായിരുന്നു അപ്പോള്. ആദ്യം കണ്ടത് ഒരു ചെറുപ്പക്കാരനെയാണ്. പ്രകാശിക്കുന്ന മുഖം. സുന്ദരന്. ഭക്തി സ്ഫുരിക്കുന്ന പ്രസന്നത. (നബിസദസ്സിലെ പൗരപ്രധാനി സല്മാനുല്ഫാരിസി(റ)യായിരുന്നു അത്.) ”നിങ്ങള് മുഹമ്മദ് നബിയാണോ?” ജൂതന് ചോദിച്ചു. അതുകേട്ട് സല്മാനുല് ഫാരിസി(റ) കരഞ്ഞു. കാരണം നബിﷺ തങ്ങള് മരണപ്പെട്ടതിന്റെ മൂന്നാം ദിനമായിരുന്നു അത്. പക്ഷേ, സല്മാനുല് ഫാരിസി(റ) ചിന്തിച്ചത് ഇങ്ങനെയാണ്: മുഹമ്മദ് നബിﷺ വഫാത്തായി എന്നു പറഞ്ഞാല് ഇദ്ദേഹം തിരിച്ചുപോകും. മറിച്ചായാല് ഞാന് കളവ് പറഞ്ഞവനാകും. ”ഞാന് മുഹമ്മദിന്റെ ഒരു അനുചരന് മാത്രമാണ്. നിങ്ങള് വരൂ” എന്ന് പറഞ്ഞ് സല്മാന്(റ) അദ്ദേഹത്തെ മദീനാ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഃഖം കടിച്ചമര്ത്തി സ്വഹാബികള് പള്ളിയില് ഇരിപ്പുണ്ടായിരുന്നു.

മുഹമ്മദ് നബി ഉണ്ടെന്നു കരുതി ജൂതന് ഉറക്കെ വിളിച്ചു പറഞ്ഞു: ”അസ്സലാമു അലൈക യാ മുഹമ്മദ്”. സ്വഹാബികള് അതുകേട്ട് കണ്ണീര് വാര്ത്തു. അമ്പരന്ന ജൂതന് വീണ്ടും പറഞ്ഞു: ”അസ്സലാമു അലൈക യാ മുഹമ്മദ്”. ചിലര് ചാടിയെണീറ്റ് ചോദിച്ചു: ”നീ ആരാണ്? നീ ഞങ്ങളുടെ വേദന വര്ധിപ്പിച്ചുവല്ലോ. മുഹമ്മദ് നബിﷺ മൂന്നു ദിവസം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു!!” 

ഇതു കേട്ടതും ജൂതന് ആര്ത്തട്ടഹസിച്ചു: ഞാന് ഇത്രയും പ്രയാസപ്പെട്ട് ഇവിടെ വന്നത് മുഹമ്മദിനെക്കാണാനാണ്. എനിക്കതിന് കഴിഞ്ഞില്ലല്ലോ. എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നുവെങ്കില് എത്ര നന്നായിരുന്നു. ഇനി ഞാന് തൗറാത്ത് പാരായണം ചെയ്യില്ല. നബിﷺയെക്കുറിച്ച് വായിക്കുമ്പോള് എനിക്കു സങ്കടമാകും. തുടര്ന്ന് അയാള് ചോദിച്ചു:

”ആരാണ് എനിക്ക് നബിﷺയുടെ വിശേഷണം പറഞ്ഞുതരിക. എനിക്കതു കേള്ക്കണം?”

ഒരാള് മുന്നോട്ട് വന്ന് പറഞ്ഞു: ഞാന് തയ്യാറാണ്.
ജൂതന് ചോദിച്ചു: ”നിങ്ങളുടെ പേരെന്താണ്?”

“അലി”

അത്ഭുതത്തോടെ ജൂതന്: “ഈ പേര് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”

അലി(റ) വിശദീകരിച്ചു: “മുഹമ്മദ്നബിﷺ ഉയരം കൂടിയവരോ ഉയരം കുറഞ്ഞവരോ അല്ല. വെളുത്ത് സൗന്ദര്യം തുടിക്കുന്ന വട്ടമുഖമാണ്. നബിﷺ തങ്ങള് ചിരിതൂകുന്ന സമയത്ത് മുമ്പല്ലുകള് പ്രകാശിക്കും. ആകര്ഷക സ്വഭാവമായിരുന്നു.”

ജൂതന് പ്രതികരിച്ചു: “നിങ്ങള് സത്യം പറഞ്ഞിരിക്കുന്നു. ഇത് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”

ശേഷം അയാള് ചോദിച്ചു: “മുത്തുനബിയുടെ വസ്ത്രമോ മറ്റോ എനിക്കൊന്ന് വാസനിക്കാന് തരുമോ?”

അലി(റ) സല്മാന്(റ)വിനെ വിളിച്ചു പറഞ്ഞു: ഉപ്പയുടെ ജുബ്ബ ഒന്ന് തരാന് പറയൂ, ഫാത്വിമയോട്.

സല്മാന്(റ) ചെല്ലുമ്പോള് നബിﷺ തങ്ങളുടെ പേരമക്കളായ ഹസനും ഹുസൈനും കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഫാത്വിമ(റ) കരഞ്ഞുകൊണ്ടാണ് വാതില് തുറന്നത്. 

അവര് ചോദിച്ചു: അനാഥമായ ഈ വീടിന്റെ വാതിലില് ആരാണ് മുട്ടുന്നത്? സല്മാന്(റ) കാര്യം വിശദീകരിച്ചു കൊടുത്തു. ഫാത്വിമ(റ) മുത്ത് നബിﷺയുടെ (ഏഴു പ്രാവശ്യം തുന്നിയ) ജുബ്ബ സല്മാന് ഫാരിസി(റ)ന്റെ കയ്യില് കൊടുത്തു. ജുബ്ബ അലി(റ) ചുംബിച്ചു. ശേഷം സ്വഹാബത്ത് ഒന്നടങ്കം ചുംബിച്ചു. തുടര്ന്ന് ജൂതന്റെ കയ്യില് കൊടുത്തു. അയാള് പറഞ്ഞു: ”ഇതെന്തൊരു സുഗന്ധമാണ്, വല്ലാത്ത അനുഭവം തന്നെ.”

പിന്നീട് നബിﷺയുടെ ഖബറിന്റെ സമീപം ചെന്ന് ശഹാദത്ത് കലിമ ചൊല്ലി: അല്ലാഹ്, നീ ഏകനാണെന്നും ഇവിടെ വിശ്രമിക്കുന്ന മഹാന് നിന്റെ റസൂലും അടിമയുമാണെന്നും ഞാന് സാക്ഷ്യം വഹിക്കുന്നു. ഈ വിശ്വാസം നീ സ്വീകരിച്ചുവെങ്കില് ഇപ്പോള് തന്നെ എന്നെ മരിപ്പിക്കണേ… ഉടനെ അദ്ദേഹം ബോധരഹിതനായി വീഴുകയും അന്ത്യശ്വാസം വലിക്കുകയും  ചെയ്തു. സ്വഹാബികള് അദ്ദേഹത്തെ ജന്നത്തുല് ബഖീഇല് ഖബറടക്കി.

(അവലംബം: ഇമാം സമര്ഖന്തിയുടെ തന്ബീഹുല് ഗാഫിലീന്).

صلي الله علي محمد .صلي الله عليه وسلم